“മരണകരമായ ഏഴു പാപങ്ങൾ” എന്നൊന്നുണ്ടോ?
ബൈബിളിന്റെ ഉത്തരം
‘മരണകരമായ ഏഴു പാപങ്ങളെക്കുറിച്ച്’ ബൈബിൾ പ്രത്യേകമായി എടുത്തുപറയുന്നില്ല. എന്നിരുന്നാലും ഗുരുതരമായ പാപങ്ങളിൽ തുടരുന്ന ഒരു വ്യക്തി രക്ഷ നേടുകയില്ലെന്ന് അതു പറയുകതന്നെ ചെയ്യുന്നു. ഉദാഹരണത്തിന്, ഗുരുതരപാപങ്ങളായ പരസംഗം, വിഗ്രഹാരാധന, ഭൂതവിദ്യ, ക്രോധം, മദ്യപാനം എന്നിവയെ “ജഡത്തിന്റെ പ്രവൃത്തികൾ” എന്ന് ബൈബിൾ വിളിക്കുന്നു. “ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന് അതു തുടർന്നുപറയുന്നു.—ഗലാത്യർ 5:19-21. a
‘യഹോവയ്ക്ക് ഏഴു കാര്യങ്ങൾ അറപ്പാകുന്നു’ എന്നു ബൈബിൾ പറയുന്നില്ലേ?
ഉണ്ട്. സദൃശവാക്യങ്ങൾ 6:16-ൽ, “ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു” എന്നു പറയുന്നുണ്ട്. എന്നാൽ സദൃശവാക്യങ്ങൾ 6:17-19-ൽ പറയുന്ന പട്ടികയിൽ എല്ലാ പാപങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു എന്നു പറയാനാവില്ല. പകരം, വാക്കിലും ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ചേക്കാവുന്ന എല്ലാത്തരം തെറ്റുകളുടെയും ഒരു അടിസ്ഥാനപട്ടിക മാത്രമാണ് അവിടെ നൽകുന്നത്. b
“മരണകരമായ പാപം” എന്നാൽ എന്താണ്?
ചില ഭാഷാന്തരങ്ങൾ 1 യോഹന്നാൻ 5:16-നെ ഈ വിധത്തിലാണ് വിവർത്തനം ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, ഓശാന ബൈബിൾ പറയുന്നത് “മാരകമായ പാപം” എന്നാണ്. ഇതിനെ “മരണകരമായ പാപം” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. “മരണകരമായ പാപവും” “മരണകരമല്ലാത്ത പാപവും” തമ്മിലുള്ള വ്യത്യാസം എന്താണ്?—1 യോഹന്നാൻ 5:16.
എല്ലാ പാപവും മരണത്തിലേക്കു നയിക്കുന്നെന്നു ബൈബിൾ പറയുന്നു. എന്നിരുന്നാലും യേശുക്രിസ്തുവിന്റെ മറുവിലയിലൂടെ പാപത്തിൽനിന്നും മരണത്തിൽനിന്നും നമുക്കു രക്ഷ നേടാനാകും. (റോമർ 5:12; 6:23) അതുകൊണ്ട് മരണകരമായ പാപം എന്നാൽ ക്രിസ്തുവിന്റെ മറുവിലയാൽ മറയ്ക്കപ്പെടാത്ത പാപത്തെയാണ് അർഥമാക്കുന്നത്. ഇത്തരം പാപം ചെയ്യുന്ന ഒരു വ്യക്തി തന്റെ ചിന്തയിലോ പ്രവൃത്തിയിലോ മാറ്റം വരുത്താൻ കൂട്ടാക്കാതെ പാപത്തിന്റെ ഗതിയിൽത്തന്നെ സഞ്ചരിക്കുന്ന ഒരാളാണ്. ഇതുപോലുള്ള പാപങ്ങളെ ഒരിക്കലും ‘ക്ഷമിക്കപ്പെടുകയില്ലാത്ത പാപങ്ങൾ’ എന്നും ബൈബിൾ വിളിക്കുന്നു.—മത്തായി 12:31; ലൂക്കോസ് 12:10.
a ഗലാത്യർ 5:19-21-ൽ കൊടുത്തിരിക്കുന്ന ഗുരുതരമായ പാപങ്ങളുടെ പട്ടികയ്ക്കു ശേഷം “തുടങ്ങിയവ” എന്നു ചേർത്തിരിക്കുന്നതിനാൽ ആ പട്ടിക പൂർത്തിയായിട്ടില്ല എന്നു മനസ്സിലാക്കാനാകും. അതുകൊണ്ട് ഇതിന്റെ വായനക്കാരൻ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത, എന്നാൽ ഇതിനോട് സമാനമായ മറ്റു പാപങ്ങൾ ഏതൊക്കെയാണെന്ന് തന്റെ വിവേചനാപ്രാപ്തി ഉപയോഗിച്ച് തിരിച്ചറിയേണ്ടതുണ്ട്.
b ആദ്യത്തെ സംഖ്യയോടു താരതമ്യം ചെയ്തുകൊണ്ട് രണ്ടാമത്തെ സംഖ്യയ്ക്ക് ഊന്നൽ കൊടുക്കുന്ന ഒരു എബ്രായ ശൈലിയാണ് സദൃശവാക്യങ്ങൾ 6:16-ൽ കാണാനാകുന്നത്. ഇത്തരം ശൈലി തിരുവെഴുത്തുകളിൽ പലയിടങ്ങളിലുമുണ്ട്.—ഇയ്യോബ് 5:19; സദൃശവാക്യങ്ങൾ 30:15, 18, 21.