ദിനോസറുകളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ബൈബിളിന്റെ ഉത്തരം
ദിനോസറുകളെക്കുറിച്ച് ബൈബിൾ പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. ‘എല്ലാം സൃഷ്ടിച്ചതിന്റെ’ മഹത്ത്വം ബൈബിൾ യഹോവയ്ക്കാണ് നൽകുന്നത്. അതുകൊണ്ട് സാധ്യതയനുസരിച്ച് ദിനോസറുകളും അവയിൽ ഒന്നായിരുന്നിരിക്കണം. a (വെളിപാട് 4:11) ബൈബിൾ ദിനോസറുകളെക്കുറിച്ച് എടുത്ത് പറയുന്നില്ലെങ്കിലും അവയും ഉൾപ്പെട്ടേക്കാവുന്ന ചില ഇനങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്:
‘വലിയ കടൽജന്തുക്കൾ’ അല്ലെങ്കിൽ ‘ഭീമാകാരജന്തു.’—ഉൽപത്തി 1:21; പുതിയ അമേരിക്കൻ ബൈബിൾ.
‘ഇഴജന്തുക്കൾ.’—ഉൽപത്തി 1:25.
‘വന്യമൃഗങ്ങൾ.’—ഉൽപത്തി 1:25.
ദിനോസറുകൾ മറ്റു ജീവികളിൽനിന്ന് പരിണമിച്ചുവന്നതാണോ?
പരിണാമത്തിലൂടെ ക്രമേണ പ്രത്യക്ഷപ്പെടുന്നതിനു പകരം ദിനോസറുകൾ ഫോസിൽരേഖയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതായാണ് കാണുന്നത്. എല്ലാ ജീവികളെയും ദൈവം ഉണ്ടാക്കിയെന്ന ബൈബിളിന്റെ പ്രസ്താവനകൾക്കു ചേർച്ചയിലാണ് ഇത്. ഉദാഹരണത്തിന് സങ്കീർത്തനം 146:6 പറയുന്നത് “ദൈവമല്ലോ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കിയത്” എന്നാണ്.
ദിനോസറുകൾ ഏതു കാലത്താണ് ജീവിച്ചിരുന്നത്?
കരയിലെയും കടലിലെയും ജീവജാലങ്ങളെ സൃഷ്ടിപ്പിന്റെ അഞ്ചാമത്തെയും ആറാമത്തെയും ദിവസങ്ങളിലാണ് സൃഷ്ടിച്ചതെന്നു ബൈബിൾ പറയുന്നു. b (ഉൽപത്തി 1:20-25, 31) ദിനോസറുകൾ ജീവിച്ചിരുന്നെന്നും വളരെ കാലം ഭൂമിയിലുണ്ടായിരുന്നെന്നും ഉള്ള സാധ്യതയെ ബൈബിൾ തള്ളിക്കളയുന്നില്ല.
ബഹിമോത്തും ലിവ്യാഥാനും ദിനോസറുകളായിരുന്നോ?
അല്ല. ഇയ്യോബിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ബഹിമോത്തും ലിവ്യാഥാനും ഏതു ജീവികളാണെന്നു കൃത്യമായി പറയാനാകില്ലെങ്കിലും അവയെക്കുറിച്ച് അവിടെ കാണുന്ന വിവരണങ്ങൾ വെച്ചുനോക്കുമ്പോൾ ബഹിമോത്ത് ഹിപ്പോപ്പൊട്ടാമസും ലിവ്യാഥാൻ മുതലയും ആണെന്ന് അനുമാനിക്കാം. (ഇയ്യോബ് 40:15-23; 41:1, 14-17, 31) ഈ മൃഗങ്ങളെ അടുത്ത് നിരീക്ഷിക്കാൻ ദൈവം ഇയ്യോബിനോട് പറഞ്ഞു. എന്നാൽ ഇയ്യോബ് ജീവിച്ചിരുന്നത് ദിനോസറുകൾ ഭൂമിയിൽനിന്ന് ഇല്ലാതായതിന് അനേകം വർഷങ്ങൾക്കു ശേഷമാണ്. അതുകൊണ്ട് ‘ബഹിമോത്തും’ ‘ലിവ്യാഥാനും’ ദിനോസറുകളാകാൻ ഒരു സാധ്യതയുമില്ല.—ഇയ്യോബ് 40:16; 41:8.
ദിനോസറുകൾക്ക് എന്തു സംഭവിച്ചു?
ദിനോസറുകൾ ഇല്ലാതായതിനെക്കുറിച്ച് ബൈബിൾ പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. എന്നിരുന്നാലും, “(ദൈവത്തിന്റെ) ഇഷ്ടപ്രകാരമാണ്” എല്ലാം സൃഷ്ടിക്കപ്പെട്ടത് എന്നു ബൈബിൾ പറയുന്നു. (വെളിപാട് 4:11) അതുകൊണ്ട്, ദിനോസറുകളെ സൃഷ്ടിച്ചതിനു പിന്നിൽ ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. ആ ഉദ്ദേശ്യം നടന്നുകഴിഞ്ഞപ്പോൾ അവയ്ക്കു വംശനാശം സംഭവിക്കാൻ ദൈവം അനുവദിച്ചു.
a ഒരു സമയത്ത് പല തരത്തിലും വലുപ്പത്തിലും ഉള്ള ദിനോസറുകൾ ഭൂമിയിലുണ്ടായിരുന്നെന്ന് ഫോസിൽരേഖകൾ സൂചിപ്പിക്കുന്നു.
b “ദിവസം” എന്നു ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പദത്തിന് ആയിരക്കണക്കിനു വർഷങ്ങളടങ്ങിയ ഒരു കാലഘട്ടത്തെ കുറിക്കാനും കഴിയും.—ഉൽപത്തി 1:31; 2:1-4; എബ്രായർ 4:4, 11.