വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചനം ചെയ്യു​ന്നെ​ങ്കി​ലോ?

മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചനം ചെയ്യു​ന്നെ​ങ്കി​ലോ?

 ചെറു​പ്പ​ക്കാ​രെ ഏറ്റവും കൂടുതൽ വിഷമി​പ്പി​ക്കുന്ന സാഹച​ര്യ​ങ്ങ​ളിൽ ഒന്നാണ്‌ അവരുടെ മാതാ​പി​താ​ക്കൾ വേർപി​രി​യു​ന്നത്‌. ആ സമയത്ത്‌ പിടി​ച്ചു​നിൽക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

ഈ ലേഖന​ത്തിൽ

 ചെയ്യരു​താത്ത മൂന്നു കാര്യങ്ങൾ

 1. സ്വയം കുറ്റ​പ്പെ​ടു​ത്തു​ക

 “ഞാൻ ഉണ്ടായ​തോ​ടെ​യാണ്‌ ഡാഡി​ക്കും മമ്മിക്കും ഇടയിൽ പ്രശ്‌നങ്ങൾ തുടങ്ങി​യ​തെന്നു മമ്മി ഒരിക്കൽ എന്നോടു പറഞ്ഞു. അതോടെ അവരുടെ വിവാ​ഹ​ബന്ധം തകരാ​നുള്ള കാരണം ഞാനാ​ണെന്ന്‌ എനിക്കു തോന്നാൻ തുടങ്ങി.”—ഡയാന.

 ഓർക്കുക: അവരുടെ വിവാ​ഹ​മോ​ച​ന​ത്തി​നു കാരണം നിങ്ങളല്ല. പ്രശ്‌നം മാതാ​പി​താ​ക്കൾ തമ്മിലാണ്‌. അത്‌ ഉണ്ടാക്കി​യതു നിങ്ങളല്ല, അതു പരിഹ​രി​ക്കാ​നും നിങ്ങൾക്കു കഴിയില്ല. വിവാ​ഹ​ജീ​വി​ത​ത്തി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം അവർക്കാണ്‌.

 “ഓരോ​രു​ത്ത​രും സ്വന്തം ചുമടു ചുമക്ക​ണ​മ​ല്ലോ.”—ഗലാത്യർ 6:5.

 2. ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കുക

 “മമ്മിയെ ചതിച്ച ഡാഡി​യോട്‌ എനിക്കു വലിയ ദേഷ്യ​മാണ്‌. ഇനി ഡാഡിയെ വിശ്വ​സി​ക്കാൻ എനിക്ക്‌ എളുപ്പം പറ്റു​മെന്നു തോന്നു​ന്നില്ല.”—റിയാന.

 ഓർക്കുക: മാതാ​പി​താ​ക്കൾക്കി​ട​യിൽ സംഭവി​ക്കു​ന്നതു കാണു​മ്പോൾ നിങ്ങൾക്കു ദേഷ്യ​മോ വിഷമ​മോ ഒക്കെ തോന്നി​യേ​ക്കാം. അതിനു തക്കതായ കാരണ​വു​മു​ണ്ടാ​യേ​ക്കാം. പക്ഷേ, ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ ഒട്ടും നല്ലതല്ല. അതു നിങ്ങൾക്കു ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും ദോഷം ചെയ്യും. അതു​കൊ​ണ്ടാണ്‌ ഒരാ​ളോ​ടു ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നതു സ്വയം വിഷം കഴിച്ചിട്ട്‌ മറ്റേ വ്യക്തി വയ്യാതാ​കാൻ കാത്തി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ എന്നു പറയു​ന്നത്‌. a

 “കോപം കളഞ്ഞ്‌ ദേഷ്യം ഉപേക്ഷി​ക്കൂ!”—സങ്കീർത്തനം 37:8.

 3. വിവാ​ഹ​ജീ​വി​തം സന്തോ​ഷ​ത്തോ​ടെ കൊണ്ടു​പോ​കാൻ തനിക്കു പറ്റി​ല്ലെന്ന്‌ സംശയി​ക്കു​ന്നു

 “പപ്പ ചെയ്‌ത​തു​തന്നെ ഞാനും ചെയ്യു​മോ എന്ന പേടി​യാണ്‌ എനിക്ക്‌. കല്യാണം കഴിച്ച്‌ കുട്ടി​ക​ളൊ​ക്കെ ആയിക്ക​ഴി​യു​മ്പോൾ പപ്പയും മമ്മിയും വേർപി​രി​യാൻ ഇടയാ​ക്കിയ അതേ കാര്യം ഞാനും ആവർത്തി​ക്കു​മോ എന്ന്‌ എനിക്കു പേടി​യുണ്ട്‌.”—ജെസീക്ക.

 ഓർക്കുക: മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​ജീ​വി​തം പരാജ​യ​പ്പെ​ട്ടെന്നു കരുതി നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​വും പരാജ​യ​പ്പെ​ടും എന്ന്‌ അതിന്‌ അർഥമില്ല. ശരിക്കും പറഞ്ഞാൽ മാതാ​പി​താ​ക്ക​ളു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾക്കു വില​യേ​റിയ പല പാഠങ്ങ​ളും പഠിക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, താൻ വിവാഹം കഴിക്കാൻപോ​കുന്ന വ്യക്തി​ക്കു​ണ്ടാ​യി​രി​ക്കേണ്ട ഗുണങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്കി​പ്പോൾ കൂടുതൽ അറിയാ​മാ​യി​രി​ക്കും. ഇനി മാതാ​പി​താ​ക്ക​ളു​ടെ തകർന്ന വിവാ​ഹ​ജീ​വി​തം, കൂടുതൽ മെച്ചപ്പെട്ട ഒരു ഭാര്യ​യോ ഭർത്താ​വോ ആയിരി​ക്കാ​നും അതിനു​വേണ്ട ഗുണങ്ങൾ വളർത്താ​നും നിങ്ങളെ പ്രേരി​പ്പി​ച്ചേ​ക്കാം.

 “ഓരോ​രു​ത്ത​രും സ്വന്തം പ്രവൃത്തി വിലയി​രു​ത്തട്ടെ.”—ഗലാത്യർ 6:4.

മാതാപിതാക്കൾ വിവാ​ഹ​മോ​ചനം നേടു​മ്പോൾ അതിൽനിന്ന്‌ കരകയ​റു​ന്നത്‌ ഒടിഞ്ഞ ഒരു എല്ല്‌ സുഖ​പ്പെ​ടു​ന്ന​തു​പോ​ലെ​യാണ്‌. തുടക്ക​ത്തിൽ വേദന തോന്നി​യേ​ക്കാ​മെ​ങ്കി​ലും പതിയെ സുഖ​പ്പെ​ടും

 ചെയ്യേണ്ട മൂന്നു കാര്യങ്ങൾ

 1. തുറന്ന്‌ സംസാ​രി​ക്കുക. ദേഷ്യ​വും വിഷമ​വും ഒക്കെ ഉള്ളി​ലൊ​തു​ക്കു​ന്നവർ മദ്യത്തി​ന്റെ​യും മയക്കു​മ​രു​ന്നി​ന്റെ​യും ദുരു​പ​യോ​ഗം പോലുള്ള ഹാനി​ക​ര​മായ ശീലങ്ങ​ളിൽ ചെന്നു​പെ​ടാ​നുള്ള സാധ്യത കൂടു​ത​ലാണ്‌. ആ വഴിയെ പോകു​ന്ന​തി​നു പകരം ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

 മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ക്കുക. മാതാ​പി​താ​ക്ക​ളിൽ ഒരാളോ അല്ലെങ്കിൽ രണ്ടു പേരു​മോ, അവരിൽ ആരു​ടെ​യെ​ങ്കി​ലും പക്ഷത്ത്‌ നിൽക്കാൻ നിങ്ങളെ നിർബ​ന്ധി​ക്കു​ന്നു​ണ്ടെ​ങ്കിൽ അതു നിങ്ങളെ എത്രമാ​ത്രം വിഷമി​പ്പി​ക്കു​ന്നു​ണ്ടെന്ന്‌ ശാന്തമാ​യി എന്നാൽ ധൈര്യ​ത്തോ​ടെ തുറന്നു​പ​റ​യുക. നേരിട്ട്‌ സംസാ​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽ അവരിൽ ഒരാൾക്കോ രണ്ടു പേർക്കു​മോ കത്തെഴു​താം.

 വിശ്വ​സി​ക്കാ​വു​ന്ന ഒരു സുഹൃ​ത്തി​നോ​ടു സംസാ​രി​ക്കുക. നിങ്ങൾ പറയു​ന്നതു ശ്രദ്ധിച്ച്‌ കേൾക്കുന്ന ഒരാൾ ഉണ്ടായി​രി​ക്കു​ന്ന​തു​തന്നെ വലി​യൊ​രു ആശ്വാ​സ​മാണ്‌. ബൈബിൾ പറയുന്നു: “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

 നിങ്ങളു​ടെ സ്രഷ്ടാ​വി​നോ​ടു സംസാ​രി​ക്കുക. ‘പ്രാർഥന കേൾക്കുന്ന’ ദൈവ​മായ യഹോവ നിങ്ങൾ പറയു​ന്നത്‌ എപ്പോ​ഴും ശ്രദ്ധി​ക്കും. (സങ്കീർത്തനം 65:2) “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക” എന്നു ബൈബിൾ പറയുന്നു.—1 പത്രോസ്‌ 5:7.

  •   മാതാ​പി​താ​ക്ക​ളിൽ ആരോ​ടാണ്‌ പൊട്ടി​ത്തെ​റി​ക്കാ​തെ ശാന്തമാ​യി നിങ്ങൾക്കു സംസാ​രി​ക്കാ​നാ​കു​ന്നത്‌?

  •   ഇക്കാര്യ​ത്തിൽ നിങ്ങളെ സഹായി​ക്കാ​നാ​കുന്ന വിശ്വ​സ്‌ത​നായ ഒരു സുഹൃത്ത്‌ (സമപ്രാ​യ​ക്കാ​ര​നോ മുതിർന്ന​യാ​ളോ) ആരാണ്‌?

  •   ഏതെല്ലാം പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എടുത്തു​പ​റഞ്ഞ്‌ പ്രാർഥി​ക്കാ​നാ​കും?

 2. മാറ്റങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ക

 മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​മോ​ച​ന​ത്തോ​ടെ നിങ്ങളു​ടെ ജീവി​ത​ത്തിൽ പല മാറ്റങ്ങൾ ഉണ്ടാ​യേ​ക്കാം. പുതിയ വീട്‌, പുതിയ സ്‌കൂൾ, വരുമാ​ന​ത്തി​ലുള്ള മാറ്റം, കൂട്ടു​കാർപോ​ലും മാറി​യേ​ക്കാം. അതു വളരെ ടെൻഷ​നും ബുദ്ധി​മു​ട്ടും ഉണ്ടാക്കുന്ന കാര്യ​ങ്ങ​ളാണ്‌. ജീവി​തം​തന്നെ തകിടം മറിഞ്ഞ​തു​പോ​ലെ​യാ​യി​രി​ക്കും നിങ്ങൾക്കു തോന്നു​ന്നത്‌. കാര്യങ്ങൾ കുറച്ചു​കൂ​ടെ എളുപ്പ​മാ​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? പുതിയ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ എങ്ങനെ കഴിയും എന്നതിനു കൂടുതൽ ശ്രദ്ധ കൊടു​ക്കുക.

  •   മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​മോ​ചനം കാരണം നിങ്ങൾക്കു വരു​ത്തേ​ണ്ടി​വന്ന ഏറ്റവും വലിയ മാറ്റം എന്താണ്‌?

  •   ആ മാറ്റ​ത്തോ​ടു പൊരു​ത്ത​പ്പെ​ടാൻ നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാ​നാ​കും?

 “ഏതു സാഹച​ര്യ​ത്തി​ലും തൃപ്‌ത​നാ​യി​രി​ക്കാൻ എനിക്ക്‌ അറിയാം.”—ഫിലി​പ്പി​യർ 4:11.

 3. നിങ്ങളി​ലെ കഴിവു​ക​ളും ഗുണങ്ങ​ളും കണ്ടെത്തുക

 മാതാ​പി​താ​ക്കൾ വേർപി​രി​യു​ന്നതു നിങ്ങൾക്ക്‌ ഒരുപാട്‌ ടെൻഷ​നു​ണ്ടാ​ക്കും എന്നതു ശരിയാണ്‌. എന്നാൽ അത്‌, നിങ്ങളു​ടെ ഉള്ളിലെ കഴിവു​ക​ളും ഗുണങ്ങ​ളും തിരി​ച്ച​റി​യാ​നുള്ള അവസര​ങ്ങ​ളും തരും. പുതിയവ നേടി​യെ​ടു​ക്കാൻപോ​ലും നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. ജെറമി​യു​ടെ 13-ാമത്തെ വയസ്സിൽ അവന്റെ മാതാ​പി​താ​ക്കൾ വേർപി​രി​ഞ്ഞ​താണ്‌. അവൻ പറയുന്നു: “പപ്പയും മമ്മിയും വിവാ​ഹ​മോ​ചനം ചെയ്‌ത​പ്പോൾ എനിക്കു കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കേ​ണ്ടി​വന്നു. ഞാൻ മൂത്ത മകനാ​യ​തു​കൊണ്ട്‌ അമ്മയെ സഹായി​ക്കു​ക​യും അതോ​ടൊ​പ്പം അനിയ​നു​വേണ്ട കാര്യങ്ങൾ ചെയ്‌തു​കൊ​ടു​ക്കു​ക​യും വേണമാ​യി​രു​ന്നു.”

മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​മോ​ചനം നിങ്ങളെ കൂടുതൽ ഉത്തരവാ​ദി​ത്വ​ബോ​ധ​മു​ള്ളവർ ആക്കി​യേ​ക്കാം

  •   മാതാ​പി​താ​ക്കൾ വേർപി​രി​ഞ്ഞതു കാരണം നിങ്ങളു​ടെ ഏതെല്ലാം ഗുണങ്ങ​ളും കഴിവു​ക​ളും തിരി​ച്ച​റി​യാൻ നിങ്ങൾക്കു കഴിഞ്ഞി​ട്ടുണ്ട്‌?

  •   ഏതെല്ലാം കാര്യ​ങ്ങ​ളിൽ മെച്ച​പ്പെ​ടാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

 ‘തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യാണ്‌. അവ കാര്യങ്ങൾ നേരെ​യാ​ക്കാൻ ഉപകരി​ക്കു​ന്നു.’—2 തിമൊ​ഥെ​യൊസ്‌ 3:16.

a കൂടുതൽ അറിയാൻ “എന്റെ കോപം നിയ​ന്ത്രി​ക്കാൻ എങ്ങനെ കഴിയും?” എന്ന ലേഖനം കാണുക.