യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് എങ്ങനെ പ്രലോഭനങ്ങളെ ചെറുക്കാം?
“ഞാൻ നന്മ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിലും തിന്മ എന്നോടൊപ്പമുണ്ട്” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞിട്ടുണ്ട്. (റോമർ 7:21) നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ തെറ്റു ചെയ്യാനുള്ള പ്രലോഭനങ്ങളെ ചെറുക്കാനുള്ള സഹായം ഈ ലേഖനത്തിലൂടെ നിങ്ങൾക്കു കിട്ടും.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
പ്രലോഭനങ്ങളും മറ്റുള്ളവരുടെ സമ്മർദവും മിക്കപ്പോഴും കൈകോർത്തുപോകുന്നു. “ചീത്ത കൂട്ടുകെട്ടു നല്ല ധാർമികമൂല്യങ്ങളെ നശിപ്പിക്കുന്നു” എന്നാണു ബൈബിൾ പറയുന്നത്. (1 കൊരിന്ത്യർ 15:33, അടിക്കുറിപ്പ്) ചില വിനോദപരിപാടികളും മറ്റുള്ളവരുടെ സമ്മർദവും നമ്മുടെ ഉള്ളിൽ മോഹങ്ങൾ ജനിപ്പിക്കുകയും തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. അങ്ങനെ നിങ്ങൾ “ബഹുജനത്തിനു പിന്നാലെ പോയി തിന്മ” ചെയ്യാൻപോലും ഇടയായേക്കാം.—പുറപ്പാട് 23:2
“മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടണമെന്നും അംഗീകരിക്കണമെന്നും ഉള്ള ആഗ്രഹം കാരണം അവർ ചെയ്യുന്നത് എന്തും ചെയ്യാൻ നിങ്ങൾ തയ്യാറായേക്കാം.”—ജെറമി
ചിന്തിക്കാനായി: മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു വിചാരിക്കുമെന്ന് അമിതമായി ചിന്തിക്കുന്നെങ്കിൽ പ്രലോഭനം ചെറുക്കാൻ ബുദ്ധിമുട്ടായിരിക്കും. എന്തുകൊണ്ട്?—സുഭാഷിതങ്ങൾ 29:25.
ചുരുക്കിപ്പറഞ്ഞാൽ: മറ്റുള്ളവരുടെ സമ്മർദങ്ങളുണ്ടാകുമ്പോൾ നിങ്ങളുടെ മൂല്യങ്ങൾ മറന്നുകളയരുത്.
നിങ്ങൾക്കു ചെയ്യാനാകുന്നത്
നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ നിങ്ങൾ മറ്റുള്ളവരുടെ കൈയിലെ കളിപ്പാവയായേക്കാം. “എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി നല്ലതു മുറുകെ പിടിക്കുക” എന്ന ബൈബിളിന്റെ ഉപദേശം അനുസരിക്കുന്നതാണു കൂടുതൽ നല്ലത്. (1 തെസ്സലോനിക്യർ 5:21) നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് നിങ്ങൾക്ക് എത്രത്തോളം നന്നായി അറിയാമോ അത്രത്തോളം എളുപ്പമായിരിക്കും അവ മുറുകെ പിടിക്കാനും പ്രലോഭനങ്ങളെ ചെറുത്ത് കീഴടക്കാനും.
ചിന്തിക്കാനായി: ദൈവം വെച്ചിരിക്കുന്ന ധാർമികനിലവാരങ്ങൾ നിങ്ങൾക്കു ഗുണം ചെയ്യുമെന്നു നിങ്ങൾ വിശ്വസിക്കുന്നത് എന്തുകൊണ്ട്?
“എന്റെ വിശ്വാസമനുസരിച്ച് ഞാൻ പ്രവർത്തിക്കുകയും പ്രലോഭനത്തിൽ വീഴാതിരിക്കുകയും ചെയ്യുമ്പോൾ ആളുകൾ എന്നെ കൂടുതൽ ആദരിക്കുന്നതായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.”—കിംബർളി.
അനുകരിക്കാവുന്ന ബൈബിൾകഥാപാത്രം: ദാനിയേൽ. സാധ്യതയനുസരിച്ച് കൗമാരത്തിൽത്തന്നെ, ദൈവനിയമങ്ങൾ അനുസരിക്കുമെന്ന് ‘ദാനിയേൽ ഹൃദയത്തിൽ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.’—ദാനിയേൽ 1:8.
നിങ്ങളുടെ ബലഹീനതകൾ മനസ്സിലാക്കുക. ‘യൗവനത്തിന്റേതായ മോഹങ്ങളെക്കുറിച്ച്,’ അതായത് യുവപ്രായത്തിൽ തോന്നുന്ന ശക്തമായ മോഹങ്ങളെക്കുറിച്ച്, ബൈബിൾ പറയുന്നുണ്ട്. (2 തിമൊഥെയൊസ് 2:22) ഇതിൽ ലൈംഗികമോഹങ്ങൾ മാത്രമല്ല, മറ്റുള്ളവരുടെ അംഗീകാരം നേടാനും എന്തിനും ഏതിനും സ്വന്തമായി തീരുമാനമെടുക്കാനും ഉള്ള ആഗ്രഹവും ഉൾപ്പെടുന്നു.
ചിന്തിക്കാനായി: “സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കി പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്” എന്നു ബൈബിൾ പറയുന്നു. (യാക്കോബ് 1:14) ഏതു മോഹമാണു നിങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രലോഭനമുണ്ടാക്കുന്നത്?
“നിങ്ങൾ ഏതു പ്രലോഭനത്തിൽ വീണുപോകാനാണു കൂടുതൽ സാധ്യതയെന്നു സത്യസന്ധമായി വിലയിരുത്തുക. ആ പ്രലോഭനത്തെ എങ്ങനെ ചെറുക്കാമെന്നു നന്നായി പഠിച്ചിട്ട്, ഉപയോഗിക്കാവുന്ന പോയിന്റുകൾ എഴുതിവെക്കുക. അപ്പോൾ അടുത്ത തവണ പ്രലോഭനമുണ്ടാകുമ്പോൾ എന്തു ചെയ്യണമെന്ന വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാകും.”—സിൽവിയ.
അനുകരിക്കാവുന്ന ബൈബിൾകഥാപാത്രം: ദാവീദ്. ചില സമയങ്ങളിൽ ദാവീദ് മറ്റുള്ളവരുടെ സമ്മർദത്തിനും സ്വന്തം മോഹങ്ങൾക്കും വഴിപ്പെട്ടുപോയിട്ടുണ്ട്. പക്ഷേ ദാവീദ്, തനിക്ക് പറ്റിയ തെറ്റുകളിൽനിന്ന് പാഠം പഠിക്കുകയും കാര്യങ്ങൾ നന്നായി ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അദ്ദേഹം യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “ശുദ്ധമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ; അചഞ്ചലമായ പുതിയൊരു ആത്മാവ് എനിക്കു നൽകേണമേ.”—സങ്കീർത്തനം 51:10.
നിയന്ത്രണമുണ്ടായിരിക്കുക. “തിന്മ നിങ്ങളെ കീഴ്പെടുത്താൻ അനുവദിക്കരുത്”എന്നു ബൈബിൾ പറയുന്നു. (റോമർ 12:21) അതായത് നിങ്ങൾ പ്രലോഭനത്തിനു കീഴ്പെടേണ്ട ആവശ്യമില്ല. തീരുമാനം നിങ്ങളുടെ കൈയിലാണ്.
ചിന്തിക്കാനായി: തെറ്റു ചെയ്യാൻ പ്രലോഭനമുണ്ടാകുന്ന ഒരു സാഹചര്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശരി ചെയ്യാനും എങ്ങനെ കഴിയും?
“പ്രലോഭനമുണ്ടാകുമ്പോൾ അതിനു കീഴ്പെട്ടാൽ പിന്നീട് എന്തു തോന്നുമെന്നു ഞാൻ ചിന്തിക്കാറുണ്ട്. എനിക്കു സന്തോഷം തോന്നുമോ? ചിലപ്പോൾ കുറച്ച് നേരത്തേക്കു തോന്നാം. പക്ഷേ അതു നീണ്ടുനിൽക്കുമോ? ഇല്ല. പിന്നെ അത് ഓർത്ത് വിഷമിക്കും. അതുകൊണ്ട് ശരിക്കും പ്രയോജനമുണ്ടോ? ഇല്ല!”—സോഫിയ.
അനുകരിക്കാവുന്ന ബൈബിൾകഥാപാത്രം: പൗലോസ്. തനിക്കു തെറ്റു ചെയ്യാനുള്ള പ്രവണതയുണ്ടെന്നു പൗലോസ് സമ്മതിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകാൻ അദ്ദേഹം അനുവദിച്ചില്ല. “ഞാൻ എന്റെ ശരീരത്തെ, കർശനമായ ശിക്ഷണത്തിലൂടെ ഒരു അടിമയെപ്പോലെ കൊണ്ടുനടക്കുന്നു” എന്ന് അദ്ദേഹം എഴുതി.—1 കൊരിന്ത്യർ 9:27, അടിക്കുറിപ്പ്.
ചുരുക്കിപ്പറഞ്ഞാൽ: പ്രലോഭനമുണ്ടാകുമ്പോൾ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടതു നിങ്ങളാണ്.
പ്രലോഭനങ്ങൾ താത്കാലികമാണെന്ന് ഓർക്കുക. 20 വയസ്സുള്ള മെലീസ ഇങ്ങനെ പറയുന്നു: “ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് വലുതായിട്ടു തോന്നിയ പ്രലോഭനങ്ങൾ ഇപ്പോൾ ഒന്നുമല്ല. അതുകൊണ്ട് ഇപ്പോഴുണ്ടാകുന്ന പ്രലോഭനങ്ങളും കുറച്ച് കഴിയുമ്പോൾ നിസ്സാരമായി തോന്നും. പിന്നെ ഒരിക്കൽ അതെക്കുറിച്ച് ഓർക്കുമ്പോൾ അന്ന് അതു ചെറുത്തുനിന്നത് എത്ര നന്നായി എന്നു ഞാൻ ചിന്തിക്കുമെന്ന് എനിക്ക് അറിയാം.”