കുടുംബങ്ങൾക്കുവേണ്ടി
നിങ്ങൾക്ക് എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?
നിങ്ങളുടെ ഇണ നിങ്ങളെ ദേഷ്യംപിടിപ്പിക്കുന്ന എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്യുന്നു. എന്നാൽ നിങ്ങൾ ആ ദേഷ്യം ഉള്ളിൽ ഒതുക്കാൻ ശ്രമിക്കുന്നു. എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കുന്ന ഇണ അത് എന്താണെന്ന് അറിയാൻ നിങ്ങളോടു ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. അത് നിങ്ങളുടെ ദേഷ്യം കൂട്ടുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്ക് എങ്ങനെ ദേഷ്യം നിയന്ത്രിക്കാൻ കഴിയും?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ദേഷ്യപ്പെടുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. യാതൊരു നിയന്ത്രണവുമില്ലാതെ ദേഷ്യപ്പെടുന്നത് ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, വിഷാദം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, ത്വക്ക് രോഗങ്ങൾ, മസ്തിഷ്കാഘാതം എന്നിവയും ഉണ്ടായേക്കാം. അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ പറയുന്നത്: “കോപം കളഞ്ഞ് ദേഷ്യം ഉപേക്ഷിക്കൂ! . . . അതു ദോഷം മാത്രമേ ചെയ്യൂ.”—സങ്കീർത്തനം 37:8, അടിക്കുറിപ്പ്.
ദേഷ്യം ഉള്ളിൽ ഒതുക്കുന്നതും ദോഷം ചെയ്തേക്കാം. ദേഷ്യം വരുമ്പോൾ ഉള്ളിൽ ഒതുക്കുകയാണെങ്കിൽ പുറമെ അറിയാത്ത ഒരു രോഗംപോലെയായിരിക്കും അത്. ഇണയോട് തോന്നുന്ന ദേഷ്യം ഉള്ളിൽ ഒതുക്കിവെച്ചാൽ പരാതിപ്പെടുന്ന, കുറ്റങ്ങൾ കണ്ടുപിടിക്കുന്ന ഒരു സ്വഭാവം നിങ്ങൾ വളർത്തിയെടുത്തേക്കാം. ഇത്തരം മനോഭാവം ജീവിതം അസഹ്യമാക്കുകയും നിങ്ങളുടെ ദാമ്പത്യത്തെ സാരമായി ബാധിക്കുകയും ചെയ്യാനിടയുണ്ട്.
നിങ്ങൾക്കു ചെയ്യാനാകുന്നത്
ഇണയുടെ നല്ല ഗുണങ്ങൾ നോക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള, ഇണയുടെ മൂന്നു ഗുണങ്ങൾ എഴുതുക. അടുത്ത പ്രാവശ്യം ഇണ ചെയ്യുന്ന എന്തെങ്കിലും കണ്ട് ദേഷ്യം വരുമ്പോൾ ഈ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക. അത് ദേഷ്യം നിയന്ത്രിക്കാൻ നിങ്ങളെ സഹായിച്ചേക്കും.
ബൈബിൾതത്ത്വം: “നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കുക.”—കൊലോസ്യർ 3:15.
ക്ഷമാശീലം വളർത്തിയെടുക്കുക. ആദ്യം ഇണയുടെ ഭാഗത്തുനിന്ന് കാര്യങ്ങൾ ചിന്തിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളെ “സഹാനുഭൂതി” വളർത്തിയെടുക്കാൻ സഹായിക്കും. (1 പത്രോസ് 3:8) എന്നിട്ട് നിങ്ങളോടുതന്നെ ചോദിക്കുക, ‘ക്ഷമിക്കാൻ പറ്റാത്ത അത്ര ഗുരുതരമായ തെറ്റാണോ അത്?’
ബൈബിൾതത്ത്വം: “ദ്രോഹങ്ങൾ കണ്ടില്ലെന്നു വെക്കുന്നത് . . . സൗന്ദര്യം.”—സുഭാഷിതങ്ങൾ 19:11.
നിങ്ങളുടെ വികാരങ്ങൾ ദയയോടെയും നയത്തോടെയും പ്രകടിപ്പിക്കുക. “നിങ്ങൾ/നീ” എന്നതിനു പകരം “ഞാൻ/എനിക്ക്” എന്നു പറയുക. ഉദാഹരണത്തിന്, “വൈകുമ്പോൾ ഒന്നു ഫോൺ ചെയ്യാത്തത് നിങ്ങൾക്ക്/നിനക്ക് എന്നെക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്തതുകൊണ്ടാണ്” എന്നു പറയുന്നതിനു പകരം, “നേരം വൈകുമ്പോൾ നിങ്ങൾക്ക്/നിനക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഓർത്ത് എനിക്കു ടെൻഷനാകും” എന്നു പറയാനാകും. നിങ്ങളുടെ ഉള്ളിലുള്ളത് ശാന്തതയോടെ പറയുന്നെങ്കിൽ അത് നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കും.
ബൈബിൾതത്ത്വം: “എപ്പോഴും നിങ്ങളുടെ വാക്കുകൾ, ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ.”—കൊലോസ്യർ 4:6.
ആദരവോടെ ശ്രദ്ധിക്കുക. നിങ്ങൾക്കു പറയാനുള്ളത് പറഞ്ഞതിനു ശേഷം നിങ്ങളുടെ ഇണ പറയുമ്പോൾ ഇടയ്ക്കുകയറി പറയാതിരിക്കുക. നിങ്ങൾക്കു മനസ്സിലായതുതന്നെയാണോ ഇണ ഉദ്ദേശിച്ചതെന്ന് അറിയാൻ മനസ്സിലായ കാര്യം ഇണയോടു പറയുക. ശ്രദ്ധിക്കുക എന്നത് ഒരു ചെറിയ കാര്യമായി തോന്നിയേക്കാമെങ്കിലും ദേഷ്യം നിയന്ത്രിക്കാൻ ഇത് വലിയ അളവിൽ സഹായിക്കും.
ബൈബിൾതത്ത്വം: “കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്.”—യാക്കോബ് 1:19.