ലൈംഗികദുഷ്പെരുമാറ്റത്തിൽനിന്ന് എനിക്ക് എങ്ങനെ രക്ഷപ്പെടാം?
ബൈബിളിന്റെ ഉത്തരം
ബൈബിളിൽ കാണുന്ന ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ചില പ്രായോഗിക നിർദേശങ്ങൾ നോക്കാം.
കാര്യഗൗരവമുള്ളവരായിരിക്കുക. സഹജോലിക്കാരോട് ഹൃദ്യമായും ആദരവോടെയും ഇടപെടുക. എന്നാൽ അവരുടെ ലൈംഗികതാത്പര്യങ്ങൾ അംഗീകരിക്കുന്നെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള സൗഹൃദഭാവം ഒഴിവാക്കുക.—മത്തായി 10:16; കൊലോസ്യർ 4:6.
അന്തസ്സോടെ വസ്ത്രം ധരിക്കുക. ലൈംഗികവികാരം ഉണർത്തുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാൽ അതു തെറ്റായ സന്ദേശമായിരിക്കും നൽകുന്നത്. “സുബോധത്തോടെ, അന്തസ്സുള്ള” വസ്ത്രം ധരിക്കാൻ ബൈബിൾ പറയുന്നു.—1 തിമൊഥെയൊസ് 2:9.
കൂട്ടുകാരെ ബുദ്ധിപൂർവം തിരഞ്ഞെടുക്കുക. ശൃംഗാരമോ ലൈംഗികമായ മുന്നേറ്റങ്ങളോ അനുവദിച്ചുകൊടുക്കുന്ന അല്ലെങ്കിൽ അത് ഇഷ്ടപ്പെടുന്ന ആളുകളുമായി സമയം ചെലവിടുന്നെങ്കിൽ ആളുകൾ അവരോട് ഇടപെടുന്ന അതേ രീതിയിൽ നിങ്ങളോടും ഇടപെടാൻ സാധ്യത കൂടുതലാണ്.—സുഭാഷിതങ്ങൾ 13:20.
ചീത്ത സംസാരം ഒഴിവാക്കുക. “മൗഢ്യസംസാരം, അശ്ലീലഫലിതം” എന്നിങ്ങനെയുള്ള രീതിയിലേക്ക് സംസാരം തിരിയുന്നെങ്കിൽ അവിടെനിന്ന് ഒഴിഞ്ഞുമാറുക.—എഫെസ്യർ 5:4.
വിട്ടുവീഴ്ച ചെയ്യാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ഉദാഹരണത്തിന്, ജോലിസമയം കഴിഞ്ഞ് തക്കതായ കാരണമില്ലാതെ ജോലിസ്ഥലത്ത് നിൽക്കാനുള്ള അവസരങ്ങൾ ഒഴിവാക്കുക.—സുഭാഷിതങ്ങൾ 22:3.
ഉറച്ചനിലപാട് എടുക്കുക. അനുചിതമായ ലൈംഗികമുന്നേറ്റങ്ങൾക്ക് ആരെങ്കിലും ശ്രമിച്ചാൽ അവളുടെ അല്ലെങ്കിൽ അവന്റെ പെരുമാറ്റം ഇഷ്ടപ്പെടുന്നില്ലെന്ന് തുറന്നുപറയുക. (1 കൊരിന്ത്യർ 14:9) ഒരുപക്ഷേ നിങ്ങൾക്ക് ഇങ്ങനെ പറയാം: “നിന്റെ ഈ തട്ടലും മുട്ടലും എനിക്ക് തീരെ ഇഷ്ടമാകുന്നില്ല. മേലാൽ ഇത് ആവർത്തിക്കരുത്.” സംഭവിച്ചത് എന്താണെന്നും അതു നിങ്ങളെ എത്രത്തോളം അസ്വസ്ഥനാക്കിയെന്നും ഇനി ആ വ്യക്തി എങ്ങനെ പെരുമാറാനാണു പ്രതീക്ഷിക്കുന്നതെന്നും എഴുതി കൊടുക്കാനും കഴിയും. നിങ്ങളുടെ നിലപാട് നിങ്ങളുടെ ധാർമികവും മതപരവും ആയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കുക.—1 തെസ്സലോനിക്യർ 4:3-5.
സഹായം സ്വീകരിക്കുക. ദുഷ്പെരുമാറ്റം തുടരുകയാണെങ്കിൽ ആശ്രയിക്കാൻ കഴിയുന്ന ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ സഹജോലിക്കാരനോടോ അല്ലെങ്കിൽ ഇത്തരം ഉപദ്രവത്തിന് ഇരയായവരെ സഹായിച്ച് പരിചയമുള്ളവരോടോ കാര്യങ്ങൾ തുറന്നുപറയുക. (സുഭാഷിതങ്ങൾ 27:9) ലൈംഗികദുഷ്പെരുമാറ്റത്തിന് ഇരയായ പലരെയും പ്രാർഥന ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് മുമ്പ് പ്രാർഥിച്ചിട്ടില്ലെങ്കിലും ‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവമായ’ യഹോവയിൽനിന്ന് ലഭിക്കുന്ന സഹായത്തെ വിലകുറച്ച് കാണരുത്.—2 കൊരിന്ത്യർ 1:3.
ലൈംഗികദുഷ്പെരുമാറ്റം നേരിടുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ ജോലിസ്ഥലം പേടിപ്പെടുത്തുന്ന ഒരിടമാണ്. എങ്കിലും ബൈബിളിനു നിങ്ങളെ സഹായിക്കാനാകും.