ആരായിരുന്നു സ്നാപകയോഹന്നാൻ?
ബൈബിളിന്റെ ഉത്തരം
ദൈവത്തിന്റെ ഒരു പ്രവാചകനായിരുന്നു സ്നാപകയോഹന്നാൻ. (ലൂക്കോസ് 1:76) ബി.സി. 2-ലാണ് അദ്ദേഹം ജനിച്ചത്. എ.ഡി. 32-ൽ മരിക്കുകയും ചെയ്തു. മിശിഹയ്ക്ക്, അഥവാ ക്രിസ്തുവിനു വഴിയൊരുക്കാനുള്ള നിയമനം ദൈവം അദ്ദേഹത്തിനു കൊടുത്തു. ജൂതന്മാർ ദൈവത്തിലേക്കു മടങ്ങിവരുന്നതിനുവേണ്ടി ദൈവത്തിന്റെ സന്ദേശം അവരെ അറിയിച്ചുകൊണ്ട് യോഹന്നാൻ ഈ നിയമനം ചെയ്തു.—മർക്കോസ് 1:1-4; ലൂക്കോസ് 1:13, 16, 17.
നസറെത്തുകാരനായ യേശുവാണു വാഗ്ദത്തമിശിഹ എന്നു മനസ്സിലാക്കാൻ ആത്മാർഥതയുള്ളവരെ യോഹന്നാന്റെ സന്ദേശം സഹായിക്കുമായിരുന്നു. (മത്തായി 11:10) പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിനു മാനസാന്തരപ്പെടാനും അതിന്റെ അടയാളമായി സ്നാനമേൽക്കാനും യോഹന്നാൻ ആളുകളെ പ്രോത്സാഹിപ്പിച്ചു. (ലൂക്കോസ് 3:3-6) പലരെയും സ്നാനപ്പെടുത്തിയതുകൊണ്ട് അദ്ദേഹം സ്നാപകയോഹന്നാൻ എന്നും യോഹന്നാൻ സ്നാപകൻ എന്നും അറിയപ്പെടുന്നു. യോഹന്നാൻ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സ്നാനം യേശുവിന്റേതായിരുന്നു. a—മർക്കോസ് 1:9.
ഈ ലേഖനത്തിൽ
സ്നാപകയോഹന്നാനെ പ്രത്യേകതയുള്ളതാക്കിയത് എന്താണ്?
യോഹന്നാന്റെ പ്രവർത്തനം മുൻകൂട്ടിപ്പറഞ്ഞിരുന്നു: പ്രസംഗപ്രവർത്തനത്തിലൂടെ യഹോവയുടെ സന്ദേശവാഹകനെക്കുറിച്ചുള്ള പ്രവചനം യോഹന്നാൻ നിറവേറ്റി. (മലാഖി 3:1; മത്തായി 3:1-3) മുൻകൂട്ടിപ്പറഞ്ഞതുപോലെ അദ്ദേഹം ‘യഹോവയ്ക്കുവേണ്ടി ഒരു ജനത്തെ ഒരുക്കി.’ അതായത് ദൈവമായ യഹോവയുടെ പ്രധാനപ്രതിനിധിയായ യേശുക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കാൻ അദ്ദേഹം സഹജൂതന്മാരെ സഹായിച്ചു.—ലൂക്കോസ് 1:17.
യോഹന്നാന്റെ ശ്രേഷ്ഠത: യേശു പറഞ്ഞു: “സ്നാപകയോഹന്നാനെക്കാൾ വലിയവനായി ആരും എഴുന്നേറ്റിട്ടില്ല. എന്നാൽ സ്വർഗരാജ്യത്തിലെ ചെറിയവരിൽ ഒരാൾപ്പോലും യോഹന്നാനെക്കാൾ വലിയവനാണ്.” (മത്തായി 11:11) യോഹന്നാൻ ഒരു പ്രവാചകൻ മാത്രമല്ല, മുൻകൂട്ടിപ്പറഞ്ഞ ‘സന്ദേശവാഹകനും’ ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനു മുമ്പുള്ള ഒരു ദൈവദാസനെയും അദ്ദേഹത്തെക്കാൾ വലിയവനായി കണക്കാക്കാൻ പറ്റില്ല. യോഹന്നാൻ സ്വർഗരാജ്യത്തിൽ ഉണ്ടായിരിക്കില്ലെന്നും യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. b യേശു സ്വർഗത്തിലേക്കുള്ള വഴി തുറക്കുന്നതിനു മുമ്പുതന്നെ ഈ വിശ്വസ്തപ്രവാചകൻ മരിച്ചു. (എബ്രായർ 10:19, 20) എങ്കിലും ദൈവരാജ്യം ഭൂമിയെ ഭരിക്കുമ്പോൾ യോഹന്നാൻ അവിടത്തെ ഒരു പ്രജയായിരിക്കും. പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരവും ലഭിക്കും.—സങ്കീർത്തനം 37:29; ലൂക്കോസ് 23:43.
സ്നാപകയോഹന്നാന്റെ മാതാപിതാക്കൾ ആരായിരുന്നു?
സെഖര്യയും എലിസബത്തും ആയിരുന്നു യോഹന്നാന്റെ മാതാപിതാക്കൾ. ഒരു ജൂതപുരോഹിതനായിരുന്നു സെഖര്യ. യോഹന്നാന്റെ ജനനം ഒരു അത്ഭുതമായിരുന്നു. കാരണം യോഹന്നാന്റെ അമ്മ വന്ധ്യയായിരുന്നതുകൊണ്ട് അവർക്കു മക്കൾ ഉണ്ടാകില്ലായിരുന്നു. അവർ രണ്ടുപേരും “നന്നേ വൃദ്ധരുമായിരുന്നു.”—ലൂക്കോസ് 1:5-7, 13.
സ്നാപകയോഹന്നാന്റെ മരണത്തിനു പിന്നിൽ ആരായിരുന്നു?
യോഹന്നാൻ കൊല്ലപ്പെടുകയായിരുന്നു. ഹെരോദ് അന്തിപ്പാസ് രാജാവാണു യോഹന്നാന്റെ തല വെട്ടാനുള്ള കല്പന കൊടുത്തത്. ഭാര്യയായ ഹെരോദ്യയുടെ പ്രേരണയാലാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഹെരോദ്യയ്ക്കു യോഹന്നാനോടു വെറുപ്പായിരുന്നു. ഹെരോദ്യയും ജൂതനാണെന്ന് അവകാശപ്പെട്ടിരുന്ന ഹെരോദും തമ്മിലുള്ള വിവാഹബന്ധം ജൂതനിയമമനുസരിച്ച് ശരിയല്ലെന്നു ഹെരോദിനോടു യോഹന്നാൻ പറഞ്ഞതായിരുന്നു കാരണം.—മത്തായി 14:1-12; മർക്കോസ് 6:16-19.
സ്നാപകയോഹന്നാനും യേശുവും പരസ്പരം മത്സരിച്ചിരുന്നോ?
അതിന്റെ ഒരു സൂചനപോലും ബൈബിളിലില്ല. (യോഹന്നാൻ 3:25-30) യേശുവുമായി മത്സരിക്കുക എന്നതായിരുന്നില്ല യോഹന്നാന്റെ ഉദ്ദേശ്യം. ശരിക്കും പറഞ്ഞാൽ മിശിഹയ്ക്കു വഴിയൊരുക്കാനുള്ള ഉത്തരവാദിത്വമാണു തനിക്കുള്ളതെന്നു യോഹന്നാൻ തുറന്നുസമ്മതിച്ചു. യോഹന്നാൻ പറഞ്ഞു: “അദ്ദേഹത്തെ (യേശുവിനെ) ഇസ്രായേലിനു വെളിപ്പെടുത്തിക്കൊടുക്കാൻവേണ്ടിയാണു ഞാൻ വെള്ളത്തിൽ സ്നാനപ്പെടുത്തുന്നവനായി വന്നത്.” തുടർന്ന് ഇങ്ങനെ പറഞ്ഞു: “ഇദ്ദേഹമാണു (യേശുവാണ്) ദൈവപുത്രൻ.” (യോഹന്നാൻ 1:26-34) യേശുവിന്റെ ശുശ്രൂഷയെക്കുറിച്ച് കേൾക്കുന്നതിൽ യോഹന്നാനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ എന്നു വ്യക്തമാണ്.
a യേശു “പാപം ചെയ്തില്ല.” (1 പത്രോസ് 2:21, 22) അതുകൊണ്ട് മാനസാന്തരത്തിന്റെ തെളിവായിട്ടല്ല യേശു സ്നാനമേറ്റത്. പകരം ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ സ്വയം വിട്ടുകൊടുക്കുന്നതിന്റെ തെളിവായിട്ടായിരുന്നു. ആ ഇഷ്ടത്തിൽ ഉൾപ്പെടുന്ന കാര്യമാണു നമുക്കുവേണ്ടി യേശു സ്വന്തം ജീവൻ നൽകിയതും.—എബ്രായർ 10:7-10.
b “ആരാണ് സ്വർഗത്തിൽ പോകുന്നത്?” എന്ന ലേഖനം നോക്കുക.