കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
വംശീയതയെക്കുറിച്ച് മക്കളോടു പറയേണ്ടത്
ആളുകൾ നിറത്തിന്റെയോ ദേശത്തിന്റെയോ പേരിൽ മറ്റുള്ളവരോടു വേർതിരിവ് കാണിക്കുന്നതു നിങ്ങളുടെ കുട്ടി ചെറുപ്പംമുതലേ ശ്രദ്ധിച്ചേക്കാം. വംശീയവേർതിരിവ് നിങ്ങളുടെ മക്കളിലേക്കു വരാതിരിക്കാൻ അവരെ എങ്ങനെ സഹായിക്കാം? നിങ്ങളുടെ മകനോ മകളോ വംശീയവിദ്വേഷത്തിന് ഇരയായാൽ എന്തു ചെയ്യാം?
ഈ ലേഖനത്തിൽ
വംശവ്യത്യാസങ്ങളെക്കുറിച്ച് കുട്ടികളോട് എങ്ങനെ സംസാരിക്കാം?
എന്തു പറയാം? മനുഷ്യർ എല്ലാവരും ഒരുപോലെയല്ല. ആളുകളുടെ നിറം, രൂപം, സംസ്കാരം, രീതികൾ ഇതിലെല്ലാം ഉള്ള വൈവിധ്യം വളരെ മനോഹരമാണ്. എന്നാൽ ഈ വ്യത്യാസങ്ങൾതന്നെ ആളുകളോടു തരംതിരിവ് കാണിക്കുന്നതിനു പലപ്പോഴും കാരണമായിരിക്കുന്നു.
വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാ മനുഷ്യരുടെയും പൂർവികൻ ഒരാളാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ വേർതിരിവ് കാണിക്കാൻ നമുക്ക് ഒരു കാരണവുമില്ല. നമ്മൾ എല്ലാവരും ബന്ധുക്കളാണ്.
“ദൈവം ഒരു മനുഷ്യനിൽനിന്ന് എല്ലാ ജനതകളെയും ഉണ്ടാക്കി.”—പ്രവൃത്തികൾ 17:26.
“ഞങ്ങളുടെ മക്കൾ വ്യത്യസ്ത വംശത്തിലും സംസ്കാരത്തിലും ഉള്ള ആളുകളോടൊപ്പം സമയം ചെലവഴിച്ചപ്പോൾ അവർക്കുതന്നെ ഒരു കാര്യം മനസ്സിലായി; ആരെയും നമ്മൾ വിലകുറച്ച് കാണരുത്. എല്ലാവരും നമ്മുടെ സ്നേഹത്തിന് അർഹരാണ്.”—ക്യാരൻ.
വംശീയവിദ്വേഷത്തെക്കുറിച്ച് എന്തു പറഞ്ഞുകൊടുക്കാം?
വംശത്തിന്റെ പേരിൽ മോശമായി പെരുമാറിയതിന്റെയോ ക്രൂരത കാണിച്ചതിന്റെയോ വാർത്തകൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ കുട്ടി കേൾക്കും. അപ്പോൾ നിങ്ങൾ അവർക്ക് എന്തു പറഞ്ഞുകൊടുക്കും? അവരുടെ പ്രായമനുസരിച്ചുവേണം കാര്യങ്ങൾ വിശദീകരിക്കാൻ.
3-5 വയസ്സുവരെ. പാരന്റ്സ് മാസികയിൽ വന്ന ഡോ. അലിസൺ ബ്രിസ്കോ സ്മിത്തിന്റെ വാക്കുകൾ ഇതായിരുന്നു: ‘ന്യായവും അന്യായവും എന്താണെന്നൊക്കെ കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകും. അതുകൊണ്ടുതന്നെ അനീതിയെക്കുറിച്ച് അവരോടു സംസാരിക്കാൻ നിങ്ങൾക്കു ധാരാളം അവസരങ്ങൾ കിട്ടും.’
‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.
6-12 വയസ്സുവരെ. ഈ പ്രായത്തിലുള്ള കുട്ടികൾക്കു കാര്യങ്ങൾ അറിയാൻ വളരെ ആകാംക്ഷയായിരിക്കും. അതുകൊണ്ടുതന്നെ നമ്മളെ കുഴപ്പിക്കുന്ന കുറെ ചോദ്യങ്ങൾ അവർ ചോദിക്കും. നിങ്ങൾക്കു കഴിയുന്നതുപോലെ അതിന് ഉത്തരം കൊടുക്കുക. ഇനി, അവർ സ്കൂളിലും മാധ്യമങ്ങളിലും കാണുന്ന കാര്യങ്ങളെക്കുറിച്ച് അവരോടു സംസാരിക്കുക. അങ്ങനെ സംസാരിക്കുമ്പോൾ വംശീയവിവേചനം തെറ്റാണെന്ന് അവർക്കു പറഞ്ഞുകൊടുക്കാനാകും.
“നിങ്ങൾ എല്ലാവരും ഐക്യവും സഹാനുഭൂതിയും സഹോദരപ്രിയവും മനസ്സലിവും താഴ്മയും ഉള്ളവരായിരിക്കുക.”—1 പത്രോസ് 3:8.
13-19 വയസ്സുവരെ. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വലിയവലിയ പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ വംശീയതയെക്കുറിച്ചുള്ള വാർത്താറിപ്പോർട്ടുകൾ കേൾക്കുമ്പോൾ കൗമാരത്തിലുള്ള നിങ്ങളുടെ കുട്ടികളോടൊപ്പമിരുന്ന് അതെക്കുറിച്ച് ചർച്ച ചെയ്യാനാകും.
‘ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ചവരാണ് പക്വതയുള്ളവർ.’—എബ്രായർ 5:14, അടിക്കുറിപ്പ്.
“നമ്മൾ എവിടെ ജീവിക്കുന്നവരാണെങ്കിലും എപ്പോഴെങ്കിലും ഒക്കെ നമ്മുടെ മക്കൾ വംശീയവിവേചനം കാണാനോ അതിന് ഇരയാവാനോ ഇടയുണ്ട്. അതുകൊണ്ട് അവരോട് വംശീയതയെക്കുറിച്ച് സംസാരിക്കണം. നമ്മൾ പറഞ്ഞുകൊടുത്തില്ലെങ്കിൽ മറ്റുള്ളവർ ശരിയെന്നു പറയുന്നതായിരിക്കും അവർ വിശ്വസിക്കുക. അതു പലപ്പോഴും തെറ്റായ വിവരങ്ങളും ആയിരിക്കും.”—റ്റാനിയ.
നിങ്ങൾക്കുതന്നെ മാതൃക വെക്കാം
മറ്റുള്ളവരെ കണ്ടാണ് കുട്ടികൾ പഠിക്കുന്നത്. അതുകൊണ്ട് മാതാപിതാക്കളേ, നിങ്ങളുടെ സംസാരവും പ്രവൃത്തിയും ഒക്കെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്:
മറ്റു വംശത്തിൽപ്പെട്ട ആളുകളെ താഴ്ത്തിക്കെട്ടുന്ന രീതിയിലോ കളിയാക്കുന്ന രീതിയിലോ സംസാരിക്കാറുണ്ടോ? “നിങ്ങളുടെ കുട്ടി നിങ്ങൾ പറയുന്നതും ചെയ്യുന്നതും ഒക്കെ ഒപ്പിയെടുക്കും. എന്നിട്ട് അതുപോലെതന്നെ ചെയ്യും” എന്നു കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് പഠനം നടത്തുന്ന അമേരിക്കയിലെ ഒരു സംഘടന പറയുന്നു.
മറ്റു സ്ഥലങ്ങളിൽനിന്നുള്ള ആളുകളോടൊപ്പം ആയിരിക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ? ശിശുരോഗവിദഗ്ധയായ അലന സോമ പറയുന്നതു കേൾക്കൂ: “നിങ്ങളുടെ കുട്ടി . . . പല പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളുമായി കൂട്ടുകൂടണമെങ്കിൽ ആദ്യം നിങ്ങൾ അതു ചെയ്തുകാണിക്കണം.”
“എല്ലാ മനുഷ്യരെയും ബഹുമാനിക്കുക.”—1 പത്രോസ് 2:17.
“വർഷങ്ങളായി ഞങ്ങൾ ചെയ്യുന്ന ഒരു കാര്യമുണ്ട്. പല ദേശത്തുനിന്നുള്ള ആളുകൾ വരുമ്പോൾ അവരെ ഞങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കും. അവരുടെ ഭക്ഷണത്തെക്കുറിച്ചും അവർ ആസ്വദിക്കുന്ന സംഗീതത്തെക്കുറിച്ചും ഞങ്ങൾ പഠിക്കാൻ ശ്രമിച്ചു. ചിലപ്പോൾ ആ നാട്ടിലെ ഡ്രസ്സ് ഒക്കെ ഞങ്ങൾ ഇടാറുണ്ട്. ആളുകളെക്കുറിച്ച് പറയുമ്പോൾ ഞങ്ങൾ അവരുടെ വംശത്തെക്കുറിച്ചല്ല അവരെപ്പറ്റിയാണ് പറയാറ്. ഞങ്ങളുടെ സംസ്കാരമാണ് ഏറ്റവും വലിയത് എന്ന രീതിയിൽ ഞങ്ങൾ സംസാരിക്കാറുമില്ല.”—ക്യാറ്ററീന.
നിങ്ങളുടെ കുട്ടി വേർതിരിവിന് ഇരയായാൽ
തുല്യതയെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും എല്ലായിടത്തും വംശീയതയുണ്ട്. അതിനർഥം നിങ്ങളുടെ കുട്ടിയും ചിലപ്പോൾ മോശമായ പെരുമാറ്റം നേരിടേണ്ടിവന്നേക്കാം, പ്രത്യേകിച്ച് നിങ്ങൾ ഒരു ന്യൂനപക്ഷത്തിന്റെ ഭാഗമാണെങ്കിൽ. അങ്ങനെ സംഭവിച്ചാൽ. . .
വസ്തുതകൾ മനസ്സിലാക്കുക. ആ വ്യക്തി അതു മനഃപൂർവം ചെയ്തതാണോ? അതോ അറിയാതെ പറ്റിപ്പോയതാണോ? (യാക്കോബ് 3:2) ഇതെക്കുറിച്ച് അവരോടു സംസാരിക്കേണ്ടതുണ്ടോ? അതോ വിട്ടുകളയാവുന്നതേയുള്ളോ?
ഇക്കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ന്യായബോധം കാണിക്കണം. “പെട്ടെന്നു നീരസപ്പെടരുത്” എന്ന ബൈബിളിന്റെ ഉപദേശം പ്രയോജനം ചെയ്യുന്നതാണ്. (സഭാപ്രസംഗകൻ 7:9) വംശീയതയെ നിസ്സാരമായി കാണണമെന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആരെങ്കിലും ചെറുതായി കളിയാക്കുകയോ മോശമായി നിങ്ങളോട് ഇടപെടുകയോ ചെയ്യുമ്പോൾ അതെല്ലാം വംശീയവിദ്വേഷം കൊണ്ടാണെന്നു ചിന്തിക്കരുത്.
ഉറപ്പായും ഓരോ സാഹചര്യവും വ്യത്യസ്തമാണ്. അതുകൊണ്ട് എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ശരിക്കും എന്താണ് നടന്നതെന്നു കണ്ടുപിടിക്കുക.
“വസ്തുതകളെല്ലാം കേൾക്കുംമുമ്പേ മറുപടി പറയുന്നതു വിഡ്ഢിത്തം; അതു മനുഷ്യന് അപമാനകരം.”—സുഭാഷിതങ്ങൾ 18:13.
വസ്തുതകൾ മനസ്സിലാക്കിയശേഷം മാതാപിതാക്കൾ സ്വയം ചോദിക്കുക:
‘എല്ലാ ആളുകളും മുൻവിധിയുള്ളവരാണെന്നും ആരെങ്കിലും കളിയാക്കിയാൽ ഉടനെ അതു തന്റെ വംശത്തെ ഇഷ്ടമില്ലാത്തതുകൊണ്ടാണെന്നും എന്റെ കുട്ടി ചിന്തിക്കാൻ ഇടയാകുമോ? അങ്ങനെ ചിന്തിച്ചാൽ അതു നല്ലതായിരിക്കുമോ?’
‘“ആളുകൾ പറയുന്ന ഓരോ വാക്കിനും വേണ്ടതിലധികം ശ്രദ്ധ കൊടുക്കരുത്” എന്ന ബൈബിളിന്റെ ഉപദേശം അനുസരിച്ചാൽ എന്റെ കുട്ടിക്കു പ്രയോജനം കിട്ടുമോ?’—സഭാപ്രസംഗകൻ 7:21.
“വിട്ടുവീഴ്ച കാണിക്കാനുള്ള നിങ്ങളുടെ സന്നദ്ധത എല്ലാവരും അറിയട്ടെ.”—ഫിലിപ്പിയർ 4:5.
അവർ ചെയ്തതു മനഃപൂർവമാണെന്നു തോന്നുന്നുണ്ടെങ്കിലോ? “നീ എങ്ങനെ പ്രതികരിക്കുന്നു എന്നതു സാഹചര്യം തണുപ്പിക്കുകയോ വഷളാക്കുകയോ ചെയ്തേക്കാം” എന്നു കുട്ടിയോടു പറയുക. കളിയാക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നയാൾ പലപ്പോഴും നമ്മുടെ ഭാഗത്തെ പ്രതികരണം നോക്കിയിരിക്കുകയായിരിക്കും. അത്തരം സാഹചര്യങ്ങളിൽ അതു വിട്ടുകളയുന്നതായിരിക്കും കൂടുതൽ നല്ലത്.
“വിറകില്ലെങ്കിൽ തീ കെട്ടുപോകും.”—സുഭാഷിതങ്ങൾ 26:20.
എന്നാൽ പ്രശ്നം വഷളാകില്ല എന്നു തോന്നുന്നെങ്കിൽ നിങ്ങളുടെ കുട്ടിക്ക് ആ വ്യക്തിയോടു സംസാരിക്കാം. അവരോടു (ശാന്തമായി) കുട്ടിക്ക് ഇങ്ങനെ പറയാം: “ശരിക്കും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് നിങ്ങൾ ഇപ്പോൾ പറഞ്ഞത് (അല്ലെങ്കിൽ ചെയ്തത്).”
ഈ പ്രശ്നം റിപ്പോർട്ട് ചെയ്യണമെന്നു തോന്നുന്നുണ്ടെങ്കിലോ? പ്രശ്നം അങ്ങനെ നിസ്സാരമായി തള്ളിക്കളയാൻ പറ്റാത്തതാണെങ്കിലോ അല്ലെങ്കിൽ കുട്ടിയുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നുണ്ടെങ്കിലോ നിങ്ങൾക്കു സ്കൂൾ അധികാരികളോടോ ആവശ്യമെങ്കിൽ പോലീസിനോടോ സംസാരിക്കാം.