യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് മാതാപിതാക്കളുമായി എങ്ങനെ യോജിച്ചുപോകാം?
ശണ്ഠയ്ക്കു കാരണമായ വാക്കുതർക്കങ്ങൾ
മാതാപിതാക്കളിൽ ആരോടാണ് നിങ്ങൾ ശണ്ഠയിടാൻ സാധ്യത കൂടുതൽ?
അച്ഛൻ
അമ്മ
എത്ര കൂടെക്കൂടെ നിങ്ങൾ ശണ്ഠയിടും?
അപൂർവമായി
ഇടയ്ക്കിടെ
മിക്കപ്പോഴും
ശണ്ഠ എത്രത്തോളം തീവ്രമാണ്?
പെട്ടെന്ന് സമാധാനപരമായി പരിഹരിക്കും.
വളരെയധികം വാക്കുതർക്കത്തിനു ശേഷം മാത്രം പരിഹരിക്കും
ഏറെ വാക്കുതർക്കം ഉണ്ടായാലും പരിഹരിക്കുകയില്ല.
മാതാപിതാക്കളോടു ചേർന്നുപോകാൻ കഴിയില്ലെന്ന് തോന്നുമ്പോൾ നിങ്ങൾ ഇങ്ങനെ വിചാരിച്ചേക്കാം, ‘സാഹചര്യം മെച്ചപ്പെടുത്താൻ അവർക്കെന്തെങ്കിലും ചെയ്തുകൂടേ?’ എന്നാൽ ശണ്ഠകളുടെ എണ്ണം കുറയ്ക്കാനും തീവ്രത ശമിപ്പിക്കാനും നിങ്ങൾക്ക് സ്വീകരിക്കാവുന്ന ചില പടികളുണ്ട്. ഒന്നാമതായി. . .
ശണ്ഠ ഉണ്ടാകുന്നത് എന്തുകൊണ്ട്
ചിന്തിക്കാനുള്ള കഴിവ്. കാര്യങ്ങളെക്കുറിച്ച്, കുട്ടിയായിരുന്നപ്പോൾ ചിന്തിച്ചതിനേക്കാൾ ആഴത്തിൽ നിങ്ങൾ വളർന്നുവരവെ ചിന്തിക്കാൻ തുടങ്ങും. ചില ഉറച്ചബോധ്യങ്ങൾ ഉണ്ടായേക്കാം. അവയിൽ ചിലത് മാതാപിതാക്കളുടെ ചിന്തയിൽനിന്നും വ്യത്യാസപ്പെട്ടതുമാകാം. എന്നാൽ, ബൈബിൾ ആവശ്യപ്പെടുന്നത്: “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നാണ്.—പുറപ്പാടു 20:12.
വസ്തുത: പക്വതയും ശണ്ഠയില്ലാതെ കാര്യങ്ങൾ തുറന്നുപറയാനുള്ള കഴിവും പതിയെപ്പതിയെ മാത്രമേ വളർന്നുവരികയുള്ളൂ.
സ്വാതന്ത്ര്യം. പക്വത കൈവരിക്കുന്തോറും, മാതാപിതാക്കൾ നിങ്ങൾക്ക് കൂടുതൽക്കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുതരാനിടയുണ്ട്. എന്നാൽ അതിൽ നിങ്ങൾ ആഗ്രഹിക്കുന്ന അത്രയും സ്വാതന്ത്ര്യം കാണണമെന്നില്ല; ആഗ്രഹിക്കുന്ന സമയത്തുതന്നെ അത് കിട്ടണമെന്നും ഇല്ല. ഇതും ശണ്ഠയ്ക്കു കാരണമായേക്കാം. പക്ഷേ ബൈബിൾ പറയുന്നത്, “നിങ്ങളുടെ അമ്മയപ്പന്മാരെ ... അനുസരിപ്പിൻ” എന്നാണ്.—എഫെസ്യർ 6:1.
വസ്തുത: മാതാപിതാക്കൾ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്നത്, നിങ്ങൾ ഇപ്പോഴുള്ള സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും.
നിങ്ങൾക്ക് ചെയ്യാവുന്നത്
നിങ്ങളുടെ കടമ ശ്രദ്ധിക്കുക. ശണ്ഠയുടെ മുഴുവൻ കുറ്റവും മാതാപിതാക്കളുടെ തലയിൽ കെട്ടിവെക്കുന്നതിന് പകരം സമാധാനം ഉണ്ടാക്കാൻ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്നു നോക്കുക. ജഫ്രി എന്ന ചെറുപ്പക്കാരൻ പറയുന്നു: “മാതാപിതാക്കളുടെ ഭാഗത്തായിരിക്കണമെന്നില്ല തെറ്റ്. മിക്കപ്പോഴും ശണ്ഠ ആളിക്കത്തിക്കുന്നത് നിങ്ങളുടെ പ്രതികരണമായിരിക്കും. സമാധാനപരമായി സംസാരിക്കുന്നത് പ്രശ്നങ്ങളെ നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കും.”
ബൈബിൾ പറയുന്നത്: “സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ (നിങ്ങൾ) പരമാവധി ശ്രമിക്കുവിൻ.”—റോമർ 12:18.
ശ്രദ്ധിക്കുക. 17-വയസ്സുള്ള സമന്ത പറയുന്നു: “ചെയ്യാവുന്നതിൽവെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള സംഗതിയാണ് ഇതെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു. നിങ്ങൾ മാതാപിതാക്കളെ ശ്രദ്ധിക്കുന്നതായി അവർക്കു തോന്നിയാൽ അവർ നിങ്ങൾ പറയുന്നതും ശ്രദ്ധിക്കാൻ സാധ്യതയുണ്ട്.”
ബൈബിൾ പറയുന്നത്: “കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കട്ടെ.”—യാക്കോബ് 1:19.
ഒരു ‘ടീമി’ലെ അംഗത്തെപ്പോലെ ചിന്തിക്കുക. ശണ്ഠ കൂടുന്നത് ഒരു ടെന്നിസ് കളിയുമായി താരതമ്യപ്പെടുത്താം. വലയുടെ അപ്പുറത്ത് വരേണ്ടത് പ്രശ്നമാണ്, അല്ലാതെ മാതാപിതാക്കൾ അല്ല. ആദം എന്നു പേരുള്ള ചെറുപ്പക്കാരൻ പറയുന്നു: “മാതാപിതാക്കൾ കൗമാരത്തിലുള്ള കുട്ടിക്ക് ഏറ്റവും നല്ലതെന്ന് തങ്ങൾക്കു തോന്നുന്ന കാര്യമാണ് ആഗ്രഹിക്കുന്നത്, ശണ്ഠ ഉണ്ടാകുന്ന സാഹചര്യത്തിൽപ്പോലും. അതേസമയം കൗമാരക്കാരൻ ഏറ്റവും നല്ലതെന്നു തോന്നുന്നത് തനിക്കുവേണ്ടി ആഗ്രഹിക്കുന്നു. അതുകൊണ്ട് തത്ത്വത്തിൽ രണ്ടുകൂട്ടരും പ്രവർത്തിക്കുന്നത് ഒരേ ലക്ഷ്യത്തിലാണ്.”
ബൈബിൾ പറയുന്നത്: ‘സമാധാനത്തിന് ഉതകുന്ന കാര്യങ്ങൾ പിൻപറ്റാം.’—റോമർ 14:19.
പരസ്പരം മനസ്സിലാക്കുക. കൗമാരക്കാരിയായ സാറായുടെ അഭിപ്രായം ഇതാണ്: “മാതാപിതാക്കൾക്ക് അവരുടെ പ്രശ്നങ്ങളുമായി മല്ലിടേണ്ടതുണ്ട്. ഇത് ഓർക്കുന്നത് പലപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. നമുക്കുള്ളതുപോലെതന്നെ കുഴപ്പിക്കുന്ന പ്രശ്നങ്ങൾ അവർക്കും ഉണ്ട്.” ഇതിനോടു ചേരുന്നതാണ് മറ്റൊരു കൗമാരക്കാരിയായ കാർലയുടെ വാക്കുകൾ. അവൾ പറയുന്നു: “മാതാപിതാക്കളുടെ സ്ഥാനത്ത് ഞാൻ എന്നെത്തന്നെ നിറുത്തും. ഇതുപോലൊരു സാഹചര്യത്തിൽ ഞാൻ ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരികയാണെങ്കിൽ എനിക്ക് എന്തു തോന്നും? എന്റെ കുട്ടിക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാൻ ആഗ്രഹിക്കുക?”
ബൈബിൾ പറയുന്നത്: “ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:4.
അനുസരിക്കുക. ബൈബിൾ നിങ്ങളോടു പറയുന്നതും ഇതുതന്നെയാണ്. (കൊലോസ്യർ 3:20) നിങ്ങൾ അനുസരിക്കുകയാണെങ്കിൽ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിത്തീരും. കാരൻ എന്ന യുവതി പറയുന്നു: “മാതാപിതാക്കൾ പറയുന്നത് അനുസരിക്കുമ്പോൾ ജീവിതത്തിൽ സമ്മർദം തീരെ കുറവാണ്. അവർ എനിക്കുവേണ്ടി ഇപ്പോൾത്തന്നെ വളരെയധികം ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ കാര്യം അവരെ അനുസരിക്കുന്നതാണ്.” ശണ്ഠയ്ക്കുള്ള ഏറ്റവും നല്ല മറുമരുന്ന് അനുസരണം തന്നെയാണ്.
ബൈബിൾ പറയുന്നത്: “വിറകു ഇല്ലാഞ്ഞാൽ തീ കെട്ടുപോകും.”—സദൃശവാക്യങ്ങൾ 26:20.
ചെയ്യാൻ കഴിയുന്നത്. നിങ്ങൾക്ക് കാര്യങ്ങൾ തുറന്നു പറയുന്നത് ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ, നിങ്ങളുടെ ചിന്തകൾ ഒരു കുറിപ്പിൽ എഴുതുകയോ അല്ലെങ്കിൽ മെസേജുകൾ അയയ്ക്കുകയോ ചെയ്യാം. കൗമാരക്കാരിയായ ആലിസയുടെ വാക്കുകൾ ഇങ്ങനെയാണ്: “സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലെങ്കിൽ ഞാൻ ഇങ്ങനെയാണ് ചെയ്യാറുള്ളത്. വഴക്കിടാതെയും പിന്നീട് ഖേദം തോന്നുന്ന കാര്യങ്ങൾ വിളിച്ചുപറയാതെയും എന്നെത്തന്നെ വെളിപ്പെടുത്താൻ ഇത് സഹായിച്ചിരിക്കുന്നു.”