നെഫിലിമുകൾ ആരായിരുന്നു?
ബൈബിളിന്റെ ഉത്തരം
നോഹയുടെ നാളുകളിൽ ജീവിച്ചിരുന്ന സ്ത്രീകളെ, സ്വർഗത്തിൽനിന്ന് വന്ന ദുഷ്ടദൂതന്മാർ ഭാര്യമാരാക്കി. അവർക്ക് ജനിച്ച കുട്ടികളാണ് നെഫിലിമുകൾ. അവർ അക്രമാസക്തരും അമാനുഷികരും രാക്ഷസന്മാരും ആയിരുന്നു. a
ബൈബിൾവിവരണം പറയുന്നു: “മനുഷ്യരുടെ പുത്രിമാർ സുന്ദരികളാണെന്ന കാര്യം സത്യദൈവത്തിന്റെ പുത്രന്മാർ ശ്രദ്ധിച്ചു.” (ഉൽപത്തി 6:2) ‘സത്യദൈവത്തിന്റെ ആ പുത്രന്മാർ’ വാസ്തവത്തിൽ ദൈവത്തിന് എതിരെ മത്സരിച്ച ആത്മവ്യക്തികളായിരുന്നു. സ്വർഗത്തിലെ “തങ്ങളുടെ വാസസ്ഥലം വിട്ട്,” മനുഷ്യശരീരം സ്വീകരിച്ച് “ഇഷ്ടപ്പെട്ടവരെയെല്ലാം അവർ ഭാര്യമാരാക്കി.”—യൂദ 6; ഉൽപത്തി 6:2.
ഈ പ്രകൃതിവിരുദ്ധബന്ധത്തിലൂടെ ജനിച്ചത് സങ്കരസന്തതികളായിരുന്നു. അവർ സാധാരണ കുട്ടികളെപ്പോലെയായിരുന്നില്ല. (ഉൽപത്തി 6:4) ഈ രാക്ഷസന്മാർ ഭൂമിയെ അക്രമംകൊണ്ട് നിറച്ചു. (ഉൽപത്തി 6:13) ബൈബിൾ ഇവരെ വിളിക്കുന്നത് “പുരാതനകാലത്തെ ശക്തന്മാർ, കീർത്തികേട്ട പുരുഷന്മാർ ” എന്നാണ്. (ഉൽപത്തി 6:4) അക്രമത്തിന്റെയും ഭീകരതയുടെയും ഒരു ചരിത്രം സൃഷ്ടിച്ചിട്ടാണ് അവർ കടന്നുപോയത്.—ഉൽപത്തി 6:5; സംഖ്യ 13:33. b
നെഫിലിമുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണ
തെറ്റിദ്ധാരണ: നെഫിലിമുകൾ ഇന്നും ഭൂമിയിൽ ജീവിച്ചിരിക്കുന്നു.
വസ്തുത: അന്നത്തെ അക്രമം നിറഞ്ഞ ലോകത്തെ നശിപ്പിക്കാൻ യഹോവ ഒരു ആഗോള ജലപ്രളയം വരുത്തി. എല്ലാ ദുഷ്ടമനുഷ്യരെയും തുടച്ചുനീക്കിയ കൂട്ടത്തിൽ നെഫിലിമുകളും ഉണ്ടായിരുന്നു. എന്നാൽ നോഹയും കുടുംബവും മാത്രമാണ് യഹോവയുടെ പ്രീതി ലഭിച്ചവരായി അന്നുണ്ടായിരുന്നത്. അവർ മാത്രമാണ് അന്ന് ജീവനോടെ സംരക്ഷിക്കപ്പെട്ടത്.—ഉൽപത്തി 6:9; 7:12, 13, 23; 2 പത്രോസ് 2:5.
തെറ്റിദ്ധാരണ: നെഫിലിമുകളുടെ പിതാക്കന്മാർ മനുഷ്യരായിരുന്നു.
വസ്തുത: “സത്യദൈവത്തിന്റെ പുത്രന്മാർ” എന്നാണ് നെഫിലിമുകളുടെ പിതാക്കന്മാരെ വിളിച്ചിരിക്കുന്നത്. (ഉൽപത്തി 6:2) ദൈവദൂതന്മാരെ കുറിക്കാനും ബൈബിൾ ഇതേ പദപ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്. (ഇയ്യോബ് 1:6; 2:1; 38:7) ദൈവദൂതന്മാർക്കു മനുഷ്യരൂപത്തിൽ വരാനുള്ള കഴിവുണ്ടായിരുന്നു. (ഉൽപത്തി 19:1-5; യോശുവ 5:13-15) ‘പണ്ടു നോഹയുടെ കാലത്ത്, ദൈവം ക്ഷമയോടെ കാത്തിരുന്നപ്പോൾ അനുസരണക്കേടു കാണിച്ച’ ആത്മവ്യക്തികൾ തടവിലാണെന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞു. (1 പത്രോസ് 3:19, 20) “സ്വന്തം സ്ഥാനം കാത്തുസൂക്ഷിക്കാതെ തങ്ങളുടെ വാസസ്ഥലം വിട്ട് പോയ” ചില ദൈവദൂതന്മാരെക്കുറിച്ച് ബൈബിളെഴുത്തുകാരനായ യൂദയും പറയുന്നു.—യൂദ 6.
തെറ്റിദ്ധാരണ: സ്വർഗത്തിൽനിന്ന് പുറത്താക്കിയ ദൂതന്മാരാണ് നെഫിലിമുകൾ.
വസ്തുത: ഉൽപത്തി 6:4-ന്റെ സന്ദർഭം സൂചിപ്പിക്കുന്നത് നെഫിലിമുകൾ ദൈവദൂതന്മാരല്ല എന്നാണ്. മനുഷ്യരൂപമെടുത്ത് വന്ന ദൈവദൂതന്മാർ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടപ്പോൾ ജനിച്ച സങ്കരസന്തതികളായിരുന്നു നെഫിലിമുകൾ. ദൈവദൂതന്മാർ “ഇഷ്ടപ്പെട്ടവരെയെല്ലാം . . . ഭാര്യമാരാക്കി.” ആ ഭക്തിയില്ലാത്ത ലോകത്തിന് എതിരെ 120 വർഷത്തിനുള്ളിൽ നടപടിയെടുക്കുമെന്ന് അപ്പോൾ യഹോവ പറഞ്ഞു. (ഉൽപത്തി 6:1-3) മനുഷ്യരൂപമെടുത്ത് വന്ന ദൈവദൂതന്മാർ ‘അക്കാലത്ത് മനുഷ്യരുടെ പുത്രിമാരുമായി ബന്ധപ്പെടുകയും ആ സ്ത്രീകൾ പുരാതനകാലത്തെ ശക്തന്മാരെ’ പ്രസവിക്കുകയും ചെയ്തു എന്നു വിവരണം പറയുന്നു. ഈ ശക്തന്മാരാണ് നെഫിലിമുകൾ.—ഉൽപത്തി 6:4.
a “നെഫിലിം” എന്ന് ലിപ്യന്തരണം ചെയ്തിരിക്കുന്ന എബ്രായ പദത്തിന്റെ അർഥം സാധ്യതയനുസരിച്ച് “വീഴിക്കുന്നവർ” എന്നാണ്. “അക്രമിക്കുന്നതിനും പിടിച്ചുപറിക്കുന്നതിനും വേണ്ടി ആളുകളുടെ മേൽ ചാടിവീണ് അവരെ വീഴിക്കുന്നവർ” എന്നാണ് വിൽസന്റെ പഴയനിയമ പദപഠനങ്ങൾ (ഇംഗ്ലീഷ്) ഈ പദത്തിനു നൽകുന്ന നിർവചനം.
b സംഖ്യ 13:33-ൽ പറഞ്ഞിരിക്കുന്ന ഇസ്രായേലിൽനിന്നുള്ള ഒറ്റുകാർ വലിയ ആളുകളെ കണ്ടപ്പോൾ അവർക്ക് നെഫിലിമുകളെക്കുറിച്ചുള്ള വിവരണങ്ങൾ ഓർമ വന്നിരിക്കാം. നെഫിലിമുകളാകട്ടെ നൂറ്റാണ്ടുകൾക്കു മുമ്പ് മരിച്ചുപോയിരുന്നു.—ഉൽപത്തി 7:21-23.