നോഹയുടെ കഥയും മഹാപ്രളയവും വെറും കെട്ടുകഥയാണോ?
ബൈബിളിന്റെ ഉത്തരം
പ്രളയം നടന്ന സംഭവമാണ്. ദുഷ്ടരെ നശിപ്പിക്കാനാണു ദൈവം പ്രളയം വരുത്തിയത്. എന്നാൽ നല്ല മനുഷ്യരെയും ജീവജാലങ്ങളെയും രക്ഷിക്കുന്നതിന് ഒരു പെട്ടകം പണിയാൻ ദൈവം നോഹയോടു പറഞ്ഞു. (ഉൽപത്തി 6:11-20) “ദൈവപ്രചോദിതമായി”എഴുതിയ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട് പ്രളയം ശരിക്കും നടന്നിട്ടുണ്ടെന്നു നമുക്കു വിശ്വസിക്കാം.—2 തിമൊഥെയൊസ് 3:16.
സത്യമോ കെട്ടുകഥയോ?
നോഹ ജീവിച്ചിരുന്നിട്ടുള്ള വ്യക്തിയാണെന്നും പ്രളയം നടന്ന സംഭവമാണെന്നും ബൈബിൾ വ്യക്തമാക്കുന്നു. അതു വെറുമൊരു കഥയോ മിത്തോ അല്ല.
നോഹ ജീവിച്ചിരുന്നിട്ടുള്ള വ്യക്തിയാണെന്നു ബൈബിളെഴുത്തുകാർ വിശ്വസിച്ചിരുന്നു. ഉദാഹരണത്തിന്, വിദഗ്ധചരിത്രകാരന്മാരും ബൈബിളെഴുത്തുകാരും ആയ എസ്രയും ലൂക്കോസും ഇസ്രായേൽ ജനതയുടെ വംശപരമ്പരയിൽ നോഹയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. (1 ദിനവൃത്താന്തം 1:4; ലൂക്കോസ് 3:36) സുവിശേഷയെഴുത്തുകാരായ മത്തായിയും ലൂക്കോസും നോഹയെക്കുറിച്ചും പ്രളയത്തെക്കുറിച്ചും യേശു പറഞ്ഞതു രേഖപ്പെടുത്തിയിരിക്കുന്നു.—മത്തായി 24:37-39; ലൂക്കോസ് 17:26, 27.
വിശ്വാസത്തിന്റെയും നീതിനിഷ്ഠയുടെയും മാതൃകയായി നോഹയെ യഹസ്കേൽ പ്രവാചകനും അപ്പോസ്തലനായ പൗലോസും വർണിച്ചിട്ടുണ്ട്. (യഹസ്കേൽ 14:14, 20; എബ്രായർ 11:7) ഈ ബൈബിളെഴുത്തുകാർ ഒരു സാങ്കല്പികകഥാപാത്രത്തിന്റെ മാതൃക അനുകരിക്കാൻ പറഞ്ഞാൽ അതിൽ എന്തെങ്കിലും അർഥമുണ്ടായിരിക്കുമോ? വിശ്വാസത്തിന്റെ കാര്യത്തിൽ അനുകരിക്കാൻ കഴിയുന്ന മാതൃകകളാണു നോഹയും വിശ്വസ്തരായ മറ്റു സ്ത്രീപുരുഷന്മാരും. കാരണം അവർ ജീവിച്ചിരുന്ന വ്യക്തികളാണ്.—എബ്രായർ 12:1; യാക്കോബ് 5:17.
പ്രളയത്തെക്കുറിച്ചുള്ള വ്യക്തമായ വിശദാംശങ്ങൾ ബൈബിൾ തരുന്നു. പ്രളയത്തെക്കുറിച്ചുള്ള ബൈബിൾവിവരണം തുടങ്ങുന്നത് ഏതെങ്കിലും മുത്തശ്ശിക്കഥപോലെ “പണ്ടുപണ്ട്” എന്നൊന്നും പറഞ്ഞല്ല. പ്രളയവുമായി ബന്ധപ്പെട്ട സംഭവങ്ങൾ നടന്ന വർഷവും മാസവും തീയതിയും ബൈബിൾ പറയുന്നുണ്ട്. (ഉൽപത്തി 7:11; 8:4, 13, 14) നോഹ പണിത പെട്ടകത്തിന്റെ അളവും ബൈബിളിലുണ്ട്. (ഉൽപത്തി 6:15) പ്രളയത്തെ ഒരു കെട്ടുകഥയായല്ല, നടന്ന സംഭവമായിട്ടാണു ബൈബിൾ വിവരിക്കുന്നതെന്നാണ് ഇതെല്ലാം കാണിക്കുന്നത്.
പ്രളയമുണ്ടായത് എന്തുകൊണ്ടാണ്?
ബൈബിൾ പറയുന്നതനുസരിച്ച് പ്രളയത്തിനു മുമ്പ് “മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചി”രുന്നു. (ഉൽപത്തി 6:5) കൂടാതെ, അക്രമവും ലൈംഗിക അധാർമികതയും പെരുകിയതു കാരണം “സത്യദൈവം നോക്കിയപ്പോൾ ഭൂമി ദുഷിച്ചിരിക്കുന്നതായി കണ്ടു” എന്നും ബൈബിൾ പറയുന്നു.—ഉൽപത്തി 6:11; യൂദ 6, 7.
മിക്ക പ്രശ്നങ്ങൾക്കും കാരണം, ഭൂമിയിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സ്വർഗം വിട്ട് വന്ന ദുഷ്ടദൂതന്മാരായിരുന്നെന്നു ബൈബിൾ പറയുന്നു. ഈ ദൂതന്മാർക്കുണ്ടായ മക്കളെ നെഫിലിമുകൾ എന്നാണു വിളിക്കുന്നത്. അവർ മനുഷ്യരെ ഉപദ്രവിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്തു. (ഉൽപത്തി 6:1, 2, 4) ഭൂമിയിലെ ദുഷ്ടത അവസാനിപ്പിക്കാനും നല്ലവർക്ക് ഒരു പുതിയ തുടക്കം കൊടുക്കാനും ദൈവം തീരുമാനിച്ചു.—ഉൽപത്തി 6:6, 7, 17.
പ്രളയം വരുമെന്ന് ആളുകൾക്ക് അറിയാമായിരുന്നോ?
അറിയാമായിരുന്നു. എന്തു സംഭവിക്കുമെന്നു ദൈവം നോഹയോടു പറഞ്ഞു. കുടുംബാംഗങ്ങളെയും ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഒരു പെട്ടകം പണിയാനുള്ള നിർദേശവും ദൈവം കൊടുത്തു. (ഉൽപത്തി 6:13, 14; 7:1-4) വരാൻപോകുന്ന നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പു നോഹ കൊടുത്തെങ്കിലും ആളുകൾ അത് അവഗണിച്ചു. (2 പത്രോസ് 2:5) “ജലപ്രളയം വന്ന് അവരെ എല്ലാവരെയും തുടച്ചുനീക്കുന്നതുവരെ അവർ ശ്രദ്ധ കൊടുത്തതേ ഇല്ല” എന്നു ബൈബിൾ പറയുന്നു.—മത്തായി 24:37-39.
നോഹയുടെ പെട്ടകം എങ്ങനെയുള്ളതായിരുന്നു?
133 മീറ്റർ നീളവും 22 മീറ്റർ വീതിയും 13 മീറ്റർ ഉയരവും ഉള്ള ദീർഘചതുരാകൃതിയിലുള്ള ഒരു പെട്ടിപോലെയായിരുന്നു പെട്ടകം. a പശയുള്ള മേത്തരം തടികൊണ്ടാണു പെട്ടകം ഉണ്ടാക്കിയത്. അതിന്റെ അകത്തും പുറത്തും ടാർ തേച്ചിരുന്നു. അതിനു മൂന്നു തട്ടുകളും പല അറകളും ഉണ്ടായിരുന്നു. ഒരു വശത്ത് വാതിലും സാധ്യതയനുസരിച്ച് മുകളിലായി ഒരു ജനലും ഉണ്ടായിരുന്നു. വെള്ളം ഒഴുകിപ്പോകാൻ കഴിയുന്ന വിധത്തിൽ നടുഭാഗം ഉയർന്നും വശത്തേക്കു ചരിഞ്ഞും നിൽക്കുന്ന മേൽക്കൂരയും അതിന് ഉണ്ടായിരുന്നിരിക്കണം.—ഉൽപത്തി 6:14-16.
പെട്ടകം പണിയാൻ നോഹയ്ക്ക് എത്ര നാൾ വേണ്ടിവന്നു?
പെട്ടകം പണിയാൻ നോഹ എത്ര വർഷമെടുത്തെന്നു ബൈബിൾ പറയുന്നില്ല. എന്തായാലും അനേകം വർഷങ്ങളെടുത്തിട്ടുണ്ടാകും. മൂത്ത മകൻ ജനിച്ചപ്പോൾ നോഹയ്ക്ക് 500 വയസ്സിലേറെ പ്രായമുണ്ടായിരുന്നു, പ്രളയമുണ്ടായപ്പോൾ 600 വയസ്സും. b—ഉൽപത്തി 5:32; 7:6.
നോഹയുടെ മക്കൾ വിവാഹിതരായതിനു ശേഷമാണു പെട്ടകം പണിയാൻ ദൈവം നോഹയോടു പറയുന്നത്. അതിന് ഏതാണ്ട് 50-ഓ 60-ഓ വർഷം എടുത്തിട്ടുണ്ടാകും. (ഉൽപത്തി 6:14, 18) അങ്ങനെ നോക്കുമ്പോൾ, പെട്ടകത്തിന്റെ പണി തീരാൻ 40-ഓ 50-ഓ വർഷം എടുത്തിട്ടുണ്ടാകാമെന്നു ന്യായമായും കരുതാം.
a പെട്ടകത്തിന്റെ അളവുകൾ മുഴക്കണക്കിലാണു ബൈബിൾ പറയുന്നത്. “അംഗീകൃത എബ്രായ മുഴം 17.5 ഇഞ്ചായിരുന്നു (44.45 സെന്റിമീറ്റർ).”—ബൈബിൾചിത്ര നിഘണ്ടു (ഇംഗ്ലീഷ്), പരിഷ്കരിച്ച പതിപ്പ്, ഭാഗം 3, പേജ് 1635.
b നോഹയെപ്പോലുള്ള ആളുകളുടെ ആയുസ്സിനെക്കുറിച്ച് അറിയാൻ 2010 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “ബൈബിൾക്കാലങ്ങളിലെ ആളുകൾ കൂടുതൽ കാലം ജീവിച്ചിരുന്നു എന്നതു ശരിയാണോ?” (ഇംഗ്ലീഷ്) എന്ന ലേഖനം കാണുക.