യുവജനങ്ങൾ ചോദിക്കുന്നു
മദ്യപിക്കുന്നതിനെക്കുറിച്ച് ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം?
മിതമായ തോതിൽ മദ്യം ഉപയോഗിക്കുന്നതിനെ നിയമം വിലക്കാത്തിടത്തോളം ബൈബിൾ അതിനെ കുറ്റം വിധിക്കുന്നില്ല. എന്നാൽ അമിതമദ്യപാനത്തെ അതു വിലക്കുന്നു.—സങ്കീർത്തനം 104:15; 1 കൊരിന്ത്യർ 6:10.
പക്ഷേ ഇതു ചിന്തിക്കുക: നിങ്ങളുടെ മാതാപിതാക്കളോ രാജ്യത്തെ നിയമമോ മദ്യപിക്കുന്നത് വിലക്കുന്നു, അതേസമയം മദ്യപിക്കാൻ മറ്റു ചിലർ നിങ്ങളെ നിർബന്ധിക്കുന്നു. ഇപ്പോൾ എന്തു ചെയ്യും?
മദ്യപിക്കുന്നതിനു മുമ്പ് ചിന്തിക്കുക
അൽപ്പം രസമൊക്കെ വേണമെങ്കിൽ മദ്യവും വേണം എന്നായിരിക്കാം നിങ്ങളുടെ ചില കൂട്ടുകാർ ചിന്തിക്കുന്നത്. എന്നാൽ കുടിച്ചുകഴിഞ്ഞാൽ എന്താണു കുഴപ്പം?
നിയമപരമായ പ്രശ്നം. ഒരുപക്ഷേ നിങ്ങൾ താമസിക്കുന്നത് മദ്യപിക്കാൻ നിയമം അനുവദിക്കാത്ത ഒരിടത്തായിരിക്കാം. അങ്ങനെയാകുമ്പോൾ നിങ്ങൾ അതു ലംഘിച്ചാൽ ഒരുപക്ഷേ നിങ്ങളിൽനിന്ന് പിഴ ഈടാക്കും, നിങ്ങളുടെ മേൽ കേസ് ചാർജു ചെയ്യും, ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കും, കുറച്ച് കാലം ശിക്ഷ അനുഭവിക്കേണ്ടിവരും, ചിലപ്പോൾ ജയിലിൽപ്പോലും കിടക്കേണ്ടിവരും.—റോമർ 13:3.
സത്പേര് നഷ്ടപ്പെടും. മദ്യം നമ്മുടെ സുബോധം നഷ്ടപ്പെടുത്തും, പിന്നീട് ദുഃഖിക്കാനിടയാക്കുന്ന പലതും പറയാനോ പ്രവർത്തിക്കാനോ അതു കാരണമാകും. (സുഭാഷിതങ്ങൾ 23:31-33) മാധ്യമങ്ങൾ സജീവമായിരിക്കുന്ന ഇക്കാലത്ത് ഇത്തരം പെരുമാറ്റം നമ്മുടെ സത്പേരിനെ കാര്യമായി ബാധിക്കും.
ചെറുത്തുനിൽക്കാനുള്ള കരുത്ത് കുറയും. മദ്യപിച്ചുകഴിഞ്ഞാൽ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് നമ്മൾ എളുപ്പം ഇരകളായേക്കാം. മാത്രമല്ല മറ്റുള്ളവർക്കു പെട്ടെന്നു നമ്മളെ സ്വാധീനിക്കാനാകും. അതു നമ്മളെ വലിയ കുറ്റകൃത്യങ്ങളിലോ നിയമവിരുദ്ധമായ പ്രവൃത്തികളിലോ കൊണ്ടെത്തിക്കും.
മദ്യമില്ലാതെ പറ്റില്ലെന്ന അവസ്ഥ. ചെറുപ്പത്തിലേ മദ്യപാനം തുടങ്ങിയാൽ ജീവിതകാലം മുഴുവൻ അതിന് അടിമപ്പെട്ട് ജീവിക്കാനുള്ള സാധ്യത കൂടുതലാണെന്നു ചില പഠനങ്ങൾ തെളിയിക്കുന്നു. മാനസികസമ്മർദം, ഏകാന്തത, വിരസത എന്നിവയോടൊക്കെ പൊരുതാനായി മദ്യപിക്കുന്ന ശീലം തുടങ്ങുകയും പിന്നീട് ആ ശീലം മാറ്റാനാകാത്ത വിധം ശക്തമായിത്തീരുകയും ചെയ്തേക്കാം.
മരണം. ഐക്യനാടുകളിൽ കഴിഞ്ഞ ഒരു വർഷം മാത്രം മദ്യപിച്ച് വാഹനമോടിച്ചതിന്റെ ഫലമായി ഓരോ 52 മിനിട്ടിലും ഒരാൾ വീതം മരിച്ചെന്നു കണക്കുകൾ പറയുന്നു. അഞ്ച് വർഷത്തെ ഒരു കണക്ക് സൂചിപ്പിക്കുന്നതനുസരിച്ച് അതിൽ ഓരോ വർഷവും, മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടായ അപകടങ്ങളിൽ 21 വയസ്സിനു താഴെയുള്ള 1,500-ലധികം ആളുകളാണ് മരിച്ചത്. നിങ്ങൾ മദ്യപിച്ചിട്ടില്ലെങ്കിലും മദ്യപിച്ച ഒരാൾ ഓടിക്കുന്ന വാഹനത്തിൽ കയറുന്നതും ജീവനു ഭീഷണിയാണ്.
ഉറച്ച ഒരു തീരുമാനമെടുക്കുക
എന്തു ചെയ്യണമെന്നു നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അമിതമായ മദ്യപാനം വരുത്തിവെക്കുന്ന അപകടങ്ങളും പരിണതഫലങ്ങളും നിങ്ങൾക്ക് ഒഴിവാക്കാനാകും.
ബൈബിൾതത്ത്വം: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു.” (സുഭാഷിതങ്ങൾ 22:3) വാഹനമോടിക്കുന്നതിനും ശ്രദ്ധ ആവശ്യമായ മറ്റു കാര്യങ്ങളിൽ ഏർപ്പെടുന്നതിനും മുമ്പ് മദ്യപിക്കുന്നതു ശരിയല്ല.
തീരുമാനം: ‘നിയമം അനുവദിക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും മാത്രമേ ഞാൻ മദ്യപിക്കൂ.’
ബൈബിൾതത്ത്വം: ‘ഒരു വ്യക്തിയെ അനുസരിക്കുന്നതുകൊണ്ട് നിങ്ങൾ അയാളുടെ അടിമയാണ്.’ (റോമർ 6:16) നിങ്ങളുടെ കൂട്ടുകാർ കുടിക്കുന്നു എന്ന കാരണംകൊണ്ട് നിങ്ങൾ കുടിച്ചാൽ നിങ്ങളെ നിയന്ത്രിക്കുന്നത് അവരാണെന്നു വരും. ഇനി വിരസതയോ സമ്മർദമോ നേരിടാനാണു നിങ്ങൾ കുടിക്കുന്നതെങ്കിൽ, പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി നിങ്ങൾക്ക് ഒരിക്കലും വളർത്തിയെടുക്കാനാകില്ല.
തീരുമാനം: ‘കുടിക്കുന്ന കാര്യത്തിൽ എന്നെ നിർബന്ധിക്കാൻ എന്റെ കൂട്ടുകാരെ ഞാൻ അനുവദിക്കില്ല.’
ബൈബിൾതത്ത്വം: ‘കണക്കിലധികം വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിൽ കൂടരുത്.’ (സുഭാഷിതങ്ങൾ 23:20) മോശം കൂട്ടുകാർ നിങ്ങളുടെ നല്ല തീരുമാനങ്ങളെ കാറ്റിൽ പറത്തിക്കളയും. അമിതമായി മദ്യപിക്കുന്നവരോടൊപ്പമായിരിക്കുന്നതു നിങ്ങളുടെ ജീവിതം അപകടത്തിലാക്കും.
തീരുമാനം: ‘കുടിയന്മാരെ ഞാൻ എന്റെ ഉറ്റ സുഹൃത്തുക്കളാക്കില്ല.’