എല്ലാ തിന്മകളുടെയും കാരണം പണമാണോ?
ബൈബിളിന്റെ ഉത്തരം
അല്ല. “പണമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനം” എന്നു പൊതുവെ പറയാറുണ്ട്. എന്നാൽ പണം തിന്മയാണെന്നോ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം പണമാണെന്നോ ബൈബിൾ പറയുന്നില്ല. മറിച്ച്, “എല്ലാ തിന്മകളുടെയും തായ്വേര് ധനമോഹമാകുന്നു” a എന്നാണു ബൈബിൾ പറയുന്നത്.—1 തിമൊഥെയൊസ് 6:10, സത്യവേദ പുസ്തകം, ആധുനിക വിവർത്തനം.
പണത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ജ്ഞാനത്തോടെ പണം ഉപയോഗിച്ചാൽ അതു നമുക്കു പ്രയോജനം ചെയ്യുമെന്നും അത് ഒരു ‘സംരക്ഷണം’ ആണെന്നുപോലും ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 7:12) ഉദാരമായി മറ്റുള്ളവരെ സഹായിക്കുന്നവരെ ബൈബിൾ അഭിനന്ദിച്ച് സംസാരിക്കുന്നു. അതിൽ സാമ്പത്തിക സഹായവും ഉൾപ്പെടുന്നു. —സുഭാഷിതങ്ങൾ 11:25.
എന്നാൽ ജീവിതത്തിലെ മുഖ്യലക്ഷ്യം പണം സമ്പാദിക്കുക എന്നതായിരിക്കരുത് എന്ന മുന്നറിയിപ്പു ബൈബിൾ തരുന്നു. “നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.” (എബ്രായർ 13:5) പാഠം ഇതാണ്: പണത്തെ അതിന്റെ സ്ഥാനത്തു നിർത്തുക, സമ്പത്ത് ഉണ്ടാക്കുക എന്നതായിരിക്കരുത് നിങ്ങളുടെ പ്രധാന ലക്ഷ്യം. ആവശ്യമുള്ള കാര്യങ്ങൾകൊണ്ട് തൃപ്തിപ്പെടാൻ നമ്മൾ പഠിക്കണം. ഉദാഹരണത്തിന്, ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവപോലുള്ള കാര്യങ്ങൾകൊണ്ട്.—1 തിമൊഥെയൊസ് 6:8.
പണസ്നേഹത്തിന് എതിരെ ബൈബിൾ മുന്നറിയിപ്പു തരുന്നത് എന്തുകൊണ്ട്?
അത്യാഗ്രഹികൾ നിത്യജീവൻ അവകാശമാക്കില്ല. (എഫെസ്യർ 5:5) അതിന്റെ ഒരു കാരണം അത്യാഗ്രഹം വിഗ്രഹാരാധനയുടെ അല്ലെങ്കിൽ വ്യാജാരാധനയുടെ മറ്റൊരു രൂപമാണ്. (കൊലോസ്യർ 3:5) മറ്റൊരു കാരണം ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ അത്യാഗ്രഹിയായ വ്യക്തികൾ മൂല്യങ്ങൾ കാറ്റിൽ പറത്തുന്നു. “സമ്പന്നനാകാൻ തിടുക്കം കൂട്ടുന്നവന്റെ നിഷ്കളങ്കത പൊയ്പോകും” എന്ന് സുഭാഷിതങ്ങൾ 28:20 പറയുന്നു. പണസ്നേഹം കൂടിയാൽ പലരും അന്യായമായി പണം സമ്പാദിക്കാനും അതിക്രമങ്ങൾ കാട്ടാനും തട്ടിപ്പും വെട്ടിപ്പും നടത്താനും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാനും ആളുകളെ തട്ടിക്കൊണ്ടുപോകാനും കൊല്ലാൻ പോലും ശ്രമിച്ചേക്കാം.
പണസ്നേഹം ഇപ്പറഞ്ഞതുപോലുള്ള മോശം പെരുമാറ്റത്തിലേക്കു നയിച്ചില്ലെങ്കിൽ പോലും അതിനു മറ്റു പല പ്രശ്നങ്ങളും വരുത്താൻ കഴിയും. ബൈബിൾ പറയുന്നു: “ധനികരാകാൻ തീരുമാനിച്ചുറയ്ക്കുന്നവർ പ്രലോഭനത്തിലും കെണിയിലും വീഴുകയും . . . ബുദ്ധിശൂന്യവും ദോഷകരവും ആയ പല മോഹങ്ങൾക്കും ഇരകളായിത്തീരുകയും ചെയ്യുന്നു.”—1 തിമൊഥെയൊസ് 6:9.
പണത്തെക്കുറിച്ച് ബൈബിൾ നൽകുന്ന ഉപദേശത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം?
പണത്തിനുവേണ്ടി, മനസ്സാക്ഷിക്കു വിരുദ്ധമായി പ്രവർത്തിക്കുകയോ ദൈവമുമ്പാകെ ശരിയല്ലാത്ത എന്തെങ്കിലും ചെയ്യുകയോ ആണെങ്കിൽ നമുക്ക് ആത്മാഭിമാനം നഷ്ടപ്പെടും. ദൈവത്തിന്റെ അംഗീകാരവും പിന്തുണയും നമുക്ക് ഉണ്ടാകില്ല. ആത്മാർഥമായി തന്നെ ആരാധിക്കാൻ ആഗ്രഹിക്കുന്നവരോടു ദൈവം ഇങ്ങനെ പറയുന്നു: “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല.” (എബ്രായർ 13:5, 6) ദൈവം ഇങ്ങനെയൊരു ഉറപ്പും കൂടെ തരുന്നു: “വിശ്വസ്തനായ മനുഷ്യന് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടും.”—സുഭാഷിതങ്ങൾ 28:20.
a ഈ വാക്യത്തെ ഇങ്ങനെയും പരിഭാഷപ്പെടുത്തിയിരിക്കുന്നു: “പണസ്നേഹം എല്ലാ തരം ദോഷങ്ങളുടെയും ഒരു അടിസ്ഥാനകാരണമാണ്.”