മാറാരോഗവുമായി മല്ലിടുമ്പോൾ ബൈബിളിന് സഹായിക്കാനാകുമോ?
ബൈബിളിന്റെ ഉത്തരം
തീർച്ചയായും. രോഗികളായ തന്റെ ദാസർക്കായി ദൈവം കരുതുന്നു. ദൈവത്തിന്റെ വിശ്വസ്തദാസനെക്കുറിച്ച് ബൈബിൾ പറയുന്നു: “രോഗശയ്യയിൽ യഹോവ അവനെ താങ്ങും.” (സങ്കീർത്തനം 41:3) നിങ്ങൾ മാറാരോഗവുമായി മല്ലിടുകയാണെങ്കിൽ അതുമായി പൊരുത്തപ്പെടാൻ പിൻവരുന്ന മൂന്നു പടികൾ നിങ്ങളെ സഹായിക്കും:
സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി പ്രാർഥിക്കുക. അപ്പോൾ “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” ലഭിക്കും. അത് നിങ്ങളുടെ ആകുലതകളെ കുറയ്ക്കാനും പ്രയാസസാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാനും സഹായിക്കും.—ഫിലിപ്പിയർ 4:6, 7.
ശുഭചിന്തയുള്ളവരായിരിക്കുക. ബൈബിൾ പറയുന്നു: “സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്; എന്നാൽ തകർന്ന മനസ്സു ശക്തി ചോർത്തിക്കളയുന്നു.” (സുഭാഷിതങ്ങൾ 17:22) നർമരസം ഉള്ളവരായിരിക്കുക. അതു നിങ്ങളുടെ ഇരുണ്ട ദിനങ്ങളെ ശോഭയുള്ളതാക്കും, നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.
ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ പ്രതീക്ഷയർപ്പിക്കുക. മാറാരോഗമുള്ളപ്പോഴും നല്ല ഒരു പ്രത്യാശയുണ്ടെങ്കിൽ, സന്തോഷം നിലനിറുത്താൻ നിങ്ങൾക്കാകും. (റോമർ 12:12) ‘എനിക്കു രോഗമാണ് എന്നു ആരും പറയാത്ത ഒരു കാലം’ ബൈബിൾ മുൻകൂട്ടിപ്പറയുന്നു. (യശയ്യ 33:24) ആധുനിക ശാസ്ത്രത്തിന് പരിഹരിക്കാനാകാത്ത പല മാറാരോഗങ്ങളും ദൈവം അന്ന് സുഖപ്പെടുത്തും. ഉദാഹരണത്തിന് വാർധക്യത്തിന് എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അവന്റെ ശരീരം ചെറുപ്പകാലത്തെക്കാൾ ആരോഗ്യമുള്ളതാകട്ടെ; യൗവനകാലത്തെ പ്രസരിപ്പ് അവനു തിരിച്ചുകിട്ടട്ടെ.”—ഇയ്യോബ് 33:25.
കുറിപ്പ്: ദൈവം നൽകുന്ന സഹായം വിലമതിക്കുമ്പോൾത്തന്നെ യഹോവയുടെ സാക്ഷികൾ മാറാരോഗങ്ങൾക്ക് വൈദ്യസഹായവും തേടാറുണ്ട്. (മർക്കോസ് 2:17) എന്നാൽ ഏതെങ്കിലും പ്രത്യേകതരം ചികിത്സാരീതി ഞങ്ങൾ നിർദേശിക്കില്ല. അത്തരം കാര്യങ്ങളിൽ ഓരോരുത്തരും സ്വന്തമായി തീരുമാനമെടുക്കണം.