കുടുംബങ്ങൾക്കുവേണ്ടി | വിവാഹജീവിതം
വിവാഹത്തിനു മുമ്പ് ഞങ്ങൾ ഒരുമിച്ച് താമസിക്കുന്നത് നല്ലതാണോ?
പല ഇണകളും വിവാഹം കഴിക്കുന്നതിനു മുമ്പേ ഒരുമിച്ച് താമസിക്കുന്നു. തങ്ങൾക്കു യോജിച്ചുപോകാനാകുമോ എന്ന് അറിയാനാണു ചിലർ ഇങ്ങനെ ജീവിക്കുന്നത്. എന്നാൽ മറ്റു ചിലർ വിവാഹത്തിനു മുമ്പ് ഇങ്ങനെ ജീവിച്ചുനോക്കിയാൽ വിവാഹജീവിതം കുറച്ചുകൂടി വിജയകരമായിരിക്കുമെന്നാണു ചിന്തിക്കുന്നത്. എന്തു തോന്നുന്നു? വിവാഹത്തിനു മുമ്പേ ഒരുമിച്ച് ജീവിക്കുന്നത് നല്ലതായിരിക്കുമോ?
ഈ ലേഖനത്തിൽ
ബൈബിൾ എന്താണ് പറയുന്നത്?
പരസ്പരം വിവാഹിതരല്ലാത്ത രണ്ടു പേർ തമ്മിലുള്ള ലൈംഗികബന്ധത്തെ ബൈബിൾ കുറ്റം വിധിക്കുന്നു. ഉദാഹരണത്തിന്, ബൈബിൾ പറയുന്നു: ‘ലൈംഗിക അധാർമികതയിൽനിന്ന് അകന്നിരിക്കുക.’ (1 തെസ്സലോനിക്യർ 4:3; 1 കൊരിന്ത്യർ 6:18) അതിൽ, പിന്നീട് വിവാഹം കഴിക്കാൻ ഉദ്ദേശിച്ചാണെങ്കിൽപ്പോലും ഒരുമിച്ച് കഴിയുന്ന ഇണകളും ഉൾപ്പെടുന്നു. a നമ്മൾ ബൈബിൾനിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുകയാണെങ്കിൽ വിവാഹത്തിനു മുമ്പുള്ള ഗർഭധാരണം ഉൾപ്പെടെയുള്ള പല പ്രശ്നങ്ങളും ഒഴിവാക്കാനാകും.
വിവാഹം എന്ന ക്രമീകരണം ദൈവത്തിൽനിന്നുള്ളതാണ്. അത് ഏർപ്പെടുത്തിയപ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.” (ഉൽപത്തി 2:24) ദാമ്പത്യപ്രതിബദ്ധതയാണു സ്നേഹമുള്ള സുസ്ഥിരമായ ഒരു കുടുംബജീവിതത്തിന് അടിത്തറപാകുന്നത്.
വിവാഹജീവിതത്തിനായി ഒരുങ്ങാൻ ഒരുമിച്ച് ജീവിക്കുന്നതു സഹായിക്കുമോ?
സഹായിക്കുമെന്നു ചിലർ പറയുന്നു. ഒരുമിച്ചായിരിക്കുമ്പോൾ വീട്ടുജോലികളെല്ലാം അവർക്കു പങ്കിട്ട് ചെയ്യാനാകും, അതുപോലെ മറ്റേ വ്യക്തിയുടെ ശീലങ്ങൾ നിരീക്ഷിക്കാനാകും. അതുകൊണ്ട് ആ അനുഭവങ്ങളെല്ലാം തങ്ങൾക്കു പ്രയോജനം ചെയ്യുമെന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ ഓർക്കുക, സന്തോഷമുള്ള ഒരു വിവാഹജീവിതത്തിന് ഏറ്റവും പ്രധാനമായി വേണ്ടതു പ്രതിബദ്ധതയാണ്.
എല്ലാ സമയത്തും, സന്തോഷത്തിലും ദുഃഖത്തിലും, ഒരുമിച്ച് നിൽക്കാൻ ദമ്പതികൾക്ക് എങ്ങനെ പഠിക്കാനാകും? ഒരുമിച്ച് ജീവിച്ചുകൊണ്ടുള്ള ഒരു “പരീക്ഷണകാലം” അതിനു സഹായിക്കില്ല. കാരണം, ആ സമയത്ത് വേണമെങ്കിൽ ഇണകൾക്കു തങ്ങളുടെ ബന്ധം അവസാനിപ്പിക്കാനോ ഒരാൾക്ക് മറ്റേയാളെ ഇട്ടിട്ടുപോകാനോ കഴിയും. എന്നാൽ ദമ്പതികൾക്കു പരസ്പരം ശക്തമായ പ്രതിബദ്ധതയുണ്ടായിരിക്കുകയും പ്രശ്നങ്ങളെ അവർ ഒരുമിച്ച് നേരിടുകയും ചെയ്യുമ്പോൾ അവർക്കിടയിലുള്ള ബന്ധം കൂടുതൽ ദൃഢമാകും.
ചുരുക്കിപ്പറഞ്ഞാൽ: വിവാഹത്തിനു മുമ്പ് ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾ ഒരുങ്ങുന്നത് വിവാഹത്തിനായിട്ടായിരിക്കില്ല, ഒരുപക്ഷേ വേർപിരിയലിനുവേണ്ടിയായിരിക്കും.
ബൈബിൾ തത്ത്വം: “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.”—ഗലാത്യർ 6:7.
ഒരുമിച്ച് ജീവിക്കുന്നതു ചെലവ് കുറയ്ക്കാൻ സഹായിക്കുമോ?
സഹായിക്കുമെന്നു ചിലർ പറയുന്നു. ഒരു സർവ്വേ (Pew Research Center) അനുസരിച്ച് ഐക്യനാടുകളിലുള്ള മുതിർന്നവരിൽ പത്തിൽ നാലു പേരും വിവാഹത്തിനു മുമ്പ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന്റെ കാരണം പറയുന്നത്, സാമ്പത്തികച്ചെലവുകൾ കുറയ്ക്കാനാണെന്നാണ്. എന്നാൽ, കുറച്ചുനാൾ ഒരുമിച്ച് താമസിച്ച അവരിൽ ചിലർ ഇപ്പോഴും പറയുന്നത്, അവർ ഇനിയും വിവാഹത്തിനു തയ്യാറായിട്ടില്ല, കാരണം അവർ ഇപ്പോഴും സാമ്പത്തികപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ്.
വിവാഹത്തിനു മുമ്പ് ഒരുമിച്ച് താമസിക്കുന്നതുകൊണ്ട് മറ്റു ചില പ്രശ്നങ്ങളുമുണ്ടാകാം, പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. ഉദാഹരണത്തിന്, ഒരു ബന്ധം അവസാനിക്കുമ്പോൾ അവർക്കുണ്ടായ കുട്ടികളെ വളർത്തേണ്ട ഉത്തരവാദിത്വം മിക്കപ്പോഴും സ്ത്രീകൾക്കായിരിക്കും വരുന്നത്.
ചുരുക്കിപ്പറഞ്ഞാൽ: വിവാഹത്തിനു മുമ്പ് ഒരുമിച്ച് ജീവിക്കുന്നതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകൾ അവർ പ്രതീക്ഷിക്കുന്ന പ്രയോജനങ്ങളെക്കാൾ വളരെ വലുതാണ്.
ബൈബിൾ തത്ത്വം: ‘നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുന്ന യഹോവ എന്ന ഞാനാണു നിന്റെ ദൈവം.’—യശയ്യ 48:17.
വിവാഹത്തിനു മുമ്പ് ഒരുമിച്ച് താമസിക്കുന്നത് ഒത്തുപോകാൻ പറ്റാത്ത ഒരു വിവാഹം ഒഴിവാക്കാൻ സഹായിക്കുമോ?
സഹായിക്കുമെന്നു ചിലർ പറയുന്നു. “എന്നാൽ വിവാഹത്തിനു മുമ്പ് ഒരുമിച്ച് താമസിക്കുന്നത് ആ ബന്ധം അവസാനിപ്പിക്കുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കുമെന്ന് പലരും മനസ്സിലാക്കുന്നില്ല” എന്ന് ഒരു പുസ്തകം (Fighting for Your Marriage) പറയുന്നു. ഒരുമിച്ച് താമസിക്കുന്ന ചില ഇണകൾ തങ്ങൾക്ക് ഒത്തുപോകാൻ പറ്റുന്നില്ലെന്നു പിന്നീടു മനസ്സിലാക്കിയേക്കും. എന്നാൽ ചില കാരണങ്ങൾകൊണ്ട് അവർക്ക് ആ ബന്ധം അവസാനിപ്പിക്കാൻ പറ്റാതെയും വന്നേക്കാം. അതായത്, അവർ ഒരുമിച്ച് പരിപാലിക്കുന്ന ഒരു വളർത്തുമൃഗം ഉണ്ടായിരിക്കാം, താമസിക്കുന്ന വീട് ഒരുമിച്ച് ഒപ്പിട്ട് വാടകയ്ക്ക് എടുത്തതായിരിക്കാം, അല്ലെങ്കിൽ, അപ്രതീക്ഷിതമായി അവർക്ക് ഒരു കുഞ്ഞു പിറക്കാൻ ഇരിക്കുകയായിരിക്കാം. ഇങ്ങനെ ഒരുമിച്ച് ജീവിച്ച് ശീലിച്ചതുകൊണ്ട് നല്ല കാരണത്തിനാണെങ്കിലും അതിനൊരു മാറ്റം വരുത്താൻ അവർക്കു കഴിയുന്നില്ല എന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. b മറ്റു വാക്കുകളിൽ പറഞ്ഞാൽ, “ഒന്നിച്ച് താമസിച്ചില്ലായിരുന്നെങ്കിൽ വിവാഹത്തിനു മുമ്പേ അവസാനിപ്പിക്കാൻ കഴിയുമായിരുന്ന ഒരു ബന്ധം ‘ഇങ്ങനെ അങ്ങ് പോട്ടെ’ എന്നു വിചാരിച്ച് ചിലർ മുന്നോട്ട് കൊണ്ടുപോകുന്നു” എന്ന് ആ പുസ്തകം തുടർന്നുപറയുന്നു.
ചുരുക്കിപ്പറഞ്ഞാൽ: ഒന്നിച്ച് താമസിക്കുന്നത്, ശരിയായ ഒരു തീരുമാനമെടുക്കാൻ സഹായിക്കുന്നതിനു പകരം ഒത്തുപോകാൻ പറ്റാത്തൊരു ബന്ധം അവസാനിപ്പിക്കുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കുകയാണു ചെയ്യുന്നത്.
ബൈബിൾ തത്ത്വം: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു; എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.”—സുഭാഷിതങ്ങൾ 22:3.
സന്തോഷമുള്ള ഒരു വിവാഹജീവിതത്തിനു മറ്റെന്തെങ്കിലും വഴിയുണ്ടോ?
വിവാഹത്തിനു മുമ്പേ ഒരുമിച്ച് താമസിക്കുന്നതുകൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കി സന്തോഷമുള്ള വിവാഹജീവിതത്തിലേക്കു കടക്കാൻ നിങ്ങൾക്കു കഴിയും. എങ്ങനെ? വിവാഹത്തെക്കുറിച്ചുള്ള ബൈബിൾനിലവാരങ്ങൾ ഏറ്റവും നന്നായി പിൻപറ്റിക്കൊണ്ട്. നിങ്ങൾ ഭർത്താവും ഭാര്യയും ആയി ഒന്നിച്ച് ജീവിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ മറ്റേ വ്യക്തിയെ അടുത്തറിയാൻ സമയമെടുക്കുക. ലൈംഗികാകർഷണം തോന്നിയതിന്റെ പേരിൽ മാത്രം നിങ്ങളൊരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കരുത്. നിങ്ങൾക്കു രണ്ടു പേർക്കും ഒരേ വിശ്വാസങ്ങളും മൂല്യങ്ങളും ഉണ്ടായിരിക്കണം. അതിനാണു കൂടുതൽ പ്രാധാന്യം.
സന്തോഷമുള്ളതും നിലനിൽക്കുന്നതും ആയ ഒരു വിവാഹജീവിതത്തിന് അടിത്തറപാകാൻ സഹായിക്കുന്ന ഉപദേശങ്ങൾ ബൈബിളിലുണ്ട്. c ഉദാഹരണത്തിന്, ബൈബിളിലെ ചില തത്ത്വങ്ങൾ ഇക്കാര്യങ്ങൾക്കു നിങ്ങളെ സഹായിക്കും. . . .
വിശ്വാസവഞ്ചന കാണിക്കാതിരിക്കാൻ
നല്ലൊരു വിവാഹയിണയായിത്തീരാൻ കഴിയുന്ന ഒരു വ്യക്തിയാകാൻ
ഡേറ്റിങ്ങിന്റെ സമയത്ത് നിങ്ങൾക്കു ഒത്തുപോകാൻ കഴിയുന്ന ഇണകളാണോ എന്ന് തിരിച്ചറിയാൻ
ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ jw.org-ലെ “വിവാഹവും കുടുംബവും” എന്ന ഭാഗം കാണുക.
ബൈബിൾ തത്ത്വം: “തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്.”—2 തിമൊഥെയൊസ് 3:16.
a “പ്രണയത്തിലായവർ തമ്മിൽ വിവാഹത്തിനു മുമ്പു ലൈംഗിക ബന്ധത്തിലേർപ്പെടുന്നതു ശരിയാണോ?” എന്ന ലേഖനം കാണുക.
b കുടുംബബന്ധങ്ങൾ എന്ന വാർത്താപത്രികയിൽ സ്കോട്ട് എം. സ്റ്റാൻലി, ഗലീന ക്ലൈൻ റോഡ്സ്, ഹോവാർഡ് ജെ. മാർക്ക്മാൻ എന്നിവർ പ്രസിദ്ധീകരിച്ച “സ്ലൈഡിങ് വേർസസ് ഡിസൈഡിങ്: ഇനേർഷിയ ആന്ഡ് ദ പ്രീമാരിറ്റൽ കൊഹാബിറ്റേഷൻ എഫക്ട്” എന്ന ലേഖനത്തിൽനിന്ന്.
c ചില സംസ്കാരങ്ങളിൽ മകനോ മകൾക്കോ വേണ്ടി വിവാഹയിണയെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത് മാതാപിതാക്കളാണ്. അത്തരം സാഹചര്യത്തിൽ എന്തെല്ലാം ഗുണങ്ങളാണു നോക്കേണ്ടത് എന്നറിയാൻ ബൈബിൾ മാതാപിതാക്കളെ സഹായിക്കും.