കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
മാതാപിതാക്കൾക്ക് എങ്ങനെ കുട്ടികൾക്കു നല്ല മാർഗനിർദേശം കൊടുക്കാം?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ചില സംസ്കാരങ്ങളിൽ കുട്ടികൾക്കു മാതാപിതാക്കളുമായി ഒരു അടുത്ത ബന്ധമുണ്ട്. മാർഗനിർദേശത്തിനായി എപ്പോഴും അവർ മാതാപിതാക്കളിലേക്കു നോക്കും. മറ്റു ചില സംസ്കാരങ്ങളിൽ കുട്ടികൾ മാർഗനിർദേശത്തിനായി തരപ്പടിക്കാരായ കുട്ടികളിലേക്കാണു തിരിയുന്നത്.
എന്തിനും ഏതിനും തരപ്പടിക്കാരുടെ ഉപദേശം തേടുന്നവർ മാതാപിതാക്കളുടെ അധികാരത്തെ വിലകുറച്ച് കാണുകയാണ്. ഇങ്ങനെയുള്ള കുട്ടികൾ കൗമാരപ്രായത്തിലെത്തുമ്പോൾ അവരുടെ മാതാപിതാക്കൾക്ക് അവരെ പിടിച്ചാൽ കിട്ടില്ല. ഇതിൽ ഒട്ടും അതിശയിക്കാനില്ല. കുട്ടികൾ തരപ്പടിക്കാരുടെ ഒപ്പം ഒരുപാട് സമയം ചെലവഴിക്കുമ്പോൾ ഒരർഥത്തിൽ അവരെ വളർത്താനുള്ള ഉത്തരവാദിത്വം തരപ്പടിക്കാർക്കു മാതാപിതാക്കൾ ഏൽപ്പിച്ചുകൊടുക്കുന്നതുപോലെയായിരിക്കും.
എന്തുകൊണ്ടാണ് കുട്ടികൾ വളരെ എളുപ്പത്തിൽ മാതാപിതാക്കളെക്കാൾ സമപ്രായക്കാരായ കൂട്ടുകാരോട് അടുക്കുന്നത്? ചില കാരണങ്ങൾ ഇതൊക്കെയാണ്:
സ്കൂൾ. കുട്ടികൾ ഏറെ സമയം ചെലവഴിക്കുന്നതു അവരുടെ കൂട്ടുകാരുടെ ഒപ്പം ആയിരിക്കുന്നതുകൊണ്ട് അവരുമായി വല്ലാത്ത ഒരു അടുപ്പത്തിലേക്കു വരുന്നു. ഇതു മാതാപിതാക്കളുടെ അംഗീകാരത്തെക്കാൾ അധികം കൂട്ടുകാരുടെ അംഗീകാരത്തെ പ്രിയപ്പെടാനും അവർ പറയുന്ന കാര്യങ്ങൾക്കു കൂടുതൽ വിലകല്പിക്കാനും കുട്ടികളെ പ്രേരിപ്പിച്ചേക്കാം. കൗമാരപ്രായം ആകുമ്പോഴെക്കും ഈ മനോഭാവം കൂടുതൽ തീവ്രമാകും.
സമയമില്ല. പല കുടുംബങ്ങളിലും കുട്ടികൾ സ്കൂളിൽനിന്ന് തിരിച്ചുവരുമ്പോൾ വീട്ടിലാരും ഉണ്ടായിരിക്കില്ല. മാതാവോ പിതാവോ ജോലിസ്ഥലത്തായിരിക്കും.
ന്യൂജെൻ സംസ്കാരം. കുട്ടികൾ മുതിർന്ന് പ്രായപൂർത്തിയാകുമ്പോൾ തങ്ങളുടെ കൂട്ടൂകാർ എന്തൊക്കെയാണോ ചെയ്യുന്നത് അതൊക്കെ ചെയ്യാൻ അവർ ഇഷ്ടപ്പെടുന്നു. കൂട്ടുകാരെപോലെതന്നെ വസ്ത്രം ധരിക്കുക, സംസാരിക്കുക, അവർ പെരുമാറുന്നതുപോലെ പെരുമാറുക ഇതൊക്കെയാണ് അവരുടെ രീതികൾ. മിക്കപ്പോഴും അവർക്കു പ്രധാനം മാതാപിതാക്കൾ അവരെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതല്ല അവരുടെ കൂട്ടുകാർ അവരെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതാണ്.
ബിസിനെസ്സ്. ഇന്നത്തെ കച്ചവടലോകവും വിനോദവ്യവസായവും നോട്ടമിട്ടിരിക്കുന്നതു യുവപ്രായക്കാരെയാണ്. അവരുടെ കച്ചവടസാധനങ്ങളും വിനോദപരിപാടികളും ശരിക്കും മാതാപിതാക്കളുമായുള്ള അകൽച്ച കൂട്ടുകയാണ്. “ന്യൂജെൻ സംസ്കാരം അപ്രത്യക്ഷമായാൽ കോടിക്കണക്കിനു ഡോളർ സമ്പാദിക്കുന്ന വ്യവസായരംഗം ഞൊടിയിടയിൽ തകർന്നുവീഴും” എന്ന് എഴുത്തുകാരനായ ഡോക്ടർ റോബർട്ട് എപ്പ്സ്റ്റൈൻ പറയുന്നു. a
നിങ്ങൾക്ക് ചെയ്യാനാകുന്നത്
കുട്ടിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാക്കുക.
ബൈബിൾ പറയുന്നു: “ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയത്തിലുണ്ടായിരിക്കണം. നീ അവ ആവർത്തിച്ചുപറഞ്ഞ് നിന്റെ മക്കളുടെ മനസ്സിൽ പതിപ്പിക്കണം. നീ വീട്ടിലായിരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കണം.”—ആവർത്തനം 6:6, 7.
മക്കൾ തരപ്പടിക്കാരായ കൂട്ടുകാരോടൊപ്പം കൂട്ടുകൂടുന്നതു തെറ്റൊന്നും അല്ല. പക്ഷേ അവർക്കുവേണ്ട മാർഗനിർദേശവും ഉപദേശവും കൊടുക്കേണ്ടതു മാതാപിതാക്കളായ നിങ്ങളാണെന്ന കാര്യം ഒരിക്കലും മറക്കരുത്. സന്തോഷകരമായ ഒരു കാര്യം ഇതാണ്, ഭൂരിഭാഗം കുട്ടികൾക്കും കൗമാരപ്രായക്കാർക്കും അവരുടെ മാതാപിതാക്കളെ ബഹുമാനിക്കണമെന്നും അവരെ സന്തോഷിപ്പിക്കണമെന്നും ഉള്ള ആഗ്രഹമാണുള്ളത്. നിങ്ങൾക്കു മക്കളുമായി വളരെ അടുത്ത ബന്ധമുണ്ടെങ്കിൽ അവരുടെ കൂട്ടുകാരെക്കാൾ സ്വാധീനം മക്കളോടു നിങ്ങൾക്ക് ഉണ്ടാകും.
“മക്കളോടൊപ്പം സമയം ചെലവഴിക്കണം. അവർ ഹോം വർക്ക് ചെയ്യുമ്പോൾ അവരോടൊപ്പം കൂടുക. നിങ്ങൾ ഭക്ഷണം പാകം ചെയ്യുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും അവരെയും കൂട്ടുക. രസകരമായ കാര്യങ്ങൾ ഒരുമിച്ച് ചെയ്യണം. കുട്ടികളോടൊപ്പം കളിക്കാൻ കൂടണം, അവരോടൊപ്പം ടിവി പരിപാടികൾ കാണണം അല്ലെങ്കിൽ സിനിമയ്ക്കു പോകണം. ക്വാളിറ്റി ടൈം അതായതു ഗുണനിലവാരമുള്ള ഏതാനും മണിക്കൂർ മക്കളോടൊപ്പം ചെലവഴിച്ചാൽ പോരാ. മക്കൾക്കു പ്രയോജനം ലഭിക്കണമെങ്കിൽ കുറച്ചധികം സമയം അവരോടൊപ്പം ചെലവഴിക്കണം.”—ലോറൈൻ.
പല പ്രായത്തിലുള്ളവരെ കൂട്ടുകാരാക്കുക.
ബൈബിൾ പറയുന്നു: “കുട്ടികളുടെ ഹൃദയത്തോടു വിഡ്ഢിത്തം പറ്റിച്ചേർന്നിരിക്കുന്നു.”—സുഭാഷിതങ്ങൾ 22:15.
മക്കൾക്കു കുറെ കൂട്ടുകാരുണ്ടെങ്കിൽ അതിൽ സംതൃപ്തിയുള്ളവരാണു മിക്ക മാതാപിതാക്കളും. എന്നാൽ മക്കൾ പക്വത പ്രാപിക്കണമെങ്കിൽ അവരുടെ സുഹൃദ്വലയത്തിൽ പല പ്രായത്തിലുള്ളവർ ഉണ്ടായിരിക്കണം. മാതാപിതാക്കൾ സ്നേഹത്തോടെ നൽകുന്നതുപോലുള്ള ഒരു മാർഗനിർദേശം തരപ്പടിക്കാർക്കു ഒരിക്കലും തരാൻ പറ്റില്ല.
“മക്കളുടെ കൂട്ടുകാർക്കു ചില കാര്യങ്ങളിൽ അറിവുണ്ടായിരിക്കാം. പക്ഷേ അവർക്കു ജീവിതാനുഭവവും പ്രായോഗികജ്ഞാനവും കുറവായിരിക്കും. കൂട്ടുകാർക്കു നല്ല തീരുമാനങ്ങളെടുക്കാൻ ഉള്ള ബുദ്ധി പറഞ്ഞുകൊടുക്കാൻ ഒന്നും അവർക്ക് കഴിയില്ല. എന്നാൽ മാർഗനിർദേശത്തിനുവേണ്ടി മക്കൾ മാതാപിതാക്കളെ സമീപിച്ചാൽ പ്രായത്തിനൊത്ത പക്വതയിൽ അവർക്ക് വളർന്ന് വരാനാകും.”—നാദിയ.
ബുദ്ധിയുപദേശം കൊടുക്കുക.
ബൈബിൾ പറയുന്നു: “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും.”—സുഭാഷിതങ്ങൾ 13:20.
മക്കൾ മുതിർന്നാലും മാതാപിതാക്കളോടൊപ്പം സമയം ചെലവഴിച്ചാൽ അത് അവർക്കു വളരെ പ്രയോജനം ചെയ്യും. മാതാപിതാക്കൾ മക്കൾക്കു നല്ല മാതൃകകളായിരിക്കുക.
“അച്ഛനമ്മമാരാണ് മക്കളുടെ ഏറ്റവും നല്ല മാതൃക. മാതാപിതാക്കളെ ആദരിക്കാനും ബഹുമാനിക്കാനും പഠിച്ച കുട്ടികൾ വളർന്നുവരുമ്പോൾ അവരെപോലെ ആകാനേ ആഗ്രഹിക്കൂ.”—കാതറിൻ.
a കൗമാരപ്രായക്കാർ 2.0- കൗമാരപ്രായത്തിന്റെ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെയും മാതാപിതാക്കളെയും സഹായിക്കാം എന്ന പുസ്തകത്തിൽനിന്ന്.