ആരായിരുന്നു ധനവാനും ലാസറും?
ബൈബിളിന്റെ ഉത്തരം
യേശു പറഞ്ഞ ഒരു കഥയിലെ രണ്ടു കഥാപാത്രങ്ങളാണ് ധനവാനും ലാസറും. (ലൂക്കോസ് 16:19-31) ഈ രണ്ടു പേർ രണ്ടു കൂട്ടം ആളുകളെയാണ് ചിത്രീകരിച്ചത്: (1) യേശുവിന്റെ കാലത്തെ അഹങ്കാരികളായ ജൂതമതനേതാക്കന്മാർ. (2) എളിയവരെങ്കിലും യേശുവിന്റെ സന്ദേശം സ്വീകരിച്ച ആത്മാർഥതയുള്ള ആളുകൾ.
ഈ ലേഖനത്തിൽ
ധനികനായ മനുഷ്യനെയും ലാസറിനെയും കുറിച്ച് യേശു എന്താണ് പറഞ്ഞത്?
ലൂക്കോസ് 16-ാം അധ്യായത്തിൽ ജീവിതസാഹചര്യത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന രണ്ടു പേരെക്കുറിച്ച് യേശു പറഞ്ഞു.
യേശു പറഞ്ഞ കഥയുടെ ചുരുക്കം ഇതാണ്: ആഢംബരത്തോടെ സുഖിച്ച് ജീവിച്ചിരുന്ന ഒരു ധനികൻ ഉണ്ടായിരുന്നു. ലാസർ എന്നു പേരുള്ള ഒരു യാചകനും ഉണ്ടായിരുന്നു. ധനികന്റെ മേശപ്പുറത്തുനിന്ന് എന്തെങ്കിലും ഭക്ഷണം വീണുകിട്ടുന്നതും കാത്ത് ഈ യാചകൻ അയാളുടെ പടിവാതിൽക്കൽ ഇരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ലാസർ മരിച്ചു. ദൂതന്മാർ അദ്ദേഹത്തെ എടുത്തുകൊണ്ടുപോയി അബ്രാഹാമിന്റെ അരികിൽ ഇരുത്തി. പിന്നീട് ധനികനും മരിച്ചു. അയാളെ അടക്കം ചെയ്തു. മരിച്ചുപോയെങ്കിലും ഈ രണ്ടു പേർക്കും കാര്യങ്ങളൊക്കെ കാണാനും അറിയാനും സംസാരിക്കാനും കഴിയുന്നതായാണ് ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. മരണശേഷം ധനികൻ തീജ്വാലയിൽ കിടന്ന് യാതന അനുഭവിക്കുന്നു. ഒരിറ്റു വെള്ളം നൽകി നാവിനെ തണുപ്പിക്കാൻ ലാസറിനെ അയയ്ക്കാമോ എന്ന് അദ്ദേഹം അബ്രാഹാമിനോടു ചോദിക്കുന്നു. എന്നാൽ അബ്രാഹാം അതിനു സമ്മതിക്കുന്നില്ല. രണ്ടു പേരുടെയും സാഹചര്യങ്ങൾ നേരെ തിരിഞ്ഞെന്നും രണ്ടു പേർക്കും ഇടയിൽ കടന്നുചെല്ലാൻ പറ്റാത്തത്ര വലിയ ഒരു ഗർത്തം ഉണ്ടായിരിക്കുകയാണെന്നും അബ്രാഹാം പറഞ്ഞു.
ശരിക്കും നടന്ന ഒരു സംഭവമാണോ ഇത്?
അല്ല. ഒരു പ്രധാനപ്പെട്ട പാഠം പഠിപ്പിക്കാൻ യേശു ഉപയോഗിച്ച ഒരു ദൃഷ്ടാന്തകഥ മാത്രമാണ് ഇത്. ഈ വസ്തുത പണ്ഡിതന്മാർപോലും അംഗീകരിക്കുന്നു. ഉദാഹരണത്തിന്, ലൂഥർ ബൈബിളിന്റെ (മലയാളത്തിൽ ലഭ്യമല്ല) 1912-ലെ പതിപ്പിൽ ഇത് ഒരു ദൃഷ്ടാന്തകഥയാണ് എന്ന ഉപതലക്കെട്ടുണ്ട്. ഇനി, കത്തോലിക്കരുടെ യെരൂശലേം ബൈബിളിന്റെ (ഇംഗ്ലീഷ്) ഒരു അടിക്കുറിപ്പിൽ പറയുന്നത് ഇത് “ചരിത്രത്തിലെ ഏതെങ്കിലും വ്യക്തിയെ പരാമർശിക്കാതെ കഥാരൂപത്തിലുള്ള ഒരു ഉപമ മാത്രമാണ്” എന്നാണ്.
മരണശേഷവും ഒരു ജീവിതം ഉണ്ടെന്ന് യേശു പഠിപ്പിക്കുകയായിരുന്നോ? മരിച്ചുകഴിഞ്ഞ് ചിലർ തീനരകത്തിൽ യാതന അനുഭവിക്കുന്നുണ്ടെന്നും അബ്രാഹാമും ലാസറും സ്വർഗത്തിൽ പോയെന്നും ആണോ യേശു ഉദ്ദേശിച്ചത്? അത് അങ്ങനെയല്ല എന്ന് പല വസ്തുതകളും തെളിയിക്കുന്നു.
ഉദാഹരണത്തിന്:
ധനികനായ മനുഷ്യൻ ശരിക്കും തീനരകത്തിൽ ആയിരുന്നെങ്കിൽ ലാസർ ഒരു തുള്ളി വെള്ളവുമായി ചെല്ലുമ്പോൾ ആ വെള്ളം ആവിയായി പോകുമായിരുന്നില്ലേ?
ഇനി ആ വെള്ളം ആവിയായി പോയില്ലെങ്കിൽത്തന്നെ ശരിക്കുള്ള തീയിൽ കിടന്ന് വേദന അനുഭവിക്കുന്ന ആ മനുഷ്യന് ഒരു തുള്ളി വെള്ളം കിട്ടിയതുകൊണ്ട് എന്താകാനാണ്?
യേശു ഭൂമിയിൽ ആയിരിക്കെ പറഞ്ഞത് അതുവരെ ആരും സ്വർഗത്തിലേക്കു കയറിയിട്ടില്ല എന്നാണ്. അപ്പോൾപ്പിന്നെ അബ്രാഹാം എങ്ങനെയാണ് സ്വർഗത്തിൽ ജീവനോടെ ഉണ്ടായിരിക്കുക?—യോഹന്നാൻ 3:13.
ഈ കഥ അഗ്നിനരകത്തെക്കുറിച്ചുള്ള പഠിപ്പിക്കലിനെ പിന്താങ്ങുന്നുണ്ടോ?
ഇല്ല. ഇത് ശരിക്കുമുള്ള ഒരു കഥയല്ലെങ്കിലും, നല്ല ആളുകൾ സ്വർഗത്തിൽ പോകുമെന്നും മോശം ആളുകൾ തീനരകത്തിൽ a യാതന അനുഭവിക്കുമെന്നും ഈ കഥ സൂചിപ്പിക്കുന്നുണ്ടല്ലോ എന്നാണ് ചിലരുടെ വാദം.
അങ്ങനെ ചിന്തിക്കുന്നതു ശരിയായിരിക്കുമോ? അല്ല.
കാരണം തീനരകത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ മരിച്ചുപോയവരുടെ അവസ്ഥയെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യവുമായി ചേരുന്നില്ല. ഉദാഹരണത്തിന്, എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോയി സന്തോഷത്തോടെ കഴിയുമെന്നോ മോശം ആളുകൾ അഗ്നിനരകത്തിൽ യാതന അനുഭവിക്കുമെന്നോ അതു പറയുന്നില്ല. പകരം ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല.”—സഭാപ്രസംഗകൻ 9:5.
ധനവാനെയും ലാസറിനെയും കുറിച്ചുള്ള കഥയുടെ അർഥം എന്താണ്?
രണ്ടു കൂട്ടം ആളുകളുടെ ജീവിതത്തിൽ പെട്ടെന്നുതന്നെ വരാനിരുന്ന ഒരു വലിയ മാറ്റത്തെക്കുറിച്ചാണ് ഈ കഥ പറഞ്ഞത്.
ധനികനായ മനുഷ്യൻ ചിത്രീകരിച്ചത് തെളിവനുസരിച്ച് അന്നത്തെ “പണക്കൊതിയന്മാരായ” ജൂതമതനേതാക്കന്മാരെയാണ്. (ലൂക്കോസ് 16:14) യേശു പറഞ്ഞ കാര്യങ്ങളൊക്കെ അവർ കേട്ടു. പക്ഷേ യേശു പറഞ്ഞ സന്ദേശത്തെ അവർ എതിർത്തു. സാധാരണക്കാരായ ആളുകളെ വളരെ പുച്ഛത്തോടെയാണ് ഈ മതനേതാക്കന്മാർ കണ്ടിരുന്നത്.—യോഹന്നാൻ 7:49.
ലാസർ ചിത്രീകരിച്ചത് യേശുവിന്റെ സന്ദേശം സ്വീകരിച്ച സാധാരണക്കാരായ ആളുകളെയാണ്, ജൂതമതനേതാക്കന്മാർ അവജ്ഞയോടെ കണ്ടിരുന്നവരെ.
രണ്ടു കൂട്ടരുടെയും സാഹചര്യത്തിൽ വന്ന മാറ്റം വളരെ വലുതായിരുന്നു.
ജൂതമതനേതാക്കന്മാർ ചിന്തിച്ചിരുന്നത് ദൈവത്തിന്റെ പ്രീതി തങ്ങൾക്കുണ്ട് എന്നാണ്. എന്നാൽ യേശുവിന്റെ സന്ദേശം സ്വീകരിക്കാതിരുന്ന അവരെയും അവരുടെ ആരാധനയെയും ദൈവം തള്ളിക്കളഞ്ഞപ്പോൾ അവർക്കു മരണം സംഭവിച്ചതുപോലെയായിരുന്നു. ഇനി, അവർ യാതന അനുഭവിക്കാൻ ഇടയാക്കിയത് എന്താണ്? യേശുവും യേശുവിന്റെ അനുഗാമികളും അറിയിച്ച സന്ദേശം.—മത്തായി 23:29, 30; പ്രവൃത്തികൾ 5:29-33.
മതനേതാക്കന്മാർ കാലങ്ങളായി അവഗണിച്ചിട്ടിരുന്ന സാധാരണക്കാരായ ആളുകൾക്ക് ഇപ്പോൾ ദൈവത്തെ അറിയാനും ദൈവത്തോട് അടുക്കാനും ഉള്ള അവസരം ലഭിച്ചു. യേശു പഠിപ്പിച്ച തിരുവെഴുത്തുകളിൽനിന്നുള്ള സന്ദേശം അവരിൽ പലരും സ്വീകരിക്കുകയും അതിൽനിന്ന് പ്രയോജനം നേടുകയും ചെയ്തു. അങ്ങനെ അവർക്ക് എന്നെന്നും ദൈവപ്രീതിയിൽ ആയിരിക്കാനുള്ള അവസരം തുറന്നുകിട്ടി.—യോഹന്നാൻ 17:3.
a പി.ഒ.സി. പോലുള്ള ചില ബൈബിൾ പരിഭാഷകൾ, മരണശേഷം ധനവാൻ ആയിരിക്കുന്ന സ്ഥലത്തെ സൂചിപ്പിക്കാൻ “നരകം” എന്ന പദം ഉപയോഗിച്ചിരിക്കുന്നു. എന്നാൽ ലൂക്കോസ് 16:23-ൽ ശരിക്കും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം (ഹേഡിസ്) മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയെ മാത്രമാണ് അർഥമാക്കുന്നത്.