ദൈവം തന്റെ മനസ്സു മാറ്റുമോ?
ബൈബിളിന്റെ ഉത്തരം
മാറ്റും. ആളുകൾ തങ്ങളുടെ നടപടികളിൽ മാറ്റം വരുത്തുമ്പോൾ അവരോടുള്ള തന്റെ മനോഭാവത്തിനു ദൈവവും മാറ്റം വരുത്തും. ഉദാഹരണത്തിന്, പുരാതന ഇസ്രായേൽജനത്തിന് എതിരെ ന്യായവിധിസന്ദേശം അറിയിച്ചപ്പോൾ ദൈവം പറഞ്ഞു: “ഒരുപക്ഷേ അവർ അതു കേട്ട് അവരുടെ ദുഷിച്ച വഴികൾ വിട്ടുതിരിഞ്ഞാലോ? അങ്ങനെയെങ്കിൽ, ഞാൻ മനസ്സു മാറ്റും; അവരുടെ ദുഷ്പ്രവൃത്തികൾ കാരണം അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം ഞാൻ വരുത്തുകയുമില്ല.”—യിരെമ്യ 26:3.
താൻ വരുത്താൻ ഉദ്ദേശിച്ച അനർഥത്തെക്കുറിച്ച് ദൈവം “അനുതപിക്കും” എന്നാണു മിക്ക ബൈബിളുകളിലും ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാകുമ്പോൾ ദൈവത്തിന് എന്തോ തെറ്റു സംഭവിച്ചെന്ന് ഒരുപക്ഷേ തോന്നിയേക്കാം. എന്നാൽ ബൈബിൾ എഴുതിയ എബ്രായ ഭാഷയിൽ ഈ പദത്തിന്, “മനസ്സിനോ ഉദ്ദേശ്യത്തിനോ മാറ്റം വരുത്തുക” എന്ന അർഥമുണ്ട്. ഒരു പണ്ഡിതൻ ഇങ്ങനെ എഴുതി: “മനുഷ്യർ ജീവിതത്തിൽ മാറ്റം വരുത്തുന്നതനുസരിച്ച് ദൈവം തന്റെ ന്യായവിധിയുടെ കാര്യത്തിലും മാറ്റം വരുത്തും.”
ദൈവം തന്റെ മനസ്സു മാറ്റിയേക്കും എന്നതുകൊണ്ട് തന്റെ മനസ്സ് എല്ലായ്പോഴും മാറ്റുമെന്ന് പ്രതീക്ഷിക്കാനാകില്ല. അങ്ങനെ മനസ്സു മാറ്റാതിരുന്ന ചില സന്ദർഭങ്ങൾ നമുക്ക് ഇപ്പോൾ ബൈബിളിൽനിന്ന് നോക്കാം:
ഇസ്രായേൽജനത്തെ ശപിക്കാനായി, തന്റെ മനസ്സു മാറ്റാൻ ദൈവം ബാലാക്കിനെ അനുവദിച്ചില്ല.—സംഖ്യ 23:18-20.
ഇസ്രായേലിലെ ശൗൽ രാജാവ് തന്റെ മോശമായ വഴിയിൽ തുടർന്നപ്പോൾ രാജാവ് എന്ന സ്ഥാനത്തുനിന്ന് ശൗലിനെ നീക്കം ചെയ്യാനുള്ള തീരുമാനത്തിൽനിന്ന് ദൈവം തന്റെ മനസ്സു മാറ്റിയില്ല.—1 ശമുവേൽ 15:28, 29.
തന്റെ പുത്രനെ എന്നേക്കുമുള്ള ഒരു പുരോഹിതനാക്കും എന്ന വാഗ്ദാനം ദൈവം നിറവേറ്റും. ഇക്കാര്യത്തിൽ ദൈവം തന്റെ മനസ്സു മാറ്റില്ല.—സങ്കീർത്തനം 110:4.
പക്ഷേ, ദൈവം മാറാത്തവനാണെന്നു ബൈബിൾ പറയുന്നില്ലേ?
ശരിയാണ്, “യഹോവയായ ഞാൻ മാറാത്തവൻ” എന്നു ദൈവം പറയുന്നതായി ബൈബിളിൽ നമ്മൾ വായിക്കുന്നുണ്ട്. (മലാഖി 3:6) ദൈവം “മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല” എന്നും ബൈബിൾ പറയുന്നു. (യാക്കോബ് 1:17) എന്നാൽ ഇത്, ദൈവം തന്റെ മനസ്സു മാറ്റും എന്ന് ബൈബിൾ പറയുന്നതുമായി യോജിക്കാതെ വരുന്നില്ല. ദൈവം തന്റെ വ്യക്തിത്വത്തിലും തന്റെ സ്നേഹത്തിന്റെയും നീതിയുടെയും നിലവാരങ്ങളിലും ഒരിക്കലും മാറ്റം വരുത്തില്ല എന്ന അർഥത്തിൽ മാറ്റമില്ലാത്തവൻതന്നെയാണ്. (ആവർത്തനം 32:4; 1 യോഹന്നാൻ 4:8) എങ്കിലും വ്യത്യസ്തസാഹചര്യങ്ങളിൽ വ്യത്യസ്തനിർദേശങ്ങൾ നൽകാൻ ദൈവത്തിനു കഴിയും. ഒരിക്കൽ, അടുത്തടുത്ത് നടന്ന രണ്ടു യുദ്ധങ്ങളുടെ സമയത്ത് ദാവീദ് രാജാവിന് ദൈവം വ്യത്യസ്തമായ നിർദേശങ്ങൾ നൽകി. എന്നാൽ ആ രണ്ടു രീതികളും വിജയം കണ്ടു.—2 ശമുവേൽ 5:18-25.
മനുഷ്യരെ സൃഷ്ടിച്ചതിൽ ദൈവം ഖേദിക്കുന്നുണ്ടോ?
ഇല്ല. ഭൂരിപക്ഷം ആളുകളും തന്നെ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്യുമ്പോൾ ദൈവത്തിനു ദുഃഖം തോന്നുന്നു എന്നതു ശരിയാണ്. നോഹയുടെ കാലത്തെ ജലപ്രളയത്തിനു മുമ്പുള്ള അവസ്ഥകളെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കിയതു കാരണം യഹോവ ഖേദിച്ചു; ദൈവത്തിന്റെ ഹൃദയത്തിനു ദുഃഖമായി.” (ഉൽപത്തി 6:6) ഈ വാക്യത്തിൽ “ഖേദം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്കിന് എബ്രായ ഭാഷയിൽ “മനംമാറ്റം” എന്നും അർഥമുണ്ട്. പ്രളയത്തിനു മുമ്പ് ജീവിച്ചിരുന്ന ഭൂരിപക്ഷം ആളുകളുടെയും കാര്യത്തിൽ ദൈവം തന്റെ മനസ്സു മാറ്റുകതന്നെ ചെയ്തു; കാരണം, അവർ ദുഷ്ടന്മാരായിരുന്നു. (ഉല്പത്തി 6:5, 11) അവർ മോശമായ ഒരു ജീവിതരീതി പിന്തുടർന്നതിൽ ദൈവത്തിനു ദുഃഖമുണ്ടായിരുന്നെങ്കിലും മുഴു മനുഷ്യവർഗത്തോടുമുള്ള തന്റെ മനോഭാവത്തിനു ദൈവം മാറ്റം വരുത്തിയില്ല. നോഹയിലൂടെയും അദ്ദേഹത്തിന്റെ കുടുംബത്തിലൂടെയും ദൈവം മനുഷ്യരാശിയെ കാത്തുരക്ഷിക്കുകതന്നെ ചെയ്തു.—ഉല്പത്തി 8:21; 2 പത്രോസ് 2:5, 9.