എന്താണ് ദേഹി?
ബൈബിളിന്റെ ഉത്തരം
ബൈബിളിൽ ദേഹി എന്നതു നെഫെഷ് എന്ന എബ്രായപദത്തിൽനിന്നും സൈക്കി എന്ന ഗ്രീക്കുപദത്തിൽനിന്നും പരിഭാഷ ചെയ്തിട്ടുള്ളതാണ്. എബ്രായപദത്തിന്റെ അക്ഷരാർഥം “ശ്വസിക്കുന്ന ജീവി” എന്നും ഗ്രീക്കുപദത്തിന്റേതു “ജീവനുള്ള ഒന്ന്” എന്നുമാണ്. a ദേഹി എന്നതു ജീവിയെ മുഴുവനായാണ് അർഥമാക്കുന്നത്, അല്ലാതെ ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന എന്തിനെയെങ്കിലുമല്ല. മനുഷ്യദേഹി എന്നതു മുഴുവ്യക്തിയെയുമാണ് അർഥമാക്കുന്നതെന്നു ബൈബിൾ കാണിക്കുന്നത് എങ്ങനെയെന്നു നോക്കാം.
ദൈവമായ യഹോവ ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചപ്പോൾ, ബൈബിൾ പറയുന്നതനുസരിച്ച് “മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉൽപത്തി 2:7, സത്യവേദപുസ്തകം) ആദാമിന് ഒരു ദേഹി കൊടുത്തു എന്നല്ല, ആദാം ജീവനുള്ള ദേഹി, അഥവാ ഒരു വ്യക്തി, ആയിത്തീർന്നു എന്നാണു പറയുന്നത്.
ദേഹിക്കു ഭക്ഷണത്തോട് അതിയായ ആഗ്രഹമുണ്ടായിരിക്കാനും നിയമങ്ങൾ അനുസരിക്കാനും വെള്ളംകൊണ്ട് ഉന്മേഷം നേടാനും കഴിയുമെന്നു ബൈബിൾ പറയുന്നുണ്ട്. (സുഭാഷിതങ്ങൾ 19:15; 25:25, ഗുണ്ടർട്ട് ബൈബിൾ; റോമർ 13:1, ഗുണ്ടർട്ട് ബൈബിൾ ) മനസ്സും ശരീരവും ഉള്ള ഒന്നിനേ ഇതൊക്ക ചെയ്യാൻ കഴിയൂ.
ദേഹി മരണമില്ലാത്ത ഒന്നാണോ?
അല്ല. ദേഹി മരണമില്ലാത്ത ഒന്നല്ല. ദേഹി മരിക്കുന്ന ഒന്നാണെന്നു കാണിക്കുന്ന പല ബൈബിൾവാക്യങ്ങളുമുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം.
“പാപം ചെയ്യുന്ന ദേഹി മരിക്കും.”—യഹസ്കേൽ 18:4, 20, സത്യവേദപുസ്തകം.
ദേഹിയെ കൊല്ലാൻ പറ്റുമെന്നു ബൈബിൾ പറയുന്നു.—യഹസ്കേൽ 13:18, 19, സത്യവേദപുസ്തകം.
മരിച്ച ഒരാളുടെ ശരീരത്തെ കുറിക്കാൻ ചില ബൈബിൾവാക്യങ്ങളിൽ അക്ഷരാർഥത്തിൽ, “മരിച്ച ദേഹി” എന്ന് ഉപയോഗിച്ചിട്ടുണ്ട്. (ലേവ്യ 21:11, അടിക്കുറിപ്പ്; സംഖ്യ 6:6, അടിക്കുറിപ്പ്) ഈ വാക്യങ്ങളിൽ “ദേഹി” എന്നതിന്റെ എബ്രായപദത്തെ “ശരീരം” അല്ലെങ്കിൽ “വ്യക്തി” എന്നാണ് പല ബൈബിൾഭാഷാന്തരങ്ങളും പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
“ദേഹി”ക്ക് ‘ജീവനെ’ അർഥമാക്കാൻ കഴിയും
“ദേഹി” എന്ന പദം “ജീവൻ” എന്നതിന്റെ പര്യായമായും ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇയ്യോബ് 33:22-ൽ (ന്യൂ ഇൻഡ്യ ഭാഷാന്തരം) “ജീവൻ” എന്നതിന്റെ അതേ അർഥത്തിൽ “ദേഹി” എന്നതിന്റെ എബ്രായപദം (നെഫെഷ്) ഉപയോഗിച്ചിരിക്കുന്നു. അതുപോലെ, ഒരു വ്യക്തിയുടെ ജീവൻ അഥവാ ദേഹി അപകടപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യാവുന്നതാണെന്നു ബൈബിൾ കാണിക്കുന്നു.—സങ്കീർത്തനം 22:20, 29, അടിക്കുറിപ്പ്.
“ദേഹി” എന്ന വാക്കിനു “ജീവൻ” എന്ന അർഥമുള്ളതുകൊണ്ട് ദേഹി ‘പോയി,’ ‘വിട്ടുപോയി’ എന്നൊക്കെ പറയുന്ന വാക്യങ്ങളുടെ അർഥം നമുക്ക് എളുപ്പം മനസ്സിലാക്കാം. (ഉൽപത്തി 35:18, ജയിംസ് രാജാവിന്റെ ഭാഷാന്തരം) ഒരു വ്യക്തിയുടെ ജീവിതം അവസാനിക്കുന്നു എന്നാണ് ഈ അലങ്കാരപ്രയോഗംകൊണ്ട് അർഥമാക്കുന്നത്. ചില ഭാഷാന്തരങ്ങൾ ഉൽപത്തി 35:18-ലെ ഈ പ്രയോഗത്തെ “അന്ത്യശ്വാസം വലിച്ചു” എന്നാണു വിവർത്തനം ചെയ്തിരിക്കുന്നത്.—സത്യവേദപുസ്തകം, ആധുനികവിവർത്തനം.
മരണമില്ലാത്ത ദേഹിയെക്കുറിച്ചുള്ള പഠിപ്പിക്കൽ വന്നത് എവിടെനിന്നാണ്?
ദേഹി മരിക്കില്ലെന്നു വിശ്വസിക്കുന്ന ക്രൈസ്തമതവിഭാഗങ്ങൾക്ക് ആ പഠിപ്പിക്കൽ ലഭിച്ചതു ബൈബിളിൽനിന്നല്ല, പകരം പുരാതന ഗ്രീക്കുതത്ത്വജ്ഞാനത്തിൽനിന്നാണ്. ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, ബൈബിളിൽ ദേഹി എന്നു പറയുന്നത് ശ്വസിക്കുന്ന എന്തിനെയെങ്കിലുമാണ് അർഥമാക്കുന്നത്. അല്ലാതെ ശരീരത്തിൽനിന്ന് വേർപെട്ട് നിൽക്കുന്ന അദൃശ്യമായ എന്തിനെയെങ്കിലുമല്ല. ദേഹി ശരീരത്തിൽനിന്ന് വേർപെട്ട ഒന്നാണെന്ന ക്രൈസ്തവവിശ്വാസം വന്നതു പുരാതനഗ്രീക്കുകാരിൽനിന്നാണെന്നും അതു പറയുന്നു.
ദേഹിക്ക് മരണമില്ലെന്നുപോലുള്ള തത്ത്വജ്ഞാനം തന്റെ പഠിപ്പിക്കലുകളുമായി കൂട്ടിക്കുഴയ്ക്കുന്നതു ദൈവം ഒരിക്കലും ക്ഷമിക്കില്ല. അതെക്കുറിച്ച് ബൈബിൾ ഈ മുന്നറിയിപ്പു തരുന്നു: ‘സൂക്ഷിക്കുക! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളാലും ആരും നിങ്ങളെ വശീകരിച്ച് അടിമകളാക്കരുത്. അവയ്ക്ക് ആധാരം മനുഷ്യപാരമ്പര്യങ്ങളാണ്.’—കൊലോസ്യർ 2:8.
a ഇതെക്കുറിച്ച് പറയുന്ന നിഘണ്ടുക്കളായ ദി ന്യൂ ബ്രൗൺ, ഡ്രൈവർ, ആൻഡ് ബ്രിഗ്സ് ഹീബ്രു ആൻഡ് ഇംഗ്ലീഷ് ലെക്സിക്കൻ ഓഫ് ദി ഓൾഡ് ടെസ്റ്റമെന്റ്, പേജ് 659-ഉം ലെക്സിക്കൻ ഇൻ വെറ്റെറിസ് ടെസ്റ്റമെന്റി ലിബ്രോസ്, പേജ് 627-ഉം നോക്കുക. പല ബൈബിൾപരിഭാഷകളിലും നെഫെഷ്, സൈക്കി എന്നീ പദങ്ങൾ സന്ദർഭത്തിനനുസരിച്ച് “ദേഹി,” “ജീവൻ,” “ജീവി,” “വ്യക്തി,” “ദേഹം” എന്നിങ്ങനെയാണു വിവർത്തനം ചെയ്തിരിക്കുന്നത്.