സ്വർഗം എന്താണ്?
ബൈബിളിന്റെ ഉത്തരം
‘സ്വർഗം’ എന്ന പദം മൂന്നു വ്യത്യസ്ത അർഥത്തിൽ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നു: (1) അക്ഷരീയ ആകാശം (2) ആത്മമണ്ഡലം (3) ഉയർന്ന അഥവാ ഉന്നതമായ ഒരു സ്ഥാനം. എന്നാൽ സന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ അർഥം മനസ്സിലാക്കാൻ കഴിയും. a
അക്ഷരീയ ആകാശം: ഈ അർഥത്തിൽ സ്വർഗം അഥവാ ആകാശം ഭൂമിയുടെ അന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് കാറ്റ് അടിക്കുകയും പക്ഷികൾ പറക്കുകയും മേഘങ്ങൾ മഞ്ഞും മഴയും ഉത്പാദിപ്പിക്കുകയും ഇടിമിന്നൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സ്ഥലം. (സങ്കീർത്തനം 78:26; സുഭാഷിതങ്ങൾ 30:19; യശയ്യ 55:10; ലൂക്കോസ് 17:24) ‘സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും’ സ്ഥിതിചെയ്യുന്ന സ്ഥലമായ ബാഹ്യാകാശത്തെയും അത് അർഥമാക്കുന്നു.—ആവർത്തനം 4:19; ഉൽപത്തി 1:1.
ആത്മമണ്ഡലം: ‘സ്വർഗം’ എന്ന പദം ആത്മമണ്ഡലത്തെയും അർഥമാക്കുന്നു. പ്രപഞ്ചത്തിനു പുറമേയുള്ളതും ഉന്നതവും ആയ ഒരു സ്ഥലം. (1 രാജാക്കന്മാർ 8:27; യോഹന്നാൻ 6:38) ഈ ആത്മമണ്ഡലത്തിലാണ് ദൈവമായ യഹോവയും ദൈവം സൃഷ്ടിച്ച ദൂതന്മാരും വസിക്കുന്നത്. (യോഹന്നാൻ 4:24; മത്തായി 24:36) ചില സന്ദർഭങ്ങളിൽ, “വിശുദ്ധന്മാരുടെ സഭ”യായ വിശ്വസ്ത ദൂതന്മാരെ കുറിക്കാനും “സ്വർഗ്ഗം” എന്ന പദം ഉപയോഗിച്ചിരിക്കുന്നു.—സങ്കീർത്തനം 89:5-7
യഹോവയുടെ ‘വാസസ്ഥലം’ ആയ ആത്മമണ്ഡലത്തിന്റെ ഒരു കൃത്യമായ ഭാഗത്തെ കുറിക്കാനും ബൈബിളിൽ ‘സ്വർഗം’ എന്ന പദം ഉപയോഗിക്കുന്നു. (1 രാജാക്കന്മാർ 8:43, 49; എബ്രായർ 9:24; വെളിപാട് 13:6) ഉദാഹരണത്തിന്, യഹോവയുടെ സന്നിധിയിൽ ഒരിക്കലും പ്രവേശിക്കാൻ അനുവദിക്കാതെ സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് പുറത്താക്കുമെന്ന് ബൈബിളിൽ മുൻകൂട്ടി പറഞ്ഞിരുന്നു. എങ്കിലും, അവർ ഇപ്പോഴും ആത്മജീവികൾ തന്നെയാണ്.—വെളിപാട് 12:7-9, 12.
ഉയർന്ന അഥവാ ഉന്നതമായ ഒരു സ്ഥാനം. സാധാരണഗതിയിൽ ഒരു ഭരണാധികാരത്തോടുള്ള ബന്ധത്തിൽ, ഉന്നതമായ സ്ഥാനത്തെ കുറിക്കാൻ തിരുവെഴുത്തുകൾ ‘സ്വർഗം’ എന്ന പദം ഉപയോഗിക്കുന്നു. അതായത് ചുവടെ കൊടുത്തിരിക്കുന്ന ചില സ്ഥാനങ്ങൾ പോലെ :
യഹോവ തന്നെയാണ് സർവശക്തനായ പരമാധികാരി.—2 ദിനവൃത്താന്തം 32:20; ലൂക്കോസ് 15:21.
മനുഷ്യഭരണത്തിന് പകരം വരുന്ന ദൈവരാജ്യഗവണ്മെന്റ്. ആ രാജ്യത്തെ ബൈബിൾ ‘പുതിയ ആകാശം’ എന്ന് വിളിക്കുന്നു.—യശയ്യ 65:17; 66:22; 2 പത്രോസ് 3:13. b
സ്വർഗത്തിൽ പോകാനുള്ള പ്രത്യാശയോടെ ഭൂമിയിൽ കഴിയുന്ന ക്രിസ്ത്യാനികൾ.—എഫെസ്യർ 2:6.
പ്രജകളുടെ മേൽ ആധിപത്യം നടത്തുന്ന മനുഷ്യരുടെ ഗവണ്മെന്റുകൾ. —യശയ്യ 14:12-14; ദാനിയേൽ 4:20-22; 2 പത്രോസ് 3:7.
ഇപ്പോൾ ലോകത്തിന്മേൽ അധികാരം പ്രയോഗിക്കുന്ന ദുഷ്ടാത്മാക്കൾ.—എഫെസ്യർ 6:12; 1 യോഹന്നാൻ 5:19.
സ്വർഗം എങ്ങനെയുള്ള സ്ഥലമാണ്?
ആത്മമണ്ഡലം പ്രവർത്തനത്തിന്റെ ഒരു വിശാലമായ മേഖലയാണ്. യഹോവയുടെ “ആജ്ഞ അനുസരിക്കുന്ന” ശതകോടിക്കണക്കിന് ആത്മജീവികൾ വസിക്കുന്ന സ്ഥലമാണ് അത്.—സങ്കീർത്തനം 103:20, 21; ദാനിയേൽ 7:10.
ഉജ്ജ്വലമായ പ്രകാശത്താൽ പൂരിതമാണ് സ്വർഗം എന്നാണ് ബൈബിൾ പറയുന്നത്. (1 തിമൊഥെയൊസ് 6:15, 16) സ്വർഗീയ ദർശനത്തിൽ യഹസ്കേൽ പ്രവാചകൻ ഉജ്ജ്വലമായ ഒരു ‘പ്രകാശവും’, ദാനിയേൽ പ്രവാചകൻ “ഒരു അഗ്നിനദി”യും കണ്ടു. (യഹസ്കേൽ 1:26-28; ദാനിയേൽ 7:9, 10) സ്വർഗം വിശുദ്ധവും മനോഹരവും ആയ ഒരു സ്ഥലമാണ്.—സങ്കീർത്തനം 96:6; യശയ്യ 63:15; വെളിപാട് 4:2, 3.
സ്വർഗത്തെക്കുറിച്ച് ബൈബിൾ നൽകുന്ന ഒരു ആകമാനചിത്രം നമ്മളിൽ ഭയവും ആദരവും ജനിപ്പിക്കുന്നു. (യഹസ്കേൽ 43:2, 3) എങ്കിലും സ്വർഗത്തെക്കുറിച്ച് പൂർണമായി മനസ്സിലാക്കാൻ മനുഷ്യർക്കാവില്ല. കാരണം, ആത്മമണ്ഡലം നമ്മുടെ ഗ്രഹണപ്രാപ്തിക്ക് അതീതമാണ്.
a ‘ഉയരം’ എന്ന് അർഥം വരുന്ന മൂല എബ്രായപദത്തിൽനിന്നാണ് സ്വർഗം എന്ന വാക്ക് വന്നിരിക്കുന്നത്. (സുഭാഷിതങ്ങൾ 25:3)
b മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) യശയ്യ 65:17-ലെ പുതിയ ആകാശം, “ഒരു പുതിയ ഗവണ്മെന്റിനെ, പുതിയ ഭരണത്തെ” സൂചിപ്പിക്കുന്നതായി പറയുന്നു.—വാല്യം IV, പേജ് 122.