കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
വിവാഹമോചനവും മക്കളുടെ ഭാവിയും
ഒരു തരത്തിലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നു ചിന്തിക്കുന്ന ചില ദമ്പതികൾ ഇങ്ങനെ പറഞ്ഞേക്കാം: “മക്കളുടെ ഭാവിക്കു നല്ലത്, ഞങ്ങൾ വിവാഹമോചനം ചെയ്യുന്നതാണ്. കാരണം, വഴക്കടിക്കുന്ന മാതാപിതാക്കളുടെകൂടെ ജീവിക്കുന്നതിനെക്കാൾ ഭേദം അതല്ലേ?” എന്നാൽ അതാണോ സത്യം?
വിവാഹമോചനം മക്കളെ എങ്ങനെ ബാധിക്കും?
വിവാഹമോചനം കുട്ടികളുടെ ജീവിതം തകർത്തുകളയുന്നെന്നു ഗവേഷണങ്ങൾ കാണിക്കുന്നു. വിവാഹമോചിതരുടെ മക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ:
കോപം, ഉത്കണ്ഠ, വിഷാദം
ദോഷം ചെയ്യുന്ന വിധത്തിലുള്ള പെരുമാറ്റം
പഠിക്കാൻ മടുപ്പുതോന്നൽ, പഠനം നിറുത്തൽ
പെട്ടെന്നു രോഗങ്ങൾ വരാനുള്ള സാധ്യത
ഇതിനു പുറമേ, വിവാഹമോചനത്തിനു തങ്ങളാണു കാരണക്കാരെന്നോ തങ്ങൾക്ക് അതു തടയാൻ കഴിഞ്ഞില്ലല്ലോ എന്നൊക്കെ ചിന്തിച്ചുകൊണ്ട് പല കുട്ടികളും സ്വയം കുറ്റപ്പെടുത്തുന്നു.
വിവാഹമോചനം നേടിയവരുടെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അവർ പ്രായപൂർത്തിയായതിനു ശേഷവും തുടർന്നേക്കാം. മിക്കപ്പോഴും അവർക്ക് ആത്മാഭിമാനം കുറയുന്നു, മറ്റുള്ളവരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. ഭാവിയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അവരും വിവാഹമോചനം ചെയ്യാൻ സാധ്യതയുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ: വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്ന പലരും അതാണു തങ്ങളുടെ കുട്ടികൾക്കു നല്ലതെന്നു കരുതുന്നു. എന്നാൽ അതു സത്യമല്ലെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. ശിശുപരിപാലനരംഗത്തെ ഒരു വിദഗ്ധയായ പെനലോപ് ലിച്ച് പറയുന്നു: “വിവാഹമോചനം കുട്ടികളുടെ ജീവിതം താറുമാറാക്കുന്നു.” a
ബൈബിൾതത്ത്വം: “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:4.
വിവാഹമോചനം ചെയ്താൽ കുട്ടികളുടെ ജീവിതത്തിൽ സന്തോഷമുണ്ടാകുമോ?
‘അതെ’ എന്നാണു ചിലരുടെ ഉത്തരം. എന്നാൽ മാതാപിതാക്കളുടെ ആവശ്യങ്ങളല്ല കുട്ടികളുടെ ആവശ്യങ്ങളെന്ന് ഓർക്കുക. വിവാഹമോചനം തേടുന്നവർ പുതിയൊരു ജീവിതമാണ് ആഗ്രഹിക്കുന്നത്. എന്നാൽ കുട്ടികളാകട്ടെ, ജീവിതത്തിന് അങ്ങനെയൊരു മാറ്റം ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളുടെ കൂടെയായിരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.
ആയിരക്കണക്കിനു വിവാഹമോചനങ്ങളെക്കുറിച്ച് പരിശോധിച്ച ശേഷം വിവാഹമോചനത്തിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ എഴുത്തുകാർ പറയുന്നു: “തങ്ങൾ സന്തുഷ്ടരാണെന്നു കുട്ടികൾ പറയില്ല എന്നതാണ് യാഥാർഥ്യം.” പകരം, “അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ എന്റെ സ്വാതന്ത്ര്യവും സന്തോഷവും എല്ലാം അവസാനിച്ചു” എന്ന് അവർ തുറന്നുപറയും. അവർ ഈ ലോകത്തെ കാണുന്നത്, “വിശ്വസിക്കാൻ കൊള്ളാത്തതും അപകടംപിടിച്ചതും ആയ ഒരു സ്ഥലമായിട്ടാണ്. കാരണം, അവരുടെ ജീവിതത്തിലെ ഏറ്റവും അടുത്ത ബന്ധംപോലും നിലനിൽക്കുന്നതായി അവർ കാണുന്നില്ലല്ലോ.”
ചുരുക്കിപ്പറഞ്ഞാൽ: മാതാപിതാക്കൾ വിവാഹമോചനം ചെയ്യുമ്പോൾ അതു കുട്ടികളെ സന്തോഷിപ്പിക്കുന്നില്ല.
ബൈബിൾതത്ത്വം: “തകർന്ന മനസ്സു ശക്തി ചോർത്തിക്കളയുന്നു.”—സുഭാഷിതങ്ങൾ 17:22.
വിവാഹമോചിതർ മക്കളെ വളർത്തുന്ന ഉത്തരവാദിത്വം പങ്കിട്ടുചെയ്താൽ കുഴപ്പമുണ്ടോ?
മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നത് ഒരുമിച്ചാണ്. എന്നാൽ വിവാഹമോചനം നേടിയ ചിലർ മക്കളെ വളർത്താനുള്ള ഉത്തരവാദിത്വങ്ങൾ രണ്ടിടത്തുനിന്നുകൊണ്ട് പങ്കിട്ടുചെയ്യാൻ തീരുമാനിച്ചേക്കാം. എന്നാൽ അത് എളുപ്പമല്ല. ഗവേഷകരുടെ അഭിപ്രായത്തിൽ ഇങ്ങനെ ചെയ്യുന്നതിൽ ചില പ്രശ്നങ്ങളുണ്ട്:
കുട്ടികളോടൊപ്പം കുറച്ച് സമയം മാത്രമേ ചെലവഴിക്കാൻ കഴിയുന്നുള്ളൂ
രണ്ടുപേരും പഠിപ്പിക്കുന്നതു വ്യത്യസ്ത നിലവാരങ്ങളായിരിക്കും
കുറ്റബോധംമൂലമോ ധാരാളം കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്ത് തളരുന്നതുകൊണ്ടോ കുട്ടികളെ അവരുടെ ഇഷ്ടത്തിനുവിടുന്നു
അങ്ങനെയുള്ള ഒരു കുട്ടി മാതാപിതാക്കളെ അനുസരിക്കാൻ മടികാണിച്ചേക്കാം. വിവാഹപ്രതിജ്ഞയ്ക്കുചേർച്ചയിൽ മാതാപിതാക്കൾ ഒരുമിച്ച് ജീവിക്കാത്തതുകൊണ്ട് അവർ ആശ്രയയോഗ്യരല്ല, വാക്കു പാലിക്കുന്നില്ല. ‘അപ്പോൾപ്പിന്നെ അവർ പറയുന്നതു ഞാൻ എന്തിനു കേൾക്കണം?’ എന്നു കുട്ടി ന്യായീകരിച്ചേക്കാം.
ചുരുക്കിപ്പറഞ്ഞാൽ: മക്കളെ വളർത്തുന്ന ഉത്തരവാദിത്വം പങ്കിട്ടുചെയ്യുന്നതു വിവാഹമോചിതരായ മാതാപിതാക്കൾക്കു ബുദ്ധിമുട്ടാണ്. അത്തരമൊരു സാഹചര്യം മക്കൾക്ക് അതിലേറെ പ്രയാസകരമാണ്.
ബൈബിൾതത്ത്വം: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ അസ്വസ്ഥരാക്കരുത്, അവരുടെ മനസ്സിടിഞ്ഞുപോകും.”—കൊലോസ്യർ 3:21, അടിക്കുറിപ്പ്.
വിവാഹമോചനമല്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റ് ഏതെങ്കിലും മാർഗമുണ്ടോ?
വിവാഹമോചനം ചെയ്ത് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ പെടാപ്പാടുപെടുന്നതിനെക്കാൾ എത്രയോ എളുപ്പമാണ് പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമിച്ച് നിൽക്കാൻ ശ്രമിക്കുന്നത്. വിവാഹം കോടതിയിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ട് എന്നുവെച്ച് ആ ബന്ധം എന്നും ഒരു പരാജയമാകണമെന്നില്ല. . . . ദമ്പതികൾ ഒരുമിച്ചുനിന്നാൽ എത്ര കയ്പേറിയ വിവാഹബന്ധവും കാലം കഴിയുമ്പോൾ മധുരമുള്ളതായിത്തീരും.” എല്ലാ വശങ്ങളും കണക്കിലെടുത്താൽ മാതാപിതാക്കൾ ഒരുമിച്ചുനിൽക്കുമ്പോൾ കുട്ടികളാണ് ഏറ്റവും സന്തോഷിക്കുന്നതും വിജയം കണ്ടെത്തുന്നതും.
ഇതിന്റെ അർഥം ഒരിക്കലും വിവാഹമോചനം ചെയ്യരുത് എന്നല്ല. ലൈംഗിക അധാർമികതയുടെ അടിസ്ഥാനത്തിൽ വിവാഹമോചനം ചെയ്യാൻ ബൈബിൾ അനുവദിക്കുന്നു. (മത്തായി 19:9) “വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു” എന്നും ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 14:15) ഭാര്യാഭർത്താക്കന്മാർ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ പരിഗണിച്ചുവേണം തീരുമാനമെടുക്കാൻ. അതിൽ വിവാഹമോചനം കുട്ടികളെ എങ്ങനെ ബാധിക്കും എന്നു ചിന്തിക്കുന്നതും ഉൾപ്പെടും.
ബന്ധം വഷളായിരിക്കുമ്പോൾ ഒന്നും ചെയ്യാതെ അതു താനേ ശരിയായിക്കൊള്ളുമെന്നു കരുതരുത്. വിവാഹബന്ധം സന്തുഷ്ടമായി നിലനിൽക്കണമെങ്കിൽ നല്ല ഗുണങ്ങൾ വളർത്തിയെടുക്കണം. അതിനു സഹായിക്കുന്ന നല്ല നിർദേശങ്ങൾ ബൈബിളിലുണ്ട്. കാരണം ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവതന്നെയാണു വിവാഹബന്ധത്തിനും തുടക്കമിട്ടത്.—മത്തായി 19:4-6.
ബൈബിൾതത്ത്വം: ‘നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുന്ന യഹോവ എന്ന ഞാനാണു നിന്റെ ദൈവം.’—യശയ്യ 48:17.
a നിങ്ങളുടെ കുട്ടിയോടൊപ്പം—ശൈശവംമുതൽ കൗമാരംവരെ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്.