കുടുംബങ്ങൾക്കുവേണ്ടി
മദ്യത്തെക്കുറിച്ച് മക്കളോടു സംസാരിക്കുക
“ഞങ്ങളുടെ മകളോടു മദ്യത്തെക്കുറിച്ച് ആദ്യം സംസാരിക്കുന്നത് അവൾക്ക് ആറു വയസ്സുള്ളപ്പോഴായിരുന്നു. ഞങ്ങൾ വിചാരിച്ചതിനെക്കാൾ കൂടുതൽ കാര്യം അവൾക്ക് അറിയാം എന്നതു ഞങ്ങളെ ഞെട്ടിച്ചു.”—അലക്സാണ്ടർ.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
മദ്യത്തെക്കുറിച്ച് മക്കളോടു സംസാരിക്കേണ്ടതു പ്രധാനമാണ്. മക്കൾ കൗമാരപ്രായത്തിലെത്തട്ടെ എന്നു വിചാരിച്ച് കാത്തിരിക്കേണ്ട കാര്യമില്ല. റഷ്യയിലുള്ള ഹാമെറ്റ് പറയുന്നു: “വളരെ ചെറുപ്പത്തിൽത്തന്നെ മദ്യത്തെക്കുറിച്ച് മോനോടു സംസാരിക്കണമായിരുന്നു. കയ്പേറിയ അനുഭവത്തിലൂടെയാണ് ഞാൻ അതു മനസ്സിലാക്കിയത്. 13-ാം വയസ്സിൽ എന്റെ മോൻ സ്ഥിരം മദ്യപിക്കുന്നുണ്ടെന്നു ഞാൻ അറിഞ്ഞു.”
അതു ഗൗരവമായി എടുക്കേണ്ടത് എന്തുകൊണ്ട്?
സഹപാഠികൾക്കും പരസ്യങ്ങൾക്കും ടിവി-ക്കും മദ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ കുട്ടിയുടെ വീക്ഷണത്തെ സ്വാധീനിക്കാൻ കഴിയും.
അമേരിക്കയിലെ രോഗ നിയന്ത്രണ നിവാരണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഐക്യനാടുകളിൽ 11 ശതമാനം മദ്യം ഉപയോഗിക്കുന്നത് പ്രായപൂർത്തിയാകാത്തവരാണ്.
മദ്യത്തിന്റെ അപകടത്തെക്കുറിച്ച് ചെറുപ്പത്തിൽത്തന്നെ മക്കളെ പഠിപ്പിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ മാതാപിതാക്കളോട് ആവശ്യപ്പെടുന്നതിൽ ഒട്ടും അതിശയിക്കാനില്ല. പക്ഷേ, നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാം?
നിങ്ങൾക്കു ചെയ്യാനാകുന്നത്
കുട്ടി ചോദിച്ചേക്കാവുന്ന ചോദ്യം മുൻകൂട്ടിക്കാണുക. ചെറിയ കുട്ടികൾ ആകാംക്ഷയുള്ളവരാണ്. മുതിർന്ന കുട്ടികൾ അതിലേറെ ആകാംക്ഷയുള്ളവരാണ്. അതുകൊണ്ടുതന്നെ അവർക്കു ഉത്തരം കൊടുക്കാൻ നന്നായി തയ്യാറാകണം. ഉദാഹരണത്തിന്:
മദ്യത്തിന്റെ രുചി എന്താണെന്ന് അറിയാൻ കുട്ടി ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം: “വീഞ്ഞ് അൽപ്പം പുളിപ്പുള്ള ജ്യൂസുപോലെയാണ്; പക്ഷേ ബിയറിന് കുറച്ച് കൈപ്പാണ്.”
മദ്യം രുചിച്ചുനോക്കണമെന്നു കുട്ടി പറഞ്ഞാൽ, അതു കുട്ടികളുടെ ശരീരത്തിനു താങ്ങാനാകില്ലെന്നു പറയാം. അതിന്റെ ദോഷവശങ്ങളെക്കുറിച്ചും പറയാം: മദ്യം കുടിക്കുമ്പോൾ സുഖം തോന്നുമെങ്കിലും അധികമായാൽ ആൾ കുഴഞ്ഞ് നടക്കും, മണ്ടത്തരങ്ങൾ കാണിക്കും, ചിന്തിക്കാതെ സംസാരിക്കും.—സുഭാഷിതങ്ങൾ 23:29-35.
അറിവ് നേടുക. “വിവേകിയായ മനുഷ്യൻ അറിവ് നേടി കാര്യങ്ങൾ ചെയ്യുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 13:16) മദ്യം ഉപയോഗിക്കുന്നതിനോടു ബന്ധപ്പെട്ട് നിങ്ങളുടെ രാജ്യത്തുള്ള നിയമങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുക. അപ്പോൾ കുട്ടിക്ക് ആ കാര്യങ്ങൾ നന്നായി പറഞ്ഞുകൊടുക്കാൻ നിങ്ങൾക്കു കഴിയും.
ഈ വിഷയം സംസാരിക്കാൻ മുൻകൈയെടുക്കുക. ബ്രിട്ടനിലെ മാർക്ക് എന്ന ഒരു പിതാവ് ഇങ്ങനെ പറയുന്നു: “കുട്ടികൾക്കു മദ്യത്തെക്കുറിച്ച് പല സംശയങ്ങളുണ്ട്. എട്ടു വയസ്സുള്ള എന്റെ മോനോടു മദ്യം കുടിക്കുന്നതു ശരിയാണോ അല്ലേ എന്നു ഞാൻ ചോദിച്ചു. ശാന്തമായ ഒരു ചുറ്റുപാടിൽ, സംസാരിക്കുന്നതിനിടെയാണ് ഞാൻ ചോദിച്ചത്. അങ്ങനെ ചോദിച്ചപ്പോൾ അവന്റെ അഭിപ്രായം അവൻ തുറന്നുപറഞ്ഞു.”
പല സന്ദർഭങ്ങളിൽ മദ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കുട്ടിക്ക് അതെക്കുറിച്ച് ഒരു ആകമാനചിത്രം ലഭിക്കും. റോഡ് സുരക്ഷയും ലൈംഗികതയും പോലെ കുട്ടികൾ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി പഠിപ്പിക്കുന്നതിന്റെ കൂടെ അവരുടെ പ്രായത്തിനനുസരിച്ച് മദ്യത്തെക്കുറിച്ചും സംസാരിക്കുക.
മാതൃക വെക്കുക. കുട്ടികൾ സ്പോഞ്ചുപോലെയാണ്. ചുറ്റുമുള്ളതൊക്കെ അവർ വലിച്ചെടുക്കും. പഠനങ്ങൾ കാണിക്കുന്നത്, കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതു മാതാപിതാക്കളാണെന്നാണ്. നിങ്ങൾ ടെൻഷൻ കുറയ്ക്കാൻ ആദ്യവഴിയായി കാണുന്നതു മദ്യപാനത്തെയാണെങ്കിൽ നിങ്ങളുടെ കുട്ടിക്ക് ഒരു സന്ദേശം കൊടുക്കുകയാണ്: ജീവിതത്തിൽ ഉത്കണ്ഠകൾ വരുമ്പോൾ അതു കുറയ്ക്കാൻ മദ്യപിക്കാം. അതുകൊണ്ട് നല്ല മാതൃക വെക്കുക. മദ്യം ഉപയോഗിക്കുന്ന കാര്യത്തിൽ നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കുക.