കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
നന്ദിയുള്ളവരായിരിക്കാൻ മക്കളെ എങ്ങനെ പഠിപ്പിക്കാം?
നന്ദി കാണിക്കുന്നതുകൊണ്ട് ഇത്രയധികം പ്രയോജനങ്ങളോ! ഒരു പഠനം പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? നന്ദിയുള്ളവർക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകും, പ്രശ്നങ്ങളിൽ അവർ പെട്ടെന്ന് പതറിപ്പോകില്ല. കൂടാതെ അവർക്ക് കൂട്ടുകാരുമായി നല്ല അടുപ്പവും ഉണ്ടായിരിക്കും. അതുപോലെ ഒരു ഗവേഷകനായ റോബർട്ട് എ. എമൻസ് പറയുന്നത് ഇങ്ങനെയാണ്: “നന്ദിയുള്ള ഒരാൾക്ക് അസൂയ, അത്യാഗ്രഹം, നീരസം, ദേഷ്യം പോലുള്ള മോശം സ്വഭാവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.” a
ഇനി, കുട്ടികളുടെ കാര്യമോ? നന്ദിയുള്ളവർ ആയിരിക്കുന്നതുകൊണ്ട് അവർക്ക് എന്താണ് പ്രയോജനം? 700 ചെറുപ്പക്കാരിൽ നാലു വർഷം നീണ്ട ഒരു പഠനം നടത്തി. അവരുടെ കണ്ടെത്തൽ നമ്മളെ ആരെയും അതിശയിപ്പിക്കും. നന്ദി കാണിക്കുന്ന ശീലമുള്ള കുട്ടികളിൽ മിക്കവരും പരീക്ഷയ്ക്കു കോപ്പിയടിക്കുകയോ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുകയോ ചെയ്യില്ലത്രേ. പൊതുവെ അങ്ങനെയുള്ള കുട്ടികൾ സമൂഹത്തിനു ദ്രോഹം വരുത്തുന്ന കാര്യങ്ങളിൽ ഉൾപ്പെടാറില്ലെന്നും അവർ കണ്ടെത്തി.
‘ഇതൊക്കെ എനിക്ക് ചെയ്തുതരേണ്ടതാണ്’ എന്ന മനോഭാവമാണ് പ്രശ്നം. തങ്ങൾക്കുവേണ്ടി മറ്റുള്ളവർ എല്ലാം ചെയ്യാൻ കടപ്പെട്ടവരാണ് എന്നാണ് പല കുട്ടികളുടെയും ചിന്ത. ചെയ്തുകിട്ടുന്ന ഒരു കാര്യം സമ്മാനമായി കാണാതെ കൂലിപോലെയാണ് കരുതുന്നതെങ്കിൽ പിന്നെ അവർക്ക് എങ്ങനെയാണ് നന്ദി തോന്നുക!
ആ മനോഭാവം ഇന്ന് എല്ലായിടത്തുമുണ്ട്. കാതറിൻ എന്നു പേരുള്ള ഒരു അമ്മ പറയുന്നു: “ഇഷ്ടമുള്ളതെന്തും സ്വന്തമാക്കണമെന്ന കാഴ്ചപ്പാടാണ് ലോകം പഠിപ്പിക്കുന്നത്. മാധ്യമങ്ങൾ ഒന്നിനു പുറകെ ഒന്നായി പല സാധനങ്ങളുടെയും ചിത്രങ്ങൾ കാണിച്ചുകൊണ്ടിരിക്കും. ഇത് ‘എനിക്കു വേണ്ടതാണ്,’ ഞാനാണ് ഇത് ആദ്യം വാങ്ങേണ്ടത് എന്ന് നമ്മളെക്കൊണ്ട് ചിന്തിപ്പിക്കും.”
നന്നേ ചെറുപ്പത്തിലേ നന്ദി നട്ടുവളർത്തുക. കേയ് എന്ന ഒരു അമ്മയുടെ അഭിപ്രായം ഇങ്ങനെയാണ്: “കുട്ടിയായിരിക്കുമ്പോൾ പരുവപ്പെടുത്തിയെടുക്കാൻ എളുപ്പമാണ്. ഒരു കമ്പു വെച്ചുകെട്ടി ചെടി നേരെയാക്കുന്നതുപോലെ നമുക്ക് കുട്ടികളുടെ സ്വഭാവവും നേരെയാക്കാൻ പറ്റും.”
നന്ദിയുള്ളവർ ആയിരിക്കാൻ എങ്ങനെ പഠിപ്പിക്കാം?
പറയാൻ പഠിപ്പിക്കാം. മക്കൾ കുഞ്ഞായിരിക്കുമ്പോൾത്തന്നെ നന്ദി പറയാൻ അവരെ പഠിപ്പിക്കുക. ആരെങ്കിലും സമ്മാനം തരുമ്പോഴോ എന്തെങ്കിലും സഹായം ചെയ്തുകിട്ടുമ്പോഴോ കുട്ടികൾ “താങ്ക്സ്” അല്ലെങ്കിൽ “താങ്ക്യൂ” എന്നു പറഞ്ഞുപഠിക്കട്ടെ. അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം എന്താണെന്നോ? അവർ വളർന്ന് വലുതാകുമ്പോൾ മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ മനസ്സിലാക്കാനും വിലമതിക്കാനും അത് ഇടയാക്കും.
ബൈബിൾതത്ത്വം: “നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കുക.”—കൊലോസ്യർ 3:15.
“ഞങ്ങളുടെ കൊച്ചുമോനുണ്ടല്ലോ, അവനു വെറും മൂന്നു വയസ്സേ ഉള്ളൂ. അവന് എന്തു ചെയ്തുകൊടുത്താലും ‘താങ്ക്യൂ’ എന്നു പറയും. പിന്നെ ‘പ്ലീസ്’ പറഞ്ഞിട്ടേ എന്തെങ്കിലും ചോദിക്കാറുള്ളൂ. അവന്റെ അച്ഛനും അമ്മയും അങ്ങനെതന്നെയാ. അതു കണ്ടാ അവൻ പഠിച്ചത്.”—ജെഫ്രി.
ചെയ്യാൻ പഠിപ്പിക്കാം. അടുത്ത തവണ ഒരു സമ്മാനം കിട്ടുമ്പോൾ ഒരു താങ്ക്യൂ കാർഡ് ഉണ്ടാക്കി കൊടുക്കാൻ നിങ്ങളുടെ കുട്ടിയോടു പറഞ്ഞുകൂടേ? ഇനി, കുട്ടികൾക്കു ചെറിയചെറിയ വീട്ടുജോലികൾ ഏൽപ്പിച്ചുകൊടുക്കുന്നത് നല്ലതാണ്. അങ്ങനെയാകുമ്പോൾ വീട്ടിലുള്ളവർ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാനും വിലമതിക്കാനും അതു കുട്ടിയെ സഹായിക്കും.
ബൈബിൾതത്ത്വം: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃത്തികൾ 20:35.
“ഞങ്ങളുടെ മോനും മോളും ഇപ്പോൾ ടീനേജിലായി. അവർ ഞങ്ങളുടെ കൂടെ എല്ലാത്തിനും കൂടും, ഭക്ഷണം ഉണ്ടാക്കാനും വീട്ടുജോലി ചെയ്യാനും ഒക്കെ. അതുകൊണ്ട് ഒരു ഗുണമുണ്ട്. കാര്യങ്ങളൊന്നും തനിയെ ഉണ്ടാകുന്നതല്ലെന്ന് അവർക്ക് അറിയാം. ഞങ്ങൾ ചെയ്യുന്നതൊക്കെ അവർക്ക് ഇപ്പോ വലിയ കാര്യമാ.”—ബെവെർലി.
മനോഭാവം പഠിപ്പിക്കാം. നന്ദി ഒരു ചെടിയാണെന്നു വിചാരിക്കുക. ഈ ചെടി താഴ്മ എന്ന മണ്ണിലാണ് തഴച്ചുവളരുന്നത്. വിജയത്തിനു പിന്നിൽ പലരുടെയും അധ്വാനമുണ്ടെന്ന് താഴ്മയുള്ളവർ അംഗീകരിക്കും. അങ്ങനെ ചിന്തിക്കുമ്പോൾ നമ്മളെ സഹായിച്ചവരോട് നമുക്ക് നന്ദി തോന്നും.
ബൈബിൾതത്ത്വം: “താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക. നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:3, 4.
“ഭക്ഷണത്തിനിരിക്കുമ്പോൾ ഞങ്ങൾ ഒരു ഗെയിം കളിക്കാറുണ്ട്. അത് എന്താണെന്നോ, നന്ദി തോന്നിയ കാര്യത്തെക്കുറിച്ച് ഞങ്ങൾ ഓരോരുത്തരും മാറിമാറി പറയും. അങ്ങനെയാകുമ്പോൾ ഞങ്ങൾ ഞങ്ങളെക്കുറിച്ചുതന്നെ ചിന്തിക്കുന്നതിനു പകരം മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ ഓർക്കും.”—തമാര.
ചെയ്യാനാകുന്നത്: മക്കൾക്ക് മാതൃക വെക്കുക. മാതാപിതാക്കളായ നിങ്ങൾക്ക് മക്കളോടും മറ്റുള്ളവരോടും നന്ദി പറയുന്ന ഒരു ശീലമുണ്ടെങ്കിൽ നന്ദിയുള്ളവരായിരിക്കാൻ മക്കൾ എളുപ്പം പഠിക്കും.
a നന്ദി! നന്ദി പറയുന്ന ശീലം നിങ്ങളെ സന്തോഷമുള്ളവരാക്കും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്.