യുവജനങ്ങൾ ചോദിക്കുന്നു
അശ്ലീലം എന്തുകൊണ്ട് ഒഴിവാക്കണം?
അത് ഒഴിവാക്കാൻ നിങ്ങൾക്കാകുമോ?
നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഏതെങ്കിലും തരത്തിലുള്ള അശ്ലീലവുമായി ഏറ്റുമുട്ടേണ്ടിവന്നേക്കാം. “നിങ്ങൾ അത് പരതിനടക്കേണ്ട ആവശ്യമൊന്നുമില്ല, അതു നിങ്ങളെ തേടി എത്തിക്കൊള്ളും” എന്ന് 17-കാരനായ ഹെയ്ലി പറയുന്നു.
അശ്ലീലം ഒഴിവാക്കുമെന്ന് നിശ്ചയിച്ചുറച്ചിരിക്കുന്നവരെപ്പോലും അതിന് പ്രലോഭിപ്പിക്കാനാകും. “എന്റെ ജാഗ്രത ഞാൻ ഒരിക്കലും കൈവെടിയില്ല എന്നു ഞാൻ എന്നോടുതന്നെ പറഞ്ഞു. പക്ഷെ ഞാൻ കൈവിട്ടു” എന്ന് 18-കാരനായ ഗ്രെഗ് പറയുന്നു. “ഇത് എന്നെ ഒരിക്കലും ബാധിക്കില്ലെന്ന് ആർക്കും പറയാൻ കഴിയില്ല.”
ഇന്ന് അശ്ലീലം എവിടെയും സുലഭമാണ്. സെക്സ്റ്റിങ്ങിന്റെ വരവോടെ പല കൗമാരക്കാരും അവരുടെതന്നെ അശ്ലീലചിത്രങ്ങൾ എടുത്ത് വിതരണം ചെയ്യാനും തുടങ്ങിയിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ: മാതാപിതാക്കളോ മുത്തശ്ശീമുത്തശ്ശന്മാരോ നിങ്ങളുടെ പ്രായത്തിൽ അനുഭവിച്ചതിനെക്കാൾ കൂടുതൽ വെല്ലുവിളികളാണ് നിങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ ഇതാണ് ചോദ്യം, അശ്ലീലം ഒഴിവാക്കാൻ നിങ്ങൾക്കാകുമോ?—സങ്കീർത്തനം 97:10.
ഉത്തരം ആകും എന്നാണ്. പക്ഷെ നിങ്ങൾ താത്പര്യപ്പെടുന്നെങ്കിൽ മാത്രം. അതിന് ആദ്യം അശ്ലീലം മോശമാണെന്ന കാര്യത്തിൽ നിങ്ങൾക്കുതന്നെ ഒരു ബോധ്യമുണ്ടായിരിക്കണം. നമുക്ക് ഇപ്പോൾ ഈ വിഷയത്തെക്കുറിച്ചുള്ള അഞ്ചു തെറ്റിദ്ധാരണകളും വസ്തുതകളും നോക്കാം.
തെറ്റിദ്ധാരണകളും വസ്തുതകളും
തെറ്റിദ്ധാരണ: അശ്ലീലം എന്നെ ബാധിക്കാൻപോകുന്നില്ല.
വസ്തുത: പുകവലി ശ്വാസകോശത്തെ ബാധിക്കുന്നതുപോലെ അശ്ലീലം നിങ്ങളുടെ മനസ്സിനെ ബാധിക്കും. അതു നിങ്ങളെ മലിനമാക്കും. രണ്ടു വ്യക്തികൾ തമ്മിൽ ശക്തവും നീണ്ടുനിൽക്കുന്നതും ആയ ബന്ധം ഉണ്ടായിരിക്കുന്നതിനായി ദൈവം സൃഷ്ടിച്ച ഒന്നിനെ അതു നിസ്സാരമാക്കുന്നു. (ഉൽപത്തി 2:24) കാലക്രമേണ ശരിതെറ്റുകളോടുള്ള പ്രതികരണശേഷി നഷ്ടപ്പെടാൻ അത് ഇടയാക്കും. ഉദാഹരണത്തിന്, പതിവായി അശ്ലീലം വീക്ഷിക്കുന്ന പുരുഷന്മാർക്ക് സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങളോട് ഒരുതരം മരവിച്ച അല്ലെങ്കിൽ തണുത്ത പ്രതികരണമായിരിക്കുമുള്ളതെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.
“സദാചാരബോധം തീർത്തും നഷ്ടപ്പെട്ട” ചില ആളുകളെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു. (എഫെസ്യർ 4:19) തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിനോട് മനഃസാക്ഷിക്കുത്ത് തോന്നാത്ത അളവോളം അവരുടെ മനസ്സ് മരവിച്ചുപോകുന്നു.
തെറ്റിദ്ധാരണ: ലൈംഗികകാര്യങ്ങൾ പഠിപ്പിക്കാൻ അശ്ലീലത്തിനു കഴിയും.
വസ്തുത: വാസ്തവത്തിൽ അത് അത്യാഗ്രഹമാണു പഠിപ്പിക്കുന്നത്. അത് ആളുകളെ കേവലം വസ്തുക്കളായി തരംതാഴ്ത്തുകയും നിങ്ങളുടെ സ്വാർഥതാത്പര്യത്തിനായി മാത്രമാണ് അവ സ്ഥിതി ചെയ്യുന്നതെന്ന ധാരണ നൽകുകയും ചെയ്യുന്നു. അശ്ലീലം പതിവായി വീക്ഷിക്കുന്നവർക്ക് വിവാഹശേഷം ലൈംഗികസംതൃപ്തി ലഭിക്കാനുള്ള സാധ്യത നന്നേ കുറവാണെന്ന് ഒരു പഠനം വെളിപ്പെടുത്തിയതിൽ ഒട്ടും അതിശയിക്കാനില്ല.
‘ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിതമായ കാമാവേശം, ദുഷിച്ച മോഹങ്ങൾ, അത്യാഗ്രഹം’ തുടങ്ങിയ കാര്യങ്ങൾ ഉന്നമിപ്പിക്കുന്ന അശ്ലീലം ഒഴിവാക്കാൻ ബൈബിൾ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നു.—കൊലോസ്യർ 3:5.
തെറ്റിദ്ധാരണ: അശ്ലീലം ഒഴിവാക്കുന്നവർ ലൈംഗികകാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ മടിയും നാണവും ഉള്ളവരാണ്.
വസ്തുത: അശ്ലീലം ഒഴിവാക്കുന്നവർക്ക് ലൈംഗികകാര്യങ്ങളെക്കുറിച്ച് ഉയർന്ന വീക്ഷണമാണുള്ളത്. വിവാഹിതരും പ്രതിജ്ഞാബദ്ധരും ആയിരിക്കുന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം സുദൃഢമാക്കാൻ സഹായിക്കുന്ന മഹത്തായ ഒരു ദാനമായി അവർ ലൈംഗികതയെ കാണുന്നു. അത്തരമൊരു വീക്ഷണമുള്ളവർക്ക് വിവാഹശേഷം വർധിച്ച ലൈംഗികസംതൃപ്തിയായിരിക്കും അനുഭവപ്പെടുക.
ലൈംഗികകാര്യങ്ങളെക്കുറിച്ച് ബൈബിൾ തുറന്നു സംസാരിക്കുന്നു. ഉദാഹരണത്തിന് അത് ഭർത്താക്കന്മാരോട് ഇങ്ങനെ പറയുന്നു: “നിന്റെ യൗവനത്തിലെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക. . . . നീ എപ്പോഴും അവളുടെ സ്നേഹത്തിൽ മതിമയങ്ങട്ടെ.”—സുഭാഷിതങ്ങൾ 5:18, 19.
അശ്ലീലം എങ്ങനെ ഒഴിവാക്കാം?
അശ്ലീലം വീക്ഷിക്കാനുള്ള പ്രലോഭനം ഒരിക്കലും ഒഴിവാക്കാനാകില്ലെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിൽ എന്തു ചെയ്യാനാകും? “അശ്ലീലം എങ്ങനെ ഒഴിവാക്കാം” എന്ന ‘അഭ്യാസം’ നിങ്ങളെ അതിനു സഹായിക്കും.
അശ്ലീലം വീക്ഷിക്കാനുള്ള ഏതൊരു പ്രലോഭനത്തെയും നിങ്ങൾക്കു ചെറുക്കാനാകുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക. ഇനി അശ്ലീലം വീക്ഷിച്ചുതുടങ്ങിയ ഒരാളാണു നിങ്ങളെങ്കിൽ അതു നിറുത്താനും നിങ്ങൾക്ക് കഴിയും. അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾക്കു നന്മ മാത്രമേ കൈവരൂ!
13 വയസ്സുള്ളപ്പോൾ മുതൽ അശ്ലീലം കണ്ടുതുടങ്ങിയ കാൽവിൻ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “അത് തെറ്റാണെന്ന് എനിക്ക് അറിയാം. പക്ഷെ അത് നോക്കാതിരിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാൻ എനിക്കു കഴിയാറില്ല. കണ്ട ശേഷമാണെങ്കിലോ, ഞാൻ ആകെ തകർന്ന അവസ്ഥയിലാകും. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഡാഡി അതു കണ്ടുപിടിച്ചു. സത്യം പറഞ്ഞാൽ അത് എനിക്ക് വലിയ ആശ്വാസമാണു നൽകിയത്. അങ്ങനെ എനിക്കു വേണ്ട സഹായം ലഭിച്ചു.”
ഒടുവിൽ കാൽവിൻ അശ്ലീലം ഒഴിവാക്കാൻ പഠിച്ചു. കാൽവിൻ പറയുന്നു: “മുൻകാലങ്ങളിൽ അശ്ലീലം വീക്ഷിച്ചതിലൂടെ ഞാൻ വലിയ തെറ്റാണു ചെയ്തത്. കാരണം ഞാൻ കണ്ട പല രംഗങ്ങളും ഇപ്പോഴും എന്റെ മനസ്സിലേക്കു വീണ്ടുംവീണ്ടും തെളിഞ്ഞുവരാറുണ്ട്. കൂടാതെ, വീണ്ടും അശ്ലീലം കാണുകയാണെങ്കിൽ അതിൽ എന്തെല്ലാം സംഗതികളായിരിക്കും ഉണ്ടായിരിക്കുക എന്നതിനെക്കുറിച്ച് ഭാവനയിൽ കാണാനുള്ള ഒരു പ്രവണതയും ചില സന്ദർഭങ്ങളിൽ എനിക്കുണ്ടാകാറുണ്ട്. എന്നാൽ ആ സമയത്ത്, കാര്യങ്ങൾ യഹോവയുടെ വഴിക്കു ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചും ധാർമികശുദ്ധിയെക്കുറിച്ചും ലഭിക്കാൻ പോകുന്ന മഹത്തായ ഭാവിയെക്കുറിച്ചും ചിന്തിച്ചുകൊണ്ട് എന്റെ ചിന്തയുടെ ഗതി തിരിച്ചുവിടും.”