എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം എന്താണ്?
ബൈബിളിന്റെ ഉത്തരം
നിങ്ങൾ ദൈവത്തെ ഒരു വ്യക്തി എന്ന നിലയിൽ അറിയാനും സുഹൃത്താക്കാനും മുഴുഹൃദയത്തോടെ സ്നേഹിക്കാനും സേവിക്കാനും ദൈവം ആഗ്രഹിക്കുന്നു. അതാണ് നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം. (മത്തായി 22:37, 38; യാക്കോബ് 4:8) ദൈവത്തിന്റെ ഇഷ്ടം എങ്ങനെ ചെയ്യാമെന്ന് യേശുവിന്റെ പഠിപ്പിക്കലിലൂടെയും ജീവിതത്തിലൂടെയും നമുക്ക് അറിയാനാകും. (യോഹന്നാൻ 7:16, 17) യേശു കേവലം ദൈവേഷ്ടത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല അത് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരുകയും ചെയ്തു. ‘സ്വന്തം ഇഷ്ടം ചെയ്യാനല്ല, പിതാവിന്റെ ഇഷ്ടം ചെയ്യാനാണ്’ താൻ വന്നത് എന്നു പറഞ്ഞുകൊണ്ട് യേശു സ്വന്തം ജീവിതത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കി.—യോഹന്നാൻ 6:38.
ദൈവേഷ്ടം അറിയാൻ എനിക്ക് എന്തെങ്കിലും വെളിപാടോ, ദൈവവിളിയോ, അടയാളമോ ലഭിക്കണോ?
വേണ്ടാ, കാരണം മനുഷ്യരോടുള്ള ദൈവത്തിന്റെ സന്ദേശം ബൈബിളിലുണ്ട്. “എല്ലാ സത്പ്രവൃത്തിയും ചെയ്യാൻ സജ്ജനായ” ഒരാളായിത്തീരാൻ അത് നിങ്ങളെ സഹായിക്കും. (2 തിമൊഥെയൊസ് 3:16, 17) നിങ്ങളുടെ ‘ചിന്താപ്രാപ്തിയോടൊപ്പം’ ബൈബിൾ ചേർത്തുവെച്ചുകൊണ്ട് ദൈവേഷ്ടം പഠിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു.—റോമർ 12:1, 2; എഫെസ്യർ 5:17.
എനിക്ക് ദൈവത്തിന്റെ ഇഷ്ടം ചെയ്യാനാകുമോ?
തീർച്ചയായും. കാരണം ബൈബിൾ പറയുന്നത്, “ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല” എന്നാണ്. (1 യോഹന്നാൻ 5:3) അതിന് അർഥം ദൈവത്തിന്റെ കല്പനകൾ അനുസരിക്കുക എന്നത് എപ്പോഴും എളുപ്പമാണ് എന്നല്ല. പക്ഷേ അതിനായി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾക്ക് ലഭിക്കുന്ന അനുഗ്രഹം വളരെ വലുതായിരിക്കും. യേശു ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് അനുഗൃഹീതർ.”—ലൂക്കോസ് 11:28.