യുവജനങ്ങൾ ചോദിക്കുന്നു
മറ്റൊരു ഭാഷ പഠിക്കേണ്ടത് എന്തുകൊണ്ട്?
മറ്റൊരു ഭാഷ പഠിക്കാൻ നിങ്ങൾക്കു നല്ല ക്ഷമയും താഴ്മയും വേണം. എന്നാൽ ആ ശ്രമം വെറുതെയായിപ്പോകുമോ? ഇല്ല എന്നാണ് പല ചെറുപ്പക്കാരും പറയുന്നത്. എന്തുകൊണ്ടാണ് അവർ പുതിയൊരു ഭാഷ പഠിക്കാൻ ശ്രമിക്കുന്നതെന്ന് ഈ ലേഖനം വിശദീകരിക്കും.
എന്തിനുവേണ്ടി?
പലരും മറ്റൊരു ഭാഷ പഠിക്കുന്നത് അത് അവർക്കു സ്കൂളിൽ പഠിക്കാനുള്ളതുകൊണ്ടാണ്. മറ്റു ചിലർ ഭാഷയോടുള്ള ഇഷ്ടംകൊണ്ട് അതു പഠിക്കുന്നു. ചില ഉദാഹരണങ്ങൾ നോക്കാം:
ഓസ്ട്രേലിയയിലെ ഒരു ചെറുപ്പക്കാരിയായ അന്ന, അമ്മയുടെ മാതൃഭാഷയായ ലാറ്റ്വിയൻ പഠിക്കാൻ തീരുമാനിച്ചു. അന്ന പറയുന്നു: “ഞങ്ങളുടെ കുടുംബം ലാറ്റ്വിയയിലേക്ക് ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചിട്ടുണ്ട്. അവിടെ ചെല്ലുമ്പോൾ എന്റെ ബന്ധുക്കളോട് എനിക്കു സംസാരിക്കാമല്ലോ!”
ഐക്യനാടുകളിലെ ഒരു യഹോവയുടെ സാക്ഷിയായ ജിന അമേരിക്കൻ ആംഗ്യഭാഷ പഠിക്കുകയും സുവിശേഷപ്രവർത്തനം വിപുലപ്പെടുത്താനായി ബെലീസിലേക്കു പോകുകയും ചെയ്തു. അവൾ പറയുന്നു: “ബധിരരുടെ ലോകത്ത് അവർക്കു സംസാരിക്കാൻ കുറച്ച് പേരേ ഉള്ളൂ. അവരുടെ ഭാഷയിൽ ബൈബിൾ പഠിപ്പിക്കാൻ ഞാൻ ആംഗ്യഭാഷ പഠിച്ചെന്നു പറയുമ്പോൾ ആളുകൾ അതു വിലമതിക്കുന്നു.”
നിങ്ങൾക്ക് അറിയാമോ? ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത “എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും” അറിയിക്കും എന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. (വെളിപാട് 14:6) ഈ പ്രവചനത്തിന്റെ നിവൃത്തിയായി ഇന്ന് യഹോവയുടെ സാക്ഷികൾക്കിടയിലുള്ള അനേകം ചെറുപ്പക്കാർ മറ്റൊരു ഭാഷ പഠിച്ചുകൊണ്ട് സ്വന്തം നാട്ടിലോ മറ്റൊരു പ്രദേശത്തോ ഉള്ള സുവിശേഷപ്രവർത്തനം വിപുലമാക്കുന്നു.
ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?
പുതിയൊരു ഭാഷ പഠിക്കുന്നത് അത്ര എളുപ്പമല്ല. കൊറീന എന്ന ചെറുപ്പക്കാരി പറയുന്നത് ഇങ്ങനെയാണ്: “ഞാൻ വിചാരിച്ചത് പുതിയ കുറെ വാക്കുകൾ പഠിച്ചാൽ മതിയെന്നാണ്. പക്ഷേ പുതിയൊരു സംസ്കാരവും ചിന്താരീതിയും പഠിച്ചെടുക്കണമെന്നു പിന്നീടാണ് എനിക്കു മനസ്സിലായത്. പുതിയ ഒരു ഭാഷ പഠിക്കാൻ ശരിക്കും സമയമെടുക്കും.”
ഭാഷ പഠിക്കാൻ താഴ്മയും വേണം. സ്പാനിഷ് പഠിച്ച ഒരു ചെറുപ്പക്കാരനായ ജെയിംസ് പറയുന്നു: “നന്നായി ചിരിക്കാനും നിങ്ങൾ പഠിക്കണം. കാരണം അത്രയും മണ്ടത്തരങ്ങൾ നിങ്ങൾ ഒപ്പിക്കും. പക്ഷേ അതൊക്കെ പഠനത്തിന്റെ ഭാഗമാണ്.”
ചുരുക്കിപ്പറഞ്ഞാൽ: അബദ്ധങ്ങളും ഇടയ്ക്കൊക്കെ സംഭവിക്കുന്ന മണ്ടത്തരങ്ങളും ചിരിച്ചുതള്ളാൻ പഠിച്ചാൽ, പുതിയ ഭാഷ പഠിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികൾ കയറി മുന്നേറാൻ നിങ്ങൾക്കാകും.
ചെയ്യാനാകുന്നത്: മറ്റുള്ളവർ നിങ്ങളെക്കാൾ നന്നായി ഭാഷ പഠിക്കുന്നതു കാണുമ്പോൾ നിരാശപ്പെടരുത്. ബൈബിൾ പറയുന്നു: “ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ. അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ തന്നിൽത്തന്നെ അഭിമാനിക്കാൻ അയാൾക്കു വകയുണ്ടാകും.”—ഗലാത്യർ 6:4.
പ്രയോജനങ്ങൾ എന്തൊക്കെയാണ്?
പുതിയ ഭാഷ പഠിക്കുന്നതിന്റെ പ്രയോജനങ്ങൾ അനവധിയാണ്. അതു ശരിവെക്കുന്നതാണ് ഒലീവിയയുടെ വാക്കുകൾ: “നിങ്ങൾ മറ്റൊരു ഭാഷ പഠിക്കുമ്പോൾ നിങ്ങളുടെ സുഹൃദ്വലയം വിശാലമാകുന്നു.”
പുതിയ ഭാഷ പഠിച്ചത് മേരി എന്ന ചെറുപ്പക്കാരിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. “ഞാൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കു വലിയ അഭിമാനമൊന്നും തോന്നിയിരുന്നില്ല. പക്ഷേ ഇപ്പോൾ ഒരു പുതിയ ഭാഷ പഠിക്കാൻ തുടങ്ങിയപ്പോൾ ഓരോ വാക്കു പഠിക്കുമ്പോഴും അത് എന്നെ ആവേശംകൊള്ളിക്കുന്നു. എനിക്ക് ഇപ്പോൾ ആത്മാഭിമാനം തോന്നുന്നു” എന്നാണ് മേരി പറയുന്നത്.
മറ്റുള്ളവരെ ആംഗ്യഭാഷയിൽ ബൈബിൾ പഠിപ്പിക്കാൻ കഴിഞ്ഞത്, മുമ്പ് പറഞ്ഞ ജിനയുടെ സുവിശേഷപ്രവർത്തനത്തിലെ സന്തോഷം വർധിപ്പിച്ചു. അവൾ പറയുന്നു: “അവരുടെ ഭാഷയിൽ ഞാൻ സംസാരിക്കുമ്പോൾ അവരുടെ മുഖത്ത് തെളിയുന്ന ആ പ്രകാശമാണ് എനിക്കു കിട്ടുന്ന പ്രതിഫലം!”
ചുരുക്കിപ്പറഞ്ഞാൽ: പുതിയ ഭാഷ പഠിക്കുമ്പോൾ പുതിയ സുഹൃത്തുക്കളെ നേടാം, ആത്മവിശ്വാസം കൂട്ടാം, സുവിശേഷപ്രവർത്തനത്തിലെ സന്തോഷവും വർധിപ്പിക്കാം. “എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” ഉള്ള ആളുകളെ സന്തോഷവാർത്ത അറിയിക്കാനുള്ള നല്ലൊരു മാർഗമാണ് ഇത്.—വെളിപാട് 7:9.