എന്താണ് ദൈവരാജ്യം?
ബൈബിളിന്റെ ഉത്തരം
ദൈവമായ യഹോവ സ്ഥാപിച്ച ഒരു ഗവണ്മെന്റാണ് ദൈവരാജ്യം. ‘ദൈവരാജ്യത്തെ’ ബൈബിളിൽ “സ്വർഗരാജ്യം” എന്നും വിളിച്ചിരിക്കുന്നു. കാരണം അത് ഭരണം നടത്തുന്നത് സ്വർഗത്തിൽനിന്നാണ്. (മർക്കോസ് 1:14, 15; മത്തായി 4:17) മനുഷ്യഗവണ്മെന്റുകളുടെ പല സവിശേഷതകളും അതിനുണ്ടെങ്കിലും എല്ലാ അർഥത്തിലും അവയെക്കാൾ ഉന്നതമാണ് ദൈവരാജ്യം.
ഭരണാധികാരികൾ. രാജ്യത്തിന്റെ രാജാവായി ദൈവം നിയമിച്ചിരിക്കുന്നത് യേശുക്രിസ്തുവിനെയാണ്. ഒരു ഭരണാധികാരിക്കും ഇന്നേവരെ ലഭിച്ചിട്ടില്ലാത്ത അധികാരം ദൈവം യേശുവിന് നൽകിയിട്ടുണ്ട്. (മത്തായി 28:18) മനസ്സലിവുള്ള, ആശ്രയയോഗ്യനായ ഒരു നേതാവാണെന്ന് യേശു ഇതിനോടകം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. അതിനാൽ യേശു തന്റെ അധികാരം നന്മയ്ക്കായി മാത്രമേ ഉപയോഗിക്കൂ എന്ന് വ്യക്തമാണ്. (മത്തായി 4:23; മർക്കോസ് 1:40, 41; 6:31-34; ലൂക്കോസ് 7:11-17) ദൈവത്തിന്റെ നിർദേശപ്രകാരം, സ്വർഗത്തിൽ തന്നോടൊപ്പം, ‘രാജാക്കന്മാരായി ഭൂമിയെ ഭരിക്കാൻ’ സകലജനതകളിൽനിന്നും ഉള്ള ആളുകളെ യേശു തിരഞ്ഞെടുക്കുന്നു.—വെളിപാട് 5:9, 10.
കാലയളവ്. മാറിക്കൊണ്ടിരിക്കുന്ന മനുഷ്യഗവണ്മെന്റുകളിൽനിന്ന് വ്യത്യസ്തമായി ദൈവരാജ്യം ‘ഒരിക്കലും നശിച്ചുപോകാത്തതായിരിക്കും.’—ദാനിയേൽ 2:44.
പ്രജകൾ. വംശവും ജന്മദേശവും എതായിരുന്നാലും ശരി, ദൈവം ആവശ്യപ്പെടുന്നത് ചെയ്യുന്നവർക്കെല്ലാം ദൈവരാജ്യത്തിന്റെ പ്രജകളാകാനാകും.—പ്രവൃത്തികൾ 10:34, 35.
നിയമങ്ങൾ. ദൈവരാജ്യത്തിന്റെ നിയമങ്ങൾ (കല്പനകൾ) തെറ്റായ പ്രവർത്തനരീതികളെ വിലക്കുന്നതിലും അധികം ചെയ്യുന്നു. അവ പ്രജകളുടെ സദാചാരനിലവാരങ്ങൾ ഉയർത്തുന്നു. ഉദാഹരണത്തിന്, ബൈബിൾ പറയുന്നു: “‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’ ഇതാണ് ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്പന. ഇതുപോലുള്ളതാണു രണ്ടാമത്തേതും: ‘നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.’” (മത്തായി 22:37-39) ദൈവത്തോടും അയൽക്കാരോടും ഉള്ള സ്നേഹം മറ്റുള്ളവരുടെ ഉത്തമതാത്പര്യങ്ങൾക്കായി പ്രവർത്തിക്കാൻ രാജ്യത്തിന്റെ പ്രജകളെ പ്രേരിപ്പിക്കുന്നു.
വിദ്യാഭ്യാസം. ദൈവരാജ്യം അതിന്റെ പ്രജകളിൽനിന്ന് ഉയർന്നനിലവാരങ്ങൾ ആവശ്യപ്പെടുമ്പോൾത്തന്നെ ആ നിലവാരങ്ങളിൽ എത്തിച്ചേരാൻ എങ്ങനെ കഴിയുമെന്നും ആളുകളെ പഠിപ്പിക്കുന്നു.—യശയ്യ 48:17, 18.
ദൗത്യം. പ്രജകളെ ചൂഷണം ചെയ്ത് ഭരണാധികാരികളെ സമ്പന്നരാക്കുന്നതല്ല ദൈവരാജ്യം. പകരം, ദൈവത്തെ സ്നേഹിക്കുന്നവർ പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കും എന്ന വാഗ്ദാനം ഉൾപ്പെടെയുള്ള ദൈവത്തിന്റെ ഇഷ്ടം അതു നടപ്പിലാക്കും.—യശയ്യ 35:1, 5, 6; മത്തായി 6:10; വെളിപാട് 21:1-4.