“സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” എന്താണ്?
ബൈബിളിന്റെ ഉത്തരം
‘ദൈവരാജ്യത്തിൽ കടക്കുന്നതിന്’ വഴി തുറന്നുകൊടുക്കാനുള്ള അധികാരത്തെയാണ് “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” അർഥമാക്കുന്നത്. (മത്തായി 16:19; പ്രവൃത്തികൾ 14:22) a “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” യേശു പത്രോസിനാണു നൽകിയത്. ഇതിന് അർഥം, വിശ്വസ്തരായ മനുഷ്യർക്ക് സ്വർഗരാജ്യത്തിൽ പ്രവേശിക്കാനാകുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് കൊടുക്കാനുള്ള അധികാരം പത്രോസിന് കിട്ടി എന്നാണ്. അവർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നതും അതിൽ ഉൾപ്പെട്ടിരുന്നു.
ആർക്കുവേണ്ടിയാണ് താക്കോലുകൾ ഉപയോഗിച്ചത്?
സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിനു മൂന്നു കൂട്ടം ആളുകൾക്ക് വഴി തുറന്നുകൊടുക്കാൻ ദൈവത്തിൽനിന്നുള്ള അധികാരം പത്രോസ് ഉപയോഗിച്ചു:
ജൂതന്മാരും ജൂതമതം സ്വീകരിച്ചവരും. യേശു മരിച്ച് അധികം വൈകാതെ പത്രോസ് ആ താക്കോൽ ഉപയോഗിച്ചു. ദൈവരാജ്യത്തിൽ ഭരിക്കാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തി യേശുവാണ് എന്ന കാര്യം ആയിരക്കണക്കിനുവരുന്ന ഒരു കൂട്ടം ജൂതവിശ്വാസികളോട് പത്രോസ് പറഞ്ഞു. രക്ഷ പ്രാപിക്കാൻ അവർ ചെയ്യേണ്ടത് എന്താണെന്നും അവർക്ക് വിശദീകരിച്ചുകൊടുത്തു. അങ്ങനെ, ആയിരങ്ങൾ പത്രോസിന്റെ ‘ഉപദേശം സ്വീകരിച്ചു.’—പ്രവൃത്തികൾ 2:38-41.
ശമര്യക്കാർ. പിന്നീട് പത്രോസിനെ ശമര്യക്കാരുടെ അടുത്തേക്ക് അയച്ചു. b അപ്പോസ്തലനായ യോഹന്നാനും പത്രോസും അവരുടെ അടുത്തുചെന്ന് അവർക്കു ‘പരിശുദ്ധാത്മാവ് ലഭിക്കാൻവേണ്ടി പ്രാർഥിച്ചപ്പോൾ,’ പത്രോസ് വീണ്ടും സ്വർഗരാജ്യത്തിന്റെ താക്കോൽ ഉപയോഗിച്ചു. (പ്രവൃത്തികൾ 8:14-17) അങ്ങനെ ശമര്യക്കാർക്കും സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള വഴി തുറന്നുകിട്ടി.
ജനതകളിൽപ്പെട്ടവർ. യേശു മരിച്ച് മൂന്നര വർഷം കഴിഞ്ഞ്, ജനതകളിൽപ്പെട്ടവർക്കും (ജൂതന്മാരല്ലാത്തവർ) സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ അവസരമുണ്ട് എന്ന കാര്യം ദൈവം പത്രോസിന് വെളിപ്പെടുത്തി. അതനുസരിച്ച് ജനതകളിൽപ്പെട്ടവരോട് സുവിശേഷം അറിയിച്ചുകൊണ്ട് പത്രോസ് ആ താക്കോലുകളിൽ ഒന്ന് ഉപയോഗിച്ചു. അങ്ങനെ അവർക്കു പരിശുദ്ധാത്മാവ് ലഭിക്കാനും ക്രിസ്ത്യാനികളായിത്തീരാനും ഭാവിയിൽ സ്വർഗരാജ്യത്തിന്റെ അംഗങ്ങളാകാനും ഉള്ള അവസരം ലഭിച്ചു.—പ്രവൃത്തികൾ 10:30-35, 44, 45.
‘ദൈവരാജ്യത്തിൽ കടക്കുക’ എന്നു പറഞ്ഞാൽ എന്താണ് അർഥം?
‘ദൈവരാജ്യത്തിൽ കടക്കുന്നവർ’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ പോകുന്നവരെക്കുറിച്ചാണ്. അവർ ‘സിംഹാസനങ്ങളിൽ ഇരുന്ന്’ “രാജാക്കന്മാരായി ഭൂമിയെ ഭരിക്കും” എന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു.—ലൂക്കോസ് 22:29, 30; വെളിപാട് 5:9, 10.
സ്വർഗരാജ്യത്തിന്റെ താക്കോലുകളെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ആര് സ്വർഗത്തിൽ പോകണമെന്ന് പത്രോസാണ് തീരുമാനിക്കുന്നത്.
വസ്തുത: ‘ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കുന്നത്’ യേശുക്രിസ്തുവാണ് എന്നാണ് ബൈബിൾ പറയുന്നത്, അല്ലാതെ പത്രോസ് അല്ല. (2 തിമൊഥെയൊസ് 4:1, 8; യോഹന്നാൻ 5:22) ഇനി, “ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപനായി ദൈവം നിയോഗിച്ചിരിക്കുന്നത്”യേശുവിനെയാണെന്ന് പത്രോസുതന്നെ ഒരിക്കൽ പറഞ്ഞു.—പ്രവൃത്തികൾ 10:34, 42.
തെറ്റിദ്ധാരണ: സ്വർഗരാജ്യത്തിന്റെ താക്കോലുകൾ എപ്പോൾ ഉപയോഗിക്കണമെന്നു പത്രോസ് തീരുമാനിക്കുന്നതുവരെ സ്വർഗം കാത്തിരിക്കും.
വസ്തുത: സ്വർഗരാജ്യത്തിന്റെ താക്കോലുകളെക്കുറിച്ച് യേശു പത്രോസിനോടു സംസാരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: “നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.” (മത്തായി 16:19, പി.ഒ.സി.) ഈ പ്രസ്താവനയെ ചിലർ മനസ്സിലാക്കിയിരിക്കുന്നത്, പത്രോസ് തീരുമാനങ്ങൾ എടുത്ത് സ്വർഗത്തെ അറിയിക്കും എന്നാണ്. എന്നാൽ ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് ക്രിയാപദങ്ങളുടെ അർഥം, പത്രോസ് തീരുമാനം എടുക്കുന്നതിനു മുമ്പേ സ്വർഗത്തിൽ തീരുമാനം എടുത്തിരിക്കും എന്നാണ്.
പത്രോസ് സ്വർഗത്തിൽനിന്നുള്ള നിർദേശങ്ങൾ അനുസരിച്ചുകൊണ്ടാണ് സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഉപയോഗിക്കുന്നതെന്ന് മറ്റുപല ബൈബിൾവാക്യങ്ങളും കാണിച്ചുതരുന്നു. ഉദാഹരണത്തിന്, മൂന്നാമത്തെ താക്കോൽ ഉപയോഗിക്കുന്ന സമയത്ത് ദൈവത്തിന്റെ നിർദേശങ്ങൾക്കു ചേർച്ചയിൽ അദ്ദേഹം പ്രവർത്തിച്ചു.—പ്രവൃത്തികൾ 10:19, 20.
a “താക്കോൽ” എന്ന പ്രയോഗം അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ചിഹ്നമായി ബൈബിൾ ഉപയോഗിക്കാറുണ്ട്.—യശയ്യ 22:20-22; വെളിപാട് 3:7, 8.
b ശമര്യക്കാരുടെ മതം ജൂതന്മാരുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. എന്നാൽ മോശയിലൂടെ കൊടുത്ത നിയമത്തിലെ ചില രീതികളും പഠിപ്പിക്കലുകളും അവർ പിൻപറ്റിയിരുന്നു.