യുവജനങ്ങൾ ചോദിക്കുന്നു
‘ഈ ഹോംവർക്ക് മുഴുവൻ എങ്ങനെ ചെയ്തുതീർക്കാനാ?’
“ഒരുമണിവരെ ഹോംവർക്ക് ചെയ്താൽ മനുഷ്യൻ ചത്തുപോകും. എങ്ങനെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്നായിരിക്കും അപ്പോൾ തോന്നുക.”—ഡേവിഡ്.
“ചിലസമയത്ത് വെളുപ്പിന് നാലരവരെ ഞാനിരുന്ന് പഠിക്കും. പിന്നെ ഞാൻ കുറച്ചുനേരം ഉറങ്ങും. വീണ്ടും ആറുമണിക്ക് എഴുന്നേറ്റ് സ്കൂളിൽ പോവും. ആകെ വട്ടായിപ്പോകും.”—തെരേസ.
ഹോംവർക്ക് നിങ്ങൾക്കും ഒരു തലവേദനയാണോ? ആണെങ്കിൽ അതിനുള്ള മറുമരുന്നാണ് ഈ ലേഖനത്തിലുള്ളത്.
എന്തുകൊണ്ടാണ് ടീച്ചർ ഹോംവർക്ക് തരുന്നത്?
ഹോംവർക്ക് ചെയ്യുമ്പോൾ:
അറിവ് കൂടും
ഉത്തരവാദിത്വബോധം ഉണ്ടാകും
സമയം നന്നായി ഉപയോഗിക്കാൻ പഠിക്കും
ക്ലാസിൽ പഠിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സിലാകും. a
“ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങളൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടോ, അതോ എന്തെങ്കിലും മനസ്സിലായോ എന്നൊക്കെ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ടീച്ചർമാർ ഹോംവർക്ക് തരുന്നത്.”—മാരി.
കണക്കും സയൻസും ഒക്കെ പ്രശ്നം പരിഹരിക്കാനുള്ള നിങ്ങളുടെ കഴിവ് കൂട്ടും. വിദഗ്ധർ പറയുന്നത്, ഇതു നിങ്ങളുടെ മസ്തിഷ്കത്തിൽ പുതിയ നാഡീ ബന്ധങ്ങൾ സ്ഥാപിക്കാനും ഉള്ളതു ശക്തിപ്പെടുത്താനും സഹായിക്കും എന്നാണ്. അതുകൊണ്ട് തലച്ചോറിനു കൊടുക്കുന്ന വ്യായാമം പോലെയാണ് ഹോംവർക്ക് ചെയ്യുന്നത്.
ഹോംവർക്ക് ചെയ്യുന്നതിന്റെ പ്രയോജനം നിങ്ങൾ മനസ്സിലാക്കിയാലും ഇല്ലെങ്കിലും ജീവിതത്തിൽ നിങ്ങൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് അത്. എന്നാൽ ഒരു കാര്യത്തിൽ സന്തോഷിക്കാം: എത്രത്തോളം ഹോംവർക്ക് വേണം, വേണ്ട എന്നൊന്നും തീരുമാനിക്കാൻ നിങ്ങൾക്കു കഴിയില്ലെങ്കിലും അതു കുറച്ച് സമയംകൊണ്ട് ചെയ്തുതീർക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. അത് എങ്ങനെ?
പഠിക്കാനുള്ള നുറുങ്ങുകൾ
നിങ്ങൾക്ക് ഹോംവർക്ക് ഒരു തലവേദനയായി തോന്നുന്നുണ്ടോ? അതിന്റെ കാരണം നിങ്ങൾ ശ്രമം ചെയ്യാത്തതുകൊണ്ടായിരിക്കണമെന്നില്ല. ഒരുപക്ഷേ, നിങ്ങൾ സമയം കാര്യക്ഷമമായി ഉപയോഗിക്കാത്തതുകൊണ്ടായിരിക്കാം. നിങ്ങൾക്ക് എങ്ങനെ അത് ചെയ്യാം?
ഒന്നാമത്തെ നുറുങ്ങ്: പ്ലാൻ ചെയ്യുക. ബൈബിൾ പറയുന്നു: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും.” (സുഭാഷിതങ്ങൾ 21:5) പഠിക്കാൻ തുടങ്ങുന്നതിനു മുമ്പ് ആവശ്യമായ സാധനങ്ങളെല്ലാം അടുത്തുതന്നെ ഒരുക്കിവെക്കുക. അപ്പോൾ തൊട്ടതിനും പിടിച്ചതിനും ഒക്കെ എഴുന്നേറ്റ് പോകേണ്ടിവരില്ല.
ശ്രദ്ധിച്ചിരുന്ന് പഠിക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടെത്തുക. ഒച്ചപ്പാടും ബഹളവും ഇല്ലാത്ത നല്ല വെട്ടവും വെളിച്ചവും ഉള്ള വീട്ടിലെ ഒരു മുറി അതിനായി ചിലർ തിരഞ്ഞെടുക്കുന്നു. ചിലർ വീടിനു പുറത്തിരുന്നോ അല്ലെങ്കിൽ ലൈബ്രറിയിൽ ഇരുന്നോ പഠിക്കാറുണ്ട്.
“സ്കൂളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം? അതു നിങ്ങൾ എപ്പോഴാണ് ചെയ്യാൻ പോകുന്നത്? ഇതെല്ലാം ഒരു പുസ്തകത്തിലോ കലണ്ടറിലോ എഴുതിവെക്കുക. അപ്പോൾ നിങ്ങൾക്ക് സമയം നന്നായി ഉപയോഗിക്കാൻ പറ്റും. അങ്ങനെ ഒരു പട്ടിക നിങ്ങൾക്കുണ്ടെങ്കിൽ ടെൻഷൻ കുറയും.”—റിച്ചാർഡ്.
രണ്ടാമത്തെ നുറുങ്ങ്: ചെയ്യാനുള്ള കാര്യങ്ങൾ ചിട്ടപ്പെടുത്തുക. “എല്ലാം മാന്യമായും ചിട്ടയോടെയും നടക്കട്ടെ.” (1 കൊരിന്ത്യർ 14:40) ഈ തത്ത്വം മനസ്സിൽപ്പിടിച്ചുകൊണ്ട് ഏതു കാര്യം ആദ്യം ചെയ്യും, രണ്ടാമത് ചെയ്യുന്നത് എന്തായിരിക്കും എന്നിങ്ങനെ കാര്യങ്ങൾ ചിട്ടപ്പെടുത്തുക.
ആദ്യംതന്നെ ബുദ്ധിമുട്ടുള്ള കാര്യം ചെയ്യാനായിരിക്കും ചിലർക്ക് ഇഷ്ടം. എന്നാൽ മറ്റു ചിലർ എളുപ്പമുള്ളത് ആദ്യംതന്നെ ചെയ്തുതീർക്കുന്നു. അങ്ങനെയാകുമ്പോൾ കുറെ ചെയ്തുതീർത്തതിന്റെ സംതൃപ്തി അവർക്കു കിട്ടും. ഇതിൽ, നിങ്ങൾക്ക് ഏതാണോ ചേരുന്നത് അത് തിരഞ്ഞെടുക്കുക.
“ഒരു ലിസ്റ്റുണ്ടാക്കിയാൽ എന്തൊക്കെ ചെയ്യണം, ഏതു ക്രമത്തിൽ ചെയ്യണം, എന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ പറ്റും. അങ്ങനെ നിങ്ങൾക്ക് ടെൻഷനടിക്കാതെ ഹോംവർക്ക് ചെയ്യാം.”—ഹെയ്ഡി.
മൂന്നാമത്തെ നുറുങ്ങ്: വെച്ചുതാമസിപ്പിക്കരുത്. ബൈബിൾ പറയുന്നത് ഇതാണ്: “മടിയുള്ളവരാകാതെ നല്ല അധ്വാനശീലമുള്ളവരായിരിക്കുക.” (റോമർ 12:11) ഹോംവർക്ക് ചെയ്യേണ്ട സമയത്ത് മറ്റ് എന്തെങ്കിലും ചെയ്യാനുള്ള പ്രലോഭനം ഒരുപക്ഷേ നിങ്ങൾക്കു വന്നേക്കാം. പക്ഷേ അതിന് വഴങ്ങികൊടുക്കരുത്.
‘പിന്നെ ചെയ്യാം, പിന്നെ ചെയ്യാം’ എന്ന് പറയുന്നവർ ചെയ്യേണ്ട കാര്യം കൃത്യസമയത്ത് ചെയ്യണമെന്നില്ല. ഇനി ചെയ്താൽത്തന്നെ തട്ടിക്കൂട്ടി എന്തെങ്കിലും ചെയ്തുവെക്കും. കിട്ടിയ പണി പെട്ടെന്നുതന്നെ ചെയ്യാൻ തുടങ്ങിയാൽ അനാവശ്യമായ ടെൻഷനും വിഷമവും ഒഴിവാക്കാൻ പറ്റും.
“ഒരു പ്രോജക്ടോ ഹോംവർക്കോ കിട്ടിയാൽ ഉടൻതന്നെ ഞാൻ അത് ചെയ്ത് തുടങ്ങും. പിന്നീട് അതിനെക്കുറിച്ച് ഓർത്ത് എനിക്ക് ടെൻഷനടിക്കേണ്ടിവരാറില്ല. ബാക്കിയുള്ള എന്റെ പരിപാടികൾക്കും അതു തടസ്സമാകില്ല.”—സെറീന.
ചെയ്തുനോക്കൂ: എല്ലാ ദിവസവും നിങ്ങൾ ഒരേ സമയത്തുതന്നെ ഹോംവർക്ക് ചെയ്യാൻ ശ്രമിക്കൂ. അതു നിങ്ങളെ അടുക്കും ചിട്ടയും ഉള്ളവരായിരിക്കാൻ സഹായിക്കും.
നാലാമത്തെ നുറുങ്ങ്: ലക്ഷ്യം മറക്കരുത്. ‘നേരെ മുന്നിലേക്കു നോക്കാനാണ്’ ബൈബിൾ പറയുന്നത്. (സുഭാഷിതങ്ങൾ 4:25) അതുകൊണ്ട് ടിവിയോ മൊബൈലോ പോലുള്ളവ പഠിക്കുന്ന സമയത്ത് നിങ്ങളുടെ ശ്രദ്ധപതറിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
ഹോംവർക്ക് ചെയ്യുന്നതിനിടയ്ക്ക് നെറ്റിൽ പരതാനും മെസേജ് അയയ്ക്കാനും പോയാൽ ഹോംവർക്ക് ചെയ്യാൻ ഇരട്ടി സമയമെടുക്കും. എന്നാൽ ലക്ഷ്യം മറക്കാതെയിരുന്നാൽ നിങ്ങൾക്കു ടെൻഷൻ കുറയ്ക്കാം, സമയവും ലാഭിക്കാം.
“മൊബൈലും കമ്പ്യൂട്ടറും വീഡിയോ ഗെയിമും ടിവിയും ഒക്കെ ലക്ഷ്യംതെറ്റിക്കുന്ന കാര്യങ്ങളാണ്. എന്റെ അടുത്ത് ശ്രദ്ധപതറിക്കുന്ന ഇതുപോലുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അത് ഓഫ് ചെയ്യും. അല്ലെങ്കിൽ പ്ലഗ് ഊരിയിടും.”—ജോയൽ.
അഞ്ചാമത്തെ നുറുങ്ങ്: ന്യായബോധം കാണിക്കുക. ‘ന്യായബോധമുള്ളവരാണെന്ന്’കാണിക്കുക എന്നാണ് ബൈബിൾ പറയുന്നത്. (ഫിലിപ്പിയർ 4:5) ഒറ്റയിരിപ്പിന് ഹോംവർക്ക് ചെയ്തുതീർക്കാൻ നോക്കാതെ ചെറിയ ഇടവേളകൾ എടുക്കാവുന്നതാണ്. ഒന്ന് നടക്കാനോ സൈക്കിൾ ചവിട്ടാനോ ഓടാനോ ഒക്കെ പോകാം.
ഇതൊക്കെ പരീക്ഷിച്ചിട്ടും ഹോംവർക്ക് ഒരു ചുമടുണ്ട് ചെയ്യാൻ, എന്നാണ് നിങ്ങൾക്കു തോന്നുന്നതെങ്കിൽ ടീച്ചറോട് അതിനെക്കുറിച്ച് സംസാരിക്കുക. നിങ്ങൾ പറയുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ ചിലപ്പോൾ അവർ എന്തെങ്കിലും നിങ്ങൾക്കുവേണ്ടി ചെയ്തേക്കാം.
“ഹോംവർക്ക് ചെയ്യണമല്ലോ എന്ന് ഓർത്ത് ടെൻഷൻ കൂട്ടി സന്തോഷം കളയരുത്. നിങ്ങൾ നിങ്ങളുടെ പരാമാവധി പരിശ്രമിക്കുക. നമ്മളെ ഭ്രാന്തുപിടിപ്പിക്കാൻ മാത്രം പ്രാധാന്യം ഒന്നുമില്ലാത്ത ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. ഹോംവർക്ക് അക്കൂട്ടത്തിൽപ്പെടും.”—ജൂലിയ.
നിങ്ങളോടുതന്നെ ചോദിക്കുക:
എനിക്ക് ഹോംവർക്ക് ചെയ്യാൻ എന്തൊക്കെ കാര്യങ്ങൾ വേണം?
എനിക്കു ഹോംവർക്ക് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല സമയം ഏതാണ്?
എവിടെയിരുന്നാലാണ് എനിക്കു കൂടുതൽ ശ്രദ്ധയോടെ പഠിക്കാൻ പറ്റുക?
വെച്ചുതാമസിപ്പിക്കുന്ന ശീലം എനിക്ക് എങ്ങനെ ഒഴിവാക്കാം?
എന്റെ ശ്രദ്ധപതറിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
എനിക്ക് എങ്ങനെ ശ്രദ്ധപതറിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ പറ്റും?
ടെൻഷനടിക്കാതെ ഹോംവർക്ക് ചെയ്യാൻ പറ്റുന്നുണ്ടെന്ന കാര്യം എനിക്ക് എങ്ങനെ ഉറപ്പാക്കാം?
പ്രധാനപ്പെട്ട ഒരു കാര്യം: ഹോംവർക്ക് ചെയ്യുന്നതിൽ എന്തൊക്കെ കാര്യങ്ങളുണ്ടെന്നു മനസ്സിലാക്കുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ക്ലാസിൽനിന്ന് ഇറങ്ങുന്നതിനു മുമ്പ് ടീച്ചറോട് ചോദിക്കുക.
a ജെൻ സ്കെമിന്റെ സ്കൂളിന്റെ അധികാരം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന് എടുത്തിട്ടുള്ളത്.