വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

മടുത്തു​പോ​കാ​തി​രി​ക്കാൻ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക

മടുത്തു​പോ​കാ​തി​രി​ക്കാൻ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക

 “ഞാൻ മടുത്തു! ഇത്‌ എന്തൊരു പാടാ! ഇതു ഞാൻ ഒരിക്ക​ലും പഠിക്കാൻപോ​കു​ന്നില്ല!” ഇങ്ങനെ എപ്പോ​ഴെ​ങ്കി​ലും നിങ്ങളു​ടെ കുട്ടി പറഞ്ഞി​ട്ടു​ണ്ടോ? ബുദ്ധി​മു​ട്ടുള്ള ഒരു കാര്യം പെട്ടെന്ന്‌ ഇട്ടിട്ടു​പോ​കാ​നാ​യി​രി​ക്കാം അപ്പോൾ അവൻ ശ്രമി​ക്കു​ന്നത്‌. കുട്ടി എന്തെങ്കി​ലും ചെയ്യാൻ പാടു​പെ​ടു​ന്നതു കണ്ടുനിൽക്കാൻ നിങ്ങൾക്കു വിഷമ​മാ​യി​രി​ക്കും. പക്ഷേ ഇങ്ങനെ​യുള്ള ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ മറിക​ട​ക്കാൻ അവൻ പഠിക്ക​ണ​മെ​ന്നും നിങ്ങൾക്ക്‌ ആഗ്രഹം കാണും. അപ്പോൾ എന്തു ചെയ്യും? നിങ്ങൾ ഓടി​ച്ചെന്ന്‌ അവനെ സഹായി​ക്കു​മോ? ഇട്ടിട്ടു​പോ​കാൻ അവനെ സമ്മതി​ക്കു​മോ? അതോ മടുത്തു​പോ​കാ​തെ സ്ഥിരോ​ത്സാ​ഹം കാണി​ക്കാൻ അവനെ പഠിപ്പി​ക്കു​മോ?

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 സ്ഥിരോ​ത്സാ​ഹം പ്രധാ​ന​മാണ്‌. കഠിനാ​ധ്വാ​ന​ത്തി​ലൂ​ടെ കഴിവു​കൾ വളർത്താൻ മാതാ​പി​താ​ക്കൾ മക്കളെ പരിശീ​ലി​പ്പി​ക്കു​മ്പോൾ അത്‌ അവർക്കു വളരെ പ്രയോ​ജനം ചെയ്യും. അങ്ങനെ​യുള്ള ഒരു കുട്ടി സ്‌കൂ​ളിൽ നന്നായി കാര്യങ്ങൾ ചെയ്‌തേ​ക്കാം. അവനു സന്തോ​ഷ​വും ആരോ​ഗ്യ​വും ഉണ്ടായി​രി​ക്കും. മറ്റുള്ള​വ​രു​മാ​യി ഒരു നല്ല ബന്ധം നിലനി​റു​ത്താൻ അവനാ​കും. എന്നാൽ യാതൊ​രു കഷ്ടപ്പാ​ടും പരാജ​യ​വും നേരി​ടാൻ അനുവ​ദി​ക്കാ​തെ​യാ​ണു മക്കളെ വളർത്തു​ന്ന​തെ​ങ്കിൽ അവൻ കൂടുതൽ നിരാ​ശി​ത​നാ​യി​പ്പോ​കാ​നും തനിക്ക്‌ ഒരു കഴിവു​മി​ല്ലെന്നു ചിന്തി​ക്കാ​നും വലുതാ​കു​മ്പോൾ വലിയ സംതൃ​പ്‌തി​യൊ​ന്നും ഇല്ലാത്ത ഒരു ജീവിതം നയിക്കാ​നും ആണ്‌ കൂടുതൽ സാധ്യത.

 സ്ഥിരോ​ത്സാ​ഹം ശക്തമാ​ക്കാ​നാ​കും. ബുദ്ധി​മു​ട്ടുള്ള കാര്യങ്ങൾ ചെയ്‌തു​നോ​ക്കി ആ പ്രശ്‌നം പരിഹ​രി​ക്കും എന്ന തീരു​മാ​നം ശക്തമാ​ക്കാൻ വളരെ ചെറിയ കുട്ടി​കൾക്കു​പോ​ലും ആകും. 15 മാസം മാത്രം പ്രായ​മുള്ള കുഞ്ഞു​ങ്ങ​ളിൽ ഗവേഷകർ ഒരു പഠനം നടത്തി. മുതിർന്നവർ ഒരു കാര്യം വളരെ എളുപ്പ​ത്തിൽ ചെയ്യു​ന്നതു കണ്ട കുഞ്ഞു​ങ്ങ​ളും അതേ കാര്യം മുതിർന്നവർ അൽപ്പം ബുദ്ധി​മു​ട്ടോ​ടെ ചെയ്യു​ന്നതു കണ്ട കുഞ്ഞു​ങ്ങ​ളും ആ കൂട്ടത്തി​ലു​ണ്ടാ​യി​രു​ന്നു. രണ്ടാമത്തെ കൂട്ടത്തി​ലുള്ള കുഞ്ഞുങ്ങൾ ബുദ്ധി​മു​ട്ടുള്ള ഒരു കാര്യം ചെയ്യാൻ കൂടുതൽ പരി​ശ്ര​മി​ക്കു​ന്ന​താ​യി കണ്ടെത്തി.

 “ഞാൻ എന്റെ പെൺമ​ക്കളെ ഷൂ ലെയ്‌സ്‌ കെട്ടാൻ പഠിപ്പി​ച്ചത്‌ ഓർക്കു​ന്നുണ്ട്‌. ഒറ്റ ദിവസം​കൊണ്ട്‌ പഠിക്കുന്ന ഒരു കാര്യമല്ല അത്‌. ഓരോ തവണ ഷൂ ഇടു​മ്പോ​ഴും അവർ ഒരു പത്തു പതിനഞ്ച്‌ മിനിട്ട്‌ ഒറ്റയ്‌ക്ക്‌ ഇരുന്ന്‌ ശ്രമി​ക്കും. അത്‌ എങ്ങനെ​യാ​യി​രു​ന്നു കെട്ടു​ന്ന​തെന്ന്‌ ഓർത്തെ​ടു​ക്കാൻ ഞാൻ അവർക്കു സമയം കൊടു​ക്കും. എന്നിട്ടേ ഞാൻ അവരെ സഹായി​ക്കൂ. ഏതാനും മാസങ്ങ​ളെ​ടുത്ത്‌, അൽപ്പം കണ്ണീ​രൊ​ക്കെ ഒഴുക്കി​യാ​ണെ​ങ്കി​ലും അവർ ഒടുവിൽ അത്‌ പഠി​ച്ചെ​ടു​ത്തു. ലെയ്‌സ്‌ ഇല്ലാത്ത ഷൂ മേടിച്ച്‌ കൊടു​ത്തി​രു​ന്നെ​ങ്കിൽ എനിക്കു കാര്യങ്ങൾ എളുപ്പ​മാ​യി​രു​ന്നേനേ. എന്നാൽ മടുത്തു​പോ​കാ​തെ സ്ഥിരോ​ത്സാ​ഹം കാണി​ക്കാൻ മക്കളെ പഠിപ്പി​ക്കു​ന്ന​തി​നു ചില​പ്പോ​ഴൊ​ക്കെ മാതാ​പി​താ​ക്കൾ ആ ഗുണം കാണി​ക്കേ​ണ്ടി​വ​രും.”—കൊളീൻ.

 സ്ഥിരോ​ത്സാ​ഹം കുറഞ്ഞു​പോ​യേ​ക്കാം. അറിയാ​തെ ആണെങ്കിൽപ്പോ​ലും മാതാ​പി​താ​ക്കൾ അതി​നൊ​രു കാരണ​മാ​യി​ത്തീ​രാൻ ഇടയുണ്ട്‌. എങ്ങനെ​യാണ്‌ അത്‌? കുട്ടി എന്തെങ്കി​ലും ഒരു വിഷമ​മോ പരാജ​യ​മോ നേരി​ട്ടേ​ക്കാം എന്നു തോന്നു​മ്പോൾ അവനെ രക്ഷപ്പെ​ടു​ത്താ​നാ​യി ചില മാതാ​പി​താ​ക്കൾ ഓടി​യെ​ത്തും. അവന്റെ ആത്മാഭി​മാ​നം കൂട്ടാ​നാ​യി​രി​ക്കാം അവർ അങ്ങനെ ചെയ്യു​ന്നത്‌. പക്ഷേ അതിന്‌ ഒരു ദോഷ​വ​ശ​വു​മുണ്ട്‌. അതെക്കു​റിച്ച്‌ എഴുത്തു​കാ​രി​യായ ജെസീക്ക ലാഹേ ഇങ്ങനെ എഴുതി: ‘ബുദ്ധി​മു​ട്ടുള്ള ഒരു കാര്യ​ത്തിൽനിന്ന്‌ നമ്മൾ ഓരോ തവണ മക്കളെ രക്ഷിക്കു​മ്പോ​ഴും അവരോട്‌ ഇങ്ങനെ പറയു​ന്ന​തു​പോ​ലെ​യാണ്‌: “നിനക്ക്‌ അതു തനിയെ ചെയ്യാൻ പറ്റു​മെ​ന്നോ അതിനുള്ള കഴിവു​ണ്ടെ​ന്നോ എനിക്കു തോന്നു​ന്നില്ല.”’ a അതിന്റെ ഫലം എന്തായി​രി​ക്കും? ഭാവി​യിൽ ബുദ്ധി​മു​ട്ടുള്ള എന്തെങ്കി​ലും ഒരു കാര്യം ചെയ്യേ​ണ്ടി​വ​രു​മ്പോൾ കുട്ടി പെട്ടെന്ന്‌ ഇട്ടിട്ടു​പോ​യേ​ക്കാം. അതു ചെയ്യാൻ മുതിർന്ന ആരെങ്കി​ലും തന്നെ സഹായി​ച്ചേ പറ്റൂ എന്നായി​രി​ക്കാം അവനു തോന്നു​ന്നത്‌.

കുഞ്ഞ്‌ ബുദ്ധി​മു​ട്ടുള്ള ഒരു കാര്യം ചെയ്യു​മ്പോൾ ചാടി​ക്ക​യറി അവനെ രക്ഷിക്കു​ന്ന​തി​നു പകരം മടുത്തു​പോ​കാ​തെ പരി​ശ്ര​മി​ക്കാൻ അവനെ പഠിപ്പിക്കുക

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 കഠിനാ​ധ്വാ​നം ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കുക. മടുത്തു​പോ​കാ​തി​രി​ക്കാൻ മക്കളെ പഠിപ്പി​ക്കു​ന്ന​തിന്‌ അവർക്കു പ്രായ​ത്തിന്‌ അനുസ​രി​ച്ചുള്ള ജോലി​കൾ മാതാ​പി​താ​ക്കൾ നൽകണം. ഉദാഹ​ര​ണ​ത്തിന്‌, മൂന്നു മുതൽ അഞ്ച്‌ വയസ്സു വരെയുള്ള കുട്ടി​കൾക്കു തുണികൾ തരം തിരിച്ച്‌ വെക്കാ​നും അവരുടെ കളിപ്പാ​ട്ടങ്ങൾ കൃത്യ​സ്ഥ​ലത്ത്‌ വെക്കാ​നും ഒക്കെയാ​കും. അവർ കുറച്ചു​കൂ​ടി വളർന്ന്‌ കഴിയു​മ്പോൾ അടുക്ക​ള​യി​ലേ​ക്കുള്ള സാധനങ്ങൾ അടുക്കി​വെ​ക്കാ​നും ഭക്ഷണ​മേ​ശ​യി​ലേക്കു സാധനങ്ങൾ കൊണ്ടു​വെ​ക്കാ​നും കഴിച്ച്‌ കഴിഞ്ഞ്‌ അതെല്ലാം എടുത്തു​കൊണ്ട്‌ പോകാ​നും വേസ്റ്റ്‌ കളയാ​നും ചെറിയ രീതി​യിൽ വൃത്തി​യാ​ക്കു​ന്ന​തിൽ സഹായി​ക്കാ​നും ഒക്കെ അവരോട്‌ ആവശ്യ​പ്പെ​ടാം. കൗമാ​ര​പ്രാ​യ​ത്തിൽ എത്തിയാൽ കുറച്ചു​കൂ​ടി ബുദ്ധി​മു​ട്ടുള്ള ജോലി​കൾ ഏൽപ്പി​ക്കാം. വീട്ടിലെ ക്ലീനി​ങ്ങി​ലും അറ്റകു​റ്റ​പ്പ​ണി​ക​ളി​ലും ഒക്കെ അവർക്ക്‌ ഉൾപ്പെ​ടാ​നാ​കും. ജോലി​കൾ ചെയ്യാൻ കുട്ടി​കൾക്ക്‌ എപ്പോ​ഴും ഇഷ്ടമു​ണ്ടാ​കണം എന്നില്ല. എന്നാൽ ചെറു​പ്പം​മു​തലേ മാതാ​പി​താ​ക്കൾ അവരെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ക്കു​മ്പോൾ അത്‌ അവർക്കു പ്രയോ​ജനം ചെയ്യും. എന്തു പ്രയോ​ജ​ന​മാ​ണു കുട്ടി​കൾക്കു കിട്ടു​ന്നത്‌? കഠിനാ​ധ്വാ​നം ചെയ്യാൻ അവർ പഠിക്കും. അതു​പോ​ലെ വലുതാ​യി കഴിഞ്ഞ്‌, ഒഴിവാ​ക്കാ​നാ​കാത്ത ബുദ്ധി​മു​ട്ടുള്ള ജോലി​കൾ ചെയ്യേ​ണ്ടി​വ​രു​മ്പോൾ മടുത്ത്‌ ഇട്ടിട്ടു​പോ​കാ​തി​രി​ക്കാ​നും അത്‌ അവരെ സഹായി​ക്കും.

 ബൈബിൾത​ത്ത്വം: “കഠിനാ​ധ്വാ​നം ചെയ്‌താൽ പ്രയോ​ജനം ലഭിക്കും.”—സുഭാ​ഷി​തങ്ങൾ 14:23.

 “താൻ എന്തെങ്കി​ലും ചെയ്‌തെന്ന തോന്ന​ലു​ണ്ടാ​ക്കുന്ന ജോലി​കൾ മക്കളെ ഏൽപ്പി​ക്കുക. അവരുടെ ബോറടി മാറ്റാൻവേണ്ടി മാത്രം നിസ്സാ​ര​മായ എന്തെങ്കി​ലും പണികൾ കൊടുത്ത്‌ വെറുതേ സമയം കളയരുത്‌. അത്‌ ആർക്കും ഇഷ്ടമല്ല, കുട്ടി​കൾക്കാ​ണെ​ങ്കിൽപ്പോ​ലും. കുട്ടി ചെറു​താ​ണെ​ങ്കിൽ കസേര​യും മേശയും ഒക്കെ അവനു കൈ എത്തുന്നി​ടം​വരെ തുടയ്‌ക്കാൻ പറയുക. ഇനി, നിങ്ങൾ കാർ കഴുകു​ക​യാ​ണെ​ങ്കിൽ അടിയി​ലൊ​ക്കെ നിങ്ങൾക്ക്‌ എത്തി​പ്പെ​ടാൻ ബുദ്ധി​മു​ട്ടുള്ള ഭാഗങ്ങൾ അവനെ ഏൽപ്പി​ക്കുക. എന്നിട്ട്‌ പെട്ടെ​ന്നു​തന്നെ അവന്റെ കഠിനാ​ധ്വാ​നത്തെ അഭിന​ന്ദി​ക്കുക.”—ക്രിസ്‌.

 ബുദ്ധി​മു​ട്ടുള്ള കാര്യങ്ങൾ ചെയ്യു​മ്പോൾ വേണ്ട പരിശീ​ലനം കൊടു​ക്കുക. ഒരു കാര്യം എങ്ങനെ ചെയ്‌ത്‌ തീർക്ക​ണ​മെന്ന്‌ അറിയാ​ത്ത​തു​കൊണ്ട്‌ കുട്ടികൾ ശ്രമം ഉപേക്ഷി​ച്ചേ​ക്കാം. അതു​കൊണ്ട്‌ കുട്ടിയെ ഒരു പുതിയ കാര്യം ചെയ്യാൻ പഠിപ്പി​ക്കു​മ്പോൾ ഈ രീതി പരീക്ഷിച്ച്‌ നോക്കുക: ആദ്യം നിങ്ങൾ അത്‌ അവനെ ചെയ്‌ത്‌ കാണി​ക്കുക. എന്നിട്ട്‌ രണ്ടു​പേ​രും കൂടെ ഒരുമിച്ച്‌ ചെയ്യുക. അടുത്ത​താ​യി, അവൻ തനിയെ ചെയ്യു​മ്പോൾ നിങ്ങൾ നോക്കി നിൽക്കുക. ആവശ്യ​മായ നിർദേ​ശങ്ങൾ കൊടു​ക്കുക. അവസാനം ആ ജോലി ഒറ്റയ്‌ക്ക്‌, മുഴു​വ​നാ​യി ചെയ്യാൻ അവനെ ഏൽപ്പി​ക്കുക.

 ബൈബിൾത​ത്ത്വം: “ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തു​പോ​ലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണി​ച്ചു​ത​ന്ന​താണ്‌.”—യോഹ​ന്നാൻ 13:15.

 “എന്റെ അനുഭ​വ​ത്തിൽനിന്ന്‌ ഞാനൊ​രു കാര്യം പറയാം: മക്കൾ സ്ഥിരോ​ത്സാ​ഹം കാണി​ക്ക​ണ​മെ​ങ്കിൽ നമ്മൾ മാതാ​പി​താ​ക്കൾ ആ കാര്യ​ത്തിൽ നല്ല മാതൃക വെക്കണം. അവർക്ക്‌ ഏതു ഗുണം ഉണ്ടാക​ണ​മെ​ന്നാ​ണോ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌ ആ ഗുണം ആദ്യം നമ്മൾതന്നെ കാണി​ക്കണം.”—ഡഗ്‌.

 ബുദ്ധി​മു​ട്ടും പരാജ​യ​വും എല്ലാവർക്കും സംഭവി​ക്കു​ന്ന​താ​ണെന്നു തിരി​ച്ച​റി​യാൻ കുട്ടിയെ സഹായി​ക്കുക. നിങ്ങൾക്കു ബുദ്ധി​മു​ട്ടു​ണ്ടായ ഒരു സമയവും മടുത്തു​പോ​കാ​തെ പിടി​ച്ചു​നി​ന്ന​തു​കൊണ്ട്‌ ഉണ്ടായ പ്രയോ​ജ​ന​വും കുട്ടിക്കു പറഞ്ഞു​കൊ​ടു​ക്കുക. പുതിയ കാര്യങ്ങൾ ചെയ്യാൻ ബുദ്ധി​മു​ട്ടു തോന്നു​ന്നതു സ്വാഭാ​വി​ക​മാ​ണെ​ന്നും തെറ്റുകൾ പറ്റു​മ്പോൾ കൂടുതൽ കാര്യങ്ങൾ പഠിക്കാ​നാ​കു​മെ​ന്നും കുട്ടിക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുക. എപ്പോ​ഴെ​ങ്കി​ലും പരാജ​യ​പ്പെ​ട്ടെന്നു കരുതി അവനോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം കുറഞ്ഞു​പോ​കി​ല്ലെന്ന്‌ ഉറപ്പു​കൊ​ടു​ക്കു​ക​യും ചെയ്യുക. ഉപയോ​ഗി​ക്കു​ന്തോ​റും പേശികൾ വളരു​ന്ന​തു​പോ​ലെ നിങ്ങളു​ടെ കുട്ടി പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോ​ഴാണ്‌ അവന്റെ സ്ഥിരോ​ത്സാ​ഹം വളർന്നു​വ​രു​ന്ന​തെന്ന്‌ ഓർക്കണം. അതു​കൊണ്ട്‌ ഒരു പ്രശ്‌നം നേരി​ടു​മ്പോൾ കുട്ടി അൽപ്പം അസ്വസ്ഥ​ത​യൊ​ക്കെ കാണി​ച്ചാ​ലും ചാടി​ക്ക​യറി സഹായി​ക്കു​ന്ന​തി​നു പകരം കുറച്ച്‌ നേരം​കൂ​ടെ ശ്രമി​ക്കാൻ അവനെ അനുവ​ദി​ക്കുക. കുട്ടി​കളെ വിജയ​ത്തി​ലെ​ത്തി​ക്കാൻ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “ഒരു ചെറു​പ്പ​ക്കാ​രനു നല്ലൊരു വ്യക്തി​ത്വം വളർത്താ​നുള്ള ഏറ്റവും മികച്ച മാർഗം പരാജ​യ​പ്പെ​ടാൻ വളരെ സാധ്യ​ത​യുള്ള ഒരു കാര്യം ചെയ്‌തു​നോ​ക്കുക എന്നതാണ്‌.”

 ബൈബിൾത​ത്ത്വം: “ചെറു​പ്പ​ത്തിൽ നുകം ചുമക്കു​ന്നത്‌ ഒരു മനുഷ്യ​നു നല്ലത്‌.”—വിലാ​പങ്ങൾ 3:27.

 “എന്തെങ്കി​ലും ഒരു കാര്യം ചെയ്യു​മ്പോൾ അൽപ്പം കഷ്ടപ്പെ​ടാൻ കുട്ടി​കളെ അനുവ​ദി​ക്കു​ന്നതു നല്ലതാണ്‌. എന്നാൽ അതോ​ടൊ​പ്പം വേണ്ടി​വ​ന്നാൽ അപ്പനും അമ്മയും സഹായി​ക്കു​മെന്ന ഉറപ്പും മക്കൾക്ക്‌ ഉണ്ടായി​രി​ക്കണം. കാരണം അങ്ങനെ കുറച്ച്‌ അധ്വാ​നിച്ച്‌ കഴിയു​മ്പോ​ഴേ​ക്കും അതു ചെയ്യാ​നുള്ള അവരുടെ ബുദ്ധി​മു​ട്ടു മാറും. അവർ പുതി​യൊ​രു കഴിവ്‌ വളർത്തി​യെ​ടു​ത്തി​ട്ടു​ണ്ടാ​കും. അതു​പോ​ലെ തളർന്നു​പോ​കാ​തെ പരി​ശ്ര​മി​ച്ചാൽ പ്രയോ​ജ​ന​മു​ണ്ടെന്ന ബോധ്യ​വും അവരിൽ വളർന്നു​വ​രും.”—ജോർഡൻ.

 ബുദ്ധിയെ അല്ല, ശ്രമത്തെ അഭിന​ന്ദി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, “നീ അതു നന്നായി ചെയ്‌തു, നിനക്കു നല്ല കഴിവുണ്ട്‌!” എന്നു പറയു​ന്ന​തി​നു പകരം “നീ അതു നന്നായി ചെയ്‌തു! അതു പഠി​ച്ചെ​ടു​ക്കാൻ നല്ല ശ്രമം ചെയ്‌ത​ല്ലോ, മിടുക്കൻ” എന്നു പറയാ​നാ​കും. ശ്രമ​ത്തെ​ക്കാ​ളും ബുദ്ധിയെ അഭിന​ന്ദി​ച്ചാ​ലുള്ള കുഴപ്പം എന്താണ്‌? അങ്ങനെ ചെയ്‌താൽ “എന്തെങ്കി​ലും ഒരു കാര്യം ബുദ്ധി​മു​ട്ടാ​യി​ത്തീ​രു​ക​യോ അല്ലെങ്കിൽ പരാജ​യ​ത്തി​ലേക്കു പോകു​ന്ന​താ​യി തോന്നു​ക​യോ ചെയ്യു​മ്പോൾ അവർ തങ്ങളെ​ത്തന്നെ സംശയി​ക്കാൻ തുടങ്ങും” എന്ന്‌ ഡോക്ടർ ക്യാരൾ ഡക്‌ പറയുന്നു. അവർ തുടർന്ന്‌ പറയുന്നു: “മക്കൾക്കു​വേണ്ടി എന്തെങ്കി​ലും ഒരു നല്ല കാര്യം ചെയ്യാൻ മാതാ​പി​താ​ക്കൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം പ്രശ്‌ന​ങ്ങളെ സ്‌നേ​ഹി​ക്കാ​നും തെറ്റു​ക​ളിൽനിന്ന്‌ പഠിക്കാ​നും അധ്വാ​നത്തെ ഇഷ്ടപ്പെ​ടാ​നും പുതി​യ​പു​തിയ വഴികൾ കണ്ടെത്താ​നും കൂടുതൽ പഠിച്ചു​കൊ​ണ്ടി​രി​ക്കാ​നും അവരെ സഹായി​ക്കു​ന്ന​താണ്‌. അങ്ങനെ​യാ​കു​മ്പോൾ അഭിന​ന്ദനം കിട്ടാൻവേണ്ടി മാത്രം കാര്യങ്ങൾ ചെയ്യുന്ന മക്കളായി അവർ വളർന്നു​വ​രില്ല.” b

 ബൈബിൾത​ത്ത്വം: “മനുഷ്യ​നെ പരി​ശോ​ധി​ക്കു​ന്ന​തോ അവനു ലഭിക്കുന്ന പ്രശംസ.”—സുഭാ​ഷി​തങ്ങൾ 27:21.

a പരാജയം മധുരി​ക്കും (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.

b മനോഭാവം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.