ശവശരീരം ദഹിപ്പിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ബൈബിളിന്റെ ഉത്തരം
ശവശരീരം ദഹിപ്പിക്കുന്നതിനെക്കുറിച്ച് ബൈബിൾ കൃത്യമായ നിർദേശം ഒന്നും തരുന്നില്ല. മൃതദേഹം അടക്കം ചെയ്യുന്നതിനെക്കുറിച്ചോ ദഹിപ്പിക്കുന്നതിനെക്കുറിച്ചോ ബൈബിളിൽ ഒരു കല്പനയും ഇല്ല.
എന്നാൽ ദൈവത്തിന്റെ വിശ്വസ്തരായ ചില ദാസർ അവരുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ അടക്കം ചെയ്തതായി ബൈബിൾ പറയുന്നുണ്ട്. ഉദാഹരണത്തിന് ഭാര്യയായ സാറയ്ക്കുവേണ്ടി അബ്രാഹാം ശ്മശാനത്തിനുള്ള സ്ഥലം വാങ്ങുകപോലും ചെയ്തു.—ഉൽപത്തി 23:2-20; 49:29-32.
വിശ്വസ്തരായ ദൈവദാസർ മരിച്ച പ്രിയപ്പെട്ടവരുടെ ശരീരം ദഹിപ്പിച്ചതായും ബൈബിളിൽ കാണാം. ഉദാഹരണത്തിന് ഇസ്രായേൽ രാജാവായിരുന്ന ശൗലും അദ്ദേഹത്തിന്റെ മൂന്നു മക്കളും യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ അവരുടെ ശവശരീരം ആദ്യം മാന്യമായ സംസ്കാരം ലഭിക്കാതെ ശത്രുദേശത്തുതന്നെ കിടന്നു. ഇത് അറിഞ്ഞ ഇസ്രായേലിലെ വിശ്വസ്തരായ പടയാളികൾ ശൗലിന്റെയും മക്കളുടെയും ശവശരീരം എടുത്തുകൊണ്ടുവന്ന് ദഹിപ്പിച്ചശേഷം അസ്ഥികൾ എടുത്ത് അടക്കം ചെയ്തു. (1 ശമുവേൽ 31:8-13) ഇവരുടെ കാര്യത്തിൽ ഈ ചെയ്തതു പൊതുവേ സ്വീകാര്യമായ രീതിയായിരുന്നെന്നു ബൈബിൾ സൂചിപ്പിക്കുന്നു.—2 ശമുവേൽ 2:4-6.
പൊതുവായ ചില തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ദഹിപ്പിക്കുന്നതു ശരീരത്തോടുള്ള അനാദരവാണ്.
വസ്തുത: മരിച്ചവർ പൊടിയിലേക്കു തിരികെ ചേരുമെന്നു ബൈബിൾ പറയുന്നു. അതുതന്നെയാണ് ഒരു ശവശരീരം അഴുകുമ്പോൾ സംഭവിക്കുന്നതും. (ഉൽപത്തി 3:19) ദഹിപ്പിക്കുമ്പോൾ ശരീരം ചാരമായിത്തീരുന്നു അല്ലെങ്കിൽ പെട്ടെന്നു പൊടിയായിത്തീരുന്നു, അത്രതന്നെ.
തെറ്റിദ്ധാരണ: ബൈബിൾക്കാലങ്ങളിൽ ദൈവത്തിന് ഇഷ്ടമില്ലാത്തവരെ മാത്രമാണു മരണശേഷം ദഹിപ്പിച്ചിരുന്നത്.
വസ്തുത: ആഖാനെയും കുടുംബത്തെയും പോലെ അവിശ്വസ്തരായ ചിലരുടെ ശവശരീരം ദഹിപ്പിച്ചിട്ടുണ്ട് എന്നതു ശരിയാണ്. (യോശുവ 7:25) എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നു, സാധാരണ അങ്ങനെയായിരുന്നില്ല. (ആവർത്തനം 21:22, 23) നേരത്തേ പറഞ്ഞതുപോലെ ശൗൽ രാജാവിന്റെ മകനായ യോനാഥാനെപ്പോലെ വിശ്വസ്തരായ ചിലരുടെ ശരീരംപോലും ദഹിപ്പിച്ചിട്ടുണ്ട്.
തെറ്റിദ്ധാരണ: ദഹിപ്പിച്ചാൽ ദൈവം ഉയിർപ്പിക്കില്ല.
വസ്തുത: ഉയിർപ്പിക്കുന്ന കാര്യത്തിൽ, അടക്കം ചെയ്തതാണോ ദഹിപ്പിച്ചതാണോ കടലിൽ പോയതാണോ വന്യമൃഗങ്ങൾ തിന്നതാണോ എന്നതൊന്നും ദൈവത്തിനു പ്രശ്നമല്ല. (വെളിപാട് 20:13) ഒരാൾക്കുവേണ്ടി ഒരു പുതിയ ശരീരം ഉണ്ടാക്കുന്നതു സർവശക്തനായ ദൈവത്തിനു പ്രയാസമുള്ള കാര്യമല്ല.—1 കൊരിന്ത്യർ 15:35, 38.