ദേഷ്യത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ബൈബിളിന്റെ ഉത്തരം
അനിയന്ത്രിതമായ ദേഷ്യം, ദേഷ്യപ്പെടുന്നയാൾക്കും ചുറ്റുമുള്ളവർക്കും ദോഷം ചെയ്യുമെന്നു ബൈബിൾ പഠിപ്പിക്കുന്നു. (സുഭാഷിതങ്ങൾ 29:22) ചിലപ്പോൾ ദേഷ്യപ്പെടുന്നതിനു ന്യായമായ കാരണം കണ്ടേക്കാം. എന്നാൽ “ക്രോധം” വെച്ചുകൊണ്ടിരിക്കുന്നവർക്കു രക്ഷ ലഭിക്കില്ലെന്നു ബൈബിൾ പറയുന്നു. (ഗലാത്യർ 5:19-21) ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ ബൈബിളിലുണ്ട്.
ദേഷ്യപ്പെടുന്നത് എപ്പോഴും തെറ്റാണോ?
അല്ല. ചിലപ്പോൾ അതിനു ന്യായമായ കാരണം കണ്ടേക്കാം. ഉദാഹരണത്തിന്, ദൈവദാസനായ നെഹമ്യക്കു, സഹാരാധകർ അടിച്ചമർത്തപ്പെടുന്നതായി അറിഞ്ഞപ്പോൾ “വല്ലാതെ ദേഷ്യം വന്നു.”—നെഹമ്യ 5:6.
ചില സാഹചര്യങ്ങളിൽ ദൈവം ദേഷ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, തന്നെ മാത്രമേ ആരാധിക്കാവൂ എന്ന ഉടമ്പടി ലംഘിച്ച് വ്യാജദൈവങ്ങളെ ആരാധിച്ച പുരാതനജനത്തിനു നേരെ ദൈവത്തിന്റെ “കോപം . . .ആളിക്കത്തി.” (ന്യായാധിപന്മാർ 2:13, 14) എങ്കിലും ദൈവം ഒരു ദേഷ്യക്കാരനല്ല. ദൈവത്തിന്റെ ദേഷ്യം ന്യായവും നിയന്ത്രിതവും ആണ്.—പുറപ്പാട് 34:6; യശയ്യ 48:9.
ദേഷ്യപ്പെടുന്നതു തെറ്റായിരിക്കുന്നത് എപ്പോഴാണ്?
അന്യായമായോ അനിയന്ത്രിതമായോ ദേഷ്യപ്പെടുന്നതു തെറ്റാണ്. മിക്കവരുടെ കാര്യത്തിലും അതാണു സംഭവിക്കുന്നത്. ഉദാഹരണത്തിന്:
തന്റെ ബലി ദൈവം നിരസിച്ചപ്പോൾ “കയീനു വല്ലാതെ കോപം തോന്നി.” തന്റെ അനിയനെ കൊല്ലുന്ന അളവോളം കയീൻ ഉള്ളിൽ ദേഷ്യം വളർത്തി.—ഉൽപത്തി 4:3-8.
ദൈവം നിനെവെക്കാരോടു കരുണ കാണിച്ചപ്പോൾ യോനയ്ക്കു “വല്ലാത്ത ദേഷ്യം തോന്നി.” “ഇത്ര ദേഷ്യപ്പെടുന്നതു” ശരിയല്ലെന്നും മാനസാന്തരപ്പെട്ട പാപികളോട് അനുകമ്പ കാണിക്കണമെന്നും പറഞ്ഞുകൊണ്ട് ദൈവം യോനയെ തിരുത്തി.—യോന 3:10–4:1, 4, 11. a
ഈ രണ്ട് ഉദാഹരണങ്ങൾ “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നടപ്പാക്കുന്നില്ല” എന്നു നമ്മളെ പഠിപ്പിക്കുന്നു.—യാക്കോബ് 1:20.
ദേഷ്യം എങ്ങനെ നിയന്ത്രിക്കാം?
അനിയന്ത്രിതമായ ദേഷ്യത്തിന്റെ അപകടം തിരിച്ചറിയുക. ദേഷ്യം മുഴുവൻ പുറത്ത് കാണിക്കുന്നത് കരുത്തിന്റെ ലക്ഷണമാണെന്നു ചിലർ ചിന്തിച്ചേക്കാം. സത്യത്തിൽ ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തതു കാര്യമായ ഒരു കുറവാണ്. “കോപം നിയന്ത്രിക്കാൻ കഴിയാത്തവൻ ശത്രുക്കൾക്കു കീഴടങ്ങിയ, മതിലില്ലാത്ത ഒരു നഗരംപോലെ” ആണ്. (സുഭാഷിതങ്ങൾ 25:28; 29:11) എന്നാൽ ദേഷ്യം നിയന്ത്രിക്കാൻ പഠിക്കുമ്പോൾ വാസ്തവത്തിൽ യഥാർഥ കരുത്തും വിവേകവും ആയിരിക്കും നമ്മൾ കാണിക്കുന്നത്. (സുഭാഷിതങ്ങൾ 14:29) “ശാന്തനായ മനുഷ്യൻ ശക്തനായവനെക്കാൾ ശ്രേഷ്ഠൻ” എന്നു ബൈബിൾ പറയുന്നു.—സുഭാഷിതങ്ങൾ 16:32.
പിന്നീടു ഖേദിക്കേണ്ടിവരുന്ന എന്തെങ്കിലും ചെയ്യാൻ ഇടയാകുന്നതിനു മുമ്പേ ദേഷ്യത്തെ വരുതിയിലാക്കുക. “കോപം കളഞ്ഞ് ദേഷ്യം ഉപേക്ഷിക്കൂ! അസ്വസ്ഥനായിത്തീർന്നിട്ട് തിന്മ ചെയ്യരുത്” എന്നു സങ്കീർത്തനം 37:8 പറയുന്നു. ‘തിന്മ ചെയ്യാൻ’ ഇടയാകുന്നതിനു മുമ്പേ നമുക്കു കോപം ഉപേക്ഷിക്കാം. “കോപം വന്നാലും പാപം ചെയ്യരുത്” എന്ന് എഫെസ്യർ 4:26 പറയുന്നു.
ദേഷ്യം പ്രശ്നത്തിലേക്കു നയിക്കുന്നതിനു മുമ്പേ രംഗം വിടുക. “വഴക്കു തുടങ്ങുന്നത് അണക്കെട്ടു തുറന്നുവിടുന്നതുപോലെ; കലഹം തുടങ്ങുംമുമ്പേ അവിടം വിട്ട് പോകുക” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 17:14) പ്രശ്നങ്ങൾ എത്രയും പെട്ടെന്നു പരിഹരിക്കുന്നതാണു ബുദ്ധിയെങ്കിലും അതു സമാധാനപരമായി ചർച്ച ചെയ്യാൻ രണ്ടു വ്യക്തികളും ആദ്യം ശാന്തരാകണം.
വസ്തുത മനസ്സിലാക്കുക. “മനുഷ്യന്റെ ഉൾക്കാഴ്ച അവന്റെ കോപം തണുപ്പിക്കുന്നു” എന്നു സുഭാഷിതങ്ങൾ 19:11 പറയുന്നു. ഒരു നിഗമനത്തിൽ എത്തുന്നതിനു മുമ്പ് പ്രശ്നത്തിന്റെ എല്ലാ വിശദാംശങ്ങളും മനസ്സിലാക്കാനുള്ള ജ്ഞാനം നമുക്കുണ്ട്. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കുന്നത് അനാവശ്യമായ കോപം ഒഴിവാക്കാൻ സഹായിക്കും.—യാക്കോബ് 1:19.
മനസ്സമാധാനത്തിനുവേണ്ടി പ്രാർഥിക്കുക. “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” അനുഭവിച്ച് അറിയാൻ പ്രാർഥന നമ്മളെ സഹായിക്കും. (ഫിലിപ്പിയർ 4:7) പരിശുദ്ധാത്മാവ് ലഭിക്കുന്ന പ്രധാനപ്പെട്ട വിധങ്ങളിൽ ഒന്നു പ്രാർഥനയാണ്. സമാധാനം, ക്ഷമ, ആത്മനിയന്ത്രണം തുടങ്ങിയ ഗുണങ്ങൾ തരാൻ പരിശുദ്ധാത്മാവിനു കഴിയും.—ലൂക്കോസ് 11:13; ഗലാത്യർ 5:22, 23.
കൂട്ടുകാരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. നമ്മൾ ആരോടു കൂട്ടുകൂടുന്നുവോ അവരെപ്പോലെയാകാനുള്ള സാധ്യതയുണ്ട്. (സുഭാഷിതങ്ങൾ 13:20; 1 കൊരിന്ത്യർ 15:33) ബൈബിൾ ഈ മുന്നറിയിപ്പു തരുന്നു: “ദേഷ്യക്കാരനോടു കൂട്ടു കൂടരുത്; മുൻകോപിയോടു ചങ്ങാത്തമരുത്.” കാരണം “അങ്ങനെ ചെയ്താൽ നീ അവന്റെ വഴികൾ പഠിക്കുകയും കെണിയിൽ അകപ്പെടുകയും ചെയ്യും.”—സുഭാഷിതങ്ങൾ 22:24, 25.
a യോനയുടെ പേരിലുള്ള ബൈബിൾപുസ്തകം എഴുതാൻ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചതിൽനിന്ന്, അദ്ദേഹം ദേഷ്യം കളഞ്ഞ് ദൈവം നൽകിയ തിരുത്തൽ സ്വീകരിച്ചെന്ന് അനുമാനിക്കാം.