യുവജനങ്ങൾ ചോദിക്കുന്നു
എങ്ങനെയാ പരീക്ഷയ്ക്കൊന്നു ജയിക്കുക?
“എന്റെ ക്ലാസിലെ ചില കുട്ടികൾ ടെക്സ്റ്റ് ബുക്ക് കൊണ്ടുവരില്ല. ടീച്ചർ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഹെഡ്ഫോണിൽ പാട്ട് കേട്ടുകൊണ്ടിരിക്കും. എന്നിട്ട് പരീക്ഷയ്ക്കു തോറ്റുകഴിയുമ്പോൾ ഒരു ചോദ്യവും, ‘ങ്ഹേ തോറ്റോ?’ ഇവിടെ മനുഷ്യൻ തലകുത്തിയിരുന്ന് പഠിച്ചിട്ടും മാർക്കില്ല. ഇത് എന്താണ് ഇങ്ങനെയെന്ന് ഒരു പിടിയുംകിട്ടുന്നില്ല. ഒരാഴ്ച മുഴുവൻ രാത്രി കുത്തിയിരുന്ന് പഠിച്ചിട്ടും മാർക്ക് കിട്ടാതെ വരുമ്പോൾ സങ്കടം വരും.”—യൊലാൻഡെ.
യൊലാൻഡെയെപോലെ നിങ്ങൾക്കും തോന്നിയിട്ടുണ്ടോ? എങ്കിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളൂ. കൂടെക്കൂടെ മോശം ഗ്രേഡ് കിട്ടുമ്പോൾ ആർക്കാണെങ്കിലും വിഷമം തോന്നും.
തുടർച്ചയായി തോൽക്കുമ്പോൾ മനസ്സുമടുക്കുന്ന ചില കുട്ടികൾക്കു പഠിക്കാൻതന്നെ മടിയാകാറുണ്ട്. ഇനി മറ്റു ചിലർ, പഠിപ്പുതന്നെ നിറുത്തുന്നു. അങ്ങനെയൊക്കെ ചെയ്യാൻ തോന്നിയേക്കാമെന്നതു ശരിയാണ്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ മറ്റു ചില വഴികളുണ്ട്. അതിനുള്ള ആറു നുറുങ്ങുകൾ ഇതാ.
നിങ്ങൾക്കു ചെയ്യാനാകുന്നത്
ക്ലാസ് കട്ട് ചെയ്യരുത്. ഇതാണോ വലിയ കാര്യം! ഇത് എല്ലാവർക്കും അറിയാവുന്നതല്ലേ, എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ അതിൽ അല്പം കാര്യമുണ്ട്. ക്ലാസ് കുറേ കട്ട് ചെയ്താൽ മാർക്കിന്റെ കാര്യം അവതാളത്തിലാകും!
“എന്റെ സ്കൂളിൽ മാർക്ക് കുറവുള്ള കുട്ടികൾ മിക്കവരും ക്ലാസ് കട്ട് ചെയ്യുന്നവരാണ്. അതുകൊണ്ട് കുഴപ്പം വരുന്നതും അവർക്കുതന്നെയാണ്.”—മാത്യു.
ബൈബിൾതത്ത്വം: “വഴിതെറ്റിക്കപ്പെടരുത്: ദൈവത്തെ പറ്റിക്കാനാകില്ല. ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.”—ഗലാത്യർ 6:7.
ക്ലാസിലിരിക്കുന്ന സമയം നന്നായി പ്രയോജനപ്പെടുത്തുക. മുടങ്ങാതെ ക്ലാസിൽ വരുന്നതുതന്നെ നല്ല കാര്യമാണ്. എന്നാൽ അതോടൊപ്പം ക്ലാസിൽനിന്ന് പരമാവധി പ്രയോജനം നേടാൻ എന്തു ചെയ്യാമെന്ന് ചിന്തിക്കുക. പ്രധാനപ്പെട്ട പോയിന്റുകൾ കുറിച്ചുവെക്കാൻ മറക്കരുത്. പഠിപ്പിക്കുന്ന കാര്യങ്ങൾ എന്താണെന്ന് ശരിക്കും മനസ്സിലാക്കാൻ ശ്രമിക്കുക. ക്ലാസിന്റെ സമയത്ത് ചോദ്യങ്ങൾ ചോദിക്കാൻ അനുവാദമുണ്ടെങ്കിൽ സംശയങ്ങൾ തീർത്തുപോകുക.
“പഠിപ്പിച്ച കാര്യം ഒരു കുട്ടിക്കു മനസ്സിലായിട്ടില്ല എന്ന് തോന്നിയാൽ, ടീച്ചർ അത് കുറച്ചുകൂടി നന്നായി പറഞ്ഞുതരും. അതുകൊണ്ട് ക്ലാസിന്റെ സമയത്ത് എനിക്ക് സംശയമുള്ളതൊക്കെ ഞാൻ ചോദിക്കാൻ തുടങ്ങി.”—ഒലീവിയ.
ബൈബിൾതത്ത്വം: “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക.”—ലൂക്കോസ് 8:18.
കള്ളത്തരം വേണ്ടാ! സത്യസന്ധരായിരിക്കുക. ഇന്ന് കുട്ടികൾ സ്കൂളിൽ പല തരത്തിൽ കള്ളത്തരങ്ങൾ കാണിക്കുന്നു. കോപ്പിയടിക്കുന്നത് ഒരു തരം കള്ളത്തരമാണ്. അതു ശരിക്കും നിങ്ങൾക്കു ദോഷമേ ചെയ്യൂ.
“നിങ്ങൾക്ക് ഒരു കാര്യം മനസ്സിലായില്ലെങ്കിൽ ഒരിക്കലും മറ്റു കുട്ടികൾ എഴുതിവെച്ചിരിക്കുന്നത് അതേപടി പകർത്തരുത്. കോപ്പിയടിക്കുന്നതുകൊണ്ട് ശരിക്കും നിങ്ങൾക്ക് ഗുണമല്ല ഉണ്ടാകുന്നത്. ചോദ്യങ്ങൾക്കു സ്വന്തമായിട്ട് ഉത്തരം കണ്ടെത്താൻ ഇപ്പോഴേ പഠിച്ചില്ലെങ്കിൽ ഭാവിയിൽ നിങ്ങൾക്കു മറ്റുള്ളവരെ ആശ്രയിക്കാതെ പറ്റില്ലെന്നു വരും.”—ജോനാഥൻ.
ബൈബിൾതത്ത്വം: “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”—എബ്രായർ 13:18.
ആദ്യംതന്നെ ഹോംവർക്ക് ചെയ്യുക. ഹോംവർക്ക് ചെയ്തതിനു ശേഷം മാത്രമേ കളിക്കാനും മറ്റും പോകൂ എന്ന ഒരു തീരുമാനമെടുക്കാൻ പറ്റുമോ? a ആദ്യം ഹോംവർക്ക് ചെയ്ത് തീർന്നാൽപ്പിന്നെ ബാക്കി സമയം മനസ്സമാധാനത്തോടെ ഇരിക്കാമല്ലോ!
“ആദ്യംതന്നെ ഹോംവർക്ക് ചെയ്യാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ചെയ്തപ്പോൾ എന്റെ മാർക്കും കൂടി. വീട്ടിലെത്തിയാൽ ഒന്ന് കിടക്കാനോ പാട്ടു കേൾക്കാനോ തോന്നും. പക്ഷേ ഞാൻ ആദ്യം ഹോംവർക്ക് ചെയ്യാൻ നോക്കും. എന്നിട്ടേ മറ്റു പരിപാടികളിലേക്കു പോകൂ.”—കാൽവിൻ.
ബൈബിൾതത്ത്വം: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’—ഫിലിപ്പിയർ 1:10.
സഹായം ചോദിക്കുക. മറ്റുള്ളവരോടു സഹായം ചോദിക്കാൻ നാണക്കേട് വിചാരിക്കേണ്ട. മാതാപിതാക്കളോടു ഉപദേശം തേടാം. ഗ്രേഡ് മെച്ചപ്പെടുത്താൻ എന്തു ചെയ്യാമെന്ന് ടീച്ചറോടു ചോദിക്കാം. വേണ്ടിവന്നാൽ ട്യൂഷൻ ടീച്ചറിന്റെ സഹായവും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
“ടീച്ചറിന്റെ സഹായം തേടുക. മനസ്സിലാകാത്ത കാര്യങ്ങൾ ഒന്നുകൂടി പറഞ്ഞുതരാമോ എന്നും കൂടുതൽ മാർക്ക് എങ്ങനെ വാങ്ങിക്കാം എന്നും ടീച്ചറോടുതന്നെ ചോദിക്കുക. പഠിക്കാനുള്ള നിങ്ങളുടെ ഉത്സാഹം കാണുമ്പോൾ അവർക്ക് സന്തോഷം തോന്നും, നിങ്ങളെ സഹായിക്കുകയും ചെയ്യും.”—ഡേവിഡ്.
ബൈബിൾതത്ത്വം: “അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം.”—സുഭാഷിതങ്ങൾ 15:22.
എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുക. ചില രാജ്യങ്ങളിൽ ഗ്രേഡ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില അധികചോദ്യങ്ങൾ ചോദ്യപേപ്പറിൽ കൊടുത്തിട്ടുണ്ടാകും. ഇനി കൂടുതലായി എന്തെങ്കിലും അസൈൻമെന്റുകൾ ഏറ്റെടുത്ത് ചെയ്താൽ ഗ്രേഡ് മെച്ചപ്പെടുമെങ്കിൽ അതിനു തയ്യാറാണെന്നും നിങ്ങൾക്ക് ടീച്ചറോടു പറയാം. പരീക്ഷയ്ക്കു തോറ്റുപോയാൽ ഒരുതവണ കൂടി എഴുതി ജയിക്കാൻ പറ്റുമോ എന്നു നോക്കുക.
“ഒരു വിഷയത്തിൽ കൂടുതൽ ഗ്രേഡ് കിട്ടണമെന്നുണ്ടെങ്കിൽ അതിനുവേണ്ടി ഞാൻതന്നെ മുൻകൈയെടുക്കണം. ഗ്രേഡ് മെച്ചപ്പെടുത്താനുള്ള കൂടുതലായ എന്തെങ്കിലും അസൈൻമെന്റ് ഉണ്ടെങ്കിൽ അത് ചെയ്തുവെച്ചോട്ടേ എന്ന് ഞാൻ ടീച്ചർമാരോടു ചോദിക്കാറുണ്ട്. അല്ലെങ്കിൽ ഞാൻ ചെയ്തുവെച്ച അസൈൻമെന്റ് ഒന്നുകൂടി നന്നായി ചെയ്തുവെച്ചോട്ടേ എന്നു ചോദിക്കും.”—മെക്കെൻസി.
ബൈബിൾതത്ത്വം: “കഠിനാധ്വാനം ചെയ്താൽ പ്രയോജനം ലഭിക്കും”—സുഭാഷിതങ്ങൾ 14:23.
a പഠനത്തിലുള്ള നിങ്ങളുടെ മികവ് കൂട്ടാൻ സഹായിക്കുന്ന വിവരങ്ങൾക്കായി “യുവജനങ്ങൾ ചോദിക്കുന്നു . . . ‘ഈ ഹോംവർക്ക് മുഴുവൻ എങ്ങനെ ചെയ്തുതീർക്കാനാ?’” എന്ന ലേഖനം കാണുക.