ഭാഷാവരത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ബൈബിളിന്റെ ഉത്തരം
മുമ്പു പഠിച്ചിട്ടില്ലാത്ത ഭാഷയിൽ സംസാരിക്കാൻ ആദ്യകാല ക്രിസ്ത്യാനികളെ പ്രാപ്തരാക്കിയ അത്ഭുതകരമായ കഴിവിനെയാണു “അന്യഭാഷകളിൽ” സംസാരിക്കാനുള്ള കഴിവ് അഥവാ ഭാഷാവരം എന്നു പറയുന്നത്. (പ്രവൃത്തികൾ 10:46) സംസാരിക്കുന്ന ആളിന്റെ ഭാഷ അറിയാവുന്നവർക്ക് അയാൾ പറയുന്നത് എളുപ്പം മനസ്സിലാക്കാൻ കഴിയുമായിരുന്നു. (പ്രവൃത്തികൾ 2:4-8) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു ലഭിച്ച പരിശുദ്ധാത്മാവിന്റെ വരങ്ങളിൽ ഒന്നായിരുന്നു ഭാഷാവരം.—എബ്രായർ 2:4; 1 കൊരിന്ത്യർ 12:4, 30.
എന്ന്, എവിടെവെച്ച് ആണ് ഭാഷാവരം തുടങ്ങിയത്?
ഈ അത്ഭുതം ആദ്യം സംഭവിച്ചത് എ.ഡി. 33-ലെ പെന്തിക്കോസ്ത് ദിവസം രാവിലെ യരുശലേമിൽവെച്ചായിരുന്നു. ജൂതന്മാരുടെ ഉത്സവമായിരുന്നു പെന്തിക്കോസ്ത്. അവിടെ കൂടിവന്നിരുന്ന യേശുവിന്റെ ഏകദേശം 120 ശിഷ്യന്മാർ “പരിശുദ്ധാത്മാവ് നിറഞ്ഞവരായി, ആത്മാവ് കൊടുത്ത കഴിവനുസരിച്ച് വ്യത്യസ്തഭാഷകളിൽ സംസാരിക്കാൻതുടങ്ങി.” (പ്രവൃത്തികൾ 1:15; 2:1-4) “ആകാശത്തിനു കീഴെയുള്ള എല്ലാ രാജ്യങ്ങളിൽനിന്നും” വന്ന ഒരു വലിയ ജനക്കൂട്ടം “അവരുടെ ഭാഷകളിൽ ശിഷ്യന്മാർ സംസാരിക്കുന്നതു കേട്ടു.”—പ്രവൃത്തികൾ 2:5, 6.
ഭാഷാവരത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
ക്രിസ്ത്യാനികൾക്കു ദൈവത്തിന്റെ പിന്തുണയുണ്ടെന്നു കാണിക്കാൻ. പണ്ടു മോശയെപ്പോലുള്ള വിശ്വസ്തരായ ആളുകൾക്കു ദൈവത്തിന്റെ പിന്തുണയുണ്ടെന്നതിന്റെ തെളിവായി ദൈവം അത്ഭുതകരമായ അടയാളങ്ങൾ ചെയ്യാനുള്ള കഴിവ് കൊടുത്തു. (പുറപ്പാട് 4:1-9, 29-31; സംഖ്യ 17:10) ഭാഷാവരവും ഇതുപോലുള്ള ഒന്നുതന്നെയായിരുന്നു. പുതുതായി രൂപംകൊണ്ട ക്രിസ്തീയസഭയ്ക്കു ദൈവത്തിന്റെ പിന്തുണയുണ്ടെന്നതിന്റെ തെളിവായിരുന്നു അത്. അപ്പോസ്തലനായ പൗലോസ് എഴുതി: “അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ്.”—1 കൊരിന്ത്യർ 14:22.
സമഗ്രമായ സാക്ഷ്യം നൽകാൻ ക്രിസ്ത്യാനികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി. പെന്തിക്കോസ്ത് ദിവസം യേശുവിന്റെ അനുഗാമികൾ പറയുന്നതു കേട്ടവർ ഇങ്ങനെ പറഞ്ഞു: “അവർ നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ മഹാകാര്യങ്ങൾ പറയുന്നതു കേൾക്കുന്നു!” (പ്രവൃത്തികൾ 2:11) അതുകൊണ്ട്, ഈ അത്ഭുതത്തിന്റെ മറ്റൊരു പ്രധാന ഉദ്ദേശ്യം, “സമഗ്രമായി സാക്ഷീകരിക്കാനും” യേശു കല്പിച്ചതുപോലെ ‘എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കാനും’ ക്രിസ്ത്യാനികളെ പ്രാപ്തരാക്കുക എന്നതായിരുന്നു. (പ്രവൃത്തികൾ 10:42; മത്തായി 28:19) ഈ അത്ഭുതം കാണുകയും സാക്ഷ്യം ശ്രദ്ധിക്കുകയും ചെയ്ത ഏകദേശം 3,000 പേർ അന്നുതന്നെ ക്രിസ്തുശിഷ്യരായി.—പ്രവൃത്തികൾ 2:41.
ഭാഷാവരം എന്നും നിലനിൽക്കുമായിരുന്നോ?
ഇല്ല. ഭാഷാവരം ഉൾപ്പെടെയുള്ള പരിശുദ്ധാത്മാവിന്റെ വരങ്ങൾ താത്കാലികമായിരുന്നു. ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “പ്രവചിക്കാനുള്ള കഴിവ് ഇല്ലാതാകും; അന്യഭാഷ സംസാരിക്കാനുള്ള അത്ഭുതപ്രാപ്തി നിലച്ചുപോകും.”—1 കൊരിന്ത്യർ 13:8.
ഭാഷാവരം എന്ന് ഇല്ലാതായി?
പരിശുദ്ധാത്മാവിന്റെ വരങ്ങൾ അപ്പോസ്തലന്മാരുടെ സാന്നിധ്യത്തിലാണു സാധാരണഗതിയിൽ മറ്റു ക്രിസ്ത്യാനികൾക്കു കൈമാറപ്പെട്ടത്. സഹവിശ്വാസികളുടെ മേൽ അപ്പോസ്തലന്മാർ കൈകൾ വെക്കുമ്പോഴായിരുന്നു അവർക്ക് ആ വരം ലഭിച്ചിരുന്നത്. (പ്രവൃത്തികൾ 8:18; 10:44-46) അപ്പോസ്തലന്മാരിൽനിന്ന് വരങ്ങൾ ലഭിച്ചവർ അതു മറ്റുള്ളവർക്കു കൈമാറിയതായി കാണുന്നില്ല. (പ്രവൃത്തികൾ 8:5-7, 14-17) ഉദാഹരണത്തിന്, ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന് ഒരാൾക്കു ഡ്രൈവിങ് ലൈസൻസ് കൊടുക്കാൻ കഴിയും. എന്നാൽ ലൈസൻസ് കിട്ടിയ ആൾക്കു മറ്റൊരു വ്യക്തിക്കു ലൈസൻസ് കൊടുക്കാനുള്ള അധികാരമില്ല. അതുകൊണ്ട് സാധ്യതയനുസരിച്ച് അപ്പോസ്തലന്മാരുടെയും അവരിൽനിന്ന് നേരിട്ട് വരം ലഭിച്ചവരുടെയും മരണത്തോടെ ഭാഷാവരം ഇല്ലാതായി.
ഭാഷാവരം ഇന്നുണ്ടോ?
അന്യഭാഷകളിൽ സംസാരിക്കുന്നതിനുള്ള അത്ഭുതപ്രാപ്തി തെളിവനുസരിച്ച് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇല്ലാതായി. ദൈവത്തിന്റെ ശക്തിയാലാണ് അന്യഭാഷയിൽ സംസാരിക്കുന്നെന്ന് അവകാശപ്പെടാൻ ഇന്ന് ആർക്കും കഴിയില്ല. a
സത്യക്രിസ്ത്യാനികളെ തിരിച്ചറിയുന്നത് ഭാഷാവരത്താലാണോ?
അല്ല. തന്റെ ശിഷ്യന്മാർ തിരിച്ചറിയിക്കുന്നത് ആത്മത്യാഗപരമായ സ്നേഹമായിരിക്കുമെന്നു യേശു പറഞ്ഞു. (യോഹന്നാൻ 13:34, 35) യഥാർഥക്രിസ്ത്യാനികളുടെ മായാത്ത മുഖമുദ്രയായിരിക്കും സ്നേഹമെന്ന് അപ്പോസ്തലനായ പൗലോസും പഠിപ്പിച്ചു. (1 കൊരിന്ത്യർ 13:1, 8) ‘ദൈവാത്മാവിന്റെ ഫലമെന്നു’ വിളിക്കുന്ന ഗുണങ്ങളായിരിക്കണം പരിശുദ്ധാത്മാവ് ഒരു ക്രിസ്ത്യാനിയിൽ ഉളവാക്കേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതിൽ ഒന്നാമത്തെ ഗുണം സ്നേഹമാണ്.—ഗലാത്യർ 5:22, 23.
a “ഭാഷാവരം ദൈവത്തിൽനിന്നോ?” എന്ന ഇംഗ്ലീഷിലുള്ള ലേഖനം കാണുക.