യുവജനങ്ങൾ ചോദിക്കുന്നു
മനസ്സ് തളർത്തുന്ന ചിന്തകൾ എങ്ങനെ ഒഴിവാക്കാം?
നിങ്ങൾ ഏതു ഗണത്തിൽപ്പെടും?
ശുഭപ്രതീക്ഷയുള്ളവർ
“സന്തോഷത്തോടിരിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കും. ഞാൻ പെട്ടെന്നൊന്നും ദേഷ്യപ്പെടാറില്ല. എല്ലാ ദിവസവും ചിരിച്ച് സന്തോഷത്തോടിരിക്കുന്നതിന് എന്താ കുഴപ്പം? അതല്ലേ നല്ലത്?”—വലെറി.
ശുഭപ്രതീക്ഷയില്ലാത്തവർ
“എന്തെങ്കിലും നല്ല കാര്യം കേട്ടാൽ, ‘ഏയ് അത് അങ്ങനെയാവാൻ വഴിയില്ലല്ലോ’ എന്നേ ഞാൻ ചിന്തിക്കൂ.”—റിബെക്ക.
യാഥാർഥ്യബോധമുള്ളവർ
“എല്ലാത്തിലും ശുഭപ്രതീക്ഷയുള്ളവർ പരാജയം സംഭവിക്കുമ്പോൾ തകർന്നുപോയേക്കാം. ഒട്ടും ശുഭപ്രതീക്ഷയില്ലാത്തവരുടെ ജീവിതം ഭയങ്കര കഷ്ടമായിരിക്കും. എന്നാൽ യാഥാർഥ്യബോധമുള്ളതുകൊണ്ട് കാര്യങ്ങൾ എങ്ങനെയാണോ അതിനെ അങ്ങനെ കാണാൻ എനിക്കു കഴിയുന്നു.”—അന്ന.
ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ പറയുന്നു: “ഹൃദയത്തിൽ സന്തോഷമുള്ളവന് എന്നും വിരുന്ന്.” (സുഭാഷിതങ്ങൾ 15:15) എല്ലാത്തിന്റെയും നല്ല വശം കാണുന്നവർ കൂടുതൽ സന്തോഷമുള്ളവരാണ്. അവർക്ക് കൂടുതൽ കൂട്ടുകാരുണ്ടാകും. എന്നാൽ എപ്പോഴും വിഷമിച്ചുനടക്കുന്നവരോടു കൂട്ടുകൂടാൻ ആളുകൾ ഒന്നു മടിക്കും.
അങ്ങേയറ്റം ശുഭപ്രതീക്ഷയുള്ള ആളുപോലും ചില യാഥാർഥ്യങ്ങൾ നേരിടേണ്ടിവന്നേക്കാം. ഉദാഹരണത്തിന്,
യുദ്ധം, ഭീകരപ്രവർത്തനം, കുറ്റകൃത്യം എന്നിവയെക്കുറിച്ചുള്ള നിലയ്ക്കാത്ത വാർത്തകൾ
കുടുംബപ്രശ്നങ്ങൾ
നിങ്ങളുടെതന്നെ കുഴപ്പങ്ങളും ബലഹീനതകളും
നിങ്ങളെ വിഷമിപ്പിക്കുന്ന ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ
ഇങ്ങനെയുള്ള പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുകയോ അതെക്കുറിച്ച് മാത്രം ചിന്തിച്ച് വിഷമിക്കുകയോ ചെയ്യാതെ യാഥാർഥ്യബോധമുള്ളവരായിരിക്കുക. അപ്പോൾ തീർത്തും ശുഭകരമല്ലാത്ത ചിന്തകൾ ഒഴിവാക്കാനാകും. അതുപോലെ പ്രശ്നങ്ങളുണ്ടാകുമ്പോൾ തളർന്നുപോകുകയുമില്ല.
നിങ്ങൾക്കു ചെയ്യാനാകുന്നത്
തെറ്റു സംഭവിച്ചേക്കാം എന്ന് അംഗീകരിക്കുക.
ബൈബിൾ പറയുന്നു: “ശരിമാത്രം ചെയ്യുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു നീതിമാനും ഭൂമിയില്ലില്ല. ” (സഭാപ്രസംഗകൻ 7:20, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) തെറ്റു പറ്റുന്നതു മനുഷ്യസഹജമാണ്. ജീവിതത്തിൽ നിങ്ങൾ ഒരു പരാജയമാണെന്ന് അതിനർഥമില്ല.
എങ്ങനെ യാഥാർഥ്യബോധമുള്ളവരായിരിക്കാം: ഒരു തെറ്റു പറ്റിയാൽ എങ്ങനെ മെച്ചപ്പെടാം എന്നു ചിന്തിക്കുക. എന്നാൽ ഇനിയൊരിക്കലും തെറ്റ് പറ്റില്ലെന്നു ചിന്തിക്കരുത്. കാലേബ് എന്ന ചെറുപ്പക്കാരൻ പറയുന്നു: “തെറ്റുകളെക്കുറിച്ച് വീണ്ടുംവീണ്ടും ഓർത്ത് ഞാൻ വിഷമിച്ചിരിക്കാറില്ല. തെറ്റുകളിൽനിന്ന് പാഠം പഠിക്കാനും മെച്ചപ്പെടാനുമാണു ഞാൻ ശ്രമിക്കുന്നത്.”
താരതമ്യം ചെയ്യാതിരിക്കുക.
ബൈബിൾ പറയുന്നത്: “നമുക്കു ദുരഭിമാനികളാകാതിരിക്കാം. പരസ്പരം മത്സരിക്കുന്നതും അസൂയപ്പെടുന്നതും ഒഴിവാക്കാം.” (ഗലാത്യർ 5:26) നിങ്ങളെ ക്ഷണിക്കാത്ത പരിപാടികളുടെ ഫോട്ടോകൾ സമൂഹമാധ്യമത്തിൽ കാണുമ്പോൾ ദേഷ്യവും നിരാശയും ഒക്കെ നിങ്ങൾക്കു തോന്നിയേക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാർക്കുപോലും ശരിക്കും നിങ്ങളോടു സ്നേഹമുണ്ടോ എന്ന് അപ്പോൾ നിങ്ങൾ സംശയിച്ചേക്കാം.
എങ്ങനെ യാഥാർഥ്യബോധമുള്ളവരായിരിക്കാം: എല്ലാ പരിപാടിക്കും നിങ്ങളെ വിളിക്കണം എന്നു ചിന്തിക്കരുത്. നടന്ന കാര്യങ്ങളെല്ലാം സമൂഹമാധ്യമത്തിൽ വരില്ല എന്ന കാര്യവും ഓർക്കുക. “ആളുകൾ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ മാത്രമേ സമൂഹമാധ്യമത്തിലൂടെ സാധാരണ പങ്കുവെക്കുകയുള്ളൂ. അത്ര രസം തോന്നാത്ത കാര്യങ്ങൾ വിട്ടുകളയും” എന്ന് കൗമാരക്കാരിയായ അലെക്സിസ് പറയുന്നു.
സമാധാനമുണ്ടാക്കുന്നവർ ആയിരിക്കുക—പ്രത്യേകിച്ച് കുടുംബത്തിൽ.
“സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക.” (റോമർ 12:18) മറ്റുള്ളവർ ചെയ്യുന്നതെല്ലാം നിയന്ത്രിക്കാൻ നിങ്ങൾക്കു കഴിയില്ല. എന്നാൽ നിങ്ങൾ എന്തു ചെയ്യണമെന്നു നിങ്ങൾക്കു തീരുമാനിക്കാം. മറ്റുള്ളവരുമായി സമാധാനം നിലനിർത്തുമെന്നു തീരുമാനിച്ചുറയ്ക്കുക.
എങ്ങനെ യാഥാർഥ്യബോധമുള്ളവരായിരിക്കാം: കുടുംബത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതു കൂടുതൽ വഷളാകാൻ നിങ്ങൾ ഇടയാക്കരുത്. കൂട്ടുകാരുമായി സമാധാനത്തിൽ പോകാൻ നിങ്ങൾ ശ്രമിക്കുന്നതുപോലെ വീട്ടുകാരുമായും സമാധാനത്തിൽ പോകാൻ ശ്രമിക്കണം. മെലിൻഡ എന്ന കൗമാരക്കാരി ഇങ്ങനെ പറയുന്നു: “എപ്പോഴും നന്നായി പെരുമാറാൻ ആർക്കും കഴിയില്ല. നമ്മളെല്ലാം എപ്പോഴെങ്കിലുമൊക്കെ മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. നമ്മളെ വേദനിപ്പിക്കുന്നവരോടു നന്നായി ഇടപെടണോ മോശമായി ഇടപെടണോ എന്നു നമ്മൾ തീരുമാനിക്കണം.”
നന്ദിയുള്ളവരായിരിക്കുക.
‘നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കണം’ എന്നു ബൈബിൾ പറയുന്നു. (കൊലോസ്യർ 3:15) നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ശരിയായിപ്പോകുന്ന കാര്യങ്ങൾ ഓർത്ത് സന്തോഷിക്കും. ശരിയായിപ്പോകാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിച്ചിരിക്കില്ല.
എങ്ങനെ യാഥാർഥ്യബോധമുള്ളവരായിരിക്കാം: നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരായിരിക്കണം. അതേസമയം ജീവിതത്തിലെ നല്ല കാര്യങ്ങൾ നിങ്ങളുടെ കണ്ണിൽപ്പെടാതെയും പോകരുത്. “ഓരോ ദിവസവും എന്റെ ജീവിതത്തിലെ ഒരു നല്ല കാര്യം ഞാൻ ഡയറിയിൽ കുറിച്ചിടും. എന്റെ ജീവിതത്തിൽ പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും എനിക്കു സന്തോഷിക്കാനുള്ള കാരണങ്ങളും ഉണ്ടെന്ന് ഇത് എന്നെ ഓർമിപ്പിക്കുന്നു” എന്നു ചെറുപ്പക്കാരിയായ റിബക്ക പറയുന്നു.
നല്ല കൂട്ടുകാരെ കണ്ടെത്തുക
ബൈബിൾ പറയുന്നത് “ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു” എന്നാണ്. (1 കൊരിന്ത്യർ 15:33) നിങ്ങളുടെ കൂട്ടുകാർ വിമർശനമനോഭാവമുള്ളവരോ എന്തിനും ഏതിനും കുറ്റം പറയുന്നവരോ ആണെങ്കിൽ അവരുടെ മോശം രീതികൾ നിങ്ങളിലേക്കും വന്നേക്കാം.
എങ്ങനെ യാഥാർഥ്യബോധമുള്ളവരായിരിക്കാം: ചിലപ്പോൾ നിങ്ങളുടെ കൂട്ടുകാർ വലിയവലിയ പ്രശ്നങ്ങൾ കാരണം സങ്കടപ്പെട്ടിരിക്കുകയായിരിക്കും. അവരെ സഹായിക്കാൻ നിങ്ങളെക്കൊണ്ടാകുന്നതെല്ലാം ചെയ്യുക. എന്നാൽ അവരുടെ പ്രശ്നങ്ങൾ കാരണം നിങ്ങൾ തകർന്നുപോകരുത്. “എപ്പോഴും പ്രശ്നങ്ങളിലേക്കു മാത്രം നോക്കിക്കൊണ്ടിരിക്കുന്നവരെ കൂട്ടുകാരാക്കിയാൽ നിങ്ങളും അങ്ങനെയാകും” എന്നാണു മിഷേൽ എന്ന ചെറുപ്പക്കാരിയുടെ അഭിപ്രായം.
മനസ്സിനെ ബലപ്പെടുത്തുന്ന കാര്യങ്ങൾ വായിക്കുക
“ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു” ബൈബിൾ പറഞ്ഞിരിക്കുന്ന അവസാനകാലത്താണ് നമ്മൾ ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1) ഇത്രയും മോശം കാര്യങ്ങളുള്ള ഈ ലോകത്ത് എങ്ങനെ പിടിച്ചുനിൽക്കാൻ പറ്റും എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? വായിക്കുക: “ഇത്രയധികം കഷ്ടപ്പാടും ദുരിതവും എന്തുകൊണ്ട്?”