കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
മക്കൾ നിങ്ങളുടെ വിശ്വാസം തകർക്കുന്നെങ്കിലോ?
കൗമാരപ്രായത്തിലുള്ള ചില മക്കൾ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ വീട്ടിൽ തിരിച്ചെത്തില്ല. മറ്റു ചില കുട്ടികൾ കൂട്ടുകാരുടെ ഒപ്പം കറങ്ങാൻവേണ്ടി മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് വീട്ടിൽനിന്ന് ഇറങ്ങുന്നു. മക്കളിലുള്ള നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നെങ്കിൽ എന്തു ചെയ്യാൻ കഴിയും?
എന്റെ മകൻ ധിക്കാരിയാകുകയാണോ?
അങ്ങനെ പറയാൻ വരട്ടെ. ബൈബിൾ പറയുന്നത്: “കുട്ടികളുടെ ഹൃദയത്തോടു വിഡ്ഢിത്തം പറ്റിച്ചേർന്നിരിക്കുന്നു” എന്നാണ്. (സുഭാഷിതങ്ങൾ 22:15) “കൗമാരപ്രായത്തിലുള്ളവർക്കു തെറ്റു പറ്റുമെന്ന് നമ്മൾ പ്രതീക്ഷിക്കണം. . . . അവർ എടുത്തുചാടി ബുദ്ധിശൂന്യമായ ചില തീരുമാനങ്ങൾ എടുത്തേക്കാം” എന്നു ഡോക്ടർ ലോറൻസ് സ്റ്റെയിൻബെർഗ് പറയുന്നു. a
അവൻ ഞങ്ങളെ വഞ്ചിക്കുകയായിരുന്നോ?
നിങ്ങളുടെ കുട്ടി നിങ്ങളെ ധിക്കരിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നു പെട്ടെന്ന് ചിന്തിക്കരുത്. ചില പഠനങ്ങൾ കാണിക്കുന്നത്, മാതാപിതാക്കളുടെ മുന്നിൽ നല്ലൊരു പേര് ഉണ്ടായിരിക്കാൻ എല്ലാ കൗമാരക്കാർക്കും ഉള്ളിന്റെയുള്ളിൽ ആഗ്രഹമുണ്ടെന്നാണ്. എന്നാൽ അത് എപ്പോഴും പുറമേ കാണിക്കണമെന്നില്ല. നിങ്ങൾ അറിയുന്നില്ലെങ്കിലും സ്വന്തം തെറ്റിനെക്കുറിച്ചുള്ള കുറ്റബോധവും നിങ്ങളെ വിഷമിപ്പിച്ചല്ലോ എന്നൊരു സങ്കടവും അവന്റെ ഉള്ളിൽ കാണും. b
ആരാണു കാരണക്കാരൻ?
ചുറ്റുപാടും സാഹചര്യങ്ങളും? “ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു” എന്നാണു ബൈബിൾ പറയുന്നത്. (1 കൊരിന്ത്യർ 15:33) കൗമാരപ്രായക്കാരെ കൂട്ടുകാർക്ക് എളുപ്പം സ്വാധീനിക്കാനാകും. അതുപോലെതന്നെയാണു സമൂഹമാധ്യമങ്ങളും പരസ്യങ്ങളും. ഇതിനു പുറമേ, കൗമാരക്കാർക്ക് അനുഭവപരിചയവും കുറവാണ്. ഇതൊക്കെകൊണ്ടാണ് കൗമാരക്കാർ തെറ്റായ തീരുമാനങ്ങളെടുക്കുന്നത്. എന്നാൽ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതിൽനിന്ന് പാഠം പഠിച്ചാൽ മാത്രമേ ഭാവിയിൽ അവർ പക്വതയുള്ളവരായി വളർന്നുവരൂ.
എന്റെ പാകപ്പിഴയാണോ? ചിലപ്പോൾ നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിച്ചേക്കാം: ‘ഞാൻ ഒരുപാട് നിയന്ത്രണങ്ങൾവെച്ച് വളർത്തിയതുകൊണ്ടാണോ അവൻ തെറ്റിപ്പോയത്? അതോ ഞാൻ ഒരു നിയന്ത്രണവും വെക്കാഞ്ഞിട്ടാണോ?’ എന്തുതന്നെയായാലും പറ്റിപ്പോയതിനെക്കുറിച്ചോർത്ത് വിഷമിച്ചിരിക്കാതെ പ്രശ്നം പരിഹരിക്കാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കാം.
തകർന്നുപോയ വിശ്വാസം വീണ്ടെടുക്കാൻ മക്കളെ എങ്ങനെ സഹായിക്കാം?
എടുത്തുചാടി ഒന്നും പറയാതിരിക്കുക. ഒരുപക്ഷേ, നിങ്ങൾ അവനോടു പൊട്ടിത്തെറിക്കുമെന്നായിരിക്കും അവന്റെ ചിന്ത. അതിനു പകരം മറ്റൊരു സമീപനം പരീക്ഷിച്ചുകൂടേ? എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നു ശാന്തമായി ചോദിച്ചുമനസ്സിലാക്കുക. ആകാംക്ഷയുടെ പുറത്താണോ അവൻ ഈ തെറ്റിൽ അകപ്പെട്ടത്? അതോ ബോറടി മാറ്റാനായിരുന്നോ? ഒറ്റപ്പെടുന്നതായി തോന്നിയിട്ടാണോ? കൂട്ടുകാർക്ക് വഴങ്ങിക്കൊടുത്തതാണോ? ഇതൊന്നും തെറ്റിനെ ന്യായീകരിക്കുന്നില്ലെങ്കിലും തെറ്റിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കാൻ ഇങ്ങനെ ചോദിച്ച് അറിയുന്നത് സഹായിക്കും.
ബൈബിൾതത്ത്വം: “എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്, പെട്ടെന്നു കോപിക്കുകയുമരുത്.”—യാക്കോബ് 1:19.
തെറ്റിൽനിന്ന് പാഠം ഉൾക്കൊള്ളാൻ സഹായിക്കുക. ചില ചോദ്യങ്ങൾ അവരോടു ചോദിക്കുക: ഈ അനുഭവത്തിൽനിന്ന് എന്താണു പഠിച്ചത്? ഇതുപോലൊരു സാഹചര്യം ഇനിയും ഉണ്ടായാൽ ശരിയായ വിധത്തിൽ കാര്യങ്ങൾ എങ്ങനെ ചെയ്യാനാകും? ഇങ്ങനെ ചെയ്താൽ നന്നായി ചിന്തിച്ച് തീരുമാനങ്ങളെടുക്കാൻ നിങ്ങൾ മക്കളെ പരിശീലിപ്പിക്കുകയായിരിക്കും.
ബൈബിൾതത്ത്വം: “വിദഗ്ധമായ പഠിപ്പിക്കൽരീതി ഉപയോഗിച്ച് അങ്ങേയറ്റം ക്ഷമയോടെ ശാസിക്കുകയും താക്കീതു ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.”—2 തിമൊഥെയൊസ് 4:2.
തെറ്റിനു പരിണതഫലങ്ങളുണ്ടാകുമെന്ന് അവർക്കു മനസ്സിലാക്കിക്കൊടുക്കുക. ചെയ്ത തെറ്റിനോടു ബന്ധപ്പെട്ട ശിക്ഷണംതന്നെ കൊടുത്താൽ അവർ അതിന്റെ ഗൗരവം മനസ്സിലാക്കാൻ സാധ്യത കൂടുതലായിരിക്കും. ഉദാഹരണത്തിന്, മകൻ നിങ്ങളോടു ചോദിക്കാതെ വണ്ടിയെടുത്തുകൊണ്ടുപോകുന്നെങ്കിൽ കുറച്ചുകാലത്തേക്ക് അവനു വണ്ടി കൊടുക്കാതിരിക്കാം.
ബൈബിൾതത്ത്വം: “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.”—ഗലാത്യർ 6:7.
വിശ്വാസം വീണ്ടെടുക്കാമെന്ന പ്രതീക്ഷ കൊടുക്കുക. നഷ്ടമായ വിശ്വാസം ഒറ്റ രാത്രികൊണ്ട് വീണ്ടെടുക്കാൻ കഴിയില്ല എന്നതു ശരിയാണ്. എങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ടെന്നും സമയമെടുത്താലും നഷ്ടപ്പെടുത്തിയ ആ വിശ്വാസം വീണ്ടെടുക്കാൻ തനിക്കാകുമെന്നും മകനു ബോധ്യമാകണം. മാതാപിതാക്കൾ തന്നെ ഇനിയൊരിക്കലും വിശ്വസിക്കില്ലെന്നു തോന്നിയാൽ അതിനുള്ള ശ്രമം അവൻ ഉപേക്ഷിക്കും.
ബൈബിൾതത്ത്വം: “നിങ്ങളുടെ മക്കളെ വെറുതേ ദേഷ്യം പിടിപ്പിക്കരുത്, അവരുടെ മനസ്സിടിഞ്ഞുപോകും.”—കൊലോസ്യർ 3:21.