യുവജനങ്ങൾ ചോദിക്കുന്നു
ഇത് സൗഹൃദമോ പ്രണയമോ?—ഭാഗം 2: ഞാൻ എന്തു സൂചനയാണു കൊടുക്കുന്നത്?
ഒരു സുഹൃത്തു സംസാരിക്കുമ്പോൾ അതു കേട്ടുനിൽക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ? അടുത്തിടെ നിങ്ങൾ ഒരു സുഹൃത്തിനോട് ഒരുപാടു സംസാരിച്ചു. എന്നാൽ, ആ സുഹൃത്ത് എതിർലിംഗത്തിൽപ്പെട്ട ഒരാളായിരുന്നു. ‘ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണ്’ എന്നു നിങ്ങൾ പറഞ്ഞ് സമാധാനിച്ചേക്കാം. മറ്റേ വ്യക്തിയും അങ്ങനെതന്നെ കരുതുന്നെന്നായിരിക്കാം നിങ്ങളുടെ വിചാരം. ഈ വിഷയം നിങ്ങൾ ഗൗരവമായി എടുക്കേണ്ടതുണ്ടോ?
എന്തു സംഭവിച്ചേക്കാം?
ആൺകുട്ടികൾ പെൺകുട്ടികളോടും പെൺകുട്ടികൾ ആൺകുട്ടികളോടും കൂട്ടുകൂടുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ നിങ്ങൾക്ക് ഒരാളോടു മറ്റുള്ളവരെക്കാൾ കൂടുതൽ അടുപ്പമോ ഇഷ്ടമോ തോന്നുന്നെങ്കിലോ? അങ്ങനെയെങ്കിൽ നിങ്ങൾ വെറും സൗഹൃദമല്ല അതിലേറെ എന്തോ ആഗ്രഹിക്കുന്നുണ്ടെന്നു മറ്റേ വ്യക്തി കണക്കുകൂട്ടിയേക്കാം.
ശരിക്കും പറഞ്ഞാൽ ഇതാണോ നിങ്ങൾ ഉദ്ദേശിച്ചത്? മനഃപൂർവമല്ലെങ്കിൽപ്പോലും പിൻവരുന്നതുപോലുള്ള ചില കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.
ഒരാൾക്കു നിങ്ങൾ വളരെയധികം ശ്രദ്ധ കൊടുക്കുന്നു.
“നിങ്ങൾക്കു മറ്റൊരാളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും എരിതീയിൽ എണ്ണ പകരുന്നതുപോലെയുള്ള പ്രവൃത്തി ഒഴിവാക്കണം. ഉദാഹരണത്തിന്: നിങ്ങൾ തമ്മിൽ വെറും സൗഹൃദം മാത്രമേയുള്ളൂവെന്നു പറയുകയും എന്നാൽ ആ വ്യക്തിയുമായി സദാസമയം ഫോൺ വിളിയും സംസാരവും പോലുള്ളവ.”—സെയ്റാ.
ഒരാൾ നിങ്ങൾക്കു ശ്രദ്ധ നൽകിയപ്പോൾ നിങ്ങളും തിരിച്ച് ശ്രദ്ധ കൊടുക്കുന്നു.
“തുടങ്ങിവെച്ചതൊന്നും ഞാനല്ല. അവളുടെ മെസ്സേജുകൾക്കെല്ലാം ഞാൻ മറുപടി കൊടുത്തെന്നേയുള്ളൂ. എന്നാൽ പിന്നീട്, അവളെ എന്റെ ഒരു കൂട്ടുകാരി മാത്രമായാണു ഞാൻ കാണുന്നതെന്ന് അവളോടു പറയുന്നത് എനിക്കു ബുദ്ധിമുട്ടായിത്തീർന്നു.”—റിച്ചാർഡ്.
ഒരാൾ നിങ്ങളെ ശ്രദ്ധിക്കുന്നതിനെ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
“ആരോടെങ്കിലും ശൃംഗരിക്കുന്നതിനെ ഒരു കളിതമാശയായിട്ടാണു ചിലർ കാണുന്നത്. ബന്ധങ്ങളെ ഗൗരവമായി കാണാതെ മറ്റുള്ളവരുടെ വികാരങ്ങളെയാണ് അവർ അമ്മാനമാടുന്നത്. ഇങ്ങനെ സംഭവിക്കുന്നതു മിക്കപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. ആരുടെയെങ്കിലും ഒരാളുടെ മനസ്സു മുറിപ്പെടുമെന്ന് ഉറപ്പാണ്.”—തമാരാ.
ചുരുക്കിപ്പറഞ്ഞാൽ: ഒരാളോടു പതിവായി ആശയവിനിമയം നടത്തുമ്പോഴും അയാൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കുമ്പോഴും ആ വ്യക്തിക്കു നിങ്ങൾ പ്രണയസൂചനകൾ നൽകുകയാണ്.
അതു പ്രധാനമാണോ?
അതു മറ്റേ വ്യക്തിയെ മുറിപ്പെടുത്തും.
ബൈബിൾ പറയുന്നു: “പ്രതീക്ഷകൾ നിറവേറാൻ വൈകുമ്പോൾ ഹൃദയം തകരുന്നു.” (സുഭാഷിതങ്ങൾ 13:12) പ്രണയസൂചനകൾ നൽകിക്കൊണ്ട് ആരെങ്കിലും നിങ്ങളുമായി എപ്പോഴും ആശയവിനിമയം നടത്താൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്ക് എന്തു തോന്നും?
“‘ആളെ ചൂണ്ടയിൽ നിറുത്തുക’ (‘Keeping someone on the hook’) എന്ന ഒരു പ്രയോഗമുണ്ട്. അതായത്, ചൂണ്ടയിൽ കുടുങ്ങിയ മീനിനെ വിട്ടുകളയുകയുമില്ല, പിടിച്ചെടുക്കുകയുമില്ല. പ്രണയബന്ധത്തിലും അങ്ങനെ സംഭവിച്ചേക്കാം. നിങ്ങൾക്കു വിവാഹം കഴിക്കാൻ ഉദ്ദേശ്യമില്ലെങ്കിലും നിങ്ങൾ ആ വ്യക്തിയെ ‘ചൂണ്ടയിൽനിന്ന് വിടാതിരുന്നാൽ’ അയാളെ അതു വളരെയധികം വേദനിപ്പിക്കും.”—ജസികാ.
അതു നിങ്ങളുടെ സത്പേരിനു ദോഷം വരുത്തും.
ബൈബിൾ പറയുന്നു: “നിങ്ങൾ ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.” (ഫിലിപ്പിയർ 2:4) സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്ന ഒരാളെക്കുറിച്ച് നിങ്ങൾ എന്തു പറയും? അത് ആ വ്യക്തിയുടെ സത്പേരിനെ എത്രയധികം ബാധിക്കും?
“പെൺകുട്ടികളോടു ശൃംഗരിക്കുന്ന ഒരു ചെറുപ്പക്കാരനെ എനിക്ക് ഒട്ടും ഇഷ്ടമല്ല. ഒരുപക്ഷേ ദാമ്പത്യത്തിൽ അവിശ്വസ്തത കാണിക്കും എന്നതിന്റെ സൂചനയായിരിക്കാം ഇത്. ആത്മാഭിമാനം വർധിപ്പിക്കാൻ അവൻ മറ്റൊരാളെ കരുവാക്കുകയാണ്, അതു സ്വാർഥതയാണ്.”—ജൂലിയ.
ചുരുക്കിപ്പറഞ്ഞാൽ: വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യമില്ലാതെ പ്രണയസൂചനകൾ നൽകുന്ന ഒരു വ്യക്തി മറ്റുള്ളവരെയും തന്നെത്തന്നെയും ദ്രോഹിക്കുകയാണ്.
നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
ബൈബിൾ പറയുന്നത്, ‘പ്രായം കുറഞ്ഞ പുരുഷന്മാരെ അനിയന്മാരെപ്പോലെയും . . . ഇളയ സ്ത്രീകളെ പൂർണനിർമലതയോടെ പെങ്ങന്മാരെപ്പോലെയും കണക്കാ’ക്കാനാണ്. (1 തിമൊഥെയൊസ് 5:1, 2) ഈ നിലവാരത്തിനു ചേർച്ചയിൽ നിങ്ങൾ പ്രവർത്തിക്കുന്നെങ്കിൽ എതിർലിംഗത്തിൽപ്പെട്ടവരോടുള്ള നിങ്ങളുടെ സൗഹൃദം സുരക്ഷിതമായിരിക്കും.
“ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ മറ്റൊരാളുമായി ശൃംഗരിക്കാൻ പോകുകയില്ല. അതുകൊണ്ട് ഏകാകിയായിരിക്കുന്ന ഈ സമയത്ത് എതിർലിംഗത്തിൽപ്പെട്ടവരോടു സമനിലയോടെ ഇടപെടുന്നത് എനിക്ക് ഒരു നല്ല പരിശീലനമാണ്.”—ലെയ.
ബൈബിൾ പറയുന്നത്, “സംസാരം കൂടിപ്പോയാൽ ലംഘനം ഉണ്ടാകാതിരിക്കില്ല” എന്നാണ്. (സുഭാഷിതങ്ങൾ 10:19) സംഭാഷണങ്ങൾക്കു മാത്രമല്ല മെസ്സേജുകൾക്കും ഈ തത്ത്വം ബാധകമാണ്. മെസ്സേജിന്റെ ഉള്ളടക്കവും എത്ര കൂടെക്കൂടെ അത് അയയ്ക്കുന്നു എന്നതും ഇതിൽപ്പെടുന്നു.
“വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഒരു പെൺകുട്ടിക്കു നിങ്ങൾ ദിവസേന മെസ്സേജ് അയയ്ക്കേണ്ട ആവശ്യമൊന്നുമില്ല.”—ബ്രയൻ.
ബൈബിൾ പറയുന്നത്, “ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്” എന്നാണ്. (യാക്കോബ് 3:17) സ്നേഹപ്രകടനങ്ങൾ ശുദ്ധമായ, അഥവാ നിർമലമായ രീതിയിലുമാകാം പ്രണയസൂചകമായും ആകാം.
“ഞാൻ ഹൃദ്യമായി സംസാരിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ അക്ഷരീയമായും ആലങ്കാരികമായും ‘ഒരു അകലം’ പാലിക്കുമെന്നു മാത്രം.”—മരിയ.
ചുരുക്കിപ്പറഞ്ഞാൽ: എതിർലിംഗത്തിൽപ്പെട്ടവരോടുള്ള നിങ്ങളുടെ പെരുമാറ്റം ഒന്നു പരിശോധിച്ചുനോക്കുക. കൗമാരക്കാരിയായ ജെനിഫർ പറയുന്നു: “നല്ല സുഹൃദ്ബന്ധങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണ്. നിങ്ങൾക്കുള്ള ആ നല്ല ബന്ധങ്ങളെ യാതൊരു വിലമതിപ്പുമില്ലാതെ പ്രണയസൂചനകൾകൊണ്ട് നശിപ്പിക്കരുത്.”
നിങ്ങൾക്കു ചെയ്യാനാകുന്നത്
മറ്റുള്ളവർ നിങ്ങളോടു പറയുന്ന കാര്യങ്ങൾ കണക്കിലെടുക്കുക. “നീ ഇന്ന ആളുമായി സ്നേഹത്തിലാണോ” എന്നു നിങ്ങളോട് ആരെങ്കിലും ചോദിക്കുന്നെന്നു കരുതുക. ഈ ചോദ്യം സൂചിപ്പിക്കുന്നത് നിങ്ങളും മറ്റേ വ്യക്തിയുമായി നല്ല അടുപ്പത്തിലായിക്കഴിഞ്ഞെന്നാണ്.
എതിർലിംഗത്തിൽപ്പെട്ട നിങ്ങളുടെ കൂട്ടുകാരെയെല്ലാം ഒരേപോലെ കാണാൻ ശ്രമിക്കുക. അവരിൽ ഒരാൾക്കു മാത്രം മറ്റുള്ളവരെക്കാൾ കൂടുതൽ ശ്രദ്ധ നൽകാതിരിക്കുക.
മെസ്സേജുകൾ അയയ്ക്കുന്നതിൽ ജാഗ്രത കാണിക്കുക. മെസ്സേജുകൾ എത്ര കൂടെക്കൂടെ അയയ്ക്കുന്നു, അതിൽ എഴുതുന്ന കാര്യങ്ങൾ, മെസ്സേജുകൾ അയയ്ക്കുന്ന സമയം ഇതിലെല്ലാം ശ്രദ്ധയുള്ളവരായിരിക്കുക. അലീസ എന്ന പെൺകുട്ടി പറയുന്നു: “പാതിരാത്രി സമയത്ത് എതിർലിംഗത്തിൽപ്പെട്ട ഒരാൾക്കു നിങ്ങൾ വെറുതേ മെസ്സേജ് അയയ്ക്കേണ്ട കാര്യമൊന്നുമില്ല.”