എന്താണ് പുതിയ യരുശലേം?
ബൈബിളിന്റെ ഉത്തരം
“പുതിയ യരുശലേം” എന്ന പദപ്രയോഗം ബൈബിളിൽ രണ്ടു തവണ കാണാം. യേശുവിനോടൊപ്പം ദൈവരാജ്യത്തിൽ ഭരിക്കുന്നതിനായി, സ്വർഗത്തിലേക്കു പോകുന്ന, യേശുവിന്റെ അനുഗാമികളുടെ കൂട്ടത്തെ പ്രതിനിധീകരിക്കുന്ന ആലങ്കാരികനഗരമാണിത്. (വെളിപാട് 3:12; 21:2) ഈ കൂട്ടത്തെ ക്രിസ്തുവിന്റെ മണവാട്ടിയെന്നും ബൈബിൾ വിളിക്കുന്നു.
പുതിയ യരുശലേമിനെ അടുത്ത് അറിയാം
പുതിയ യരുശലേം സ്വർഗത്തിലാണ്. പുതിയ യരുശലേമിനെക്കുറിച്ച് ബൈബിളിൽ കാണുന്നിടത്തൊക്കെ അതു സ്വർഗത്തിൽനിന്ന് വരുന്നതായാണു പറയുന്നത്, അതിന്റെ കവാടങ്ങളിൽ ദൂതന്മാർ കാവൽ നിൽക്കുന്നതായും പറയുന്നു. (വെളിപാട് 3:12; 21:2, 10, 12) നഗരത്തിന്റെ അസാമാന്യവലുപ്പവും അതു ഭൂമിയിലുള്ളതല്ല എന്നു സൂചിപ്പിക്കുന്നു. നീളവും വീതിയും ഉയരവും തുല്യമായിരുന്ന ആ നഗരത്തിന്റെ ചുറ്റളവ് “ഏകദേശം 2,220 കിലോമീറ്റർ” ആണ്. (വെളിപാട് 21:16) അതുകൊണ്ട് ആ നഗരത്തിന് ഏകദേശം 560 കിലോമീറ്റർ ഉയരം കാണും.
പുതിയ യരുശലേമിന്റെ അംഗങ്ങൾ. ഒരു കൂട്ടം ക്രിസ്ത്യാനികൾ അടങ്ങുന്നതാണ് പുതിയ യരുശലേം. പുതിയ യരുശലേമിനെ ‘മണവാട്ടി, കുഞ്ഞാടിന്റെ ഭാര്യ’ എന്നൊക്കെ വിശേഷിപ്പിക്കുന്നു. (വെളിപാട് 21:9, 10) ‘കുഞ്ഞാട്’ യേശുക്രിസ്തുവിനെ അർഥമാക്കുന്നു. (യോഹന്നാൻ 1:29; വെളിപാട് 5:12) സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കുന്നതിനായി കൂട്ടിച്ചേർക്കപ്പെടുന്ന ക്രിസ്ത്യാനികളാണ് ‘കുഞ്ഞാടിന്റെ ഭാര്യ’ അഥവാ ക്രിസ്തുവിന്റെ മണവാട്ടി. യേശുവും ഈ ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധത്തെ ബൈബിൾ ഒരു ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട് ഉപമിച്ചിട്ടുണ്ട്. (2 കൊരിന്ത്യർ 11:2; എഫെസ്യർ 5:23-25) ഇനി, ‘കുഞ്ഞാടിന്റെ 12 അപ്പോസ്തലന്മാരുടെ പേരുകൾ’ പുതിയ യരുശലേമിന്റെ അടിസ്ഥാനശിലകളിൽ കൊത്തിവെച്ചിരിക്കുന്നതായി പറയുന്നു. (വെളിപാട് 21:14) ‘അപ്പോസ്തലന്മാരും പ്രവാചകന്മാരും ആകുന്ന അടിസ്ഥാനത്തിന്മേൽ പണിതുയർത്തിയിരിക്കുന്നവരാണ്’ സ്വർഗത്തിൽ ജീവിക്കാനായി ക്ഷണം ലഭിച്ച ക്രിസ്ത്യാനികൾ. (എഫെസ്യർ 2:20) ഇതിൽനിന്ന്, യേശുവിനോടൊപ്പം ഭരിക്കാനായി സ്വർഗത്തിലേക്കു പോകുന്നവരെയാണ് പുതിയ യരുശലേമെന്നു വിളിക്കുന്നതെന്ന് വ്യക്തം.
പുതിയ യരുശലേം ഒരു ഗവൺമെന്റിന്റെ ഭാഗമാണ്. പുരാതന യരുശലേം ഇസ്രായേലിന്റെ തലസ്ഥാനമായിരുന്നു. അവിടെയാണ് ദാവീദ് രാജാവും മകനായ ശലോമോനും അവരുടെ പിൻഗാമികളും ഭരിച്ചിരുന്നത്. അവർ “യഹോവയുടെ സിംഹാസനത്തിൽ” ഇരുന്നാണ് ഭരിച്ചത്. (1 ദിനവൃത്താന്തം 29:23) ‘വിശുദ്ധനഗരം’ എന്നു വിളിക്കപ്പെട്ട യരുശലേം ദാവീദിന്റെ കുടുംബപരമ്പരയിൽ വരാനിരുന്ന ദൈവരാജ്യത്തെ പ്രിതിനിധീകരിച്ചു. (നെഹമ്യ 11:1) പുതിയ യരുശലേമിനെയും ‘വിശുദ്ധനഗരം’ എന്നു വിളിക്കുന്നു. യേശുവിനോടൊപ്പം സ്വർഗത്തിൽനിന്ന് “രാജാക്കന്മാരായി ഭൂമിയെ ഭരിക്കു”ന്നവരെല്ലാം ചേർന്നതാണ് പുതിയ യരുശലേം.—വെളിപാട് 5:9, 10; 21:2.
പുതിയ യരുശലേം ഭൂമിയിലുള്ളവർക്ക് അനുഗ്രഹങ്ങൾ കൈവരുത്തും. പുതിയ യരുശലേം “സ്വർഗത്തിൽനിന്ന്, ദൈവത്തിന്റെ അടുത്തുനിന്ന്, ഇറങ്ങിവരുന്ന”തായി പറയുന്നുതിൽനിന്ന് സ്വർഗത്തിനു പുറത്തുള്ള കാര്യങ്ങൾ നടത്തുന്നതിനായി ദൈവം പുതിയ യരുശലേമിനെ ഉപയോഗിക്കുന്നു എന്നു മനസ്സിലാക്കാം. (വെളിപാട് 21:2) അതുകൊണ്ട് ദൈവത്തിന്റെ ഇഷ്ടം “സ്വർഗത്തിലെപ്പോലെ ഭൂമിയിലും” നടത്താൻ ദൈവം ഉപയോഗിക്കുന്ന ദൈവരാജ്യവുമായി പുതിയ യരുശലേമിനു ബന്ധമുണ്ട്. (മത്തായി 6:10) ദൈവം തന്റെ ഇഷ്ടം നടപ്പാക്കുമ്പോൾ മനുഷ്യർക്ക് ഈ അനുഗ്രഹങ്ങൾ ലഭിക്കും:
പാപം ഇല്ലാതാക്കും. പുതിയ യരുശലേമിൽനിന്ന് ഒഴുകുന്ന “ജീവജലനദി” “ജനതകളെ സുഖപ്പെടുത്താനുള്ള” ‘ജീവവൃക്ഷങ്ങൾക്കു’ വേണ്ട വെള്ളം നൽകും. (വെളിപാട് 22:1, 2) ശാരീരികവും ആത്മീയവും ആയ ഈ സുഖപ്പെടുത്തലിലൂടെ ആളുകളുടെ പാപം ഇല്ലാതാകും, ദൈവം ഉദ്ദേശിച്ചിരുന്നതുപോലെയുള്ള തികവുറ്റ ജീവിതം ആളുകൾക്കു ലഭിക്കുകയും ചെയ്യും.—റോമർ 8:21.
ദൈവവും മനുഷ്യരും തമ്മിൽ നല്ലൊരു ബന്ധമുണ്ടായിരിക്കും. പാപം മനുഷ്യരെ ദൈവത്തിൽനിന്ന് അകറ്റി. (യശയ്യ 59:2) പാപം ഇല്ലാതാകുമ്പോൾ പിൻവരുന്ന പ്രവചനം പൂർണമായി നിറവേറും: “ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ. ദൈവം അവരുടെകൂടെ വസിക്കും. അവർ ദൈവത്തിന്റെ ജനമായിരിക്കും. ദൈവം അവരുടെകൂടെയുണ്ടായിരിക്കും.”—വെളിപാട് 21:3.
ദുരിതങ്ങളും മരണവും ഇല്ലാതാക്കും. തന്റെ രാജ്യത്തിലൂടെ “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട് 21:4.