കുടുംബങ്ങൾക്കുവേണ്ടി | വിവാഹജീവിതം
മൊബൈലിനെയും ടാബിനെയും എങ്ങനെ ചൊൽപ്പടിയിൽ നിറുത്താം?
വിവാഹജീവിതത്തെ ശക്തമാക്കാനോ തകർക്കാനോ സാങ്കേതികവിദ്യയ്ക്ക് ആകും. നിങ്ങളുടെ വിവാഹജീവിതത്തിലെ ഒരു വില്ലനാണോ മൊബൈലും ടാബും?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
സാങ്കേതികവിദ്യ ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ അത് വിവാഹജീവിതത്തിന് ഒരുപാട് ഗുണം ചെയ്യും. ഉദാഹരണത്തിന്, ചില ഭാര്യാഭർത്താക്കന്മാർക്ക്, ദിവസത്തിൽ ഒരുമിച്ചല്ലാത്ത സമയത്ത് പരസ്പരം ആശയവിനിമയം നടത്താൻ ഇതൊരു സഹായമാണ്.
“ഭാര്യ എനിക്ക്, ‘ഐ ലവ് യൂ’ എന്നോ ‘മിസ് യു ഡിയർ’ എന്നോ ഒക്കെയുള്ള മെസേജ് അയയ്ക്കുമ്പോൾ അവളോടു എനിക്ക് വല്ലാത്ത സ്നേഹം തോന്നും.”—ജോനാഥാൻ.
സാങ്കേതികവിദ്യ ബുദ്ധിശൂന്യമായി ഉപയോഗിച്ചാൽ അത് വിവാഹജീവിതത്തിന് ഒരുപാട് ദോഷം ചെയ്യും. ഉദാഹരണത്തിന്, ചിലർ എപ്പോൾ നോക്കിയാലും ഫോണോ ടാബോ നോക്കിക്കൊണ്ടിരിക്കും. ഇണയ്ക്കു കൊടുക്കേണ്ട സമയവും ശ്രദ്ധയും ഒക്കെയാണ് അതു കവരുന്നത്.
“പലപ്പോഴും ചേട്ടൻ എന്നോടു സംസാരിച്ചേനെ. പക്ഷേ അപ്പോഴൊക്കെ ഞാൻ ഫോൺ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.”—ജുലിസ്സ.
ഇണയോടു നന്നായി സംസാരിക്കുന്നതിനിടയ്ക്കുതന്നെ ഫോണോ ടാബോ ഉപയോഗിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല എന്നാണു ചിലരുടെ അഭിപ്രായം. സാമൂഹ്യശാസ്ത്രജ്ഞയായ ഷെറി ടെർക്കിൾ പറയുന്നത്: “ഒരേ സമയം പല കാര്യങ്ങൾ നന്നായി ചെയ്യാൻ പറ്റും എന്നു പറയുന്നത് വെറുതെയാണ്.” അങ്ങനെ പല കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ പറ്റുന്നതു നല്ലതല്ലേ എന്നാണു പലരും ചിന്തിക്കുന്നത്. പക്ഷേ അങ്ങനെയല്ല. ഷെറി പറയുന്നു: “ഒരേ സമയം നമ്മൾ പല കാര്യങ്ങൾ ചെയ്താൽ, ചെയ്യുന്നതൊന്നും വൃത്തിയാകില്ല.” a
“ചേട്ടനോടു സംസാരിച്ചിരിക്കാൻ എനിക്കു വലിയ ഇഷ്ടമാണ്. പക്ഷേ ആ സമയത്തു ചേട്ടൻ വേറെയൊന്നും ചെയ്യാൻ പാടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തുകൊണ്ടിരുന്നാൽ എനിക്കു തോന്നുന്നത് എന്നെ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നാണ്.”—സാറ.
ചുരുക്കിപ്പറഞ്ഞാൽ: സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നു എന്നതു നിങ്ങളുടെ വിവാഹജീവിതത്തെ നല്ല രീതിയിലോ മോശം രീതിയിലോ സ്വാധീനിച്ചേക്കാം.
നിങ്ങൾക്കു ചെയ്യാനാകുന്നത്
മുൻഗണനകൾ വെക്കുക. “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്താൻ” ബൈബിൾ പറയുന്നു. (ഫിലിപ്പിയർ 1:10) സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞങ്ങൾ ഒരുമിച്ച് ചെലവഴിക്കേണ്ട സമയമാണോ മൊബൈലും ടാബും നോക്കി കളയുന്നത്?’
“ഹോട്ടലിലിരിക്കുമ്പോൾ ഭാര്യയും ഭർത്താവും ഫോൺ നോക്കിക്കൊണ്ടിരിക്കുന്നതു കാണുമ്പോൾ സങ്കടം തോന്നും. സാങ്കേതികവിദ്യയുടെ അടിമയായി ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ മറന്നുകളയരുത്, അതായതു ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം.”—മാത്യു.
പരിധികൾ വെക്കുക: ബൈബിൾ പറയുന്നു: “നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടന്ന് സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.” (എഫെസ്യർ 5:15, 16) സ്വയം ഇങ്ങനെ ചോദിക്കുക: ‘കിട്ടുന്ന എല്ലാ മെസേജുകൾക്കും അപ്പോൾത്തന്നെ മറുപടി കൊടുക്കണോ? അത്യാവശ്യമില്ലാത്തവ പിന്നീട് നോക്കിയാൽ മതിയോ?’
“ഫോൺ സൈലന്റ് ആക്കുന്നതും മെസേജുകൾക്കു പിന്നീട് മറുപടി കൊടുക്കുന്നതും നല്ലതാണെന്നു ഞാൻ മനസ്സിലാക്കി. പെട്ടെന്ന് മറുപടി കൊടുക്കേണ്ട കോളുകളും മെസേജുകളും ഇ-മെയിലും ഒക്കെ വളരെ ചുരുക്കമാണ്.”—ജോനാഥാൻ.
ജോലികാര്യങ്ങൾ ജോലിസ്ഥലത്ത് മതി. ബൈബിൾ പറയുന്നു: “എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്.” (സഭാപ്രസംഗകൻ 3:1) സ്വയം ഈ ചോദ്യങ്ങൾ ചോദിക്കുക: ‘വീട്ടിലായിരിക്കുമ്പോൾ ജോലികാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി ഫോൺ ഉപയോഗിക്കുന്നത് എന്റെ കുടുംബജീവിതത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നുണ്ടോ? ഇതെക്കുറിച്ച് ചോദിച്ചാൽ എന്റെ ഇണ എന്നോട് എന്തു പറയും?’
“സാങ്കേതികവിദ്യയുടെ വളർച്ച കാരണം എപ്പോഴും എവിടെയും ജോലി ചെയ്യാനാകും. ഞാനും ഭാര്യയും ഒരുമിച്ചായിരിക്കുമ്പോൾ എപ്പോഴും ഫോൺ നോക്കിക്കൊണ്ടിരിക്കുന്ന രീതിയും ജോലി സംബന്ധമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സ്വഭാവവും മാറ്റാൻ എനിക്കു നല്ല ശ്രമം വേണ്ടിവന്നു.”—മാത്യു.
സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് ഇണയുമായി ചർച്ച ചെയ്യുക. “തനിക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ് ഓരോരുത്തരും നോക്കേണ്ടത്”എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 10:24) ഇരുവരും എങ്ങനെയാണു സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് എന്നും അതിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്നും സംസാരിക്കുക. അതിനായി ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന നിങ്ങൾക്കു ചർച്ച ചെയ്യാവുന്നത് എന്ന ഭാഗം ഉപയോഗിക്കാം.
“ഞാനോ ഭർത്താവോ കുറച്ചധികം സമയം ഫോണോ ടാബോ ഉപയോഗിക്കുന്നതായി കണ്ടാൽ ഞങ്ങൾ അത് അപ്പോൾത്തന്നെ പറയും. അത് തുറന്നുപറയാതിരിക്കില്ല. പറയാതിരുന്നാൽ അത് ഒരു പ്രശ്നമായേക്കും എന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് അന്യോന്യം പറയുന്ന കാര്യങ്ങൾ ഞങ്ങൾ ഗൗരവത്തോടെയെടുക്കുന്നു.” —ഡാനിയേല.
ചുരുക്കിപ്പറഞ്ഞാൽ: നിങ്ങൾ സാങ്കേതികവിദ്യയുടെ അടിമയാകരുത്.
a സംഭാഷണം പുനരാരംഭിക്കാൻ-സാങ്കേതിക യുഗത്തിൽ മുഖാമുഖ സംഭാഷണത്തിന്റെ പ്രസക്തി (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്