ഭൂമി നശിപ്പിക്കപ്പെടുമോ?
ബൈബിളിന്റെ ഉത്തരം
ഇല്ല, ഭൂഗ്രഹം ഒരിക്കലും നശിപ്പിക്കപ്പെടില്ല. അതു കത്തിനശിക്കുകയോ, അതിനു പകരം മറ്റൊരു ഭൂമി ഉണ്ടാകുകയോ ചെയ്യില്ല. ഭൂമിയെ ദൈവം സൃഷ്ടിച്ചത് എന്നേക്കുമുള്ള ഒരു വാസസ്ഥലമായിട്ടാണെന്നു ബൈബിൾ പഠിപ്പിക്കുന്നു.
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
“ദൈവം ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു; ഒരു കാലത്തും അതു സ്വസ്ഥാനത്തുനിന്ന് ഇളകില്ല.”—സങ്കീർത്തനം 104:5.
“ഭൂമി എന്നും നിലനിൽക്കുന്നു.”—സഭാപ്രസംഗകൻ 1:4.
‘ഭൂമിയെ നിർമിച്ച് സുസ്ഥിരമായി സ്ഥാപിച്ച ദൈവം, ഭൂമിയെ വെറുതേ സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ ഉണ്ടാക്കി.’—യശയ്യ 45:18.
മനുഷ്യർ ഭൂമിയെ നശിപ്പിക്കുമോ?
മലിനീകരണത്തിലൂടെയോ യുദ്ധങ്ങളിലൂടെയോ മറ്റെങ്ങനെയെങ്കിലുമോ മനുഷ്യർ ഭൂമിയെ പൂർണമായി നശിപ്പിക്കാൻ ദൈവം അനുവദിക്കില്ല. പകരം ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.’ (വെളിപാട് 11:18) എങ്ങനെ?
ഭൂമിയെ സംരക്ഷിക്കാത്ത മനുഷ്യഗവൺമെന്റുകളെ മാറ്റിയിട്ട് അതിന്റെ സ്ഥാനത്ത് ദൈവം സ്വർഗീയരാജ്യം കൊണ്ടുവരും. അത് ഭൂമിയെ സംരക്ഷിക്കുന്ന ഒരു ഗവൺമെന്റായിരിക്കും. (ദാനിയേൽ 2:44; മത്തായി 6:9, 10) ആ രാജ്യം ഭരിക്കുന്നത് ദൈവപുത്രനായ യേശുക്രിസ്തുവായിരിക്കും. (യശയ്യ 9:6, 7) ഭൂമിയിലായിരുന്നപ്പോൾ യേശു പ്രകൃതിശക്തികളെ അത്ഭുതകരമായി നിയന്ത്രിച്ചു. (മർക്കോസ് 4:35-41) ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ ഭൂമിയുടെ മേലും അതിലുള്ള എല്ലാത്തിന്റെ മേലും യേശു പൂർണ അധികാരം പ്രയോഗിക്കും. ആവശ്യമായവ പുനഃസൃഷ്ടിക്കുകയോ പുതുക്കുകയോ ചെയ്തുകൊണ്ട് ഏദെൻ തോട്ടത്തിലുണ്ടായിരുന്ന അതേ അവസ്ഥയിലേക്കു യേശു ഭൂമിയെ കൊണ്ടുവരും.—മത്തായി 19:28; ലൂക്കോസ് 23:43.
ഭൂമി കത്തിനശിക്കുമെന്നു ബൈബിൾ പഠിപ്പിക്കുന്നില്ലേ?
ഇല്ല. 2 പത്രോസ് 3:7 കൃത്യമായി മനസ്സിലാക്കാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടാകുന്നത്. അവിടെ ഇങ്ങനെ പറയുന്നു: “ഇപ്പോഴത്തെ ആകാശവും ഭൂമിയും . . . തീക്കായി സൂക്ഷിച്ചിരിക്കുന്നു.” ഈ വാക്കുകളുടെ അർഥം മനസ്സിലാക്കാൻ സഹായിക്കുന്ന രണ്ടു പ്രധാനകാര്യങ്ങൾ നോക്കാം:
‘ആകാശം,’ ‘ഭൂമി,’ ‘തീ’ എന്നീ പദങ്ങൾ ബൈബിളിൽ പല കാര്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഉൽപത്തി 11:1 പറയുന്നത് ‘ഭൂമി മുഴുവനും ഒരേ ഭാഷയാണ് സംസാരിച്ചിരുന്നത്’ എന്നാണ്. ഇവിടെ “ഭൂമി” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു മനുഷ്യസമൂഹത്തെയാണ്.
ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന ആകാശം, ഭൂമി, തീ എന്നിവയുടെ അർഥം എന്താണെന്ന് അതിന്റെ സന്ദർഭത്തിൽനിന്ന് മനസ്സിലാക്കാം. 2 പത്രോസ് 3-ന്റെ 5-ഉം 6-ഉം വാക്യങ്ങളിൽ നോഹയുടെ കാലത്തെ ജലപ്രളയത്തെക്കുറിച്ച് പറഞ്ഞതിനു ശേഷമാണ് 7-ാം വാക്യത്തിൽ ഇന്നത്തെ “ഭൂമി”യെക്കുറിച്ച് പറയുന്നത്. അന്ന് ജലപ്രളയത്തിൽ, ഒരു പുരാതനലോകം നശിച്ചു, എന്നാൽ നമ്മുടെ ഗ്രഹം ഇല്ലാതായില്ല. ഒരു ദുഷ്ടസമൂഹത്തെ കുറിക്കുന്ന “ഭൂമി”യെയാണ് ജലപ്രളയം തുടച്ചുനീക്കിയത്. (ഉൽപത്തി 6:11) ‘ആകാശത്തെയും,’ അതായത് ആ സമൂഹത്തെ ഭരിച്ചിരുന്നവരെയും, അത് നശിപ്പിച്ചു. അന്ന് ദുഷ്ടമനുഷ്യരാണ് നശിച്ചത്, നമ്മുടെ ഗ്രഹമല്ല. നോഹയും കുടുംബവും ആ ലോകത്തിന്റെ നാശത്തെ അതിജീവിക്കുകയും ജലപ്രളയത്തിനു ശേഷം ഭൂമിയിൽ ജീവിക്കുകയും ചെയ്തു.—ഉൽപത്തി 8:15-18.
പ്രളയജലംപോലെ, 2 പത്രോസ് 3:7-ൽ പറഞ്ഞിരിക്കുന്ന “തീ” ദുഷ്ടമനുഷ്യരെയായിരിക്കും നശിപ്പിക്കുക, ഭൂഗ്രഹത്തെ ആയിരിക്കില്ല. അതുകൊണ്ടാണ് ‘നീതി കളിയാടുന്ന പുതിയ ആകാശവും പുതിയ ഭൂമിയും’ ദൈവം വാഗ്ദാനം ചെയ്യുന്നത്. (2 പത്രോസ് 3:13) ‘പുതിയ ഭൂമിയെ’ (പുതിയ മനുഷ്യസമൂഹത്തെ) ‘പുതിയ ആകാശം’ (പുതിയ ഗവൺമെന്റായ ദൈവരാജ്യം) ഭരിക്കും. ആ രാജ്യത്തിന്റെ ഭരണത്തിൻകീഴിൽ ഭൂമി സമാധാനപൂർണമായ ഒരു പറുദീസയായി മാറും.—വെളിപാട് 21:1-4.