യുവജനങ്ങൾ ചോദിക്കുന്നു
എന്റെ ജീവിതം എരിഞ്ഞുതീരുകയാണോ?
നിങ്ങളുടെ ജീവിതരീതി നിങ്ങളെ തളർത്തിക്കളയുന്നുണ്ടോ? ഉണ്ടെങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.
ഇത് സംഭവിക്കുന്നത് എന്തുകൊണ്ട്?
അമിതജോലിഭാരം. “എല്ലാ മേഖലകളിലും എപ്പോഴും മികച്ച് നിൽക്കാനും കാര്യപ്രാപ്തി മെച്ചപ്പെടുത്താനും ഉയർന്ന ലക്ഷ്യങ്ങൾ വെക്കാനും വലിയ നേട്ടങ്ങൾ കൊയ്യാനും ഒക്കെ ഞങ്ങളോട് എപ്പോഴും പറയുമായിരുന്നു. ഈ നിരന്തര സമ്മർദം ഞങ്ങളെ വല്ലാതെ ഭാരപ്പെടുത്തുന്നു,” ജൂലി എന്ന പെൺകുട്ടിയുടെ അഭിപ്രായമാണ് ഇത്.
സാങ്കേതികവിദ്യ. സ്മാർട്ട് ഫോണുകളും ടാബുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്ളതുകൊണ്ട് 24 മണിക്കൂറും നമ്മളെ കിട്ടും. വാസ്തവത്തിൽ ഇത് നമ്മെ ക്ഷീണിപ്പിക്കുന്നു. കാലം കടന്നു പോകുമ്പോൾ നമ്മൾ ക്ഷീണിച്ച് അവശരാകും.
ഉറക്കക്കുറവ്. “സ്കൂൾ, ജോലി, വിനോദം ഇതിനൊക്കെയായി പല ചെറുപ്പക്കാരും വളരെ നേരത്തെ എഴുന്നേൽക്കുകയും രാത്രി വളരെ വൈകി ഉറങ്ങുകയും ചെയ്യുന്നു. ഇത് അത്ര നല്ലതല്ല. പക്ഷേ വേറെ പോംവഴിയൊന്നും ഇല്ല,” എന്ന് മിറാൻഡ എന്ന യുവതി പറയുന്നു. ഈ പതിവ് മിക്കപ്പോഴും ആളുകളെ ക്ഷീണിപ്പിച്ച് അവശരാക്കുന്നു.
അത് അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?
കഠിനാധ്വാനത്തെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (സുഭാഷിതങ്ങൾ 6:6-8; റോമർ 12:11) അതിനർഥം ജീവിതത്തിലെ മറ്റെല്ലാം ബലികഴിച്ചുകൊണ്ട്, ആരോഗ്യംപോലും നോക്കാതെ ജോലിയിൽത്തന്നെ മുഴുകണമെന്നല്ല.
“ഒരു സമയം എത്തിയപ്പോഴാണ് എനിക്ക് അത് മനസ്സിലായത്. ഞാൻ എന്റെ ഉത്തരവാദിത്വങ്ങളിൽ മുഴുകിപ്പോയ ഒരു ദിവസം ഭക്ഷണംപോലും കഴിക്കാതിരുന്നു. എന്റെ ആരോഗ്യംപോലും നോക്കാതെ ജോലികൾ ഏറ്റെടുക്കുന്നത് അത്ര നല്ല കാര്യമല്ലെന്നു ഞാൻ പഠിച്ചു.”—ആഷ്ലി.
അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ പറയുന്നത്: “ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായയാണല്ലോ ഏറെ നല്ലത്.” (സഭാപ്രസംഗകൻ 9:4) ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് ഇപ്പോൾ സിംഹത്തിന്റേതുപോലെ ശക്തിയുണ്ടെന്നു തോന്നിയേക്കാം. എന്നാൽ അങ്ങനെ മരിച്ചുകിടന്നു പണിയെടുക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും.
നിങ്ങൾക്കു ചെയ്യാനാകുന്നത്
ഇല്ല എന്നു പറയാൻ പഠിക്കുക. ബൈബിൾ പറയുന്നത്, “എളിമയുള്ളവർ ജ്ഞാനികളാണ്” എന്നാണ്. (സുഭാഷിതങ്ങൾ 11:2) എളിമയുള്ള ആളുകൾക്ക് അവരുടെ കുറവുകൾ നന്നായി അറിയാം. അവർക്ക് ചെയ്യാൻ പറ്റാത്തതിനെക്കാൾ കൂടുതൽ കാര്യങ്ങൾ അവർ ഏറ്റെടുക്കില്ല.
“ക്ഷീണിച്ച് അവശരാകുന്നവർ ഏറെയും ഇല്ല എന്നു പറയാൻ മടിക്കുന്നവരാണ്. മറ്റുള്ളവർ അവരോടു ചെയ്യാൻ പറയുന്ന എല്ലാ ജോലികളും ഏറ്റെടുത്ത് ചെയ്യുന്നവരാണ് അവർ. അത് എളിമയാണെന്നു പറയാൻ പറ്റില്ല. ഇന്നല്ലെങ്കിൽ നാളെ അവർ ക്ഷീണിച്ച് അവശരാകും.”—ജോർഡൻ.
ആവശ്യത്തിന് വിശ്രമിക്കുക. ബൈബിൾ പറയുന്നു: “ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത് ഒരുപിടി വിശ്രമമാണ്.” (സഭാപ്രസംഗകൻ 4:6) ഉറക്കത്തെ “തലച്ചോറിന്റെ ഭക്ഷണം” എന്നാണ് വിളിക്കുന്നത്. ഒരാൾക്ക് എട്ടോ പത്തോ മണിക്കൂർ ഉറക്കം കിട്ടണം. എന്നാൽ ഭൂരിഭാഗം ചെറുപ്പക്കാർക്കും അത് കിട്ടുന്നില്ല.
“ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളപ്പോൾ രാത്രി ഉറങ്ങാതെ ഞാനതൊക്കെ ഇരുന്ന് ചെയ്യും. അപ്പോൾ എനിക്ക് ആവശ്യത്തിന് ഉറക്കം കിട്ടാറില്ല. എന്നാൽ ആ സമയം ഞാൻ ഉറങ്ങിയിരുന്നെങ്കിൽ അടുത്ത ദിവസം വളരെ കാര്യക്ഷമമായും സന്തോഷത്തോടെയും എനിക്കു ജോലി ചെയ്യാൻ കഴിയുമായിരുന്നു.”—ബ്രൂക്ലിൻ.
ഒരു ചിട്ടയുണ്ടായിരിക്കുക. ബൈബിൾ പറയുന്നു: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും.” (സുഭാഷിതങ്ങൾ 21:5) ചെയ്യാനുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാൻ പഠിക്കുന്നതും സമയം പാലിക്കുന്നതും ഒക്കെ ഒരു വൈദഗ്ധ്യമാണ്. ജീവിതം മുഴുവൻ നിങ്ങൾക്ക് അത് പ്രയോജനം ചെയ്യും.
“സ്വയം വരുത്തിവെക്കുന്ന ആശങ്കകൾ ഒഴിവാക്കാൻ കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുക. ചെയ്യാനുള്ള കാര്യങ്ങളുടെ പട്ടിക നമ്മുടെ മുമ്പിലുണ്ടെങ്കിൽ ഭേദഗതികൾ വരുത്തേണ്ട ഇടം തിരിച്ചറിഞ്ഞ് അവ മാറ്റാൻ എളുപ്പമായിരിക്കും. അത് ക്ഷീണിച്ച് അവശരാകുന്നതിൽനിന്ന് നമ്മളെ തടയും.”—വനേസ.