പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ബൈബിളിന്റെ ഉത്തരം
പ്രതികാരം ചെയ്യുന്നതിന് ന്യായമായ കാരണങ്ങൾ ഉണ്ടെന്ന് തോന്നിയാൽപ്പോലും അങ്ങനെ ചെയ്യുന്നത് ബൈബിൾ അനുസരിച്ച് ശരിയല്ല. കാരണം ബൈബിൾ ഇങ്ങനെയാണ് പറയുന്നത്: “‘അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടും ചെയ്യും; അവൻ ചെയ്തതിനു ഞാൻ പകരം ചെയ്യും’ എന്നു നീ പറയരുത്.” (സുഭാഷിതങ്ങൾ 24:29) ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിച്ചപ്പോൾ പ്രതികാരം ചെയ്യാനുള്ള ആഗ്രഹംതന്നെ മനസ്സിൽനിന്ന് മാറ്റിക്കളയാൻ പലർക്കും കഴിഞ്ഞിട്ടുണ്ട്.
ഈ ലേഖനത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യും:
പ്രതികാരം ചെയ്യുന്നതിൽ എന്താണ് തെറ്റ്?
ആരെങ്കിലും വിഷമിപ്പിക്കുകയോ ഉപദ്രവിക്കുകയോ ഒക്കെ ചെയ്താൽ ആർക്കാണെങ്കിലും ദേഷ്യം വരും. അവർ നമ്മളോടു ചെയ്തതിന് തക്ക ശിക്ഷ അവർക്ക് കിട്ടണമെന്നും തോന്നും. എന്നാൽ അവരോട് നമ്മൾ പ്രതികാരം ചെയ്യുന്നത് ശരിയല്ല. ബൈബിൾ അതിനോടു യോജിക്കുന്നില്ല. എന്തുകൊണ്ട്?
നമ്മളെ വിഷമിപ്പിക്കുന്നവരോട് നമ്മളായിട്ട് പ്രതികാരം ചെയ്യുന്നത് ദൈവത്തിന് ഒട്ടും ഇഷ്ടമല്ല. ബൈബിളിൽ യഹോവ a ഇങ്ങനെ പറയുന്നു: “പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും.” (റോമർ 12:19) ആരെങ്കിലും നമ്മളെ ഉപദ്രവിച്ചാൽ പ്രതികാരം ചെയ്യാൻ നോക്കാതെ പറ്റുന്നിടത്തോളം സമാധാനപരമായി ആ പ്രശ്നം പരിഹരിക്കാനാണ് ബൈബിൾ പറയുന്നത്. (റോമർ 12:18) എന്നാൽ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ മാർഗമൊന്നുമില്ലെങ്കിലോ? അല്ലെങ്കിൽ, അതിന് എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ലെങ്കിലോ? അങ്ങനെയെങ്കിൽ പ്രശ്നം യഹോവയ്ക്കു വിട്ടേക്കുക. കാര്യങ്ങൾ യഹോവ നേരെയാക്കുന്നതിനായി കാത്തിരിക്കാനാണ് തിരുവെഴുത്തുകൾ നമ്മളോടു പറയുന്നത്.—സങ്കീർത്തനം 42:10, 11.
ദൈവം ശിക്ഷ നടപ്പാക്കുന്നത് എങ്ങനെയാണ്?
ഇപ്പോൾ ശിക്ഷ നടപ്പാക്കാൻ ലൗകികാധികാരികളെ ദൈവം അനുവദിച്ചിരിക്കുന്നു. (റോമർ 13:1-4) എന്നാൽ ക്രൂരത കാട്ടുന്ന എല്ലാവർക്കും ദൈവംതന്നെ തക്ക ശിക്ഷ കൊടുക്കുന്ന കാലം താമസിയാതെ വരും. അന്ന് ദൈവം എല്ലാ കഷ്ടപ്പാടും ദുരിതങ്ങളും എന്നേക്കുമായി നീക്കിക്കളയും.—യശയ്യ 11:4.
പ്രതികാരം ചെയ്യണമെന്ന തോന്നൽ മനസ്സിൽനിന്ന് എങ്ങനെ കളയാം?
എടുത്തുചാടി പ്രവർത്തിക്കാതിരിക്കുക. (സുഭാഷിതങ്ങൾ 17:27) ദേഷ്യത്തിന്റെ പുറത്ത് ഓരോന്ന് ചെയ്യുന്നവർക്ക് പിന്നീട് ഖേദിക്കേണ്ടി വരും. എന്നാൽ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ചിന്തിക്കുന്നവർക്ക് നല്ല തീരുമാനങ്ങളെടുക്കാൻ കഴിയും.—സുഭാഷിതങ്ങൾ 29:11.
കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ ശ്രമിക്കുക. (സുഭാഷിതങ്ങൾ 18:13) നിങ്ങളെ ആരെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ ചിന്തിക്കുന്നത് നല്ലതായിരിക്കും: ‘എനിക്ക് അറിഞ്ഞുകൂടാത്ത എന്തെങ്കിലും കാരണം കൊണ്ടാണോ ആ വ്യക്തി അങ്ങനെ ചെയ്തത്? അദ്ദേഹം ടെൻഷനിലായിരുന്നോ? ഇനി, അറിയാതെ പറ്റിപ്പോയതായിരിക്കുമോ?’ ഒരാൾ മനഃപൂർവം ദ്രോഹിക്കാൻ ചെയ്തതാണെന്ന് നമുക്കു തോന്നുന്ന ഒരു കാര്യംപോലും ശരിക്കും അങ്ങനെ ആയിരിക്കണമെന്നില്ല. അത് അബദ്ധത്തിൽ പറ്റിപ്പോയ ഒരു തെറ്റു മാത്രമായിരിക്കാം.
പ്രതികാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: പ്രതികാരം ചെയ്യാനുള്ള അനുമതി ബൈബിൾ തരുന്നുണ്ട്. കാരണം “കണ്ണിനു പകരം കണ്ണ്” എന്ന് അതിൽ പറയുന്നുണ്ടല്ലോ.—ലേവ്യ 24:20.
വസ്തുത: “കണ്ണിനു പകരം കണ്ണ്” എന്ന നിയമം ഇസ്രായേലിൽ ഉള്ളവരെ സ്വന്തമായി പ്രതികാരം ചെയ്യുന്നതിൽനിന്ന് തടയുകയാണ് ചെയ്തത്. ന്യായമായ ശിക്ഷ കൊടുക്കാൻ ന്യായാധിപന്മാരെ സഹായിക്കുന്ന ഒരു നിയമമായിരുന്നു അത്. b—ആവർത്തനം 19:15-21.
തെറ്റിദ്ധാരണ: പ്രതികാരം ചെയ്യാൻ ബൈബിൾ ആർക്കും അനുവാദം തരുന്നില്ലല്ലോ. അപ്പോൾപ്പിന്നെ അന്യായം നേരിട്ടാൽ ഒന്നും പറയാതെ എല്ലാം സഹിക്കണം.
വസ്തുത: അന്യായം നേരിടുമ്പോൾ നമ്മുടെ ഭാഗത്തെ ന്യായങ്ങൾ പറയാനോ ആവശ്യമെങ്കിൽ അധികാരികളുടെ സഹായം തേടാനോ ഒക്കെയുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ട്. പക്ഷേ, അതു വാക്കേറ്റത്തിലോ ഏറ്റുമുട്ടലിലോ ഒന്നും ചെന്നെത്താതെ നോക്കണം. അങ്ങനെയാണ് ബൈബിൾ പറയുന്നത്.—സുഭാഷിതങ്ങൾ 17:14.
a ബൈബിൾ പറയുന്നത് അനുസരിച്ച് ദൈവത്തിന്റെ പേര് യഹോവ എന്നാണ്.
b ഈ നിയമത്തെക്കുറിച്ച് കൂടുതൽ അറിയാൻ “‘കണ്ണിനു പകരം കണ്ണ്’ എന്നു പറയുന്നതിന്റെ അർഥം എന്താണ്?” എന്ന ലേഖനം വായിക്കുക.