യുവജനങ്ങൾ ചോദിക്കുന്നു
ആളുകൾ എന്നെക്കുറിച്ച് അപവാദം പറയുമ്പോൾ എന്തു ചെയ്യും?
എന്തുകൊണ്ടാണ് അതു മനസ്സിനെ വിഷമിപ്പിക്കുന്നത്?
ചില അപവാദങ്ങൾ വളരെ ദോഷം ചെയ്യുന്നതാണ്. ഉദാഹരണത്തിന്, ആരെങ്കിലും നിങ്ങളുടെ സത്പേര് നശിപ്പിക്കാൻവേണ്ടി മനഃപൂർവം ഒരു നുണ പറഞ്ഞുപരത്തിയാൽ അതു നിങ്ങളെ ഒരുപാട് വേദനിപ്പിക്കും. ഇനി, പറഞ്ഞ കാര്യം അത്ര ഗൗരവമുള്ളതല്ലെങ്കിൽപ്പോലും നമുക്കു വിഷമം തോന്നിയേക്കാം. നിങ്ങളോടു വളരെ അടുപ്പമുള്ള ഒരാളാണ് അതു പറഞ്ഞുപരത്തിയതെങ്കിൽപ്പിന്നെ പറയുകയും വേണ്ടാ.—സങ്കീർത്തനം 55:12-14.
“എനിക്കു മറ്റുള്ളവരെക്കുറിച്ച് ഒരു ചിന്തയുമില്ലെന്ന് എന്റെ ഒരു കൂട്ടുകാരി വേറെ ഒരാളോടു പറഞ്ഞതായി ഞാൻ അറിഞ്ഞു. അത് എന്നെ ഒത്തിരി വേദനിപ്പിച്ചു. അവൾ അതു പറഞ്ഞത് എന്തിനാണെന്നു എനിക്കു മനസ്സിലായില്ല.”—ആഷ്ലി.
വാസ്തവം: അപവാദം പറയുന്നയാൾ അടുത്ത കൂട്ടുകാരനാണെങ്കിലും അല്ലെങ്കിലും മറ്റുള്ളവർ നിങ്ങളെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നു എന്ന് അറിയുന്നത് അത്ര സുഖമുള്ള കാര്യമല്ല.
ഒരു ദുഃഖസത്യം—അപവാദങ്ങളെ തടയാനാകില്ല
ആളുകൾ നിങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു പല കാരണങ്ങൾ കാണും. അവയിൽ ചിലതാണ് താഴെ പറഞ്ഞിരിക്കുന്നത്:
ആത്മാർഥമായ താത്പര്യം. മനുഷ്യർ സാമൂഹ്യജീവികളാണ്. അതുകൊണ്ട് നമ്മൾ മറ്റുള്ളവരോടും മറ്റുള്ളവരെക്കുറിച്ചും ഒക്കെ സംസാരിക്കുന്നതു സ്വാഭാവികമാണ്. ഒരുപരിധിവരെ “മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം” എന്നാണ് ബൈബിളും നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്.—ഫിലിപ്പിയർ 2:4.
“മറ്റ് ആളുകളെക്കുറിച്ച് സംസാരിക്കുന്നതാണ് ഏറ്റവും രസമുള്ളൊരു കാര്യം!”—ബിയാങ്ക.
“മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് അറിയുക, അതു വേറെ ആളുകളോടു പറയുക ഇതൊക്കെ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ്; ഞാൻ അതു സമ്മതിക്കുന്നു! അത് എന്തുകൊണ്ടാണെന്നു ചോദിച്ചാൽ എനിക്ക് അറിയില്ല! ഒരു രസം!”—കെയ്റ്റി.
ബോറടി മാറ്റാൻ. ബൈബിൾക്കാലങ്ങളിൽ, ചില ആളുകൾ “പുതുമയുള്ള കാര്യങ്ങൾ കേൾക്കാനും പറയാനും ആണ് ഒഴിവുസമയങ്ങൾ മുഴുവൻ ചെലവഴിച്ചിരുന്നത്.” (പ്രവൃത്തികൾ 17:21) ഇന്നും അങ്ങനെയുള്ള ആളുകളുണ്ട്!
“ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോൾ, ആളുകൾത്തന്നെ എന്തെങ്കിലും കഥകളൊക്കെ മെനഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും പറയും.”—ജൊവാന.
ആത്മവിശ്വാസക്കുറവ്. മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യാനുള്ള പ്രവണതയ്ക്കെതിരെ ബൈബിൾ മുന്നറിയിപ്പു തരുന്നു. (ഗലാത്യർ 6:4) ആത്മവിശ്വാസമില്ലാത്ത ചില ആളുകൾ തങ്ങളുടെ കുറവുകളെ മറയ്ക്കാൻ മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞുപരത്തും.
“അപവാദങ്ങൾ, അവ പറഞ്ഞുപരത്തുന്ന ആളെക്കുറിച്ച് പലതും വെളിപ്പെടുത്തും. അവർ ആരെക്കുറിച്ചാണോ അപവാദം പറയുന്നത് ആ ആളോട് അവർക്ക് ഉള്ളിന്റെയുള്ളിൽ അസൂയയുണ്ടെന്നാണ് അതിനർഥം. എന്തുകൊണ്ടും അയാളെക്കാൾ മെച്ചം ഞാൻതന്നെയാണെന്നു വരുത്തിത്തീർക്കാൻ അവർ മറ്റേയാളെ കരിവാരിത്തേക്കുന്നു.”—ഫിൽ.
വാസ്തവം: നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ആളുകൾ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ഒക്കെ സംസാരിക്കും.
സന്തോഷകരമായ കാര്യം—അപവാദങ്ങൾക്ക് ഇരയാകുമ്പോൾ തളർന്നുപോകാതെ നേരിടാനാകും
അപവാദങ്ങളെല്ലാം തടയാൻ നിങ്ങൾക്കാവില്ല. പക്ഷേ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നു നിങ്ങൾക്കു തീരുമാനിക്കാം. നിങ്ങളെക്കുറിച്ച് എന്തെങ്കിലും അപവാദം പ്രചരിക്കുന്നതായി അറിഞ്ഞാൽ നിങ്ങളുടെ മുന്നിൽ രണ്ടു വഴികളാണുള്ളത്.
ഒന്നാമത്തെ മാർഗം: പ്രശ്നം വിട്ടുകളയുക. പലപ്പോഴും ഏറ്റവും നല്ല പരിഹാരമാർഗം അപവാദത്തെ മൈൻഡ് ചെയ്യാതിരിക്കുന്നതാണ്. പ്രത്യേകിച്ചും, ആ അപവാദത്തിൽ കഴമ്പൊന്നുമില്ലെങ്കിൽ. “പെട്ടെന്നു നീരസപ്പെടരുത്” എന്ന ബൈബിളിന്റെ ഉപദേശം അനുസരിക്കുക.—സഭാപ്രസംഗകൻ 7:9.
“ഞാൻ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരു പയ്യനുമായി ഞാൻ പ്രേമത്തിലാണെന്ന് ആരോ പറഞ്ഞുപരത്തി! അതു കേട്ടപ്പോൾ ശരിക്കും പൊട്ടിച്ചിരിക്കാനാ തോന്നിയത്! ഞാൻ അതു കേട്ടതായിപ്പോലും ഭാവിച്ചില്ല.”—എലീസെ.
“അപവാദത്തെ നേരിടാനുള്ള ഏറ്റവും നല്ല ആയുധമാണ് സത്പേര്. നിങ്ങൾക്ക് ഒരു നല്ല പേരുണ്ടെങ്കിൽ, നിങ്ങളെപ്പറ്റി അപവാദങ്ങൾ പ്രചരിച്ചാലും ആരും അതു വിശ്വസിക്കില്ല. സത്യമേ ജയിക്കൂ.”—അലിസെൻ.
ചെയ്യാനാകുന്നത്: (1) നിങ്ങളെക്കുറിച്ച് പറഞ്ഞു കേട്ട കാര്യവും (2) അതു കേട്ടപ്പോൾ നിങ്ങൾക്ക് എന്തു തോന്നിയെന്നും എഴുതിവെക്കുക. ആ കാര്യം ‘മനസ്സിൽ പറഞ്ഞുകഴിയുമ്പോൾ’ അതു വിട്ടുകളയാൻ എളുപ്പമായിരിക്കും.—സങ്കീർത്തനം 4:4.
രണ്ടാമത്തെ മാർഗം: അപവാദം പറഞ്ഞുണ്ടാക്കിയ ആളെ നേരിൽക്കണ്ട് സംസാരിക്കുക. ചില അപവാദങ്ങൾ വളരെ ഗൗരവമർഹിക്കുന്നതായിരിക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ അതു പറഞ്ഞുണ്ടാക്കിയ ആളെ നേരിൽക്കണ്ട് സംസാരിക്കേണ്ടി വന്നേക്കാം.
“നിങ്ങളെക്കുറിച്ച് അപവാദം പറഞ്ഞവരെ നേരിൽക്കണ്ട് സംസാരിച്ചാൽ രണ്ടു പ്രയോജനങ്ങളുണ്ട്. ഒന്ന്, അവർ പറഞ്ഞുപരത്തുന്ന കാര്യങ്ങൾ ഒടുവിൽ നമ്മുടെ ചെവിയിലും എത്തുമെന്ന് അവർക്കു മനസ്സിലാകും. രണ്ട്, പ്രശ്നം ചിലപ്പോൾ പറഞ്ഞുതീർക്കാനും പറ്റും.”—എലീസെ.
നിങ്ങളെക്കുറിച്ച് അപവാദം പറഞ്ഞവരെ നേരിൽക്കാണുന്നതിനു മുമ്പ് താഴെപ്പറയുന്ന ബൈബിൾതത്ത്വങ്ങളെയും ചോദ്യങ്ങളെയും കുറിച്ച് നന്നായി ചിന്തിക്കുക.
“വസ്തുതകളെല്ലാം കേൾക്കുംമുമ്പേ മറുപടി പറയുന്നതു വിഡ്ഢിത്തം.” (സുഭാഷിതങ്ങൾ 18:13) ‘കാര്യങ്ങളുടെ സത്യാവസ്ഥ എനിക്കു ശരിക്കും അറിയാമോ? ആ അപവാദത്തെക്കുറിച്ച് എന്നോടു പറഞ്ഞയാൾക്ക് എന്തെങ്കിലും തെറ്റു പറ്റിയതാണോ? കേട്ട കാര്യങ്ങൾ അയാൾ തെറ്റിദ്ധരിച്ചതായിരിക്കുമോ?’
“കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്, പെട്ടെന്നു കോപിക്കുകയുമരുത്.” (യാക്കോബ് 1:19) ‘അപവാദം പറഞ്ഞയാളോടു സംസാരിക്കാൻ പറ്റിയ സമയമാണോ ഇപ്പോൾ? ഞാൻ വികാരപരമായല്ല ഈ കാര്യത്തെ കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാണോ? ദേഷ്യവും സങ്കടവും ഒക്കെ ഒന്ന് ആറിത്തണുക്കുന്നതുവരെ കാത്തിരിക്കുന്നതാണോ ബുദ്ധി?’
“മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുക്കണം.” (മത്തായി 7:12) ‘അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്നോട് എങ്ങനെ പെരുമാറാനായിരിക്കും ഞാൻ പ്രതീക്ഷിക്കുന്നത്? പ്രശ്നം എങ്ങനെ ചർച്ച ചെയ്യാനായിരിക്കും ഞാൻ ഇഷ്ടപ്പെടുന്നത്? എങ്ങനെയുള്ള സംസാരവും പെരുമാറ്റവും ആയിരിക്കും കൂടുതൽ ഗുണം ചെയ്യുക?’
ചെയ്യാനാകുന്നത്: അപവാദം പറഞ്ഞയാളെ നേരിൽക്കാണുന്നതിനു മുമ്പ്, അദ്ദേഹത്തോട് എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് എഴുതിവെക്കുക. എന്നിട്ട് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് വീണ്ടും അതു വായിച്ചുനോക്കുക. എന്തെങ്കിലും മാറ്റം വരുത്തണോ എന്നു ചിന്തിക്കുക. മാതാപിതാക്കളോടോ പക്വതയുള്ള ഒരു സുഹൃത്തിനോടോ ഇതെക്കുറിച്ച് ചർച്ച ചെയ്യുക. അവർക്കു പറയാനുള്ളതു കേൾക്കുക.
വാസ്തവം: ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ല. അപവാദങ്ങളുടെ കാര്യത്തിലും അതു സത്യമാണ്. ആളുകൾ പറയുന്ന അപവാദങ്ങളൊന്നും നമുക്കു നിയന്ത്രിക്കാനാവില്ല. അപവാദങ്ങൾ നമ്മളെ നിയന്ത്രിക്കാൻ നമ്മൾ അനുവദിക്കുകയും ചെയ്യരുത്.