എന്താണ് ഉടമ്പടിപ്പെട്ടകം?
ബൈബിളിന്റെ ഉത്തരം
ദൈവത്തിന്റെ കല്പനയും മാർഗനിർദേശവും അനുസരിച്ച് പുരാതന ഇസ്രായേല്യർ പണിത ഒരു വിശുദ്ധപെട്ടിയാണ് ഉടമ്പടിപ്പെട്ടകം. രണ്ടു കൽപ്പലകകളിൽ എഴുതിയിരുന്ന “സാക്ഷ്യം” എന്നു പറയുന്ന പത്തു കല്പനകൾ അതിൽ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു.—പുറപ്പാട് 25:8-10, 16; 31:18.
നിർമാണം. ഖദിരമരംകൊണ്ടുള്ളതായിരുന്നു പെട്ടകം. അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു. (111 x 67 x 67 സെ.മീ.; 44 x 26 x 26 ഇഞ്ച്.) അതിന്റെ അകവും പുറവും സ്വർണംകൊണ്ട് പൊതിഞ്ഞിരുന്നു; അതിനു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്കും തങ്കംകൊണ്ടൊരു മൂടിയും ഉണ്ടായിരുന്നു. കൂടാതെ, സ്വർണംകൊണ്ട് രണ്ടു കെരൂബുകളെയും ഉണ്ടാക്കിയിരുന്നു. കെരൂബുകൾ മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ട് മൂടിയെ മറയ്ക്കുകയും തമ്മിൽ അഭിമുഖമായി നിൽക്കുകയും ചെയ്തു. പെട്ടകത്തിന്റെ നാലു കാലിലും സ്വർണവളയം വാർത്തുവെച്ചിരുന്നു. വളയത്തിന്റെ ഉള്ളിലൂടെ ഖദിരമരംകൊണ്ടുള്ള തണ്ടുകൾ ഇട്ടാണ് അതു ചുമന്നുകൊണ്ട് പോയിരുന്നത്.—പുറപ്പാട് 25:10-21; 37:6-9.
പെട്ടകം വെച്ചിരുന്ന ഇടം. തുടക്കത്തിൽ വിശുദ്ധകൂടാരത്തിലെ അതിവിശുദ്ധത്തിലാണ് ഉടമ്പടിപെട്ടകം വെച്ചിരുന്നത്. ആരാധനയ്ക്കായി ഉപയോഗിക്കുന്ന ചുമന്നുകൊണ്ട് പോകാവുന്ന ഈ കൂടാരം നിർമിച്ചത് ഉടമ്പടിപെട്ടകം ഉണ്ടാക്കിയ അതേസമയത്തു തന്നെയാണ്. ഇതിലെ അതിവിശുദ്ധസ്ഥലം തിരശ്ശീലകൊണ്ട് മറച്ചിരുന്നു. പുരോഹിതന്മാരും ജനങ്ങളും കാണാതിരിക്കുന്നതിനുവേണ്ടിയായിരുന്നു അത്. (പുറപ്പാട് 40:3, 21) വർഷത്തിലൊരിക്കൽ പാപപരിഹാരദിവസത്തിൽ മഹാപുരോഹിതനു മാത്രമേ ഈ മുറിയിൽ പ്രവേശിക്കാനും ഉടമ്പടിപ്പെട്ടകം കാണാനും അനുവാദമുണ്ടായിരുന്നുള്ളൂ. (ലേവ്യ 16:2; എബ്രായർ 9:7) പിന്നീട് ശലോമോൻ പണിത ദേവാലയത്തിന്റെ ഉള്ളിലുള്ള അകത്തെ മുറിയിലേക്ക് ഉടമ്പടിപ്പെട്ടകം കൊണ്ടുപോയി.—1 രാജാക്കന്മാർ 6:14, 19.
ഉദ്ദേശ്യം. വിശുദ്ധസാമഗ്രികൾ സൂക്ഷിച്ചുവെക്കാനുള്ള ഒരിടമായിരുന്നു ഈ പെട്ടകം. സീനായി മലയിൽവെച്ച് ദൈവം ഇസ്രായേല്യരുമായി ചെയ്ത ഉടമ്പടിയെ അല്ലെങ്കിൽ കരാറിനെ ഓർമയിലേക്കു കൊണ്ടുവരാൻ ഇതു സഹായിച്ചു. പാപപരിഹാര ദിവസത്തിലും ഈ പെട്ടകത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു.—ലേവ്യ 16:3, 13-17.
പെട്ടകത്തിനുള്ളിലെ വസ്തുക്കൾ. ഉടമ്പടിപ്പെട്ടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പ്രധാനപ്പെട്ട വസ്തുക്കളിൽ ഒന്നായിരുന്നു പത്തു കല്പനകൾ എഴുതിയിരുന്ന കൽപ്പലകകൾ. (പുറപ്പാട് 40:20) പിൽക്കാലത്ത് “മന്ന ഇട്ടുവെച്ചിരുന്ന സ്വർണഭരണിയും അഹരോന്റെ തളിർത്തവടിയും” ഇതിനോടൊപ്പം വെച്ചു. (എബ്രായർ 9:4; പുറപ്പാട് 16:33, 34; സംഖ്യ 17:10) എന്നാൽ പിന്നീട് ഏതോ ഒരു സമയത്ത് സ്വർണഭരണിയും വടിയും അതിൽനിന്ന് നീക്കിയിരുന്നു. കാരണം ആലയത്തിലേക്ക് പെട്ടകം കൊണ്ടുവന്നപ്പോൾ അതിനുള്ളിൽ അവ ഉണ്ടായിരുന്നില്ല.—1 രാജാക്കന്മാർ 8:9.
ചുമന്നുകൊണ്ടുപോയ വിധം. ഖദിരമരംകൊണ്ടുള്ള തണ്ട് പെട്ടകത്തിലെ വളയത്തിലൂടെ ഇട്ടതിനു ശേഷം ചുമലിലേറ്റിയാണ് ലേവ്യർ അത് കൊണ്ടുപോയിരുന്നത്. (സംഖ്യ 7:9; 1 ദിനവൃത്താന്തം 15:15) ഈ തണ്ട് എല്ലായ്പോഴും പെട്ടകത്തിൽത്തന്നെ ഘടിപ്പിച്ചിരുന്നതിനാൽ ലേവ്യർക്ക് ഒരിക്കൽപ്പോലും പെട്ടകത്തിൽ തൊടേണ്ട ആവശ്യമില്ലായിരുന്നു. (പുറപ്പാട് 25:12-16) പെട്ടകം ചുമന്നുകൊണ്ടുപോകുമ്പോൾ അതിനെ മറയ്ക്കുന്നതിന് വിശുദ്ധവും അതിവിശുദ്ധവും തമ്മിൽ വേർതിരിച്ചിരുന്ന ‘തിരശ്ശീലയാണ്’ ഉപയോഗിച്ചിരുന്നത്.—സംഖ്യ 4:5, 6. a
ആലങ്കാരിക അർഥം. ഉടമ്പടിപ്പെട്ടകം ദൈവത്തിന്റെ സാന്നിധ്യത്തെയാണ് അർഥമാക്കിയത്. ഉദാഹരണത്തിന്, ഉടമ്പടിപ്പെട്ടകത്തിന്റെ മുകളിലും ഇസ്രായേല്യപാളയത്തിലും കണ്ടിരുന്ന മേഘം യഹോവയുടെ സാന്നിധ്യത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരു അടയാളമായിരുന്നു. (ലേവ്യ 16:2; സംഖ്യ 10:33-36) ബൈബിൾ പറയുന്ന ‘കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയെ,’ ഉടമ്പടിപ്പെട്ടകത്തിന്റെ മൂടിയുടെ മുകളിലുള്ള രണ്ട് കെരൂബുകൾ നന്നായി ചിത്രീകരിക്കുന്നു. (1 ശമുവേൽ 4:4; സങ്കീർത്തനം 80:1) അങ്ങനെയാണ് പെട്ടകത്തിന്മേലുള്ള ഈ ‘കെരൂബുകൾ യഹോവയുടെ രഥത്തിന്റെ’ പ്രതീകമായി മാറിയത്. (1 ദിനവൃത്താന്തം 28:18) ഉടമ്പടിപ്പെട്ടകം ദൈവത്തിന്റെ സാന്നിധ്യത്തെ പ്രതീകപ്പെടുത്തുന്നതുകൊണ്ട് അതിനെ സീയോനിലേക്കു കൊണ്ടുവന്നുകഴിഞ്ഞപ്പോൾ “സീയോനിൽ വസിക്കുന്ന യഹോവ” എന്ന് യഹോവയെക്കുറിച്ച് ദാവീദിനു എഴുതാൻ കഴിഞ്ഞു.—സങ്കീർത്തനം 9:11.
പല പേരിൽ അറിയപ്പെട്ടിരുന്നു. ഈ വിശുദ്ധപെട്ടിയെ പരാമർശിക്കാൻ ബൈബിൾ പല പേരുകൾ ഉപയോഗിക്കുന്നു. “സാക്ഷ്യപെട്ടകം” “ഉടമ്പടിപ്പെട്ടകം” “യഹോവയുടെ ഉടമ്പടിപ്പെട്ടകം” ‘അങ്ങയുടെ (യഹോവയുടെ) ശക്തിയുടെ പ്രതീകമായ പെട്ടകം’ തുടങ്ങിയവയാണ് അവ.—സംഖ്യ 7:89; യോശുവ 3:6, 13; 2 ദിനവൃത്താന്തം 6:41.
ഉടമ്പടിപ്പെട്ടകത്തിന്റെ മൂടിയെ ‘അനുരഞ്ജനമൂടിയുടെ ഭവനം’ അഥവാ “അനുരഞ്ജനമൂടി”എന്നും വിളിച്ചിട്ടുണ്ട്. (1 ദിനവൃത്താന്തം 28:11) പാപപരിഹാര ദിവസത്തിൽ പെട്ടകത്തിന്റെ മൂടിയുടെ പ്രത്യേകധർമത്തെയാണ് ഈ പദം അർഥമാക്കുന്നത്. അന്ന് മഹാപുരോഹിതൻ യാഗം അർപ്പിക്കപ്പെട്ട മൃഗങ്ങളുടെ രക്തം മൂടിയിന്മേലും മൂടിയുടെ മുമ്പാകെയും തളിക്കുമായിരുന്നു. ഈ പ്രവൃത്തിയിലൂടെ മഹാപുരോഹിതൻ “അവനും അവന്റെ ഭവനത്തിനും ഇസ്രായേൽസഭയ്ക്കു മുഴുവനും പാപപരിഹാരം വരുത്തും.” അതു ദൈവവുമായി അനുരഞ്ജനത്തിലാകാൻ അല്ലെങ്കിൽ പാപങ്ങളെ മൂടാൻ സഹായിച്ചു.—ലേവ്യ 16:14-17.
ഉടമ്പടിപ്പെട്ടകം ഇന്ന് നിലവിലുണ്ടോ?
അതു നിലവിലുള്ളതായി ഒരു തെളിവുമില്ല. ഒരു ഉടമ്പടിപ്പെട്ടകം മേലാൽ ആവശ്യമില്ലെന്നും അതിനോടുള്ള ബന്ധത്തിൽ ഏർപ്പെടുത്തിയ ഉടമ്പടിക്ക് പകരമാണ് യേശുവിന്റെ യാഗത്തിന്റെ അടിസ്ഥാനത്തിലുള്ള ‘പുതിയ ഉടമ്പടിയെന്നും’ ബൈബിൾ വ്യക്തമാക്കുന്നു. (യിരെമ്യ 31:31-33; എബ്രായർ 8:13; 12:24) മാത്രമല്ല, ഉടമ്പടിപ്പെട്ടകം ഇല്ലാത്ത ഒരു കാലഘട്ടം വരുമെങ്കിലും അതിന്റെ കുറവ് ദൈവജനത്തിന് അനുഭവപ്പെടുകയില്ലെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു.—യിരെമ്യ 3:16.
പുതിയ ഉടമ്പടി ഏർപ്പെടുത്തിയശേഷം അപ്പോസ്തലനായ യോഹന്നാന് ലഭിച്ച ഒരു ദർശനത്തിൽ ഉടമ്പടിപ്പെട്ടകം സ്വർഗത്തിൽ പ്രത്യക്ഷപ്പെട്ടതായി നമ്മൾ ബൈബിളിൽ വായിക്കുന്നു. (വെളിപാട് 11:15, 19) ഈ പ്രതീകാത്മക പെട്ടകം ദൈവത്തിന്റെ സാന്നിധ്യത്തെയും, പുതിയ ഉടമ്പടിയിന്മേലുള്ള ദൈവത്തിന്റെ അനുഗ്രഹത്തെയും അർഥമാക്കുന്നു.
ഈ ഉടമ്പടിപ്പെട്ടകത്തിന് മാന്ത്രികശക്തിയുണ്ടോ?
ഇല്ല. ഉടമ്പടിപ്പെട്ടകം കൈവശമുണ്ടായിരിക്കുന്നത് ഒരിക്കലും വിജയം ഉറപ്പുതരുമായിരുന്നില്ല. ഉദാഹരണത്തിന്, ഹായി പട്ടണത്തിലുള്ളവരുമായി യുദ്ധത്തിൽ ഏർപ്പെടുമ്പോൾ യിസ്രായേല്യരുടെ പക്കൽ ഉടമ്പടിപ്പെട്ടകമുണ്ടായിരുന്നു. എന്നിട്ടും അവർ തോറ്റുപോകാൻ കാരണം അവരുടെ ഭാഗത്തെ അവിശ്വസ്തതയായിരുന്നു. (യോശുവ 7:1-6) മറ്റൊരു സമയത്ത് യുദ്ധഭൂമിയിലേക്ക് ഉടമ്പടിപ്പെട്ടകം എടുത്തുകൊണ്ടുപോയിട്ടുപോലും ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ അവർ അമ്പേ പരാജയപ്പെട്ടു. ഇസ്രായേല്യ പുരോഹിതന്മാരായ ഹൊഫ്നിയുടെയും ഫീനെഹാസിന്റെയും ദുഷ്ടത നിമിത്തമായിരുന്നു അതു സംഭവിച്ചത്. (1 ശമുവേൽ 2:12; 4:1-11) യുദ്ധത്തിൽ ഫെലിസ്ത്യർ ഉടമ്പടിപ്പെട്ടകം പിടിച്ചെടുത്തു. എന്നാൽ അത് തിരികെ ഇസ്രായേലിലേക്ക് മടക്കിക്കൊടുക്കുന്നതുവരെ രോഗങ്ങളാൽ ദൈവം അവരെ ശിക്ഷിച്ചു.—1 ശമുവേൽ 5:11–6:5.
വർഷം (ബി.സി.യിൽ) |
സംഭവം |
---|---|
1513 |
ഇസ്രായേല്യർ നൽകിയ സാധനസാമഗ്രികൾകൊണ്ട് ബസലേലും അവന്റെ പണിയാളുകളും നിർമിക്കുന്നു.—പുറപ്പാട് 25:1, 2; 37:1. |
1512 |
വിശുദ്ധകൂടാരം, പൗരോഹിത്യം എന്നിവയോടൊപ്പം മോശ ഉദ്ഘാടനം ചെയ്യുന്നു.—പുറപ്പാട് 40:1-3, 9, 20, 21. |
1512—1070-നു ശേഷം |
പല ഇടങ്ങളിലേക്കു കൊണ്ടുപോകുന്നു.—യോശുവ 18:1; ന്യായാധിപന്മാർ 20:26, 27; 1 ശമുവേൽ 1:24; 3:3; 6:11-14; 7:1, 2. |
1070-നു ശേഷം |
ദാവീദ് രാജാവ് യെരുശലേമിലേക്കു കൊണ്ടുവരുന്നു.—2 ശമുവേൽ 6:12. |
1026 |
യെരുശലേമിൽ ശലോമോൻ പണിത ആലയത്തിൽ വെക്കുന്നു.—1 രാജാക്കന്മാർ 8:1, 6. |
642 |
യോശിയാ രാജാവ് ആലയത്തിലേക്കു തിരികെ കൊടുക്കുന്നു.—2 ദിനവൃത്താന്തം 35:3. b |
607-നു മുമ്പ് |
സാധ്യതയനുസരിച്ച് ആലയത്തിൽനിന്ന് അതു എടുത്തുമാറ്റിയിട്ടുണ്ടാകാം. ബി.സി. 607-ൽ ആലയം നശിപ്പിക്കപ്പെട്ടപ്പോൾ അവിടെനിന്ന് ബാബിലോണിലേക്ക് എടുത്തുകൊണ്ടുപോയ സാധാനസാമഗ്രികളുടെ പട്ടികയിലോ പിന്നീട് യെരുശലേമിലേക്കു മടക്കിക്കൊടുത്ത വസ്തുക്കളുടെ പട്ടികയിലോ നിയമപെട്ടകത്തെക്കുറിച്ച് യാതൊരു സൂചനയുമില്ല.—2 രാജാക്കന്മാർ 25:13-17; എസ്ര 1:7-11. |
63 |
യെരുശലേമിനെ കീഴടക്കി ആലയത്തിന്റെ അതിവിശുദ്ധം പരിശോധിച്ച റോമൻ ജനറലായ പോംപി നിയമപെട്ടകം അവിടെ കണ്ടെത്താനായില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. c |
a ഉടമ്പടിപ്പെട്ടകം ചുമന്നുകൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതു മൂടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉള്ള ദൈവനിയമങ്ങൾ അനുസരിക്കാതിരുന്നപ്പോൾ ദാരുണമായ ഫലങ്ങൾ ഇസ്രായേല്യർക്ക് ഏറ്റുവാങ്ങേണ്ടിവന്നു.—1 ശമുവേൽ 6:19; 2 ശമുവേൽ 6:2-7.
b ആര്, എപ്പോൾ, എങ്ങനെ ഉടമ്പടിപ്പെട്ടകം മാറ്റിയെന്ന് ബൈബിൾ പറയുന്നില്ല.
c റ്റാസിറ്റസിന്റെ ‘വൃത്താന്തങ്ങൾ’ (The Histories) പുസ്തകം 5, ഖണ്ഡിക 9 കാണുക.