യുവജനങ്ങൾ ചോദിക്കുന്നു
ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമുണ്ടെങ്കിൽ എനിക്ക് എന്തു ചെയ്യാൻ കഴിയും? (ഭാഗം 1)
ഗുരുതരമായ ഒരു ആരോഗ്യപ്രശ്നവുമായി മല്ലിട്ട് ജീവിക്കുന്ന ഏതെങ്കിലും ചെറുപ്പക്കാരെ നിങ്ങൾക്ക് അറിയാമോ? നിങ്ങൾക്ക് അങ്ങനെയുള്ള എന്തെങ്കിലും വൈകല്യമോ ആരോഗ്യപ്രശ്നമോ ഉണ്ടോ? അതു കാരണം, സമപ്രായക്കാരായ ആളുകൾ ആസ്വദിക്കുന്ന പല കാര്യങ്ങളും നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റാതെ വരുന്നുണ്ടോ?
അങ്ങനെയാണെങ്കിൽ, സ്വാഭാവികമായും നിങ്ങൾക്ക് ചിലപ്പോഴൊക്കെ നിരാശ തോന്നിയേക്കാം. എന്തായാലും, ബൈബിളിൽ പറഞ്ഞിരിക്കുന്ന, ആശ്വാസം തരുന്ന രണ്ടു കാര്യങ്ങൾ നമുക്കു നോക്കാം.
നിങ്ങളുടെ സ്രഷ്ടാവായ യഹോവയ്ക്കു നിങ്ങളുടെ സാഹചര്യം നന്നായി അറിയാം. അതു മാത്രമല്ല, ‘ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനാണ്.’—1 പത്രോസ് 5:7.
എല്ലാ ആരോഗ്യപ്രശ്നങ്ങളും തുടച്ചുനീക്കുക എന്നതാണ് യഹോവയുടെ ഉദ്ദേശ്യം! ബൈബിളിൽ യശയ്യ 33:24, വെളിപാട് 21:1-4 എന്നീ വാക്യങ്ങളിൽ ഇക്കാര്യം പറയുന്നുണ്ട്.
ദൈവത്തിലും ദൈവത്തിന്റെ വാഗ്ദാനങ്ങളിലും ഉള്ള വിശ്വാസം, ആരോഗ്യപ്രശ്നങ്ങളുമായി മുന്നോട്ടുപോകാൻ അനേകം ചെറുപ്പക്കാരെ സഹായിച്ചിട്ടുണ്ട്. നാല് ഉദാഹരണങ്ങൾ നോക്കാം.
എയ്മി
എനിക്കു 11 വയസ്സായപ്പോഴേക്കും എന്റെ ജീവിതം ഒരു ചക്രക്കസേരയിൽ മാത്രമായി ഒതുങ്ങി. എനിക്ക് ചെറിയ കാര്യങ്ങൾപ്പോലും ഒറ്റയ്ക്കു ചെയ്യാനാവില്ല, ഒരു ചെറിയ സാധനം പോലും തനിയെ എടുക്കാനുമാവില്ല.
അഞ്ച് വയസ്സുള്ളപ്പോൾ എനിക്ക് ഗുരുതരമായ ഒരു പേശീരോഗം ബാധിച്ചു. അത് ഒന്നിനൊന്ന് വഷളാകുന്ന, ജീവിതത്തെയാകെ പരിമിതപ്പെടുത്തുന്ന ഒരു രോഗമാണ്. എന്റെ പ്രായത്തിലുള്ള ആളുകൾ ചെയ്യുന്ന കാര്യങ്ങളൊന്നും എനിക്കു ചെയ്യാനാവില്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക് ആകെ നിരാശ തോന്നും. പക്ഷേ എന്റെ അച്ഛനും അമ്മയും സഭയിലുള്ളവരുമെല്ലാം എനിക്ക് ശാരീരികവും വൈകാരികവും ആത്മീയവും ആയ എല്ലാ പിന്തുണയും തരുന്നുണ്ട്. ഞാൻ ഒരു മുഴുസമയസേവികയാണ്. ഞാൻ നടത്തുന്ന ബൈബിൾപഠനങ്ങൾക്ക് സഹോദരങ്ങൾ മിക്കപ്പോഴും എന്റെ കൂടെ ഇരിക്കാറുണ്ട്.
ഓരോ ദിവസത്തിനും അതിന്റേതായ ഉത്കണ്ഠകളുണ്ട് എന്നാണല്ലോ യേശു പറഞ്ഞത്. (മത്തായി 6:34) അതുകൊണ്ട് ഞാൻ ഒരോ ദിവസത്തെയും ഒറ്റയ്ക്കൊറ്റയ്ക്കാണു നേരിടുന്നത്. ഓരോ ദിവസവും എനിക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഞാൻ ലക്ഷ്യം വെക്കും. എന്നെ ബലഹീനയാക്കുന്ന ഈ രോഗത്തിൽനിന്ന് മോചിതയായി ഒരു ‘യഥാർഥജീവിതം’ ആസ്വദിക്കാനാകുന്ന ദൈവത്തിന്റെ ആ പുതിയ ലോകത്തിനുവേണ്ടിയാണ് ഞാൻ കാത്തുകാത്തിരിക്കുന്നത്. —1 തിമൊഥെയൊസ് 6:19.
ചിന്തിക്കാൻ: “എത്തിച്ചേരാനാകുന്ന ലക്ഷ്യങ്ങൾ” വെച്ചത് എയ്മിയെ സഹായിച്ചു. നിങ്ങൾക്കും അങ്ങനെ ചെയ്തുകൂടെ? —1 കൊരിന്ത്യർ 9:26.
മാത്യോ
എനിക്ക് ആറ് വയസ്സുള്ളപ്പോൾ കടുത്ത പുറംവേദന തുടങ്ങി. ആദ്യം ഡോക്ടർമാർ പറഞ്ഞു അത് വളർച്ചയുടെ ഭാഗമായി ഉണ്ടാകുന്ന സാധാരണ വേദനയാണെന്ന്. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ നട്ടെല്ലിൽ ഒരു മുഴ കണ്ടെത്തി.
അങ്ങനെ എന്നെ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പക്ഷേ മുഴയുടെ 40 ശതമാനം മാത്രമേ നീക്കം ചെയ്യാനായുള്ളൂ. പിന്നെ രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ആ മുഴ വീണ്ടും വളർന്നുവലുതായി! പിന്നീട് ഇങ്ങോട്ട് എന്റെ ജീവിതമാകെ കണക്കില്ലാത്ത വൈദ്യപരിശോധനകളുടെയും ചികിത്സകളുടെയും നിരാശ നിറഞ്ഞ നിമിഷങ്ങളുടെയും ഒരു പടയോട്ടം തന്നെയായി!
ചിലപ്പോഴൊക്കെ ദേഹമാസകലം കത്തികൊണ്ട് കുത്തുന്നതുപോലയുള്ള വേദന വരും. മുതുകിലും നെഞ്ചിലും ആണ് ഏറ്റവും വേദന. പക്ഷേ എന്നാലും എന്റെ ഈ നിസ്സഹായാവസ്ഥ എന്നെ കാർന്നുതിന്നാൻ ഞാൻ അനുവദിക്കാറില്ല. മറ്റുള്ളവരും വേദന നിറഞ്ഞ പല അനുഭവങ്ങളിലൂടെയും കടന്നുപോകുന്നുണ്ടെന്നും, എന്നിട്ടും അവർക്ക് ശുഭകരമായ ഒരു മനോഭാവം നിലനിറുത്താൻ കഴിയുന്നുണ്ടെന്നും ഞാൻ എപ്പോഴും ഓർക്കും. എന്നാൽ ഇതിലെല്ലാം ഉപരിയായി, എല്ലാ കഷ്ടപ്പാടുകളും തുടച്ചുനീക്കുമെന്ന തന്റെ വാഗ്ദാനം യഹോവ നിറവേറ്റും എന്ന എന്റെ ശക്തമായ ബോധ്യമാണ് ബലം തന്ന് എന്നെ പിടിച്ചുനിറുത്തുന്നത്. —വെളിപാട് 21:4.
ചിന്തിക്കാൻ: മാത്യോയെ സഹായിച്ചത് എന്താണെന്നു കേട്ടില്ലേ? കഷ്ടപ്പാടുകൾ തുടച്ചുനീക്കും എന്ന ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് ചിന്തിക്കുന്നത്, സഹിച്ചുനിൽക്കാൻ നിങ്ങളെ എങ്ങനെയൊക്കെ സഹായിക്കും? —യശയ്യ 65:17.
ബ്രൂണ
എന്റെ രോഗത്തിന്, പുറമേ കാണാവുന്ന ലക്ഷണങ്ങളൊന്നുമില്ല. അതുകൊണ്ട് ഞാൻ ഒരു മടിച്ചിയാണെന്നായിരിക്കും പലരുടെയും വിചാരം. ശരിക്കും പറഞ്ഞാൽ, വീട്ടുകാര്യങ്ങൾ ചെയ്യുന്നതും പഠിക്കുന്നതും, എന്തിന്, കട്ടിലിൽനിന്ന് ഒന്ന് എഴുന്നേൽക്കുന്നതുപോലും എനിക്കു പ്രയാസമാണ്!
16 വയസ്സുള്ളപ്പോൾ എനിക്ക് മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന ഒരുതരം നാഡീരോഗമാണെന്നു കണ്ടെത്തി. ഒന്നിനൊന്ന് വഷളാകുന്ന, ആകെ തളർത്തിക്കളയുന്ന ഒരു രോഗമാണ് ഇത്. ജോലി ചെയ്യാനോ ഞാൻ ആഗ്രഹിക്കുന്ന അളവിൽ ക്രിസ്തീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ എനിക്കു കഴിയില്ല. “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക” എന്ന 1 പത്രോസ് 5:7-ാം വാക്യം ഞാൻ കൂടെക്കൂടെ വായിക്കും. യഹോവ നമുക്ക് ഓരോരുത്തർക്കുംവേണ്ടി വ്യക്തിപരമായി കരുതുന്നെന്ന് ഓർക്കുന്നത് എനിക്ക് ഒരുപാട് ശക്തി തരുന്നു. ബലം ചോർന്നുപോകാതെ പിടിച്ചുനിൽക്കാൻ ആ ചിന്ത ഇന്നോളം എന്നെ സഹായിച്ചിരിക്കുന്നു.
ചിന്തിക്കാൻ: ബ്രൂണ ചെയ്യുന്നതുപോലെ എല്ലാ ഉത്കണ്ഠകളും യഹോവയുടെ മേൽ ഇടുന്നത് നിങ്ങളെ എങ്ങനെയൊക്കെ സഹായിക്കും?—സങ്കീർത്തനം 55:22.
ആൻഡ്രേ
ചില ആളുകൾ ഒരു കുട്ടിയോടെന്നപോലെയാണ് എന്നോട് ഇടപെടുന്നത്. അവരെ പറഞ്ഞിട്ടും കാര്യമില്ല. കാരണം എന്നെ കണ്ടാൽ ഒരു കൊച്ചുകുട്ടിയാണെന്നേ തോന്നൂ.
രണ്ടു വയസ്സുള്ളപ്പോൾ എനിക്ക് ഒരു അപൂർവതരം കാൻസറാണെന്നു കണ്ടെത്തി. നട്ടെല്ലിൽ തുടങ്ങിയ രോഗം തലച്ചോർവരെ വ്യാപിച്ചിരുന്നു. രോഗത്തെ നിയന്ത്രിക്കാൻ ഒരു പരിധിവരെ ഡോക്ടർമാർക്കു കഴിഞ്ഞു. പക്ഷേ ചികിത്സ എന്റെ വളർച്ചയെ ബാധിച്ചു. ഇന്ന് എനിക്ക് 1.37 മീറ്റർ (4 അടി 6 ഇഞ്ച്) ഉയരം മാത്രമേ ഉള്ളൂ. എനിക്ക് 18 വയസ്സുണ്ടെന്നു പറയുമ്പോൾ ആളുകളുടെ വിചാരം ഞാൻ കള്ളം പറയുകയാണെന്നാ!
ക്രിസ്തീയസഭയിൽ ആളുകൾ വളരെ മാന്യമായിട്ടാണ് എന്നോട് ഇടപെടുന്നത്. സ്കൂളിലായിരുന്നപ്പോൾ കുട്ടികൾ എന്നെ പൊട്ടൻകളിപ്പിക്കുമായിരുന്നു. പക്ഷേ സഭയിലാരും എന്നോട് അങ്ങനെയൊന്നും ചെയ്തിട്ടില്ല. എന്റെ സാഹചര്യത്തെക്കുറിച്ച് ഒരു ശുഭചിന്ത നിലനിറുത്താൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്തായാലും ഒരു മനുഷ്യനു കിട്ടാവുന്ന ഏറ്റവും നല്ല കാര്യം എനിക്കു കിട്ടിയിട്ടുണ്ട്—യഹോവയെക്കുറിച്ചുള്ള അറിവ്! എന്തൊക്കെ സഹിക്കേണ്ടിവന്നാലും ഓരോ കാൽവെയ്പിലും യഹോവ എന്റെ കൂടെയുണ്ട് എന്ന് എനിക്ക് ഉറപ്പാണ്. യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന അതുല്യമായ ആ പുതിയ ലോകത്തെക്കുറിച്ച് ഓർക്കുന്നത് സന്തോഷം നിലനിറുത്താൻ എന്നെ സഹായിക്കുന്നു.—യശയ്യ 33:24.
ചിന്തിക്കാൻ: യഹോവയെക്കുറിച്ചുള്ള അറിവാണ് “ഒരു മനുഷ്യനു കിട്ടാവുന്ന ഏറ്റവും നല്ല കാര്യം” എന്ന ആൻഡ്രേയുടെ വാക്കുകൾ ശരിയാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?—യോഹന്നാൻ 17:3.