വിഷാദം അനുഭവിക്കുമ്പോൾ ബൈബിളിന് എന്നെ സഹായിക്കാനാകുമോ?
ബൈബിളിന്റെ ഉത്തരം
തീർച്ചയായും. “മനസ്സു തളർന്നിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൈവ”ത്തിൽനിന്നാണ് ഏറ്റവും മികച്ച സഹായം വരുന്നത്.—2 കൊരിന്ത്യർ 7:6.
വിഷാദം അനുഭവിക്കുന്നവർക്കു ദൈവം കൊടുക്കുന്ന സഹായങ്ങൾ
മനോബലം. ദൈവം ‘മനസ്സു തളർന്നിരിക്കുന്നവരെ ആശ്വസിപ്പിക്കും.’ എങ്ങനെ? പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കിക്കൊണ്ടല്ല, മറിച്ച് അത് നേരിടാനുള്ള ശക്തിക്കായി നമ്മൾ പ്രാർഥിക്കുമ്പോൾ അതിന് ഉത്തരം നൽകിക്കൊണ്ടാണ്. (ഫിലിപ്പിയർ 4:13) നമ്മുടെ പ്രാർഥന കേൾക്കാൻ ദൈവം തയ്യാറാണെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; മനസ്സു തകർന്നവരെ ദൈവം രക്ഷിക്കുന്നു.” (സങ്കീർത്തനം 34:18) ഇനി, വികാരങ്ങളെ വാക്കുകളാക്കി മാറ്റാൻ നമ്മൾ ബുദ്ധിമുട്ടുമ്പോൾപ്പോലും ദൈവത്തിന് അതു മനസ്സിലാകും.—റോമർ 8:26, 27.
നല്ല മാതൃകകൾ. ഒരു ബൈബിളെഴുത്തുകാരൻ ദൈവത്തോട് ഇങ്ങനെ അപേക്ഷിച്ചു: “ആഴങ്ങളിൽനിന്ന് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.” ചെയ്തുപോയ തെറ്റുകളുടെ പേരിൽ ദൈവം നമ്മളെ ഭാരപ്പെടുത്തുകയില്ലെന്ന് ഓർത്തപ്പോൾ വിഷാദത്തെ മറികടക്കാൻ സങ്കീർത്തനക്കാരന് സാധിച്ചു. അദ്ദേഹം ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “യഹോവേ, തെറ്റുകളിലാണ് അങ്ങ് ശ്രദ്ധ വെക്കുന്നതെങ്കിൽ യാഹേ, ആർക്കു പിടിച്ചുനിൽക്കാനാകും? എന്നാൽ, അങ്ങ് യഥാർഥക്ഷമ കാണിക്കുന്നവനാണ്. അതുകൊണ്ട് ആർക്കും അങ്ങയോടു ഭയാദരവ് തോന്നും.”—സങ്കീർത്തനം 130:1, 3, 4.
പ്രത്യാശ. ഇപ്പോൾ നമ്മളെ ആശ്വസിപ്പിക്കുന്നതിനു പുറമെ വിഷാദത്തിനിടയാക്കുന്ന എല്ലാ പ്രശ്നങ്ങളും ഭാവിയിൽ ഇല്ലാതാക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. ആ വാഗ്ദാനം ദൈവം നിറവേറ്റുമ്പോൾ “പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല; ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.”—യശയ്യ 65:17.
കുറിപ്പ്: ദൈവം നൽകുന്ന സഹായം വിലമതിക്കുമ്പോൾത്തന്നെ യഹോവയുടെ സാക്ഷികൾ വിഷാദരോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായവും തേടാറുണ്ട്. (മർക്കോസ് 2:17) എന്നാൽ ഏതെങ്കിലും പ്രത്യേകതരം ചികിത്സാരീതി ഞങ്ങൾ നിർദേശിക്കില്ല. അത്തരം കാര്യങ്ങളിൽ ഓരോരുത്തരും സ്വന്തമായി തീരുമാനമെടുക്കണം.