യേശു ജീവിച്ചിരുന്നെന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നുണ്ടോ?
യേശു ജീവിച്ചിരുന്നെന്ന് വിശ്വസിക്കാൻ പണ്ഡിതന്മാർക്ക് ഉറപ്പുള്ള അടിസ്ഥാനമുണ്ട്. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ ചരിത്രകാരന്മാർ, യേശുവിനെയും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെയും പരാമർശിച്ചതിനെക്കുറിച്ച് ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം 2002-ലെ പതിപ്പിൽ ഇങ്ങനെ പറഞ്ഞതായി കാണുന്നു: “പുരാതന കാലത്ത് ക്രിസ്ത്യാനിത്വത്തിന്റെ ശത്രുക്കൾപോലും യേശു ഒരു ചരിത്ര പുരുഷനാണെന്നുള്ളതിനെ സംശയിച്ചിരുന്നില്ല എന്നാണ് ഈ സ്വതന്ത്രമായ രേഖകൾ തെളിയിക്കുന്നത്. അത് ആദ്യമായി, അതും വേണ്ടത്ര അടിസ്ഥാനമില്ലാതെ, ചോദ്യം ചെയ്യപ്പെട്ടത് 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മാത്രമാണ്.”
2006-ൽ, യേശുവും പുരാവസ്തുശാസ്ത്രവും എന്ന പുസ്തകം ഇങ്ങനെ പറഞ്ഞു: “യോസേഫിന്റെ മകനായ യേശു എന്നു പേരുള്ള ഒരു യഹൂദൻ ജീവിച്ചിരുന്നു എന്ന വസ്തുതയെ ആദരണീയരായ പണ്ഡിതന്മാർക്ക് ആർക്കും ചോദ്യം ചെയ്യാനാവില്ല; യേശുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അടിസ്ഥാന പഠിപ്പിക്കലുകളെക്കുറിച്ചും ഇപ്പോൾ നമുക്ക് കാര്യമായ പലതും അറിയാമെന്നു മിക്ക ആളുകളും സമ്മതിക്കുന്നു.”
യേശുവിനെ ഒരു യഥാർഥ വ്യക്തിയായി ബൈബിൾ തിരിച്ചറിയിക്കുന്നു. ബൈബിളിൽ യേശുവിന്റെ പൂർവികരുടെയും അടുത്ത കുടുംബാംഗങ്ങളുടെയും പേരുകൾ പറഞ്ഞിട്ടുണ്ട്. (മത്തായി 1:1; 13:55) യേശുവിന്റെ സമകാലികരായിരുന്ന പ്രമുഖ ഭരണാധികാരികളുടെ പേരുകളും ബൈബിളിൽ പറയുന്നുണ്ട്. (ലൂക്കോസ് 3:1, 2) ബൈബിൾ രേഖയുടെ കൃത്യത പരിശോധിക്കാൻ ഈ വിവരങ്ങൾ ഗവേഷകരെ സഹായിക്കുന്നു.