മിശ്രവിവാഹത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്
ബൈബിളിന്റെ ഉത്തരം
വ്യത്യസ്ത വർഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം ദൈവം അംഗീകരിക്കുന്നു, കാരണം എല്ലാ വർഗങ്ങളെയും ദൈവം തുല്യരായിട്ടാണ് കാണുന്നത്. ബൈബിൾ പറയുന്നത് ഇതാണ്: ‘ഏതു ജനതയിൽപ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണ്.’—പ്രവൃത്തികൾ 10:34, 35, പി. ഒ. സി.
വർഗസമത്വത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറയുന്ന ബൈബിൾതത്ത്വങ്ങളിൽ ചിലത് നമുക്ക് നോക്കാം.
എല്ലാ വർഗങ്ങളും ഒരു പൊതു ഉറവിൽനിന്നാണ് വന്നിരിക്കുന്നത്
ആദ്യമനുഷ്യനായ ആദാമിൽനിന്നും ഭാര്യ ഹവ്വയിൽനിന്നും ആണ് എല്ലാ മനുഷ്യരും ഉത്ഭവിച്ചിരിക്കുന്നത്. ഹവ്വയെക്കുറിച്ച് ബൈബിൾ പറയുന്നു: “അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.” (ഉൽപത്തി 3:20) ഇക്കാരണത്താൽ, ദൈവത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “അവൻ ഒരു മനുഷ്യനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.” (പ്രവൃത്തികൾ 17:26) വർഗവ്യത്യാസമില്ലാതെ, എല്ലാ മനുഷ്യരും ഒരു കുടുംബത്തിന്റെ ഭാഗമാണ്. എന്നാൽ, വർഗീയമുൻവിധിയും വർഗവിവേചനയും ശക്തമായിരിക്കുന്ന ഒരു പ്രദേശത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിലോ?
ജ്ഞാനികൾ ‘ആലോചന കേൾക്കും’
വ്യത്യസ്തവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം ദൈവം അംഗീകരിക്കുന്നുണ്ടെങ്കിലും എല്ലാവരും ആ വീക്ഷണം ഉള്ളവരല്ല. (യശയ്യ 55:8, 9) മറ്റൊരു വർഗത്തിൽപ്പെട്ട ആരെയെങ്കിലും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ പ്രതിശ്രുത വധുവുമായി/വരനുമായി പിൻവരുന്ന കാര്യങ്ങൾ ചർച്ച ചെയ്യുക:
സമൂഹത്തിൽനിന്നോ കുടുംബാംഗങ്ങളിൽനിന്നോ വന്നേക്കാവുന്ന സമ്മർദങ്ങളെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും?
മുൻവിധിയെ മറികടക്കാൻ കുട്ടികളെ നിങ്ങൾ എങ്ങനെ സഹായിക്കും?
ഈ വിധത്തിൽ ‘ആലോചന കേൾക്കുന്നത്’ നിങ്ങളുടെ വിവാഹം വിജയിക്കാൻ സഹായിക്കും.—സദൃശവാക്യങ്ങൾ 13:10; 21:5.