യുവജനങ്ങൾ ചോദിക്കുന്നു
അടിച്ചുപൊളിക്കാൻ എന്നെ സമ്മതിക്കാത്തത് എന്തുകൊണ്ടാ?
കൂട്ടുകാർ ശനിയാഴ്ച ഒരു പാർട്ടിക്ക് നിങ്ങളെ വിളിച്ചിട്ടുണ്ട്. പൊയ്ക്കോട്ടേ എന്നു നിങ്ങൾ പപ്പയോടും മമ്മിയോടും ചോദിക്കുന്നു. ഉടനെ വന്നു ഉത്തരം—“വേണ്ടാ!” നിങ്ങൾക്ക് അത്ഭുതം ഒന്നും തോന്നിയില്ല. കാരണം കഴിഞ്ഞ തവണയും അവർ ഇതുതന്നെയാണ് പറഞ്ഞത്.
ഈ ലേഖനത്തിൽ
എന്റെ മാതാപിതാക്കൾ എപ്പോഴും ‘നോ’ പറയുന്നത് എന്തുകൊണ്ടാണ്?
മാതാപിതാക്കളെക്കൊണ്ട് സമ്മതിപ്പിക്കാൻ എനിക്ക് എന്തു ചെയ്യാം?
എന്റെ മാതാപിതാക്കൾ എപ്പോഴും ‘നോ’ പറയുന്നത് എന്തുകൊണ്ടാണ്?
എന്തെങ്കിലും ചോദിച്ചുചെല്ലുമ്പോൾ പപ്പയും മമ്മിയും എപ്പോഴും വേണ്ടാ എന്നു പറയുന്നതായാണോ നിങ്ങൾക്കു തോന്നുന്നത്? നിങ്ങൾ അടിച്ചുപൊളിക്കുന്നത് അവർക്ക് ഒട്ടും ഇഷ്ടമില്ലാത്തകൊണ്ടാണ് അത് എന്നു നിങ്ങൾ ചിന്തിച്ചേക്കാം.
ആദ്യമായിട്ട് ഒരു ഫോൺ കിട്ടിയപ്പോൾ കൗമാരക്കാരിയായ മെറിക്ക് അങ്ങനെയാണ് തോന്നിയത്. അവൾ പറയുന്നു: “പപ്പ ഒരുപാട് നിയമങ്ങൾ വെച്ചു. ഏതൊക്കെ ആപ്പ് ഡൗൺലോഡ് ചെയ്യാം, ആരോടൊക്കെ സംസാരിക്കാം, രാത്രി എത്ര നേരം വരെ സംസാരിക്കാം, അങ്ങനെ പലതും. പക്ഷേ എന്റെ കൂട്ടുകാർക്കൊക്കെ എന്തു വേണമെങ്കിലും ചെയ്യാമായിരുന്നു!”
ചിന്തിക്കാൻ: മെറിയുടെ പപ്പ അങ്ങനെ ചെയ്തത് എന്തുകൊണ്ടായിരിക്കും? അവളുടെ രസം കളയാനാണോ? അതോ വേറെ എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് ഓർത്ത് പേടിച്ചിട്ടാണോ? എങ്കിൽ അത് എന്തായിരിക്കും?
ചെയ്തുനോക്കാൻ: നിങ്ങളെത്തന്നെ ഒരു അപ്പനോ അമ്മയോ ആയി സങ്കൽപ്പിക്കുക. കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിക്ക് ഇപ്പോൾ ഒരു ഫോൺ കിട്ടിയതേ ഉള്ളൂ. നിങ്ങൾക്ക് എന്തെല്ലാം ടെൻഷനുകൾ ഉണ്ടാകും? കുട്ടിയെ സംരക്ഷിക്കാൻ നിങ്ങൾ എന്തൊക്കെ നിയമങ്ങൾ വെക്കും? രസമുള്ള ഒന്നും ചെയ്യാൻ എന്നെ സമ്മതിക്കുന്നില്ലെന്ന് അവനോ/അവളോ പറഞ്ഞാൽ നിങ്ങൾ എന്തു പറയും?
“‘നീ എന്റെ സ്ഥാനത്ത് നിന്ന് ഒന്നു ചിന്തിച്ചുനോക്ക്’ എന്ന് എപ്പോഴും ഡാഡി എന്നോടു പറയും. അങ്ങനെ ചെയ്തപ്പോൾ ഡാഡി വെക്കുന്ന നിയമങ്ങളുടെ പ്രയോജനം മാത്രമല്ല, അതിന്റെ പിന്നിലെ കാരണവും മനസ്സിലാക്കാൻ എനിക്കു പറ്റി. എനിക്കു കുട്ടികളുണ്ടായിരുന്നെങ്കിൽ ഡാഡി വെച്ച നിയമങ്ങൾതന്നെ ഞാൻ അവരുടെ കാര്യത്തിലും വെച്ചേനെ.”—ടാനിയ.
മാതാപിതാക്കളെക്കൊണ്ട് സമ്മതിപ്പിക്കാൻ എനിക്ക് എന്തു ചെയ്യാം?
“ഒച്ചയെടുക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. അതു നിങ്ങളെ മാത്രമല്ല മാതാപിതാക്കളെയും മടുപ്പിക്കും. തർക്കിക്കാൻ പോയാൽ നിങ്ങൾക്കു പക്വതയില്ലെന്നും കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചാൽ ഒട്ടും ശരിയാകില്ലെന്നും മാതാപിതാക്കൾക്കു തോന്നും.”—റിച്ചാർഡ്.
“മിക്കപ്പോഴും ഓരോ നിയമത്തിനു പിന്നിലും എന്തെങ്കിലും ഒരു നല്ല കാരണം ഉണ്ടായിരിക്കും. ഞാൻ ജീവിതം അടിച്ചുപൊളിക്കരുത് എന്ന് ചിന്തിച്ചിട്ടല്ല പപ്പയും മമ്മിയും നിയന്ത്രണങ്ങൾ വെക്കുന്നത്. ഞാൻ സന്തോഷിക്കാൻതന്നെയാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷേ അടിച്ചുപൊളിക്കാൻ ശ്രമിച്ചിട്ട്, ഞാൻ വേറെ കുഴപ്പത്തിലൊന്നും ചെന്ന് ചാടാതിരിക്കാൻ അവർ നോക്കുന്നെന്നേ ഉള്ളൂ.”—ഐവി.
ബൈബിൾതത്ത്വം: “വിഡ്ഢി ദേഷ്യം മുഴുവൻ വെളിപ്പെടുത്തുന്നു; എന്നാൽ ബുദ്ധിമാൻ സ്വയം നിയന്ത്രിക്കുന്നു.”—സുഭാഷിതങ്ങൾ 29:11.
“ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ ഞാൻ സൂത്രത്തിൽ പപ്പയെ പറ്റിക്കാൻ നോക്കിയിട്ടുണ്ട്. പപ്പയുടെ കണ്ണുവെട്ടിച്ച് രാത്രി വൈകി ഞാൻ കൂട്ടുകാർക്കു മെസ്സേജ് അയയ്ക്കും, അനുവാദമില്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യും. അവസാനം പപ്പ അതു കണ്ടുപിടിക്കും, നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. കാരണം പപ്പയ്ക്ക് ഇപ്പോൾ എന്റെമേലുള്ള വിശ്വാസം പോയല്ലോ. അപ്പനെയും അമ്മയെയും പറ്റിക്കാൻ നോക്കുന്നത് ഒരിക്കലും ഒരു നല്ല ഐഡിയ അല്ല.”—മെറി.
“ക്ഷമയുള്ളവരായിരിക്കുക. മാതാപിതാക്കൾ ഒരു നിയമത്തിന് ഇളവ് വരുത്താൻ സമയമെടുത്തേക്കാം. പക്ഷേ ഇപ്പോഴുള്ള നിയമങ്ങൾ നിങ്ങൾ അനുസരിക്കുന്നതു കാണുമ്പോൾ അവർ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ സാധ്യതയുണ്ട്.”—മെലിൻഡ.
ബൈബിൾതത്ത്വം: “എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക.”—കൊലോസ്യർ 3:20.
“നിർബന്ധംപിടിച്ചാൽ അവർ സമ്മതിക്കുമെന്നോ നിങ്ങളുടെ കാര്യം നടക്കുമെന്നോ ചിന്തിക്കുന്നതു വെറുതെയാണ്.”—നതാലി.
“ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവ് നമുക്കുണ്ടോ എന്നാണു മാതാപിതാക്കൾ നോക്കുന്നത്. അതുകൊണ്ട് ഞാൻ ഒരു കാര്യം അവരോടു പറയുമ്പോൾ വികാരപരമായി സംസാരിക്കുന്നതിനു പകരം അതിന്റെ പിന്നിലെ കാര്യകാരണങ്ങൾ വിശദീകരിക്കാൻ നോക്കും. മിക്കപ്പോഴും അതു ഗുണം ചെയ്തിട്ടുണ്ട്.”—ജോസഫ്.
ബൈബിൾതത്ത്വം: “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.”—എഫെസ്യർ 6:2.