മൃഗങ്ങൾ സ്വർഗത്തിൽ പോകുമോ?
ബൈബിളിന്റെ ഉത്തരം
ബൈബിൾ പഠിപ്പിക്കുന്നതനുസരിച്ച് ദൈവത്തിന്റെ സൃഷ്ടികളിൽ മനുഷ്യർ മാത്രമേ സ്വർഗത്തിൽ പോകുകയുള്ളൂ. അതും കുറച്ച് പേർ മാത്രം. (വെളിപാട് 14:1, 3) യേശുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരും ആയി ഭരിക്കാനാണ് അവർ പോകുന്നത്. (ലൂക്കോസ് 22:28-30; വെളിപാട് 5:9, 10) ബാക്കിയുള്ള മനുഷ്യർ ഭൂമിയിലെ പറുദീസയിലേക്കു പുനരുത്ഥാനം ചെയ്യും.—സങ്കീർത്തനം 37:11, 29.
ബൈബിളിൽ ഒരിടത്തും ഓമനമൃഗങ്ങൾ സ്വർഗത്തിൽ പോകുമെന്നു പറഞ്ഞിട്ടില്ല. അതിന്റെ കാരണം ‘സ്വർഗീയവിളിക്ക്’ യോഗ്യത നേടാൻ മൃഗങ്ങൾക്കു കഴിയില്ല. (എബ്രായർ 3:1) യോഗ്യത നേടുന്നതിൽ അറിവും വിശ്വാസവും ദൈവം പറയുന്നത് അനുസരിക്കുന്നതും ഉൾപ്പെടുന്നു. (മത്തായി 19:17; യോഹന്നാൻ 3:16; 17:3) എന്നേക്കും ജീവിക്കാൻ പറ്റുന്ന രീതിയിൽ സൃഷ്ടിച്ചിരിക്കുന്നതു മനുഷ്യരെ മാത്രമാണ്.—ഉൽപത്തി 2:16, 17; 3:22, 23.
ഇനി, ഭൂമിയിലെ സൃഷ്ടികൾ സ്വർഗത്തിൽ പോകണമെങ്കിൽ പുനരുത്ഥാനപ്പെടണം. (1 കൊരിന്ത്യർ 15:42) ചില പുനരുത്ഥാനങ്ങൾ നടന്നതിനെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. (1 രാജാക്കന്മാർ 17:17-24; 2 രാജാക്കന്മാർ 4:32-37; 13:20, 21; ലൂക്കോസ് 7:11-15; 8:41, 42, 49-56; യോഹന്നാൻ 11:38-44; പ്രവൃത്തികൾ 9:36-42; 20:7-12) അതിൽ മൃഗങ്ങളില്ല, മനുഷ്യർ മാത്രമാണുള്ളത്.
മൃഗങ്ങൾക്കു ദേഹി അഥവാ ആത്മാവ് ഉണ്ടോ?
ഇല്ല. മനുഷ്യരും മൃഗങ്ങളും ദേഹികൾ ആണെന്ന് ബൈബിൾ പറയുന്നു. (സംഖ്യ 31:28) ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചപ്പോൾ ദൈവം ഒരു ദേഹിയെ കൊടുത്തു എന്നല്ല, ആദാം ജീവനുള്ള ‘ദേഹി ആയിത്തീർന്നു’ എന്നാണു പറയുന്നത്. (ഉൽപത്തി 2:7, അടിക്കുറിപ്പ്) അതുകൊണ്ട് ദേഹി എന്നു പറഞ്ഞാൽ ‘നിലത്തെ പൊടിയും’ ‘ജീവശ്വാസവും’ ചേർന്ന ഒന്നാണ്.
ദേഹിക്കു മരണമുണ്ടോ?
ഉണ്ട്. ദേഹി മരിക്കുമെന്നു ബൈബിൾ പഠിപ്പിക്കുന്നു. (ലേവ്യ 21:11, അടിക്കുറിപ്പ്; യഹസ്കേൽ 18:20) മരിക്കുമ്പോൾ മനുഷ്യരും മൃഗങ്ങളും പൊടിയിലേക്കു തിരികെ പോകുന്നു. (സഭാപ്രസംഗകൻ 3:19, 20) മറ്റു വാക്കുകളിൽ പറഞ്ഞാൽ അവ ഇല്ലാതാകുന്നു. a
മൃഗങ്ങൾ പാപം ചെയ്യുമോ?
ഇല്ല. പാപം ചെയ്യുക എന്നു പറഞ്ഞാൽ ദൈവം പറയുന്നതിന് എതിരെ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക എന്നാണ്. ധാർമികകാര്യങ്ങളിൽ ചിന്തിച്ച് തീരുമാനമെടുക്കാൻ കഴിവുള്ള സൃഷ്ടികൾക്കേ പാപം ചെയ്യാൻ പറ്റുകയുള്ളൂ. പക്ഷേ മൃഗങ്ങൾക്ക് അതിനുള്ള കഴിവില്ല. അവയുടെ ചുരുങ്ങിയ ജീവിതകാലത്ത് അവ സഹജജ്ഞാനത്തിനു ചേർച്ചയിലാണു പ്രവർത്തിക്കുന്നത്. (2 പത്രോസ് 2:12) അവയുടെ ജീവിതകാലം തീരുമ്പോൾ അവ ചാകുന്നു.
മൃഗങ്ങളെ ഉപദ്രവിക്കുന്നതു ശരിയാണോ?
അല്ല. മനുഷ്യർക്കു മൃഗങ്ങളുടെ മേൽ അധികാരം കൊടുത്തിട്ടുണ്ടെങ്കിലും അവയെ ഉപദ്രവിക്കാനുള്ള അധികാരം കൊടുത്തിട്ടില്ല. (ഉൽപത്തി 1:28; സങ്കീർത്തനം 8:6-8) ദൈവം ഓരോ ജീവികളെയും വിലയുള്ളതായി കാണുന്നു, അത് ഒരു ചെറിയ പക്ഷിയാണെങ്കിൽപ്പോലും. (യോന 4:11; മത്തായി 10:29) ദൈവത്തെ ആരാധിക്കുന്നവർ മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്നു ദൈവം പറഞ്ഞിട്ടുണ്ട്.— പുറപ്പാട് 23:12; ആവർത്തനം 25:4; സുഭാഷിതങ്ങൾ 12:10.
a കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? എന്ന പുസ്തകത്തിന്റെ 6-ാം അധ്യായം കാണുക.